Tuesday, September 22, 2009

നമ്മുടെ ദുഃഖങ്ങൾക്കൊക്കെ നാം തന്നെയാണ് ഉത്തരവാദികൾ...

ആരെയും പറ്റി കുറ്റം പറയണ്ട; 'നമ്മുടെ ദുഃഖങ്ങൾക്കൊക്കെ നാം തന്നെയാണ് കാരണക്കാർ എന്ന ഒരു ഉത്തരവാദിത്വം ഉണ്ടാക്കണം, എന്നാലേ ജീവിക്കാ‍നാവൂ', എന്നൊക്കെ അല്പം മുൻപ് ആലോചിച്ചുറച്ചതാണ്.
എങ്കിലും..
ഇന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ ശ്രീമഹാഭാഗവതവും പകർത്തി എഴുതിക്കൊണ്ടിരുന്നപ്പോൾ
ഗൃഹനാഥൻ ചോദിക്കുന്നു, “ എന്താ, നിനക്ക് വല്ല തീസിസും സമർപ്പിക്കുവാനുണ്ടോ?
കമ്പ്യൂ‍ട്ടറിന്റെ മുന്നിൽ ധ്യാനിച്ചപോലെ ഇരിക്കുന്നു?”
തിരിച്ചു ചോദിച്ചു, ‘എന്റെ ജോലിയൊക്കെ തീർത്തിട്ടല്ലേ ഇരിക്കുന്നത്?’
അപ്പോൾ, അദ്ദേഹം, വേണമെങ്കിൽ ഇനിയും തീർക്കാനായി കുറെ ജോലികൾ നിരത്തി..
(വീട്ടുജോലി തീർന്നു എന്നു പറയാനാകില്ലല്ലൊ...കുളിക്കാം, പ്രാർത്ഥിക്കാം, നെയിൽ പോളിഷോ, ഹെയർ ഡൈയോ ഒക്കെ ഇടാം...)

അതെ, എനിക്ക് തീസീസ് സമർപ്പിക്കാനില്ല, ആരും അവാർഡൊന്നും തരാനുമില്ല,
(ഇതിനകം രണ്ടുമൂന്ന് മാന്യമായ അവാർഡുകൾ കിട്ടിയ വിവരം വെളിയിൽ പറയാനൊട്ടു കൊള്ളുകയുമില്ല!) എങ്കിലും എഴുതുന്നു, വെറുതെ ബോറഡി മാറ്റാനായി.
ഇത് ഒരു നിരുപദ്രവമായ ഹോബിയാണെന്നു കരുതി മാത്രം.

[ഗൃഹനാഥനെപ്പറ്റി അങ്ങിനെ എഴുതിയെങ്കിലും എപ്പോഴും അങ്ങിനെയല്ല, അദ്ദേഹത്തിനു വെളിയിൽ വലിയ സന്തോഷവും അംഗീകാരവും ഒക്കെ കിട്ടുമ്പോൾ ചോദിക്കാതെ തന്നെ വലിയ സ്നേഹവും അംഗീകാരവും ഒക്കെ വീട്ടമ്മയ്ക്കു നേരെ പ്രവഹിക്കും../ ഈ രണ്ടു വരി എഴുതുന്നതിനകം മൂന്നുപ്രാവശ്യം മക്കളുടെ ഓരോ ആവശ്യത്തിനായി പോകേണ്ടി വന്നു. ഗൃഹനാഥൻ ഇപ്പോൾ വല്ല പാർട്ടി മീറ്റിംഗിലോ മറ്റോ തീസീസ് സമർപ്പിക്കുകയാവും..]

പിന്നെ, കഴിവില്ലാത്തവരെയും (വീട്ടമ്മമാർസ്, ഓവർ ഏജ് ആയിട്ടുള്ളവർ, എക്സട്രാ എക്സട്രാ..) ഒക്കെ ഉയർത്താൻ ആരും ധൈര്യപ്പെടില്ല. അവരെ ആരും സ്നേഹിച്ചും കൂടാ..ദുർവ്യാഖ്യാനം ചെയ്യും)
പക്ഷെ, ഒരു കാര്യം പറയാം.
ഈ ബ്ലോഗിൽ ആർക്കും ഗ്ലാമർ കണ്ടോ, കഴിവുകൊണ്ടോ, പദവികൊണ്ടോ അല്ലല്ലോ സ്നേഹം തോന്നുന്നത്. അവരുടെ എഴുത്തുകൊണ്ടല്ലെ?

അല്ല! വെറുതെ സ്നേഹത്തിനെ ഒന്നു പോളിഷ് ചെയ്തെടുക്കാമെന്നു കരുതിനോക്കുകയാണ്.

ചിലപ്പോൾ വീണ്ടും തുടരും..

ഞാൻ എഴുതുന്നത് എന്തിനെന്ന് ചോദിച്ചാൽ, എന്നെ രക്ഷിക്കാൻ!
(ഒരു സാറ്റിസ്ഫാക്ഷൻ; പിന്നെ കൂട്ടത്തിൽ ‘ഞാനും ഈ ബൂലോകത്തിൽ ജീവിച്ചിരിക്കുന്നു’ എന്നു ബോധ്യപ്പെടുത്തുമ്പോലെ വല്ലപ്പോഴും കിട്ടുന്ന ഓരോ കമന്റുകളും)
ആല്ലാതെ, എന്റെ എഴുത്തിൽ മായമോ മന്ത്രമോ വശീകരണമോ ഒന്നും തന്നെയില്ല.
പച്ചയായ ജീവിത സത്യങ്ങൾ മാത്രം.
ഉദാഹരണത്തിന്,
നാം പെട്ടെന്ന് അങ്ങ് ഇഹലോകവാസം വെടിഞ്ഞു പോകുന്നു എന്നു കരുതുക..
അപ്പോൾ തീരും എഴുത്ത്.
അതുവരെയേ ഉള്ളൂ..
പിന്നെ ഇനി സ്വർഗ്ഗത്തിലും നരകത്തിലും ഒക്കെ ഉന്റർനറ്റ് സൌകര്യം ഉണ്ടാകുമോ?! (കുളിക്കാനും ജപിക്കാനും നയിൽ‌പോളിഷ് ഇടാനുമൊന്നും അല്ലേ..) ബ്ലോഗുകൾ ഉണ്ടാകുമോ?, അവിടെ മലയാളം ഫോണ്ട് ഒക്കെ ഉണ്ടാകുമോ?, അവിടത്തെ ദൈവങ്ങൾ ആൺ‌തുണയില്ലാത്ത പെണ്ണുങ്ങൾക്കൊക്കെ ബ്ലോഗെഴുതാൻ സ്വാതന്ത്രം നൽകുമോ എന്നുള്ളതിനെയൊക്കെ ആശ്രയിച്ചിരിക്കും കണ്ടിന്വേഷൻ..

ഞാന്‍ നോക്കിയിട്ട്, എന്റെ ബ്ലോഗെഴുത്തുകൊണ്ട് ഒരു ഗുണം കാണുന്നുണ്ട്..
എന്തെന്നാല്‍, എന്റെ ജീവിതം എനിക്കോ പ്രയോജനപ്പെട്ടില്ല, എങ്കിപ്പിന്നെ മറ്റാര്‍ക്കെങ്കിലുമെങ്കിലും
പ്രയോജനപ്പെട്ടോട്ടെ!
എങ്ങിനെയെന്നല്ലെ?
എന്നില്‍ അനുകരിക്കത്തക്കതൊന്നും ഇല്ല എന്നതു തന്നെ !
(അനുകരിച്ചുകൂടാത്തതായും ഒന്നും ഇല്ല!!. അത് പിന്നെ പറയാം..)

‘അനുകരിക്കൻ ഒന്നും ഇല്ല’, എന്നുവച്ചാല്‍,
നാളെ ഒരു കാലത്ത് ആര്‍ക്കെങ്കിലും ആത്മയെ ചൂണ്ടിക്കാട്ടി പറയാന്‍ പറ്റിയാലോ!, ‘നീ ആ ആത്മയെപ്പോലെ ജീവിക്കാനറിഞ്ഞുകൂടാത്തവളായിപ്പോകരുത് എന്ന്!’
ഒരു തെറ്റുണ്ടെങ്കിലല്ലെ, ശരിയുണ്ടാകൂ.
നമുക്ക് ഒരു കാ‍ര്യം ശരി എന്നു പറയണമെങ്കില്‍ അതിനെ ഒരു തെറ്റുമായി കമ്പയര്‍ ചെയ്യണ്ടേ!
ഉദാഹരണത്തിന്, ദുര്യോദനന്‍ അത്രയ്ക്ക് നീചനായതുകൊണ്ടല്ലെ, അര്‍ജ്ജുനന്റെ നന്മ ഇത്രയും മികച്ചു നില്‍ക്കുന്നത്.
അതുപോലെ..
ആത്മയുടെ ജീവിതത്തില്‍ അനുകരിക്കത്തക്കതൊന്നും ഇല്ല (കൊള്ള, കൊല, -വൃത്തി...എന്നൊന്നും കാടുകയറി ചിന്തിക്കല്ലേ.. -അനുകരിക്കതായി ഒന്നും ഇല്ല എന്നാല്‍ ഒരു ‘യൂസ്‌ലസ്സ് ലൈഫ്’ എന്നേ അര്‍ത്ഥമുള്ളൂ) എന്ന് നന്നായറിയാം. അതുതന്നെയാണ് അതിന്റെ പ്രത്യേകതയും!

ഇനി, ‘അനുകരിച്ചുകൂടാത്തതായും ഒന്നും ഇല്ല’ എന്നു വച്ചാൽ..
അതു പറയാൻ ഒരുപാടുണ്ട്...
ഈ ലോകം പല രീതിയിലും അധഃപ്പതിച്ചുകൊണ്ടിരിക്കുമ്പോൾ, ‘തമ്മിൽ ഭേദം നമ്മുടെ ആത്മേടെ ജീവിതം തന്നെ മക്കളേ/ഭാര്യേ..’ എന്നും ചുരുക്കം ചിലരെങ്കിലും ഒരിക്കൽ പറഞ്ഞുകൂടാതില്ല.
ആപ്പോൾ, ആത്മ ചെയ്യുന്ന കാര്യങ്ങൾക്കല്ല ക്രഡിറ്റ്!
ചെയ്യാതിരിക്കുന്ന കാര്യങ്ങൾക്കാണ് അവാർഡ്!

ശുഭം

20 comments:

Raji said...

പുതിയ പോസ്റ്റ്‌ കണ്ടപ്പോള്‍ സന്തോഷം ആയി...:)
വീട്ടു ജോലികള്‍ക്ക് പുറമേ ഇഷ്ടമുള്ള കാര്യം(എഴുത്ത് ) ചെയ്യാന്‍ സമയം കണ്ടെത്തുന്നുണ്ടല്ലോ ചേച്ചി...അവനവനെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണ്.
ഈശ്വരന് മുന്നില്‍ അതിനു വിലയുണ്ട്.

ആത്മ said...

വിലയുണ്ടാകും അല്ലെ?!
നന്ദി! :)

Anonymous said...

"ഞാൻ എഴുതുന്നത് എന്തിനെന്ന് ചോദിച്ചാൽ, എന്നെ രക്ഷിക്കാൻ!
(ഒരു സാറ്റിസ്ഫാക്ഷൻ; പിന്നെ കൂട്ടത്തിൽ ‘ഞാനും ഈ ബൂലോകത്തിൽ ജീവിച്ചിരിക്കുന്നു’ എന്നു ബോധ്യപ്പെടുത്തുമ്പോലെ വല്ലപ്പോഴും കിട്ടുന്ന ഓരോ കമന്റുകളും)
ആല്ലാതെ, എന്റെ എഴുത്തിൽ മായമോ മന്ത്രമോ വശീകരണമോ ഒന്നും തന്നെയില്ല
പച്ചയായ ജീവിത സത്യങ്ങൾ മാത്രം.
ഉദാഹരണത്തിന്,
നാം പെട്ടെന്ന് അങ്ങ് ഇഹലോകവാസം വെടിഞ്ഞു പോകുന്നു എന്നു കരുതുക..
അപ്പോൾ തീരും എഴുത്ത്.
അതുവരെയേ ഉള്ളൂ.." നന്നായിട്ടുണ്ട് ..ആശംസകള്‍

മാണിക്യം said...

ആത്മ,
ഈ ഭാഷ എനിക്ക് മനസ്സിലാവുന്നു....
ഇന്ന് വെളുപ്പിനു 5:30നു തലയ്ക്കല്‍ ഇരുന്ന അലാം അലറി വിളിച്ചു എനിക്ക് ഇന്ന് ജോലിക്ക് പോകണ്ട, ഡോക്ടറുടെ ഉപദേശപ്രകാരം അവധിയിലാണ്. പിന്നെ എന്തിനാ ഈ വിളിചുണര്ത്തല്‍ യന്ത്രം എന്റെ തലക്കല്‍? അതോ "അമ്മയ്ക്കു പോകണ്ടല്ലോ എന്നാല്‍ എന്നെ ഒരു ആറുമണിക്ക് വിളിചുണര്‍ത്തണേ" രാത്രി കൃത്യം 11:30ന്‍ മകന്‍ വന്ന് സസ്നേഹം തന്ന ഒരു ജോലി ..
അപ്പോള്‍ മുതല്‍ തുടങ്ങിയ ഓട്ടം, ഇപ്പൊള്‍ വന്നൊന്നിരുന്നതാ രണ്ടക്ഷരം വായിക്കാന്‍ ഭക്ഷണം വേണേല്‍ ഒഴിവാക്കാം,എന്നാലും പാട്ട് കേള്‍ക്കാതെ വായിക്കാതെ ജീവിക്കാന്‍ പറ്റില്ല. അതേതു പാതിര ആയാലും എന്റെ ഉറക്കസമയത്തു നിന്ന് കടം കൊണ്ടു തന്നെ ഞാന്‍ ചെയ്തു പോന്നു..

ഒത്തിരി കേട്ടിട്ടുണ്ട്
'ഇതെന്നാ വായനശാലയോ? ചുമ്മാ വല്ലവരും എഴുതി വിടുന്ന വിഡ്ഢിത്തമെന്നൊക്കെ ഇരുന്ന് വായ്ക്കാതെ....പോയി കിടന്ന് ഉറങ്ങരുതോ?'

ഇന്ന് തോന്നുന്നു വായിച്ചില്ലയിരുന്നെങ്കില്‍
ജീവിതം എത്ര നിരര്‍ത്ഥം ആയേനെ!! ....
അക്ഷരം കൊണ്ടു എത്ര പേരെ അറിഞ്ഞു
ഏതെല്ലാം മേഘല ..
ആത്മ അനുഭവങ്ങള്‍ പങ്കു വയ്ക്കൂ
എഴുത്ത് തുടരൂ
വായിക്കാം
ഒപ്പം ചിരിക്കാം കരയാം..
സപ്പൊര്‍ട്ട് ചെയ്യാം
അല്ലങ്കില്‍ വേണ്ടി വന്നാല്‍ ഒന്നു തല്ലും കൂടാം...
:)

ആത്മ said...

Aadhila,
ആശംസകൾക്ക് വളരെ വളരെ നന്ദി! :)

മാണിക്യം,
പ്രോത്സാഹനത്തിനും, ജീവിതത്തിനെ പറ്റി കുറച്ചുകൂടിയൊക്കെ പറഞ്ഞു തന്നതിനും വളരെ വളരെ നന്ദി! :)

Sandhya said...

എന്താ പറയുക ആത്മേ.. ഇതൊക്കെ തന്നെ എനിക്കും പറയാനുള്ളൂ !

( ചേച്ചീ എന്നു വിളിക്കണോ? )

- സന്ധ്യ :)

വല്യമ്മായി said...

:(

തറവാടി said...

അളക്കാന്‍ അറിയാത്തവരാണ് അളവ് കോലിന് പകരം അളന്നതിനെ ഉപയോഗപ്പെടുത്താന്‍ കാരണം,
അളക്കുന്നവന്റെ കഴിവ് കേടെന്ന് എളുപ്പത്തില്‍ പറയാം :)

ദുര്യോധനന്‍ അര്‍ജുനന്റെ നന്മകൊണ്ടല്ല (തിരിച്ചും) മോശപെട്ടവനായത്,
സ്വാതന്ത്ര്യത്തില്‍ കൈകടത്തി എന്ന പ്രവൃത്തിയാണ് തിന്മയായിവിടെ വരുന്നത്.

ഒരു മനുഷ്യന് വേണ്ടത് ഏറ്റവും ചുരുങ്ങിയത് താന്‍ ആരെന്നറിയുകയാണ്,
അറിഞ്ഞാല്‍ പിന്നെ ഇതുപോലുള്ള നെഗറ്റീവ് പോസ്റ്റുകള്‍ ഇടില്ല.

ഒരു നെഗറ്റീവ് ചിന്ത അതെത്ര മൂല്യമുണ്ടായാലും ആത്യന്തികമായി അതേ കൊടുക്കൂ.

തുടര്‍ന്നുകൊണ്ടിരിക്കുന്ന ,
നെഗറ്റീവ് പോസ്റ്റിടുന്ന സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് തിന്മയായാതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല :)

തറവാടി said...

അളക്കാന്‍ അറിയാത്തവരാണ് അളവ് കോലിന് പകരം അളന്നതിനെ ഉപയോഗപ്പെടുത്താന്‍ കാരണം,
അളക്കുന്നവന്റെ കഴിവ് കേടെന്ന് എളുപ്പത്തില്‍ പറയാം :)

ദുര്യോധനന്‍ അര്‍ജുനന്റെ നന്മകൊണ്ടല്ല (തിരിച്ചും) മോശപെട്ടവനായത്,
സ്വാതന്ത്ര്യത്തില്‍ കൈകടത്തി എന്ന പ്രവൃത്തിയാണ് തിന്മയായിവിടെ വരുന്നത്.

ഒരു മനുഷ്യന് വേണ്ടത് ഏറ്റവും ചുരുങ്ങിയത് താന്‍ ആരെന്നറിയുകയാണ്,
അറിഞ്ഞാല്‍ പിന്നെ ഇതുപോലുള്ള നെഗറ്റീവ് പോസ്റ്റുകള്‍ ഇടില്ല.

ഒരു നെഗറ്റീവ് ചിന്ത അതെത്ര മൂല്യമുണ്ടായാലും ആത്യന്തികമായി അതേ കൊടുക്കൂ.

തുടര്‍ന്നുകൊണ്ടിരിക്കുന്ന ,
നെഗറ്റീവ് പോസ്റ്റിടുന്ന സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് തിന്മയായാതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല :)

ആത്മ said...

Sandhya, :)
ആത്മ എന്നു വിളിക്കുമ്പോൾ കുറച്ചുകൂടി സ്വാതത്ര്യം സമത്വം ഒക്കെ തോന്നും. ചേച്ചി എന്നുവിളിക്കുമ്പോൾ വലിയ ഒരു ചേച്ചിയെപ്പോലെ പക്വത കാട്ടണം. പലപ്പോഴും എനിക്കതില്ല. അതുകൊണ്ട് ആത്മേ എന്നു വിളിക്കൂ.. പക്ഷെ,എനിക്ക് രണ്ടും ഒരുപോലെ ഇഷ്ടം ആണ് :)

ആത്മ said...

വലിയമ്മായി,
ആത്മ വലിയമ്മായിയെ നിരാശപ്പെടുത്തിയോ?!
എന്തുചെയ്യാൻ, കുറേ നാളായി ഒരുതരം ഡിപ്രഷൻ.
പോകും പോകും എന്നു കരുതി കാത്തിട്ട് പോകുന്നില്ല
അതുകൊണ്ടാകും ഇത്തരം പോസ്റ്റുകളൊക്കെ..
ക്ഷമിക്കൂ ട്ടൊ,
പതിയെ മാറുമായിരിക്കും. :)

ആത്മ said...

തറവാടിജി,
ചിലപ്പോഴൊക്കെ വഴിമറന്നപോലെ പകച്ചുപോകുന്നു.
നല്ലത് പറഞ്ഞു തരാൻ ഒരു സഹോദരന്റെ സ്വാതന്ത്രത്തോടെ തറവാടിജി ഇവിടെ വരുന്നതിൽ എനിക്ക് വലിയ ആശ്വാസമാണ്.
തറവാടിജിയെയും വലിയമ്മായിയെയും ഒക്കെ കാണുമ്പോഴാണ് ആത്മക്ക് തീരെ വഴി തെറ്റിയില്ല എന്ന് ബോധ്യം വരുന്നത്.
ദയവായി ഇനിയും തെറ്റുകൾ ചൂണ്ടിക്കാട്ടുക

കണ്ണനുണ്ണി said...

ചേച്ചി,
ഇത് വരെ കഴിഞ്ഞതല്ല ജീവിതം.. ഇനി മുന്നില്‍ ഉള്ളതാണ്...
കഴിഞ്ഞതൊക്കെ ജീവിക്കാന്‍ വേണ്ടി നടത്തിയ ഒരുക്കങ്ങള്‍ മാത്രമല്ലേ...
സന്തോഷത്തോടെ...സംതൃപ്തിയോടെ ഒരേ ഒരു ദിവസം മാത്രം ജീവിക്കാന്‍ കഴിഞ്ഞാല്‍ പോലും.. ആ ജീവിതം പൂര്‍ണ്ണം ആണ്..
ഹാപ്പി ആയി ഇരിക്ക് ട്ടോ...

Tejas said...

ആത്മ ചേച്ചി നന്നായി എഴുതുന്നുണ്ടല്ലോ , നന്നായി വീട്ടു കാര്യങ്ങളും നോക്കുന്നു . പിന്നെങ്ങനെ ???

ചുമ്മാതെ ഈ മനസ്സ് ഓരോന്ന് കണ്ടുപിടിക്കും. എല്ലാ മനസ്സും അങ്ങനെ തന്നെ.
ഒരു ചെറ്യ കാര്യം മതി , എല്ലാം മറന്നു സന്തോഷിക്കും. പിന്നേം ദാ.. ഠിം ..ഈ ആണുങ്ങളുടെ മനസ്സ് എങ്ങനെ ആണോ ആവോ?

post എല്ലാം നല്ലത്. എല്ലാം വായിച്ചു.
തേജസ്സിന്റെ അമ്മ

ആത്മ said...

കണ്ണനുണ്ണി!
കണ്ടതില്‍ സന്തോഷം. കണ്ണനുണ്ണിയുടെ പോസ്റ്റ് വായിച്ചായിരുന്നു. എനിക്ക് ആ ബ്ലോഗിലെ എല്ലാ പോസ്റ്റും ഇഷ്ടമാണ്.
ഉപദേശം ഒക്കെ തരുന്നു!
അത്രയ്ക്ക് പക്വത ഒക്കെ ഉണ്ടോ!
പോസ്റ്റ് കാണുമ്പോഴും ഫോട്ടോ കാണുമ്പോഴും ഒക്കെ
ഒരു കുട്ടിത്തം മാറാത്ത പ്രകൃതമായി തോന്നി..
എഴുതിയത് കൂടിപ്പോയെങ്കില്‍ ക്ഷമിക്കണേ :)
ഹാപ്പിയായിട്ട് ഇരിക്കാം ട്ടൊ,

ആത്മ said...

തേജസ്സിന്റെ അമ്മേ,
നന്നായി എഴുതുന്നുണ്ടെന്ന് അറിയിച്ചതിനു വളരെ വളരെ നന്ദി! :)

ഞാന്‍ തേജസ്സിന്റെ ബ്ലോഗ് മുന്‍പൊരിക്കലും വായിച്ചിട്ടുണ്ട്. ഇന്ന് ഒരിക്കല്‍ക്കൂടി പോയി വായിച്ചു. വളരെ മനോഹരമായി എഴുതുന്നു തേജസ്സ്!
എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചേക്കണേ

പ്രിയംവദ-priyamvada said...

ഇത് വായിച്ചിരുന്നോ ?

http://devamazha1.blogspot.com/2009/07/blog-post.html

വീട്ടില്‍ നിന്നും പ്രോത്സാഹനം കിട്ടി എഴുതുന്നവര്‍ അപൂര്‍വ്വം ...ഇമ്മട വല്യമ്മായി ,സൂ ഒക്കെ അതില്‍ പെടുമെന്ന് വിശ്വസിക്കുന്നു.സമയവും താല്‍പ്പര്യവും ഉള്ളവര്‍ എഴുതാതിരിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്:)

ആത്മ said...

ലിങ്കിൽ പോയി ബ്ലോഗ് വായിച്ചു. നല്ല ശൈലിയും എഴുത്തും!

പക്ഷെ, ആക്ച്വലി, എനിക്ക് വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്നുള്ളതാണെന്നു തോന്നുന്നു എന്റെ പ്രശനം.(പ്രശ്നങ്ങളുണ്ടെന്നു ചിന്തിക്കാൻ തുടങ്ങിയാൽ ഒരു പതിനായിരം ഉണ്ടു താനും...)ഒരുതരം ബോറടി. അത്രയേ ഉള്ളൂ.
പിന്നെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് സങ്കല്പത്തിൽ ജീവിക്കുക ഒക്കെ ഒരു ഹോബി അത്രയേ ഉള്ളൂ.:)

വീട്ടിൽ അത്ര വലിയ എതിർപ്പൊന്നും ഇല്ല.പിന്നെ നോക്കിയും കണ്ടും ഒക്കെ എഴുതണം എന്നു മാത്രം.
ചിലപ്പോൽ പണ്ടത്തെ കാരണവന്മാരുടെ ഒരു പ്രകൃതം വരും അപ്പോൾ ആത്മയും റിസർവ്ഡ് ആയി ഇരിക്കും.
മറ്റുചിലപ്പോൾ ചട്ടമ്പി പിള്ളേരുടെ കൂട്ടും വരും.
അപ്പോൾ എന്തും പറയാം. വഴക്കുണ്ടാക്കാം..
അപ്പോൾ മക്കൾ പറയും നിങ്ങൾ തമ്മിൽ ഭാര്യാഭർത്താക്കാന്മാരെക്കാൾ സഹോദരീ സഹോദരന്മാരാകുന്നതായിരുന്ന് നല്ലതെന്ന്.
അത്രയ്ക്ക് ഒരുതരം അടുപ്പം ഉണ്ട്.
പിന്നെ അങ്ങാടിയിൽ തോറ്റാൽ അമ്മയെ കിട്ടിയില്ലെങ്കിൽ ഭാര്യയുടെ നേരെ അല്ലെ ആണുങ്ങൾക്ക് തിരിയാൻ പറ്റൂ..(ആത്മയ്ക്ക് തോൽക്കുമ്പോൾ തിരിയാൻ ഒരിടമില്ലെന്നേ ഉള്ളൂ.. അപ്പോഴാണ് ഡിപ്രഷൻ വരുന്നതും, എന്തെങ്കിലും ഒക്കെ നെഗറ്റീവ് ആയി എഴുതുന്നതും..)
സാരമില്ല, അതൊക്കെ വരും പോവും..ജീവിതമല്ലേ..
എപ്പോഴും ഒരുപോലിരിക്കുമോ! :)

പണ്ടൊക്കെ കൂട്ടുകുടുബമുണ്ടായിരുന്നു.. പെണ്ണുങ്ങൾ പരസ്പരം ഇങ്ങനെയുള്ള കൊച്ചു കൊച്ചു പ്രശ്നങ്ങളൊക്കെ തീർക്കുമായിരുന്നു. പിന്നെ സ്വന്തം രാജ്യത്തായിരുന്നെങ്കിലും ഇതിലും വലിയ ആശ്വാസമാകുമായിരുന്നു.
ഇതിപ്പോൾ അന്യനാടല്ലെ, നമ്മൾ എല്ലാറ്റിനും അവരെ ഡിപ്പന്റ് ചെയ്തല്ലേ ജീവിക്കുന്നത്, അതിന്റേതായ
ദോഷങ്ങളും ആവാം.
ചെറിയ പ്രായത്തിലേ കുടുമ്ബത്തിലെ പൂർ‌ണ്ണ ഉത്തരവാദിത്വവും ആണും പെണ്ണും തലയിൽ ഏറ്റണ്ടേ,

സത്യം പറഞ്ഞാൽ, എനിക്കു തന്നെ അറിയില്ല ഈ ജീവിതം എന്താണെന്ന്. അതാണ് ഇങ്ങിനെ റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്നത്... :)
കമന്റിനും പ്രോത്സാഹനത്തിനും ഒക്കെ നന്ദി.
എന്റെ എഴുത്ത് തീരെ ബോറാകാത്തിടത്തോളം കാലം
എഴുതും, ഇതൊരു വലിയ ആശ്വാസമാണേ..
രൂപമൊന്നും ഇല്ലാത്ത കുറേ മനുഷ്യരെ പരിചയപ്പെടാനും വിശേഷങ്ങൾ അറിയാൻ പറ്റുന്നതും
സ്നേഹിക്കാൻ പറ്റുന്നതും ഒക്കെ ചില്ലറ കാര്യമാണോ!!!ഇതൊക്കെ തന്നെ സ്ത്രീകൾക്ക് ഒരു വലിയ ഭാഗ്യം ആണെന്നാണ് എനിക്കു തോന്നുന്നത്.
എഴുതി എഴുതി അങ്ങ് പോകുന്നു.
തൽക്കാലം നിർത്തട്ടെ, :)

പ്രിയംവദ-priyamvada said...

പക്ഷെ, ആക്ച്വലി, എനിക്ക് വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്നുള്ളതാണെന്നു തോന്നുന്നു എന്റെ പ്രശനം...
:)Very true!

വീട്ടമ്മയായതിനാലാണു ജീവിതം പ്രയോജന രഹിതമാവുന്നതെന്നും വഴക്കുകള്കേ‍ള്ക്കെ‍ണ്ടിവരുന്നതെന്നും മിഥ്യാ ധാരണ ഉണ്ടൊ?
ഒരു നല്ല വീട്ടമ്മയാവുന്നതു നിസ്സാരകാര്യമല്ല.
unpaid work is the biggest contribution that women make to the economy.see more in http://www.unpac.ca/economy/

ആത്മ said...

thanks :)
വീട്ടമ്മയായതിനാലാണു ജീവിതം പ്രയോജന രഹിതമാവുന്നതെന്നും വഴക്കുകള്കേ‍ള്ക്കെ‍ണ്ടിവരുന്നതെന്നും മിഥ്യാ ധാരണ ഉണ്ടൊ?
അതെ, അതൊക്കെ തന്നെ പ്രധാന പ്രശ്നങ്ങൾ‌
ലിങ്കിൽ പോയി വായിക്കാം...
നന്ദി! :)