Tuesday, September 8, 2009

സത്യാന്വേഷി

അവള്‍ സ്നേഹങ്ങളിലൊക്കെ സത്യം തിരയുകയായിരുന്നു
മുലപ്പാലൂട്ടിയ അമ്മയുടെ സ്നേഹത്തില്‍
ജന്മം കൊടുത്ത പിതാവിന്റെ സ്നേഹത്തില്‍
താലികെട്ടി ജീവിതം കൊടുത്ത പുരുഷന്റെ സ്നേഹത്തില്‍
തനിക്കു സ്നേഹം തോന്നിയവരോടും‍
തന്നെ സ്നേഹിക്കുന്നു എന്നു തോന്നിയവരോടും‍
സ്നേഹത്തിൽ പ്രേമഛായ പടർന്നപ്പോഴും,
അതിന്റെ മാസ്മരികതയില്‍ മുങ്ങാന്‍ കഴിയാതെ,
അവളുടെ ഹൃദയം എന്നും സത്യത്തെ തിരഞ്ഞുകൊണ്ടിരുന്നു.
ക്ഷമകെട്ട സ്നേഹങ്ങള്‍ ഒന്നൊന്നായി അവളെ കയ്യൊഴിഞ്ഞു
ഒടുവില്‍ അവള്‍ തനിച്ചായപ്പോള്‍
അവള്‍ സത്യത്തെ കണ്ടെത്തി
ഈ തനിമയാണ് സത്യം എന്നും
സ്നേഹവും പ്രേമവും ഒക്കെ മിഥ്യയായിരുന്നു എന്നും
പ്രേമം നിശ്ചിത ആയുസ്സുള്ള പുഷ്പങ്ങള്‍ മാത്രമായിരുന്നു എന്നും
നിശ്ചിത സമയത്തിനുള്ളില്‍ നുള്ളിയെടുത്തില്ലെങ്കില്‍
അടര്‍ന്നുവീഴുന്ന പുഷ്പങ്ങള്‍ ആയിരുന്നു എന്നും
പ്രേമം വളരാനും പുഷ്പിക്കാനും പൂവിടാനുമൊക്കെ
ചില പ്രത്യേക വ്യവസ്ഥകൾ വേണമെന്നും
അതു പാലിക്കുന്നവർക്കു മാത്രമേ അതിനർഹതയുള്ളൂ എന്നും
അവൾ കണ്ടെത്തി!
അവളുടെ സത്യാന്വേക്ഷണ ത്വരയില്‍ അവള്‍
പ്രേമത്തിന്റെ ആയുസ്സ് കൊഴിയുന്നത് കണ്ടില്ല
അവള്‍ അന്നും ഇന്നും ഇന്നും പ്രേമത്തില്‍/സ്നേഹത്തിൽ, സത്യത്തെ ചികയുന്ന
ഒരു വെറും ഭ്രാന്തത്തി/ സത്യാന്വേഷി മാത്രം

11 comments:

Raji said...

മറ്റുള്ളവരുടെ സ്നേഹത്തിലെ സത്യം തിരയുന്നതിലും നല്ലത് സ്വന്തം സ്നേഹം ശുദ്ധമാണോ എന്ന് പരിശോധിക്കുന്നതല്ലേ? :-)
അതിലുള്ള കുറവുകള്‍ മാത്രമല്ലെ നമുക്ക്‌ പരിഹരിക്കാന്‍ ആവൂ? മറ്റുള്ളോരുടെ സ്നേഹം എങ്ങനെ ആയാലും നമുക്ക് അതില്‍ മാറ്റം വരുത്താന്‍പറ്റില്ലല്ലോ.

ആത്മ said...

ശുദ്ധമായ സ്നേഹങ്ങളൊക്കെ വെറുതെ തല്ലിത്തകർത്ത് രസിക്കുന്നവരുണ്ട്..
നമ്മൾ ഒരാളെ കണ്ണുമടച്ച് സ്നേഹിക്കുന്നു എന്നു കരുതുക;
ആ സ്നേഹം കൊണ്ട് വിഷമിക്കുന്നവരും ഉണ്ടാകില്ലേ,
എന്തുചെയ്യാൻ ഒരാളുടെ സന്തോഷം മറ്റൊരാൾക്ക് ദുഃഖം വരുത്തിവയ്ക്കുമ്പോൾ ചിലപ്പോൾ ശുദ്ധ സ്നേഹം ബലിയാടാവും..
സ്നേഹം ദുഃഖമാണു രാജീ..:)

Raji said...

:-) അഷ്ടമി രോഹിണി ആയിട്ട് എന്താണ് special ചേച്ചി ? കൃഷ്ണ സ്തുതി ഒന്നും എഴുതുന്നില്ലേ?

ആത്മ said...

ഇന്ന് അഷ്ടമിരോഹിണി ആണെന്ന് അറിഞ്ഞില്ല!
കൃഷ്ണന്റെ പിറന്നാൾ ആണ് അല്ലെ, :)
പക്ഷെ, ഇപ്പോൾ കൃഷ്ണനോട് ഒരു പരിഭവം
എഴുതാൻ വന്നതായിരുന്നു..
അപ്പോഴാണ് രാജിയുടെ കമന്റ് കണ്ടത്
ഇനി കൃഷ്ണനോട് നല്ല കാര്യങ്ങൾ എന്തെങ്കിലും തോന്നുന്നെങ്കിൽ പിന്നീട് എഴുതാം..,

വല്യമ്മായി said...

മറ്റുള്ളവരുടെ സ്നേഹത്തിലെ സത്യം തിരയാതെ സത്യമായി തിരിച്ചു സ്നേഹിക്കുക :)

ആത്മ said...

:)

സു | Su said...

സത്യാന്വേഷി എന്നു പോരേ?

സ്നേഹം എന്നതുതന്നെ സത്യമല്ലേ. പിന്നെ എന്തു തിരയാൻ. പക്ഷെ, ചിലപ്പോൾ അവളെപ്പോലെ തിരഞ്ഞുനടന്നെന്നും വരും. ഒരു ഉറപ്പിനു വേണ്ടി അന്വേഷിക്കുകയാവും.

:)

ആത്മ said...

സ്നേഹം സത്യമാണ് അല്ലെ സൂ?
വിശ്വസിക്കാം അല്ലെ?
മരിക്കും വരെ കൂടെയുണ്ടാകുമോ ഈ സ്നേഹങ്ങൾ ഒക്കെ?
പക്ഷെ, ഞാൻ ഈ ബൂലോകത്ത് മാത്രമേ സ്നേഹം ഇച്ചിരിയെങ്കിലും കണ്ടിട്ടുള്ളൂ,(ഇന്റർനറ്റ് കണക്ഷനും പിന്നെ പാസ്സ്‌വേഡും, ആൾമാറാട്ടവും, ഒരു ഇല്ലാപ്പേരും, ഒക്കെ വേണം സ്നേഹത്തെ കണ്ടുപിടിക്കാൻ) വെളിയിലൊക്കെ മനുഷ്യർ ജീവിക്കാൻ ബദ്ധപ്പെട്ടോടുന്നതായാണ് കാണൂന്നത്
ആർക്കും സ്നേഹിക്കാനൊന്നും സമയമില്ല സൂ,
സ്നേഹം എന്നൊക്കെപ്പറയുന്നത് ഈ എഴുത്തുകാരും
തളർന്ന ഹൃദയമുള്ളവരും സ്വപ്നം കാണുന്നവരും ഒക്കെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു വീക്നസ്സ് ആവുമോ ഇനി?

ആത്മ said...

സത്യാന്വേഷി എന്നാക്കി.
നന്ദി! :)

Sandhya said...

“അവളുടെ സത്യാന്വേക്ഷണ ത്വരയില്‍ അവള്‍
പ്രേമത്തിന്റെ ആയുസ്സ് കൊഴിയുന്നത് കണ്ടില്ല
അവള്‍ അന്നും ഇന്നും ഇന്നും പ്രേമത്തില്‍/സ്നേഹത്തിൽ, സത്യത്തെ ചികയുന്ന
ഒരു വെറും ഭ്രാന്തത്തി/ സത്യാന്വേഷി മാത്രം“


പിന്നെ.. ഈ മറൂപടീ, അല്ലെങ്കില്‍ ആശങ്ക..

“ആർക്കും സ്നേഹിക്കാനൊന്നും സമയമില്ല സൂ,
സ്നേഹം എന്നൊക്കെപ്പറയുന്നത് ഈ എഴുത്തുകാരും
തളർന്ന ഹൃദയമുള്ളവരും സ്വപ്നം കാണുന്നവരും ഒക്കെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു വീക്നസ്സ് ആവുമോ ഇനി..?”


- മാധവിക്കുട്ടിയുടെ ജീവിതം തന്നെ ഇതിനൊക്കെ ഉദാഹരണം അല്ലേ? ഇതൊക്കെ തന്നെ സത്യം ആത്മേ..

- സസ്നേഹം സന്ധ്യ :)

ആത്മ said...

അപ്പോൾ സ്നേഹം എന്നൊന്ന് ഇല്ല എന്നാണോ സന്ധ്യയും പറയുന്നത്?
എല്ലാം ദുർബ്ബല മനസ്സുകളുടെ ഓരോ വിഭ്രാന്തികളായിരിക്കും അല്ലെ,
:)