Tuesday, October 6, 2009

ഓരോരുത്തരുടേയും ശരികൾ...

ഇന്ന് മാതൃഭൂമി ഓൺലൈനിൽ പതിവില്ലാതെ പോയി വായിച്ചപ്പോൾ, കെ. ആർ. മീര പെണ്ണുങ്ങളുടെ എഴുതുവാനുള്ള സ്വാതന്ത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് കണ്ടു. ഒരു മാധവിക്കുട്ടിയും ഒരു ലളിതാംബികാ അന്തർജ്ജനവും ഒക്കെ ഉണ്ടായത് അവരുടെ എഴുത്ത് അംഗീകരിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതുകൊണ്ടാണ് എന്ന് പലരും പറയുന്നുണ്ട് എന്നത് ശരിതന്നെ - എന്നാൽ, ‘ആണെഴുത്തുകാർക്ക് തിരിച്ച് അത് ബാധകമല്ല’ എന്നത് മീരയെ ചൊടിപ്പിക്കുന്നു..

എന്റെ ചിന്തയിൽ പറയുകയാണെങ്കിൽ.. മീര അത്രയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കുന്ന ചുരുക്കം ചില സ്ത്രീകളിൽ പെടുന്നു. അതുകൊണ്ടല്ലെ മീരയ്ക്ക് ഇങ്ങിനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്! ആത്മ
വിവാഹം കഴിയുന്നതിനു മുൻപായിരുന്നെങ്കിൽ മീര ചിന്തിച്ച അതേപോലെ തന്നെ ചിന്തിക്കുമായിരുന്നു.
പക്ഷെ ഇപ്പോൾ ആ വരയിട്ട സ്ഥലത്ത് തീർന്നുപോകും ആരാധനയോടെ ആത്മയുടെ ചിന്ത.

ആത്മയുടെ കണ്ണിൽ സ്ത്രീ വിവാഹം കഴിയുന്നതുവരെ അച്ഛനമ്മമാരുടെ കീഴിൽ ആണിനോടൊപ്പം സ്വാതന്ത്യമൊക്കെ നൽകി വളർത്തിയാലും വിവാഹം കഴിയുമ്പോൾ അവരുടെ സ്വാതന്ത്രത്തിൽ ചങ്ങല വീണുപോകുന്നു. ഇത് ഭർത്താവിനാലെയാകണമെന്നില്ല. ചുറ്റുമുള്ള സമൂഹത്തിനാലെയാണ്.
സമൂഹത്തെ ഭയക്കുന്ന ഒരു ഭർത്താവ്, താൻ ഉൾപ്പെടുന്ന സമൂഹം സ്ത്രീയ്ക്കു നൽകുന്ന സ്ഥാനം;
കൽ‌പ്പിക്കുന്ന സ്ഥാനം തന്നെ കൊടുക്കാൻ നിർബ്ബന്ധിതനാകുന്നു അയാൾ. ചിലർ നിസ്സഹായരായി കീഴടങ്ങുമ്പോൾ ചിലർ പരിഹാസത്തൊടെയും.. ഒരു അടിമയെ വാർത്തെടുക്കാൻ സഹായിച്ച സമൂഹത്തിന്റെ മാന്യതയാകും അയാൾക്ക് വലുത്. ഇതൊക്കെ മാറണമെങ്കിൽ പുരുഷന്റെ ഹൃദയം; ചിന്തകൾ ഒക്കെ വിശാലമായേ പറ്റൂ. വെറുതെ ചുറ്റുമുള്ള സമൂഹത്തെ പഴിപറയേണ്ട കാര്യമില്ല.

വിദ്യാഭ്യാസമോ സമ്പത്തോ അല്ല പുരുഷന്റെ ഈ സമീപനത്തിനു പിന്നിൽ എന്നതാണ് മറ്റൊരു സത്യം. അവരിൽ കുത്തിനിറച്ചിരിക്കുന്ന ഈഗോ, അത് വളർത്തിയെടുത്ത് അവരെ വളർത്തിയവർ.
സ്ത്രീ തന്റെ പാതിയാണെന്നും (തന്നെപ്പോലെ മറ്റൊരു മഷ്യജീവിയാണെന്നും) താനനുഭവിക്കുന്നപോലെയുള്ള സ്വാതന്ത്ര്യത്തോടെ സമൂഹത്തിൽ ജീവിക്കാനവൾക്കും സ്വാതന്ത്യമുണ്ടെന്നും ആരെതിർത്താലും സത്യം സംരക്ഷിക്കും എന്നുമുള്ള മനോഭാവമുള്ള ഉറച്ച വ്യക്തിത്വമുള്ള ആണുങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾ ഭാഗ്യവതികൾ..

ഇനി ആദ്യത്തെ സ്ത്രീ സ്വാതന്ത്രത്തിന് ഒരു ഉദാഹരണം വേണമെങ്കിൽ പറയാം..
ഇന്നലെ എന്റെ ഒരു കൂട്ടുകാരിയും മകളും കൂടി വായിക്കുകയായിരുന്നു. കൂട്ടുകാരി മകൾക്ക് പഠിക്കാൻ കൂട്ടിരിക്കയാണ്.. കൂട്ടുകാരിയുടെ ഭർത്താവ് വരുമ്പോൾ കൂട്ടുകാരി അറിയാതെ ബുക്ക് മറച്ചു വയ്ക്കാനും മകൾ ബുക്ക് കൂടുതൽ നിവർത്തി വയ്ക്കാനും വെമ്പുന്നു.
രണ്ടുപേരും ചെയ്തുകൊണ്ടിരിക്കുന്നത് ഒരേ പ്രവർത്തിയാണെങ്കിലും (അറിവുണ്ടാക്കാനായി വായിക്കുന്നു) ഒരാൾ മറച്ചു വയ്ക്കാനും ഒരാൾ തെളിച്ചുവയ്ക്കാനും ശ്രമിക്കുന്നത് കണ്ടോ! ഒരാൾക്ക് അത് അവഹേളനവും മറ്റൊരാൾക്ക് അനുമോദനവും കിട്ടും എന്നതുകൊണ്ടല്ലെ!

ഇതാണ് അന്യനാട്ടിൽ സ്ത്രീ കുറച്ചുകൂടി സ്വതന്ത്രയാണെന്നു കരുതി എത്തിപ്പെട്ട സ്ഥലത്ത് ആത്മ കണ്ടത്! ഇതും വെറുതെ എഴുതിയതാണ്. വർഷങ്ങളായി ഇഞ്ചിഞ്ചായി പഴകിയ ശീലങ്ങൾ..

ഇതെഴുതിയതും സ്ത്രീ സമത്വത്തിനായൊന്നുമല്ല. അതൊക്കെ സ്വപ്നം കാണാൻ കൂടി അപ്രാപ്യമായ ഒരു തലത്തിൽ ആയിക്കഴിഞ്ഞു ആത്മ. എങ്കിലും വെറുതെ മനസ്സിൽ തോന്നുന്നത് കോറിയിടുന്നതിൽ തെറ്റില്ലല്ലൊ,

ഇനി ഒരു വ്യത്യസ്ഥമായ ചിന്ത തരാം ട്ടൊ,

നമ്മൾ ഈ കിഴക്ക് പടിഞ്ഞാറ് എന്നൊക്കെ പറഞ്ഞ് ഓരോന്ന് കൊണ്ടു വയ്ക്കില്ലേ, ഫെങ്ഷ്യൂയ്, വാസ്തു പ്രകാരം ഒക്കെ, ‘ഈ സാധനം കിഴക്കിരുന്നാൽ നല്ലതാണ് അല്ലെങ്കിൽ ഈ മരം പടിഞ്ഞാറ് നട്ടാൽ നല്ലതാണ്’ എന്നൊക്കെ പറഞ്ഞ്, എന്നാൽ ഇന്നലെ ആത്മയുടെ തല തിരിഞ്ഞുപോയീ..! ആത്മ നോക്കിയപ്പോൾ, ആത്മേടെ കിഴക്ക് അയൽക്കാരന്റെ പടിഞ്ഞാറാകുന്നു! ആത്മേടെ തെക്ക് അയൽക്കാരന്റെ വടക്കാകുന്നു. അതെങ്ങിനെ ശരിയാവും! അപ്പോൾ ഒരേ ‘വാസ്തു’ വസ്തുക്കൾ തന്നെ ഗുണവും ദോഷവും ചെയ്യുന്നു! ഇവിടെ വീടുകളൊക്കെ വളരെ അടുത്തടുത്തല്ലേ, അതുകൊണ്ടാകും ഒരുപക്ഷെ ഇങ്ങിനെയൊക്കെ തോന്നുന്നത്. ഇനി വിഡ്ഡിചിന്തയായിരുന്നോ അന്നും അറിയില്ല എങ്കിലും ചിന്തിച്ചുപോയീ..

അതുപോലെ തന്നെയാണ് ഈ ലോകത്തിലെ മഹാത്ഭുതം എന്നൊക്കെ പറഞ്ഞ് മഹാകവികൾ വാഴത്തുന്ന പ്രേമത്തിന്റെ കാര്യവും.. (അത്മേടെ അനുഭവമല്ലേ.. അതിനുള്ള നട്ടെല്ലൊന്നും ആത്മയ്ക്കില്ല. വെറുതെ ഒരു ചിന്ത ഉരുത്തിരിഞ്ഞത് പാഴാക്കണ്ടെന്നു കരുതിയതാണ്.)

സ്നേഹത്തിനും അതിനും ഓരോ കാലവും ദേശവും പ്രായവും ഒക്കെയുണ്ട് . ഒരേവികാരം തന്നെ മഹത്താകും, ദിവ്യമാകും, മ്ലേച്ഛമാകും, നികൃഷ്ടമാവും.. മറ്റെന്തോക്കെയോ ആവും.. പലപ്പോഴും. അത്ഭുതം എന്തെന്നാൽ, സ്നേഹം എന്നാൽ രണ്ട് ആത്മാക്കളുടെ കണ്ടുമുട്ടൽ എന്നതല്ലെ പ്രധാനം? അത് ജീവിതയാത്രയിൽ എപ്പോഴായിരിക്കും എന്നത് പ്രവചിക്കാനാവില്ലല്ലൊ, എപ്പോൾ കണ്ടുമുട്ടിയാലും ഒരേ വികാരമായിരിക്കില്ലേ പ്രേമിക്കുന്നവരിൽ അങ്കുരിക്കുക!’
അല്ല ഇതും വെറുതെ എഴുതിയെന്നേ ഉള്ളൂ, ആത്മ ആ സ്റ്റേജും പോറലൊന്നും ഏൽ‌പ്പിക്കാതെ ഒരുവിധം പൂർത്തിയാക്കിക്കഴിഞ്ഞു. [എഴുതുവാനും വായിക്കുവാനും കൂടി സമത്വമില്ലാത്തിടത്താണ് സ്നേഹം! ശ്ശൊ! വാ മൂട് ആത്മെ! ചിന്തിച്ച് ചിന്തിച്ച് എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്! ]

മുകളിൽ എഴുതിയ ചിന്ത ഞാൻ ചിന്തിച്ചിട്ടേ ഇല്ല ട്ടൊ, ഏതു നിമിഷവും ഡിലീറ്റ് ചെയ്യുമേ.. വെറുതെ ഒന്ന് തലതിരിഞ്ഞു എഴുതി നോക്കിയതാണ്! അല്ലെങ്കിൽ പിന്നെ ചിന്തിച്ചു. (ഇന്നസെന്റ് പറയുമ്പോലെ) ഉം?! സ്നേഹം എല്ലാം പ്രേമമാകണമെന്നില്ലല്ലൊ അല്ലെ, ശരീരങ്ങൾക്കല്ലെ, വ്യവസ്ഥകൾ, മനസ്സിനും ഹൃദയത്തിനും ഒന്നും അത് ബാധകമല്ലല്ലൊ (എല്ലാം കൂടി കൂട്ടിക്കലർത്തിയാൽ എല്ലാറ്റിന്റെയും പവിത്രത നഷ്ടാമായേക്കാം..) സ്നേഹം ദിവ്യമാണ് എന്നായാലും എപ്പോഴായാലും.. മരിക്കാൻ കിടക്കുമ്പോഴായാലും ഒരാൾ തന്നെ സ്നേഹിക്കുന്നു എന്നു അറിയുന്നത് ആത്മാവിനു ശാന്തിദായകമാണ്. സ്നേഹം സത്യമാണ്, ദൈവമാണ്, ജീവചൈതന്യമാണ്... തൽക്കാലം മതിയാക്കാം അല്ലെ,?!

ഇനി ഹൃദയത്തിന്റെ ഭാക്ഷ എന്താണെന്നു നോക്കാം.. (അതെനിക്കും ശരിക്കറിയില്ല)

ഞാൻ അകലെയുള്ള നക്ഷത്രങ്ങളെ
ആരാധിച്ചു ശീലിച്ചവൾ
സ്വപ്നങ്ങളെ ദൂരെനിന്നു കണ്ടുശീലിച്ചവൾ
ദൂരം കൂടുന്തോറും സ്വപ്നങ്ങളുടെ തീവ്രതയും കൂടും
അതാണ് ഞാൻ ദ്വാപരയുഗത്തിലെ കണ്ണനെ പ്രണയിക്കുന്നത്
ദ്വാപരയുഗവും കലിയുഗവും തമ്മിൽ ഏറെ ദൂരമുണ്ടല്ലൊ
എന്ന സമാധാനത്തിൽ

സ്വപ്നങ്ങളുടെ ദൂരം കുറയുമ്പോൾ
ഞാൻ പരിഭ്രാന്തയാകുന്നു
സ്വപ്നങ്ങൾ യാധാർത്ഥ്യങ്ങളായിപ്പോകുമെന്ന്
ഭയക്കുന്നവൾ
അവിടെ എനിക്ക് വേറേ വേഷമല്ലെ,
സ്വപ്നം കാണുന്ന ഞാൻ യധാർത്ഥജീവിതത്തിൽ
എനിക്കു തന്നെ അപരിചിതയാണ്.