Sunday, October 4, 2009

ഓടൽക്കുഴൽ നാദം

നിന്റെ ഓടക്കുഴല്‍ നാദത്തിന് കാതോര്‍ത്ത്
ഞാനെത്ര സന്ധ്യകളില്‍ നിന്നിരുന്നു
നീ വരും കാലൊച്ചകേള്‍ക്കുവാന്‍ കാതോർത്ത്
ഞാനെത്ര നേരം ആ നിലാവില്‍ തനിച്ചിരുന്നു
നീ ഗോപികമാരോടൊപ്പം നിലാവില്‍ കളിച്ചു ചിരിക്കുന്നതും
തമാശപറഞ്ഞു രസിക്കുന്നതും കണ്ടു
ഹൃദയം കുളിര്‍ത്ത്
ഞാനെത്ര നാള്‍ ശാന്തമായുറങ്ങി

നീ കളിച്ച് ചിരിച്ച് ഗോപികമാരുടെ തോളത്ത് കയ്യുമിട്ട്
അലസം നടന്നകലുമ്പോൾ
എന്റെ വിരഹം തുളുമ്പുന്ന മിഴികള്‍
നീയറിയാതെ എത്രനാള്‍ നിന്നെ പിന്തുടര്‍ന്നിട്ടുണ്ട്

കളിയായിട്ടുപോലും നീ എന്റെയടുത്തു വന്നില്ല
ഒന്നും ഉരിയാടിയുമില്ല
എങ്കിലും ഈ ലോകത്തിലെ എന്റെ വാസത്തിന്
ഞാന്‍ നിന്റെ വെളിപ്പെടുത്താത്ത സ്നേഹത്തിന്
ഒത്തിരി കടപ്പെട്ടിട്ടുണ്ട്

നിന്നെ തേടിയാണോ ഞാനെത്തിയത് എന്നെനിക്കറിയില്ല
ഒരുപക്ഷെ, പൂര്‍വ്വജന്മത്തിന്റെ ബാക്കിയാകാം..
നീയുള്ളിടത്ത് നിന്റെ സാന്നിദ്ധ്യം അനുഭവിച്ചുകൊണ്ട്
നീ ശ്വസിച്ച കാറ്റും നടന്ന ഭൂമിയും തഴുകിക്കൊണ്ട്
ഞാന്‍ എന്നും നിന്റെ നിഴലായി നിന്നോടൊപ്പമുണ്ടായിരുന്നു
രാധയോ, മീരയോ, കുരൂരമ്മയോ ഒക്കെയായി
ഞാന്‍ പല പല ജന്മങ്ങളില്‍ നിന്റെ സ്നേഹത്തിനായി
കാതോര്‍ത്ത് നിന്റെ പടിവാതില്‍ക്കല്‍ നിന്നിട്ടുണ്ട്

നീയെന്നെ തിരിച്ചറിഞ്ഞുവെങ്കിലും എന്നും
മായയായി മറഞ്ഞു കളിക്കുന്നവന്‍ നീ
എന്റെ സ്നേഹങ്ങൾ എല്ലാം തന്നെ
വെറുതെ സങ്കല്‍പ്പിച്ചുണ്ടാക്കിയെടുത്ത സ്നേഹങ്ങള്‍ മാത്രം

നിന്റെ പ്രണയത്തിനൊപ്പം ഈ ഭൂമിയില്‍
മറ്റൊരു പ്രണയം ഇല്ലെന്നും എനിക്കറിയാം
നിന്റെ ഒരു നോക്കില്‍ ഒരു വാക്കില്‍
ഒരു പുഞ്ചിരിയില്‍ എന്റെ ലോകം മുഴുവന്‍ ചലിക്കുന്നു

നീന്റെ അഞ്ജാത സ്നേഹം ഒന്നുമാത്രമാണ്
ഈ ഭൂലോകത്തിൽ എന്റെ നിലനില്‍പ്പിന്റെ രഹസ്യവും
എന്നിട്ടും നീയെന്നെ അറിയില്ല എന്നു പറഞ്ഞ്
മുഖം തിരിക്കുമ്പോള്‍
ഞാനറിയാതെ തേങ്ങിപ്പോകുന്നു[വെറുതെ...ശ്രീകൃഷ്ണപ്രേമത്തിനെപ്പറ്റിയുള്ള ഒരു സങ്കല്പം]

4 comments:

Raji said...

ശ്രീകൃഷ്ണ സങ്കല്‍പം എത്ര മനോഹരമാണ്!!!

K.R. മീരയുടെ ലേഖനം വായിച്ചിരുന്നു. ...അതിനെ ആസ്പദമാക്കിയുള്ള പുതിയ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്...പക്ഷെ അതിനു കമന്റ്‌ ഇടാന്‍ പറ്റുന്നില്ല............

ആത്മ said...

ശ്രീകൃഷ്ണ സങ്കൽ‌പം ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം!
എന്റെ പുതിയ പോസ്റ്റുകളിൽ കമന്റ് ഇടാനുള്ള ഓപ്ഷൻ വരുന്നില്ല എന്തുചെയ്യാ‍ൻ?!
ഞാൻ ഒരിക്കൽക്കൂടി പോസ്റ്റ് ചെയ്തു നോക്കി. അതിലും വരുന്നില്ല..

വല്യമ്മായി said...

കവിത ഇഷ്ടമായി.

മറ്റ് പോസ്റ്റുകളും വായിച്ചു.നിയന്ത്രണങ്ങള്‍ മറ്റുള്ളവരെ കൊണ്ട് വെപ്പിക്കാതെ സ്വയം വെക്കേണ്ടതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പിന്നെ സ്ത്രീകള്‍ക്കും നല്ല സുഹൃത്തുക്കള്‍ ആകാം.

ആത്മ said...

പൂരിപക്ഷത്തിന്റെ നിയന്ത്രണം അല്ലെ വിജയിക്കൂ..
അന്യനാടല്ലേ, നമ്മളൊക്കെ മൈനോരിറ്റിയിൽ പെടും.
സാരമില്ല വലിയമ്മായി. അതൊക്കെ ശീലമായിക്കഴിഞ്ഞു.:)

പിന്നെ ഒരു ആശ്വാസം എന്തെന്നാൽ, ബാഹ്യമായല്ലെ അവർക്കൊക്കെ നിയന്ത്രിക്കാൻ പറ്റൂ.. നമ്മുടെ ആത്മാവ് സ്വതന്ത്രമല്ലേ..
ബാഹ്യമായത് അല്പം കുറച്ച് അനുഭവിച്ചാൽ മതിയെന്ന് അങ്ങ് വിചാരിക്കുമ്പോൾ പരമ സുഖം!
ആത്മ ഹാപ്പിയാണ്(ഹരിഹരൻ പിള്ള ഹാപ്പിയാണ് പോലെ):)
വെറുതെ എഴുതാൻ വേണ്ടി എഴുതുന്നെന്നു മാത്രം..