Thursday, November 12, 2009

ആകാശത്തെവിടെയോ ഒരാലുമരം..അവിടെ ഒരു ശ്രീക്കുട്ടി..

പണ്ട്, പണ്ട്, എന്നാൽ ഒരു 8, 9 വർഷം മുൻപ്, അങ്ങ് ആകാശത്തെവിടെയോ ഒരു ആൽത്തറയുണ്ടായിരുന്നു. മലയാളികൾ ഒത്തു ചേർന്ന് ഒരു മായാലോകം കെട്ടിപ്പടുത്തിരുന്നു! ഏകാന്തതയും നിരാശയുമൊക്കെ കൊണ്ട് പൊറുതിമുട്ടിയ മീന അവിടെ ചെന്നുപെട്ടത് അബദ്ധത്തിൽ എന്നുവേണമെങ്കിൽ പറയാം. ഏതിനും, അറിയാതെ മീനയും ഒരിക്കൽ ആ വണ്ടർലാന്റിൽ അകപ്പെട്ടുപോയി..! അതിന്റെ മാസ്മരികതയിൽ വിഷ്മയിച്ചു, പിന്നെ ഭയന്നു.. തനിക്ക് തിരിച്ചുപോകാൻ വഴിയറിയാതെ വരുമോ.?! തനിക്കീ മുഖം മൂടിവച്ച മനുഷ്യർ അവരുടെ ഭാവനയ്ക്കൊത്ത് അണിയിച്ച് തരുന്ന ഒരു വേഷം അണിയേണ്ടിവരുമോ?!

അങ്ങിനെ ഭയന്നു നിൽക്കുമ്പോൾ ആ മുഖംമൂടിക്കൂട്ടത്തിൽ നിന്നും ഒരാൾ യധാർത്ഥമനുഷ്യനായി വെളിയിൽ വന്നു..! മീനയെ പരിചയപ്പെട്ടു.. ! ‘ഒട്ടും ഭയക്കേണ്ട. സൂക്ഷിച്ചും ആലോചിച്ചും ഒക്കെ എഴുതിയാൽ മാത്രം മതി’ എന്നുപറഞ്ഞു. മീനക്കാശ്വാസമായി.

ആൽത്തറയിൽ പലരും പലപേരിലായിരുന്നു എഴുതിയിരുന്നത്. അവിടെ ഒരു ശ്രീക്കുട്ടി വരുമായിരുന്നു. വരുന്നവഴി അമ്പലത്തിലൊക്കെ പോയി കുളിച്ച് തൊഴുത്, നെട്ടിയിൽ ചന്ദനക്കുറിയും മുടിയിൽ തുളസിക്കതിരും ചൂടി വരും..എല്ലാവരോടും വിനയത്തോടും എന്നാൽ ഇച്ചിരി കുസൃതിയോടും ഒക്കെ വർത്തമാനം പറയുന്ന നല്ല ഐശ്യര്യമുള്ള കുലീനയായ ഒരു കിലുക്കാമ്പെട്ടി പെൺകുട്ടി!

മീനക്കാ കുട്ടിയെകാണുമ്പോൾ ഭയങ്കര ഇഷ്ടം. പിന്നെ ആ ഇഷ്ടം മൂത്ത് മൂത്ത് അസൂയയായി മാറി. ഒന്നാമത് ആ കുട്ടി ഒരു മധുരപ്പതിനേഴുകാരി. പിന്നെ നല്ല ചുറുക്കുള്ള സംസാരം. മിക്കപേരോടും സംസാരിക്കുന്നു. (ശ്രീക്കുട്ടിയുടെ ‘നമ്പൂരി മാമാ’ എന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു). മീനക്ക് ശ്രീക്കുട്ടിയുടെ മുന്നിൽ ഒരുതരം ഇൻഫീരിയോരിറ്റി തോന്നിത്തുടങ്ങി . മീന അടുത്തുചെന്നാലും മീനയോടുമാത്രം സംസാരിക്കില്ല. കണ്ടഭാവംകൂടി നടിക്കില്ല. ഒടുവിൽ കുശുമ്പ് മൂത്തപ്പോൾ മീന ശ്രീക്കുട്ടി എഴുതുന്നതൊന്നും വായിക്കാതായി. ശ്രീക്കുട്ടി താൻ പരിചയപ്പെട്ട ആളിന്റെ ഇഷ്ടക്കാരിയാകുമോ എന്ന സംശയംകൂടിയായപ്പോൾ ശ്രീക്കുട്ടിയെ ഒരു എതിരാളിയെപ്പോലെയും പലപ്പോഴും ഭയന്നു..

അങ്ങിനെയിരിക്കെ ആ ആൽത്തറയുടെ അടിവേരു ചിലരൊക്കെ ചേർന്ന് തോണ്ടാൻ തുടങ്ങി, പല നല്ല എഴുത്തുകാരും എഴുതാനൊക്കെ മടിച്ചു തുടങ്ങി. ഒടുവിൽ ആൽത്തറ ഒരു മായയായി മറയാറായപ്പോൾ മീനയ്ക്കായിരുന്നു ഏറ്റവും വലിയ നഷ്ടബോധം തോന്നിയത്. അവിടെ വന്ന് എഴുതിയിരുന്നവരൊക്കെ വെറുതെ നേരമ്പോക്കിന് എഴുതുന്നവരായിരുന്നു. പക്ഷെ, മീനയ്ക്ക് അത് മറ്റെന്തൊക്കെയോ ആയിരുന്നു. തനിക്ക് നഷ്ടപ്പെട്ടതെന്തൊക്കെയോ ഒരുമിച്ചു കിട്ടിയപോലെയായിരുന്നു മലയാളികൾ മാത്രമുള്ള ആ ലോകം.

മീന താൻ യധാർത്ഥത്തിൽ പരിചയപ്പെട്ട (നേരിലല്ല) ആളോട് പലരെപ്പറ്റിയും ചോദിച്ചു നോക്കി. അദ്ദേഹം ഒന്നുരണ്ടുപേരെപ്പറ്റി മാത്രം പറഞ്ഞു. ബാക്കി ആരെപ്പറ്റിയും പറഞ്ഞുകൊടുത്തില്ല. അറിയാമായിരുന്നിട്ടും പറയാതിരുന്നതാണോ, അതൊ ഇനി അദ്ദേഹത്തിനും അറിയില്ലാഞ്ഞതായിരുന്നോ എന്നൊന്നും ഇപ്പോഴും അറിയില്ല. ഒടുവിൽ പറഞ്ഞു, ‘ആൽത്തറയിൽ ശ്രീക്കുട്ടി എന്നൊരു പെൺകുട്ടി വരില്ലായിരുന്നോ, പുറകോട്ടുപോയി താളുകൾ മറിച്ചുനോക്കി വായിച്ചുനോക്കൂ.. ആ കുട്ടിയ്ക്ക് മീനയുടെ പ്രകൃതവുമായി നല്ല സാമ്യമായിരുന്ന’ത്രെ! ശ്രീക്കുട്ടി മറ്റാരുമല്ല, മീന ശരിക്കും പരിചയപ്പെട്ട വ്യക്തി തന്നെയായിരുന്നു!!

മായാലോകവും.. അതിനകത്തൊരു മായാലോകവും.. അതിനുമകത്തൊരു മായാലോകവും.. മീനക്കാകെ തലചുറ്റി. ശ്രീക്കുട്ടിയെ ഓർത്ത് എന്തുമാത്രം വിഷമിച്ചു, അസൂയപ്പെട്ടു.. (തനിക്ക് അദ്ദേഹം ഭാവന ചെയ്ത അത്രയ്ക്കും പ്രസരിപ്പും, കുസൃതിയും, ഒന്നും ഇല്ലായിരുന്നു താനും) എന്നിട്ട് ഒടുവിൽ!!!

മീനയ്ക്ക് പുറകോട്ടുപോയി ശ്രീക്കുട്ടിയെ കൂടുതൽ അറിയാൻ ശ്രമിക്കാനാവാതെ വന്നു. കാരണം ആ പ്രത്യേക ദിവസത്തിൽ ശ്രീക്കുട്ടി എന്തിനങ്ങിനെ സംസാരിച്ചു ?!, ആരോടാണ് സംസാരിച്ചത്?, എന്നൊക്കെ ഊഹിച്ചെടുക്കാനാവില്ലായിരുന്നു. പക്ഷെ, ആദ്യമേ ഒരു ചെറിയ സംശയമെങ്കിലും തോന്നിയിരുന്നെങ്കിൽ ശ്രീക്കുട്ടി പറയുന്ന ഓരോ വാക്ക്യങ്ങളും ആർത്തിയോടെ വായിച്ചേനെ!

മീന കുറെനാൾ തന്റെ ഭാവനാ (സങ്കല്പ) ലോകം; വണ്ടർലാന്റ് നഷ്ടമായ ആധിയുമായി നടന്നു. വെളിയിലാരോട് പറയാൻ?! അങ്ങ് ആകാശത്തിൽ, കമ്പ്യൂട്ടറിനകത്ത് കൂടി പോയപ്പോൾ , അവിടെ ഒരു ആൽമരമുണ്ടായിരുന്നെന്നും അവിടെ അമേരിക്കേന്നും, ദുബായീന്നും, മലേഷ്യേന്നും, കേരളത്തീന്നും ഒരാളുടെ പകൽ മറ്റൊരാളുടെ രാത്രിയും ഒരാളുടെ ഇന്ന് മറ്റൊരാളിന്റെ ഇന്നലെയും ഒക്കെയായി കുറെ മലയാളി മനുഷ്യർ ഒരേസമയം ഒത്തു ചേർന്നിരുന്നെന്നും ഒക്കെ. അതുകേട്ടാൽ മീനയ്ക്ക് വട്ടാണെന്നേ മീനയുടെ അമ്മ പോലും കരുതൂ..

മീന തന്റെ തന്റെ നഷ്ടത്തിൽ നിന്നു കരകയറാൻ,_മുങ്ങിപ്പോകാൻ നേരം, കച്ചിത്തുമ്പുകിട്ടിയാലെന്നപോലെ-, ആ യധാർത്ഥമനുഷ്യനിൽ വിശ്വസിക്കാൻ തുടങ്ങി. അദ്ദേഹം പതിയെ പതിയെ മീനയെ യധാർത്ഥലോകത്തിൽ കൊണ്ടെത്തിച്ചു. മീന സുരക്ഷിതയാണെന്നുറപ്പുവരുത്തും വരെ..

എങ്കിലും മീനയ്ക്കിപ്പോഴും മറ്റാരൊക്കെയോ ആയി മറയാൻ പറ്റുന്ന ആ ലോകവും , ശ്രീക്കുട്ടിയും മനസ്സിൽ മായാത്ത ഒരോർമ്മയായി ജീവിക്കുന്നു..


[ഇത് ഈ ലോകത്തിൽ(?) നടക്കുന്ന, നടന്ന ഒരു കഥ.]

9 comments:

Raji said...

നല്ല കഥ..എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു..:)

ആത്മ said...

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം! :)

കണ്ണനുണ്ണി said...

കഥ ഇഷ്ടായി..
പക്ഷെ അതിനെക്കാളും ഒരുപാട് എനിക്കിഷ്ടപെട്ടെ..ഈ പോസ്റ്റിന്റെ പേരാ..
ഒരു നൊസ്റ്റാള്‍ജിയ ഒളിഞ്ഞിരിക്കുന്ന പേര്.

ആത്മ said...

നന്ദി!
എനിക്ക് എഴുതാൻ വളരെ ആഗ്രഹമുണ്ടായിരുന്ന ഒരു കഥയാണ്. പക്ഷെ, എഴുതുമ്പോഴൊന്നും ശരിയാവില്ല. ഇപ്രാവശ്യം ഇത്രയെങ്കിലും ഒത്തല്ലൊ എന്നു കരുതി അങ്ങ് പോസ്റ്റ് ചെയ്തതാണ്. കണ്ണനുണ്ണിയുടെ അഭിപ്രായം അറിഞ്ഞതിൽ വളരെ സന്തോഷം!

സിഗററ്റ് വലിയിൽ നിന്നും ഇനി അടുത്ത കുസൃതിയുടെ കാര്യം എഴുതൂ..:)

വല്യമ്മായി said...

:)

Diya said...

nannayi athma..sharikkum nannayi.. :)

ആത്മ said...

വലിയമ്മായി,:)
കണ്ടതിൽ സന്തോഷം!

Diya,
thanks! :)
അമ്മുമ്മയെപറ്റിയും പഴയ വീടിനെപ്പറ്റിയും ഒക്കെ വായിച്ചായിരുന്നു. നല്ല എഴുത്ത്! അഭിനന്ദനങ്ങൾ!

ViswaPrabha | വിശ്വപ്രഭ said...

അന്നു് ശ്രീക്കുട്ടിയും തുമ്പപ്പൂവും മറ്റും എഴുതിയിരുന്നതു് ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടു്. ഒരുപക്ഷേ, സമയമായാൽ അതൊക്കെ പുറത്തെടുത്തു കാണിക്കാം.
:)

ആത്മ said...

എല്ലാം സൂക്ഷിച്ചു വച്ചിരുന്നു എന്നറിയുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം!
ഹൃദയം നിറഞ്ഞ നന്ദി!