Wednesday, November 25, 2009

സംഗീതമേ ജീവിതം...

കുറച്ചു ദിവസമായല്ലൊ ബ്ലോഗേ നമ്മൾ സല്ലപിച്ചിട്ട്!
ബ്ലോഗെഴുതാൻ വരുമ്പോൾ പാട്ടുപാടാൻ തോന്നുന്നു.
മൌനം സ്വരമായ് ഈ പൊൻ‌വീണയിൽ..
അല്ലെങ്കിൽ വേറൊരു പാട്ടു പാടാം..
മൌനം പോലും മധുരം..
അതും വേണ്ട
മൌനമേ.. നിറയും മൌനമേ.. ഹാ ഹഹഹ.. എന്തൊരു ശേല്!
ഇപ്പോൾ എല്ലാം ശരിയായി.

അപ്പോൾ പറയാൻ വന്നതെന്തെന്നു വച്ചാൽ...,
‘വെള്ളം വെള്ളം എവിടെനോക്കിയാലും വെള്ളം എന്നാൽ കുടിക്കാനൊരുതുള്ളി കിട്ടാനുമില്ല’ എന്നു പണ്ടാരാണ്ടു പറഞ്ഞപോലെയാണ് ആത്മയുടെ ജീവിതം.
‘പരീഷ പരീഷ എവിടെനോക്കിയാലും പരീക്ഷ എന്നാൽ ആത്മയ്ക്കായൊരു പരീക്ഷ എങ്ങും ഇല്ലാതാനും’!. എങ്കിലും പരീക്ഷകളൊക്കെ തീർന്നപ്പോൾ ഒരാശ്വാസം.
പരീക്ഷകളുടെ ഇടയിൽ ജീവിച്ച് ജീവിച്ച്, എങ്ങിനെ റിലാക്സ് ചെയ്യാനെന്നതേ മറന്നുപോയിരുന്നു.
ആദ്യം ബ്ലോഗിൽ തന്നെ പോയി.. കുറേ പാട്ടുകൾ കേട്ടു...
പാട്ടുകൾക്ക് ഭയങ്കര ശക്തിയാണല്ലൊ..

ഇനി അല്പം നുണ..

നുണ എന്നുപറയാൻ കാരണം, ഇതിലെ കഥാപാത്രങ്ങൾ മി. ആത്മയും, ആത്മയും ആണെങ്കിലും
ശരിക്കും ഇത് മറ്റുള്ളവരുടെയൊക്കെ ജീവിതത്തിലെ ദൃശ്യങ്ങളാണേ..
ഇന്നലെ നടന്ന (ഇവിടെയല്ല.. മറ്റൊരു വീട്ടിൽ) ഒരു സംഭവം എഴുതാം..


മി. ആത്മേടെ പേര് വച്ച് തന്നെ പറഞ്ഞു തുടങ്ങാം അല്ലെ, .. ആർക്കു നഷ്ടം?! ആത്മയ്ക്കു മാത്രമേ ഉള്ളൂ നഷ്ടം.. സാരമില്ല. ദാറ്റ് ഈസ് ലൈഫ്. എല്ലാരും പെർഫക്റ്റ് ആയി അങ്ങ് ജീവിച്ചാൽ പിന്നെ ആകെ ബോറായിപ്പോവില്ലേ..

അങ്ങിനെ, പറയാൻ തുടങ്ങിയത് പറയട്ടെ,

മി. ആത്മ മിണ്ടാതാകുമ്പോഴാണ് ആത്മയുടെ ഈ സാ‍ങ്കല്പികലോകം ഒക്കെ താറുമാറാകുന്നത്. എങ്കിപ്പിന്നെ മി. ആത്മേ ഒന്നു മിണ്ടിപ്പിച്ചിട്ടു തന്നെ മേ കാര്യം എന്ന് ആത്മ വിചാരിച്ച് അടുത്തു ചെല്ലുന്നു..

‘മി. ആത്മേ, എന്നോട് മിണ്ടുമോ? ഞാനുംകൂടി വരട്ടെ വെളിയിൽ പോകാൻ?’

‘ഇല്ല. വരണ്ട.’

‘മി. ആത്മ എന്തിനാ ഇപ്പം ഇങ്ങിനെ ആവശ്യമില്ലാതെ പിണങ്ങി നടക്കുന്നത്?’

‘അത് നീ തന്നെ പറ.’

‘അത്.. എന്നെ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞിട്ടല്ലെ ഞാൻ വിഷമിച്ചു നടക്കുന്നത്?’

‘ആവശ്യമില്ലാത്തതെന്താണ് പറഞ്ഞത്?’

‘അത്.. സംസാരിക്കുമ്പോൾ എപ്പോഴും എന്നെ കുറച്ചുകാട്ടിയും ഇൻസൾട്ട് ചെയ്തുമല്ലേ സംസാരിക്കൂ
അത് ചിലപ്പോൾ അങ്ങ് തലയ്ക്ക് പിടിക്കും പിന്നെ ഡിപ്രഷൻ വരും..’

മി. ആത്മ നിസ്സംഗമായി: ‘കുറച്ചു സംസാരിച്ചാലും നിനക്ക് കുറവൊന്നും ഇല്ല എന്നങ്ങ് വിശ്വസിക്കണം. നിനക്കറിയില്ലേ നിന്റെ വില?’

ആത്മ: (അല്പം ആശ്വാസത്തോടെ) എനിക്കറിയാം.. എന്നാലും കുറച്ചൊക്കെ ആത്മവിശ്വാസം ഇരിക്കുന്നത് മി. ആത്മയിലും കൂടിയാണ്.

മി. ആത്മ: ‘അങ്ങിനെ വേണ്ട. സ്വയം അങ്ങ് വിശ്വസിച്ചാൽ മതി.’

ആത്മ: ‘അതെങ്ങിനെ?! വേറെ വല്ല ജോലിയും പോലെയാണോ വീട്ടുജോലി? മി. ആത്മയും മക്കളും തരുന്ന വിലയല്ലേ ഉള്ളൂ എനിക്ക്? നിങ്ങൾ ഞാൻ ചെയ്യുന്നതിന് വില നൽകില്ലെങ്കിൽ പിന്നെ വേറെ ആരു തരാൻ? നിങ്ങളുടെ വിജയം ആണ് എന്റെയും വിജയം എന്നുകരുതി ജീവിക്കുമ്പോൾ എനിക്കായി മറ്റൊരു വിജയവും പരാജയവും എന്നൊക്കെ പറഞ്ഞ് എന്നെ ഇടിച്ചുതാഴ്ത്തുന്നതുകൊണ്ടല്ലെ?’

മി. ആത്മക്ക് ചെറുതായി ചിരി വരുന്നു, അതു മറച്ചുകൊണ്ട് മി. ആത്മ: ‘എങ്കിപ്പിന്നെ വരുന്നെങ്കിൽ വാ..’

വെളിയിലൊക്കെ പോകുന്നു.. വരുന്നു.. ചായയിടുന്നു കുടിക്കുന്നു..
പിണക്കം തീർന്നു! മലപോലെ വന്നത് പുഴപോലെ പോയി എന്നോ മറ്റോ ഒരു ചൊല്ലില്ലേ..

വായിച്ചിട്ട് വല്ലതും മനസ്സിലായോ?
എനിക്കും എഴുതിയത് ഒട്ടും തൃപ്തി വരുന്നില്ല.
ആത്മേ.. നിന്റെ എഴുത്തൊക്കെ പോയീ..
ഇനിയിപ്പോ പാട്ടും പാടി ഈ കടാപ്പുറത്തെങ്ങാനും നടക്കാനായിരിക്കും വിധി.
(ദീർഘനിശ്വാസംവിട്ട് ആത്മ ബ്ലോഗിൽ നിന്നും വെളിയിലേക്ക്...)

No comments: