Thursday, August 20, 2009

ഈ ഗവണ്മെന്റിന്റെ ഒരു കാര്യം!!!

കുറേശ്ശേ കുറേശ്ശെ എഴുതുന്നതാണ് എഴുതാനും സുഖം വായിക്കാനും സുഖം!
എഴുതി പബ്ലിഷ് ചെയ്യാതെ ഡ്രാഫ്റ്റില്‍ ഇട്ടാല്‍ അവിടെ തന്നെ കിടക്കും;
സമയമില്ലാത്തപ്പോള്‍ ബ്ലോഗെഴുതാതിരിക്കുന്നതാണ് നന്ന്;
എന്നിങ്ങനെ പല പല ചിന്തകള്‍

പറയാന്‍ വന്നതെന്തെന്നാല്‍;
(എല്ലാവരും ഓണത്തിരക്കില്‍ പെട്ട് മതിമറന്ന് നെട്ടോട്ടമോടുകയാവും..
അതിനിടയിലാണ് എന്റെ ഒരു ബ്ലോഗ് പുരാണം..)
എങ്കിലും..
പറയാതെ വയ്യല്ലൊ,

രാവിലെ ഉറക്കമെണീറ്റ് അടുക്കളേടെ പിറകിലെ കതകു തുറന്നപ്പോള്‍ വല്ലാത്ത ഒരു വെളിച്ചം!
‘ഇന്നെന്താ പ്രഭാതത്തിനു പതിവില്ലാത്ത ഒരു തെളിച്ചം’ എന്നിങ്ങനെ ആവേശം കൊള്ളാന്‍ തുടങ്ങിയപ്പോഴാണ് കണ്ണുകള്‍ ശൂന്യതയില്‍ ഉടക്കിയത്!
ങ്ങ്ഹേ! ഇവിടെ നിന്ന എന്റെ (നോട്ട് ദി പോയിന്റ്!) വേപ്പ് മരം എവിടെ?
അയ്യോ, നിറയെ കായ്ച്ചു കിടന്ന എന്റെ പേരയെവിടെ?
അയ്യയ്യോ, ഭാഗ്യമെന്നുകരുതി വളര്‍ത്തിയ എന്റെ മുള എവിടെ?
എവിടെ.. ? എവിടെ..?
എല്ലായിടത്തും ശൂന്യത മാത്രം!!!
അല്പം കഴിഞ്ഞപ്പോള്‍ യൂണിഫോമിട്ട ഒരു തല അങ്ങിനെ കത്തിയും വാളുമൊക്കെയായി പോകുന്നു..
പിടിയവനെ!
‘ഹലോ, ആരു പറഞ്ഞു ഈ ചെടിയൊക്കെ വെട്ടാന്‍?’ (എന്റെ മുഖത്ത് ഫ്രണ്ട്‌ലിനസ്സ് മാത്രം) ഗവണ്മെന്റാണോ?!
(ആവണേ ആവണേ പരദൈവങ്ങളെ എന്ന പ്രാര്‍ത്ഥനയോടെ..)
‘അതെ, അപ്പുറത്തെ നേവിക്കാരാണ് വെട്ടുന്നത്!’ അയാള്‍ കൂളായി പറഞ്ഞ് നടന്നകന്നു..(ടപ്പ്.. ടപ്പ്..അയാളുടെ ഷൂസിന്റെ ശബ്ദം..)
ആശ്വാസം! അറ്റ് ലീസ്റ്റ് ആരോടും പക വച്ചു പുലര്‍ത്തണ്ടല്ലൊ എന്റെ നഷ്ടം എന്റെ മാത്രം!
അല്‍പ്പം കഴിഞ്ഞ് മറ്റൊരു യൂണിഫോം മാന്‍ വന്ന് ഒരു ‘നൈസ് ഷോട്ട്’ എടുക്കുന്നു..!
ഞാന്‍ പണ്ട് ഇണക്കുരുവികളെയും കുലകളായി കിടന്ന പേരക്കയുടെയും വേപ്പിന്റെയും ഒക്കെ പടമെടുത്ത അതേ ഇടം കാലിയാക്കിയ നിര്‍വൃതി അയാളുടെ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ എന്തോ മഹത്തരമായ കാര്യം ചെയ്തമാതിരി ഗവണ്മെന്റിന്റെ ആ മനുഷ്യന്‍ അങ്ങിനെ മന്ദം മന്ദം നടന്നുപോയി.
നോ മര്യാദ !
വെട്ടുന്നതിനു മുന്‍പ് വെട്ടിക്കോട്ടെ എന്നു ചോദിച്ചോ?
ഇല്ല.
വെട്ടിക്കഴിഞ്ഞതിനുശേഷം സോറി പറഞ്ഞോ?
ഇല്ല.
ഇതാണിവിടത്തെ ഗവണ്മെന്റ്!
പക്ഷെ, വെളിയിലിറങ്ങിയാല്‍ ഒന്നു തുമ്മാന്‍ പോലും ഗവണ്മെന്റിനെ ഭയക്കണം താനും..
ഈ ഗവണ്മെന്റിന്റെ ഒരു കാര്യം!!!

15 comments:

Raji said...

:-)....ഈ പറയുന്നത് എന്റെ അറിവില്ലായ്മയാകാം..എങ്കിലും,മരങ്ങളോടും മറ്റും ഇവര്‍ക്ക് വലിയ താല്പര്യം ഉണ്ടെന്നു തോന്നിയിട്ടുണ്ട്. പുതിയവ വച്ചു പിടിപ്പിക്കുമായിരിക്കും.

ആത്മ said...

അതെ, അവര്‍ക്കിഷ്ടമുള്ള മരങ്ങള്‍ അവര്‍ വിചാരിക്കുന്ന സ്ഥലങ്ങളില്‍, അവര്‍ അനുവദിക്കുന്ന
നാള്‍ വളരാന്‍ അനുവദിക്കും.. :)
എവിടെപ്പോയിരുന്നു രണ്ടു ദിവസം?!
രാജി ഇവിടത്തെ ഗവണ്മെന്റിന്റെ ആളാണല്ലെ?!
എങ്കിപ്പിന്നെ ബാക്കികൂടി സമയം കിട്ടുമ്പോള്‍ എഴുതി ചേര്‍ക്കാം ട്ടൊ, :)

Raji said...

:-) ഞാന്‍ ആരുടേയും ആള്‍ അല്ല ചേച്ചി...
മരങ്ങള്‍ മുറിച്ചു മാറ്റാതെ, അവയൊക്കെ വേരോടെ പിഴുതു മാറ്റി വേറെ സ്ഥലത്ത് നട്ടു പിടിപ്പിക്കും എന്ന് പറയുന്നത് ശരിയാണോ?
അങ്ങനെയെങ്കില്‍ നന്നായിരുന്നു...നാട്ടിലേക്കാള്‍ പ്രകൃതി സ്നേഹം ഇവര്‍ക്കുണ്ടെന്ന് തോന്നീട്ടുണ്ട്.

ആത്മ said...

മനുഷ്യര്‍ സ്നേഹിച്ചു വളര്‍ത്തുന്ന ചെടികള്‍ ഒരൂ സുപ്രഭാതത്തില്‍ ഛിന്നഭിന്നമായി വെട്ടിക്കൊണ്ട് പോകുന്നത് പ്രകൃതിസ്നേഹമോ?!
അവര്‍ക്കിഷ്ടമുള്ള ചെടികളെയൊക്കെ പൊക്കിയെടുത്ത്
വേറേ സ്ഥലത്ത് പുനഃസ്ഥാപിക്കുമായിരിക്കാം..
ആത്മയ്ക്ക് വിഷാദമൊക്കെ പതുക്കേ വരൂ..
വന്നാല്‍ പിന്നെ കുറെ നാളെടുക്കാന്‍ പോകാനും.
ആത്മയ്ക്ക് വിഷാദം വന്നാല്‍ ഗവണ്മെന്റിനെന്ത്!

Raji said...

നാട്ടില്‍, നമ്മുടെ പറന്പില്‍ കയറി ആരും ഒന്നും വെട്ടി മാറ്റില്ല ..
പക്ഷെ, കാടുകള്‍ വെട്ടി നശിപ്പിക്കും. പുഴകളുടെ അടുത്തട്ടും തോണ്ടി കയങ്ങള്‍ ഉണ്ടാക്കും...മണ്ണ് തരിശാക്കും...ഇതൊക്കെ ഒരു കൂട്ടര്‍ ചെയ്യുന്പോ, നമ്മുടെ അതിരില്‍ ഒതുങ്ങുന്നവയെ സംരക്ഷിച്ചു നാം സന്തുഷ്ടരായിരിക്കും.
അത് തെറ്റാണ് എന്നല്ല,....പക്ഷെ, ചേച്ചീടെ ഈ പോസ്റ്റ്‌ ഇപ്പൊ ഒരുപാടു ചിന്തിപ്പിക്കുന്നു. സുഗത കുമാരിയും മറ്റും പലപ്പോഴും വേദനയോടെ എഴുതിക്കണ്ടിട്ടുണ്ട്, മനുഷ്യരുടെ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റത്തെ കുറിച്ച്...അവരേപ്പോലുള്ള കുറച്ചു പേര് ഇതിനെല്ലാം എതിരെ മുറവിളി കൂട്ടുന്പോ ഭൂരിപക്ഷവും നിസംഗരായിരിക്കും.
കാട് നശിക്കുന്നത് നിസ്സഹായരായി കാണുന്ന, ആദി വാസികളുടെ മനോ നിലയും ആലോചിച്ചു പോകുന്നു....

Raji said...

ചേച്ചി... നമ്മുടെ സ്വന്തം ഭുമി അല്ലാത്തപ്പോ നാം എന്താ ചെയ്യ്യാ..
ഇതിപ്പോ 'വാഴക്കുല' പോലെയായി...
ചേച്ചീടെ വിഷമം മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ചാണക്യന്‍ said...

അതെ ഇതാണ് ഇത് തന്നെയാണ് ഗവണ്മെന്റ്....
നോട്ട് ദി പോയിന്റ്...:):):)

ആത്മ said...

രാജി,
ആക്ച്വലി, സ്വന്തം ഭൂമിയുടെ ഒരറ്റമാണ്. മരങ്ങള്‍
നേവിക്കാരുടെ മതിലിലോട്ട് ചായ്ഞ്ഞ് കിടന്നതുകൊണ്ടാകാം..
ഇനിയിപ്പം എന്തുചെയ്യാന്‍.. സഹിച്ചേ പറ്റു അല്ലെ,
വിധിയെ കൂട്ടുപിടിച്ച് ആശ്വസിക്കാം..

ആത്മ said...

ചാണക്യന്‍ സാര്‍,
ഞാനിവിടെ വേദന കടിച്ചിറക്കി ജീവിക്കുമ്പോഴാണ്‌‍
ഇത്രേം വലിയ ചിരി അല്ലെ!!!

കണ്ണനുണ്ണി said...

ബന്ഗ്ലൂര്‍ ഇപ്പോഴും പച്ച പിടിച്ച നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം എവിടെ 50% സ്ഥലവും ആര്മ്മിയുടെ കയ്യില്‍ ആണ് എന്നുള്ളത് കൊണ്ട് ആണ്...
പക്ഷെ എന്താണാവോ നെവിക്കാര് ഇങ്ങനെ കാണിച്ചേ....

ആത്മ said...

അതല്ലെ എന്നെയും കുഴയ്ക്കുന്ന പ്രശ്നം! :)
ഇനിയിപ്പം മരങ്ങള്‍ അവരുടെ കമ്പിവേലിയില്‍ ചാഞ്ഞ് കിടന്നതുകൊണ്ടോ,അതോ,
ആരെങ്കിലും എന്റെ മരങ്ങള്‍ കണ്ട് കുശുമ്പ് പിടിച്ച്
കമ്പ്ലൈന്റ് കൊടുത്തോ,
എന്താണെന്നൊന്നും ഒരെത്തും പിടീം കിട്ടുന്നില്ല.
ആദ്യത്തേതാണെങ്കില്‍ സഹിക്കാം
രണ്ടാംത്തേതാണെങ്കിലും.. സഹിക്കാം.. അല്ലെ,
സഹിച്ചാലല്ലെ പറ്റൂ..

കണ്ണനുണ്ണിയെ കണ്ടതില്‍ വളരെ സന്തോഷം!
ഞാന്‍ ആദ്യത്തെ കുറെ കഥകള്‍ വായിച്ചു ട്ടൊ,
എഴുത്തിന് ഒരു വല്ലാത്ത മാസ്മരികത!
എന്തഭിപ്രായം എഴുതണമെന്നുപോലും അറിയാതെ
ഇങ്ങ് പോന്നു..
കണ്ണനുണ്ണി മനസ്സുവച്ചാല്‍ നല്ല ഒരു എഴുത്തുകാരനാവും
എന്നെനിക്ക് തോന്നുന്നു.
അധികമായിപ്പോയോ എഴുതിയത്?

സു | Su said...

അവരെന്തെങ്കിലും കണ്ടിട്ടുണ്ടാവും. പോയതിലും നല്ല മരം അവിടെ വളരും എന്നു വിചാരിക്കാം!

ആത്മ said...

:)
അതെ, അങ്ങിനെയൊക്കെ വിചാരിച്ച് വിചാരിച്ച്
അങ്ങ് ജീവിച്ച് തീര്‍ക്കാം.. അല്ലെ,

സു | Su said...

ആത്മേച്ചീ :) ഒക്കെ ശരിയാവും എന്നൊരു പ്രതീക്ഷയിൽ അല്ലേ ജീവിക്കേണ്ടത്? നിറയെ മരങ്ങൾ അവർ വന്ന് വീണ്ടും പിടിപ്പിച്ചുതരുമായിരിക്കും. അല്ലെങ്കിൽ ആത്മേച്ചിയ്ക്കു തന്നെ, അനുവാദമുണ്ടെങ്കിൽ ചെറിയ ചെറിയ ചെടികൾ വയ്ക്കാലോ.

ആത്മ said...

ഇനിയും ആര്‍ക്കെങ്കിലുമൊക്കെ നശിപ്പിക്കാനായി ഞാന്‍ എന്റെ ചെടികള്‍‍ അവിടെ വീണ്ടും നടണോ സൂ..?