Monday, August 17, 2009

ആരാധന/സ്നേഹം

സ്നേഹം എന്നതിന് ഒരുപാടൊരുപാട് നിര്‍വ്വചനങ്ങളുണ്ട്...
സ്നേഹം എന്നാല്‍ അരാധനയാണോ?
എങ്കില്‍ എനിക്ക് ദീപികാ പടുകോണിനോട് അല്ലെങ്കില്‍ പണ്ട് കമലാഹാസനോട്/മോഹന്‍ലാലിനോട് ഒക്കെ എനിക്ക് കലശലായ ആരാധനയായിരുന്നു/ആണ്...
പക്ഷെ, ദീപികയെ നേരിട്ട് കാണാനാവാത്തതില്‍ ഒരു വിഷമവുമില്ല
കമലാഹാസന്‍ രണ്ടോ മൂന്നോ കെട്ടിയിട്ടും വലിയ വിഷമമൊന്നും തോന്നിയില്ല(ആദ്യം കെട്ടിയപ്പോള്‍ തോന്നിയെന്നതൊഴിച്ചാല്‍...)

അപ്പോള്‍ പറഞ്ഞു വന്നത്...,
ആരാധന എന്നാല്‍ പ്രേമം അല്ലെന്ന്!
അരാധന എന്നാല്‍ ആ വ്യക്തിയുടെ സ്വഭാവ വൈശിഷ്ട്യത്തെ നാം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടുപോകുന്നു.. അനുകരിക്കത്തക്കവണ്ണം.

സ്നേഹം അല്ല പ്രേമവും!
എനിക്ക് ഒരു പൂച്ചക്കുട്ടിയോട് ഭയങ്കര സ്നേഹമായിരുന്നു.. അത് പ്രേമമാവില്ലല്ലൊ! അതിനെ ഒരു ദിവസം കണ്ടില്ലെങ്കില്‍ എനിക്കു വല്ലാത്ത വിഷമമായിരുന്നു. കാണുമ്പോള്‍ വല്ലാത്ത സന്തോഷവും..

സ്നേഹം എല്ലാം ഒന്നാണോ? അതുമല്ലാ..
മക്കളോടുള്ള സ്നേഹമല്ല, അച്ഛനമ്മമാരോടുള്ളത്
അച്ഛനമ്മമാരോടുള്ള സ്നേഹമല്ല കൂട്ടുകാരോടുള്ളത്...

എന്നാല്‍ അരാധന പ്രേമമായിക്കൂടെ?! (ഇന്‍ സെര്‍ട്ടന്‍ കേസസ്)
നമ്മള്‍ ആരാധിക്കുന്നവര്‍ നമ്മുടെ അടുത്തെത്തുമ്പോള്‍ ഒരുപക്ഷെ അകലെനിന്നുള്ള ആരാധന‍ അടുപ്പമായി വളരാം.. പക്ഷെ, നമ്മള്‍ ആരാധിക്കുന്നവര്‍ നമ്മെ അറിയില്ലല്ലൊ, നാം അവരെ അറിയുന്നു താനും. അവര്‍ക്കിങ്ങോട്ട് ഇഷ്ടം തോന്നേണ്ട ഒരു കാര്യവുമില്ലാത്ത കേസുകളില്‍ ഇതൊക്കെ അസംഭാവ്യം.

ഇനി ആരാധനയുടെ കാര്യം എഴുതാം..
പെണ്ണുങ്ങള്‍ (അതും കല്യാണം കഴിക്കാത്തവര്‍-കഴിച്ചവര്‍ക്കും ബാധകമാണ്!) ഒരിക്കലും ആണുങ്ങളുടെ( ഇളയതായാലും, മൂത്തതായാലും, അപ്പുപ്പനായാലും കൊച്ചുമോനായാലും...) ‘ഫാന്‍’ ആണെന്ന് ഒരിക്കലും തുറന്ന് പറയാനേ പാടില്ല. അതും ഇന്റര്‍ണറ്റ് വഴി. കാര്യം, ഇവിടെ എല്ലാം വളരെ ഫാസ്റ്റ് ആണ്. അകലവും കുറവാണ്!
നമ്മള്‍ വെളിയില്‍ ഒരു ഫിലിം സ്റ്റാറിന്റെയൊക്കെ ഫാന്‍ ആണെന്നു പറഞ്ഞാല്‍ അത്രയ്ക്കത്രയ്ക്കേ ഉള്ളൂ, അതുപോലല്ല ഇന്റര്‍നറ്റ്! (പറഞ്ഞില്ലെന്നുവേണ്ട..)
[ഫാന്‍ എന്നാല്‍ ഞാന്‍ അര്‍ത്ഥമാക്കിയിട്ടുള്ളത്, ഒരു റെസ്പക്റ്റ് കൂടി കലര്‍ന്ന ആരാധനയായിരുന്നു..]

ആരാധനയില്‍ സ്നേഹം ഉണ്ട്, എന്നാല്‍ സ്നേഹത്തില്‍ ആരാധന വേണമെന്നില്ല.
സ്നേഹം പലതരത്തില്‍ ഉരുത്തിരിയുമല്ലൊ,നിസ്സഹയാതയില്‍ നിന്ന്, സഹതാപത്തില്‍ നിന്ന്, ആരാധനയില്‍ നിന്ന്, ആത്മീയതയില്‍ നിന്ന് (ദൈവത്തോടുള്ള സ്നേഹം)ഒരു ദിവസം പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമാകും..ദൈവത്തിനോടുള്ള സ്നേഹം.

അദൃശ്യമായവയോടും സ്നേഹം തോന്നാം..
ഒരു പ്രത്യേക പാട്ട് കേള്‍ക്കുമ്പോള്‍ അദൃശ്യമായി ആരോ നമ്മെ സ്നേഹിക്കുമ്പോലെ തോന്നാം.. (വെറും തോന്നല്‍ മാത്രമാണെന്നും അറിയാം) ഉദാഹരണത്തിന് ‘ആ.. ആ...ആവോംഗെ ജബ് തും സാധ്നാ.. എന്ന ഹിന്ദിപാട്ട് ( ദാ ഇപ്പോഴും സി.ഡി പ്ലേയറില്‍ റിപ്പീറ്റില്‍ ഇട്ടിരിക്കുകയാണ്-അതാണിപ്പോഴത്തെ വീക്ക്നസ്സ്-) അതങ്ങിനെ കേട്ടുകൊണ്ടിരുന്നാല്‍ പിന്നെ വല്ലാത്ത ഒരു സമാധാനമാണ്! (കുറെ നേരം ആത്മാവ് അടങ്ങിയിരുന്നോളും) എന്നാല്‍ അതില്‍ അഭിനയിച്ച നായകന്റെ പേരുപോലും അറിയില്ല, (എന്റെ മകനാവാനുള്ളതിനെക്കാളും ഒരു 7,8 വയസ്സൊക്കെ മൂപ്പേ കാണുള്ളൂ )നായികയെ ഒട്ടും തന്നെ ഇഷ്ടമല്ലായിരുന്നു താനും എന്നിട്ടും എങ്ങിനെ ഈ പാട്ട് എന്റെ ഹൃദയത്തിലെത്തി? പാട്ടിന്റെ അദൃശ്യ ശക്തിയാകാം.. സ്നേഹമാകാം..

അങ്ങിനെ എഴുതി എഴുതിപ്പോകുമ്പോള്‍ നമുക്കു തന്നെ അറിയാത്ത പലേ അറകളും തുറന്ന് പല സത്യങ്ങളും പ്രത്യക്ഷപ്പെടും!.. അതാണ് മനുഷ്യ മനസ്സിന്റെ ഒരു പ്രത്യേകത എന്നൊക്കെ തല്‍ക്കാലം പറഞ്ഞ് നിര്‍ത്താം..(കുഴപ്പമില്ലല്ലൊ?! അല്ലെ, )

ഒന്നുകൂടി പറഞ്ഞ് നിര്‍ത്തിക്കോട്ടെ,

പലതരം സ്നേഹങ്ങളെ എടുത്തുകാട്ടാന്‍ ശ്രമിച്ചുവല്ലൊ, അതില്‍ ഏറ്റവും ചപലവും ശക്തവും ആയ സ്നേഹം പ്രേമം ആണ് എന്നാണ് ഈ സിനിമയും കഥകളും ഒക്കെ കാണുമ്പോഴും വായ്ക്കുമ്പോഴും ഒക്കെ തോന്നിയിട്ടുള്ളത്. അതിലും, ഞാന്‍ ഒബ്സര്‍വ് ചെയ്തപ്പോള്‍ പ്രേമത്തിനു വലിയ ദീര്‍ഘായുസ്സൊന്നും കണ്ടിട്ടില്ല. കൂടിപ്പോയാല്‍ ഒരു പത്ത് വര്‍ഷം.അതും അക്കരെയിക്കരെ നിന്നാല്‍. അടുത്താല്‍ എത്ര ദിവസം നില്‍ക്കുമെന്നൊന്നും എനിക്കറിയില്ല (ഇംഗ്ല്ലീഷ് നടീനടന്മാരുടെ വിവാഹങ്ങള്‍ ഓരോ വര്‍ഷവും പുതുക്കിക്കൊണ്ടിരിക്കുന്നത് കാണുമ്പോള്‍..)

അതുകൊണ്ട് എനിക്ക് പ്രേമിക്കുന്നവരോട് അല്ലെങ്കില്‍ പ്രേമിക്കാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത് ഒന്നുമാത്രം, ‘പ്രേമത്തിനാണ് മുന്‍‌തൂക്കമെങ്കില്‍, പ്രേമിക്കുന്നവരെ വിവാഹം കഴിക്കാതിരിക്കുന്നതായിരിക്കും നന്ന്’. അപ്പോള്‍ എന്നും മനസ്സിലെ/ഹൃദയത്തിലെ ആ പ്രേമം അതേ ആയുസ്സോടെ നിലനില്‍ക്കും..’ (കുശുമ്പൊന്നും കൊണ്ടല്ല). ‘അടുപ്പം ആദരവുംകുറയ്ക്കും’ എന്നൊക്കെ ഒരു ചൊല്ലില്ലെ, അതുപോലെ ‘അടുപ്പം പ്രേമവും കുറയ്ക്കും’..(പറഞ്ഞില്ലെന്നു വേണ്ട)

പിന്നെ, ഏതിനും കെട്ടണം, അറിഞ്ഞുകൊണ്ടു തന്നെ, എങ്കിപ്പിന്നെ ഒരിക്കല്‍ നമ്മെ ഇഷ്ടപ്പെടുന്നവരെ/സ്നേഹിച്ചവരെ തന്നെ കെട്ടിയിട്ട് ജീവിത പ്രാരാബ്ധങ്ങള്‍ തുല്യമായി പങ്കുവച്ച് പോകാന്‍ തയ്യാറെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ, പ്രേമം മറയുന്നതോടൊപ്പം, അവിടെ സ്നേഹം ഉടലെടുത്താല്‍ വിജയിച്ചു! ഒരു ഭാരവണ്ടി വലിക്കുന്ന രണ്ടു കാളകള്‍ പരസ്പരം വഴക്കടിച്ചുകൊണ്ട്കൂടി നടന്നാല്‍ ഭാരവും അധികരിക്കും യാത്രയും ദുസ്സഹമാകും.. സ്നേഹമായി നിന്നാല്‍ ഭാരം ഇരുവര്‍ക്കും ഒരുപോലെ താങ്ങാം.. യാത്ര എളുതായും തോന്നും.

അല്‍പ്പം കൂടി,

ഇപ്പോഴത്തെ യുവജനങ്ങളുടെ നെട്ടോട്ടം കാണുമ്പോഴും അറിയുമ്പോഴും..(എന്നാലും ഭാരതത്തിലെ കുട്ടികളൊക്കെ ഇങ്ങിനെ തരം താഴ്ന്നുപോകുമെന്ന് കരുതിയിരുന്നില്ല!. നാട് പുരോഗമിച്ചതോടൊപ്പം അവിടെ നാം കാത്തുസൂക്ഷിച്ചിരുന്ന പലേ സംസ്ക്കാരങ്ങളും വളരെ ഫാസ്റ്റായി തന്നെ മറഞ്ഞുകൊണ്ടിരിക്കുന്ന്. ഇപ്പോഴത്തെ യുവജനങ്ങള്‍ക്കൊക്കെ, പ്രേമം എന്നൊക്കെ പറഞ്ഞാല്‍ ഒരുതരം ഇന്‍സ്റ്റന്റ് നൂഡില്‍‌സ്/ഫാസ്റ്റ് ഫുണ്ട് പോലെയാണ് തോന്നിയിട്ടുള്ളത്.

വയലാര്‍ പാടിയിട്ടുള്ളതും മറ്റു മഹാകവികളും കഥാകാരന്മാരും ഒക്കെ വാഴ്ത്തിയിട്ടുള്ളതുമായ പ്രേമം ഒക്കെ മാതൃഭാക്ഷ മറയുന്നതിനെക്കാള്‍ വേഗത്തില്‍ ഭാരതത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതു വളരെ വേദനാജനകമായ ഒരു സത്യമാണ്.

[ എഴുതി, എഴുതി, എന്തൊക്കെയോ എഴുതി.. പലതും കേട്ടറിവുകളാണ്. ഇപ്പോള്‍ തോന്നുന്നു എനിക്ക് ഇതേപ്പറ്റി എഴുതാനുള്ള യോഗ്യതയേ ഇല്ലായിരുന്നു എന്ന്. എന്തോ എവിടെയൊക്കെയോ ഒരു പന്തികേട്.. ഏതിനും എഴുതിപ്പോയില്ലേ, ഭാരത സ്ത്രീകളുടെയൊക്കെ ഹൃദയത്തില്‍ ഇങ്ങിനെ ഒരുപാട് എന്തൊക്കെയോ കുത്തിനിറച്ചാണ് സമൂഹം വളര്‍ത്തിയെടുക്കുന്നത്, അതുകൊണ്ടാകാം..

എന്റെ എഴുത്ത് ആര്‍ക്കെങ്കിലും വിഷമമോ അരോചകമോ ആയി തോന്നുന്നെങ്കില്‍ ദയവായി ക്ഷമിക്കുക, അടുത്ത പോസ്റ്റ് നന്നാക്കാന്‍ ശ്രമിക്കാം..]

15 comments:

Raji said...

:-)...bakki vaayikkan kaathirikkunnu...

ആത്മ said...

thirakkokke kazhinjnj thirichcheththiyO! :)

chithrakaran:ചിത്രകാരന്‍ said...

വാക്കുകള്‍ക്കകത്തെ അര്‍ത്ഥം ഇടക്ക് പരിശോധിക്കുന്നത് നല്ലതാണ്. പലതിലും കാലത്തിന്റെ അഴുക്കും ക്ലാവും കാണും.

സു | Su said...

ആത്മേച്ചീ :) ഇനിയുമെഴുതൂ. ആരാധന എന്നാൽ വെറും ഇഷ്ടം ആവാം. അനുകരിക്കത്തക്ക ഇഷ്ടമാവാം. സഹതാപത്തിൽനിന്ന് സ്നേഹം ഉണ്ടായാൽ സഹതാപം തീരുന്നതോടുകൂടി സ്നേഹവും തീരില്ലേന്ന് എനിക്കൊരു സംശയം.

ആത്മ said...

ചിത്രകാരന്‍,
കമന്റ് കണ്ട് അല്പം ഭയന്നുപോയി ഇരിക്കയായിരുന്നു..
ഇന്ന് നോക്കിയപ്പോള്‍ ആത്മയോട് ദേഷ്യമൊന്നും ഇല്ല എന്നു മനസ്സിലായി.
നന്ദി! :)
(എഴുതിയതില്‍ എന്തെങ്കിലും ദോഷമായോ തെറ്റായോ തോന്നുന്നെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ മാറ്റാം)

ആത്മ said...

സൂവിനെ കണ്ടപ്പോഴാണ് എന്റെ പോസ്റ്റില്‍ വലിയ അബദ്ധമൊന്നും എഴുതിപ്പോയില്ല എന്ന് സമാധാനം തോന്നിയത്! :)

അതെ, സഹതാപത്തില്‍ നിന്നു തോന്നിയാല്‍ പിന്നെ
സഹതാപം തീരുമ്പോള്‍ തീര്‍ന്നുപോകും..
എങ്കിലും അങ്ങിനെയും സ്നേഹങ്ങളൊക്കെ ഇല്ലേ?
കാലില്ലാത്തവരെ, അന്ധരെ ഒക്കെ വിവാഹം കഴിക്കുന്നവരെ കണ്ടിട്ടില്ലെ?
ഏതാണ്ട് അതുപോലെയൊക്കെ..

Raji said...

"പ്രേമത്തിനാണ് മുന്‍‌തൂക്കമെങ്കില്‍ പ്രേമിക്കുന്നവരെ വിവാഹം കഴിക്കാതിരിക്കുന്നതായിരിക്കും നന്ന്’. അപ്പോള്‍ എന്നും മനസ്സിലെ/ഹൃദയത്തിലെ ആ പ്രേമം അതേ ആയുസ്സോടെ നിലനില്‍ക്കും.."

ഇങ്ങനെ പറഞ്ഞിട്ട് താഴെ----
"ഇപ്പോഴത്തെ യുവജനങ്ങള്‍ക്കൊക്കെ, പ്രേമം എന്നൊക്കെ പറഞ്ഞാല്‍ ഒരുതരം ഇന്‍സ്റ്റന്റ് നൂഡില്‍‌സ്/ഫാസ്റ്റ് ഫുണ്ട് പോലെയാണ് തോന്നിയിട്ടുള്ളത്"..
----എന്ന് എഴുതിയിരിക്കുന്നത് വായിച്ചിട്ട് ഒരു വൈരുധ്യം തോന്നുന്നു..
ഇങ്ങനെ തോന്നാന്‍ കാരണം എന്താണെന്ന് കൂടി ഒന്ന് പറയാമോ?

ആത്മ said...

രാജി, :)
രാജി ഇടയ്ക്കിടെ എന്റെ പ്രഷര്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട് കേട്ടോ!
എനിക്കൊരു രാജിയുണ്ട്, ആ രാജിയാണോ ഈ രാജി,
ഏയ്! ആവാന്‍ വഴിയില്ല,
എന്നൊക്കെയുള്ള ചിന്ത ഒരു വശത്ത്..
ഏതിനും ചോദ്യം കൊള്ളാം..
താമസിയാതെ ഉത്തരവുമായി വരുന്നുണ്ട്.. :)

Raji said...

ആ രാജിയോടു ചോദിച്ചു നോക്കിയാല്‍ അറിയാല്ലോ സത്യാവസ്ഥ :-)

ആത്മ said...

ആ രാജിയെ കാണുമ്പോള്‍ രാജി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ.. എന്ന മട്ടില്‍ നില്‍ക്കുന്നു!
പിന്നെ പോരാത്തതിനു എപ്പോഴും ബിസിയോടു ബിസി!
:)

ആത്മ said...

രാജി,
ആദ്യം,
"പ്രേമത്തിനാണ് മുന്‍‌തൂക്കമെങ്കില്‍ പ്രേമിക്കുന്നവരെ വിവാഹം കഴിക്കാതിരിക്കുന്നതായിരിക്കും നന്ന്’. അപ്പോള്‍ എന്നും മനസ്സിലെ/ഹൃദയത്തിലെ ആ പ്രേമം അതേ ആയുസ്സോടെ നിലനില്‍ക്കും.."
എന്നെഴുതിയത് പണ്ട്ത്തെ(നമ്മള്‍ കഥകളിലും കവിതകളിലുമൊക്കെ അറിഞ്ഞിട്ടുള്ള അനശ്വര പ്രേമത്തിനെ കാര്യമാണ്).. അങ്ങിനെയുള്ള പ്രേമം പോലും കാലപ്പഴക്കത്തില്‍ അല്ലെങ്കില്‍ കൂടുതല്‍ അടുക്കുമ്പോള്‍ നിറം മങ്ങിത്തുടങ്ങും.
ജീവനുതുല്യം സ്നേഹിച്ചിരുന്നവര്‍, പല പ്രതിബന്ധങ്ങളും തരണം ചെയ്ത് അന്യോന്യം സ്വന്തമാക്കിയവര്‍, തമ്മില്‍ പടപൊരുതേണ്ടി വരുമ്പോള്‍ വല്ലാത്ത ഒരു നഷ്ടബോധം വരില്ലേ? അതല്ല,അവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ വല്ല തടസ്സവും പറ്റിയിരുന്നെങ്കില്‍ ഒരുപക്ഷെ ഒരു ജന്മം മുഴുവനും മാനസികമായി കിട്ടിയ ആ സ്നേഹത്തെപ്പറ്റി മാത്രം ഓര്‍മ്മിച്ച് ജീവിക്കുന്നതില്‍പ്പോലും ഒരു സംതൃപ്തി കിട്ടുമായിരുന്നേനെ എന്ന് പലരുടെയും ജീവിതം കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്.

രണ്ടാമത് എഴുതിയ
"ഇപ്പോഴത്തെ യുവജനങ്ങള്‍ക്കൊക്കെ, പ്രേമം എന്നൊക്കെ പറഞ്ഞാല്‍ ഒരുതരം ഇന്‍സ്റ്റന്റ് നൂഡില്‍‌സ്/ഫാസ്റ്റ് ഫുണ്ട് പോലെയാണ് തോന്നിയിട്ടുള്ളത്"..
ഈ പ്രേമം ഈസ് എന്റയര്‍ലി ഡിഫറന്റ് ഫ്രം ദി
ഫര്‍സ്റ്റ് പ്രേമം!
ഇപ്പൊഴത്തെ യുവജനങ്ങള്‍ പണ്ടത്തെപ്പോലെ മനസ്സില്‍ ഇഷ്ടം കൊണ്ടു നടക്കുകയോ ഒന്നും ചെയ്യില്ല.
അവര്‍ക്ക് കുറേക്കൂടി അടുക്കാന്‍ സൌകര്യം ഉള്ളതുകൊണ്ട്(ഇന്റര്‍നെറ്റ്, മൊബൈല്‍) അവര്‍ ഫ്രീ ആയി ഇടപെടുന്നു.വലിയ നിയന്ത്രണമൊന്നും ഇല്ലാത്ത ഫാമിലിയിലെ കുട്ടികള്‍ അധികവും വഴിതെറ്റിപ്പോകുന്നു.. (അധികവും കേട്ടുകേള്‍വികളാണ്).
പിന്നെ ഇന്നത്തെ തിരക്കുപിടിച്ച് ജീവിത ശൈലിയില്‍ പ്രേമത്തിനൊക്കെ മുന്‍‌തൂക്കം കൊടുത്താല്‍ ജീവിത വിജയം സാധ്യമല്ലെന്നും മിക്കവര്‍ക്കും അറിയാം..
അങ്ങിനെ പലതരത്തിലും പണ്ടത്തെ പാവന പരിശുദ്ധ പ്രേമങ്ങളൊക്കെ മറഞ്ഞു വരുന്നു എന്നാണ് അര്‍ത്ഥമാക്കിയത്.

രണ്ടായാലും പ്രേമങ്ങളുടെ ഒക്കെ അന്ത്യം മിക്കപ്പോഴും ശോചനീയമാണെന്നാണ് കണ്ടിട്ടുള്ളത്..

Raji said...

എനിക്ക് പ്രേമത്തോട്‌ അനൂകൂല അഭിപ്രായമാണ് ചേച്ചി. മനസ്സറിഞ്ഞു സ്നേഹിക്കുന്നവര്‍ തമ്മില്‍ ഉള്ള വിവാഹം നല്ലതാണെന്നും വിശ്വസിക്കുന്നു.
ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടുന്നുണ്ട്‌. അത് നല്ലത് തന്നെയാണെന്നാണ് തോന്നുന്നതും.
സഫലമാകാത്ത പ്രണയങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കാതെ സ്വന്തം ജീവിതത്തില്‍ ശ്രദ്ധിക്കുന്നതാണോ ഇന്നത്തെ യുവജനങ്ങളുടെ തെറ്റ്?
സത്യ സന്ധമായ ഏതൊരു ബന്ധവും കാലപ്പഴക്കത്തില്‍ വാടിപ്പോവില്ല എന്നാണു വിശ്വാസം. എനിക്ക് ചുറ്റും കണ്ടിട്ടുള്ളതും. പക്ഷെ, ഞാന്‍ കണ്ടിട്ടുള്ളത് മാത്രം അല്ല ലോകം എന്നത് കൊണ്ടു ചേച്ചിയുടെ ചിന്തകളെ മാനിക്കുന്നു.

ആത്മ said...

ഞാന്‍ പുറം ലോകം അധികം കണ്ടിട്ടില്ല രാജി!
ഒരു ഷെല്ലിനകത്തിരുന്ന് വീക്ഷിച്ച കാര്യങ്ങള്‍ എഴുതിയതാണ്. ഞാന്‍ കരുതുന്നതുപോലല്ല യധാര്‍ത്ഥജീവിതം എന്നും എനിക്കറിയാം..
അതുകൊണ്ടാണ് എല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കുതന്നെ ആത്മനിന്ദ തോന്നിയതും..

Raji said...

ആത്മ നിന്ദ തോന്നേണ്ട ഒരു കാര്യവും ഇല്ല ചേച്ചി.നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍, ആരെയും മനപൂര്‍വ്വം ഇടിച്ചു താഴ്ത്താതെ തുറന്നു പറയുന്നത് കൊണ്ടു എന്താണ് കുഴപ്പം?
ലോകം മുഴുവന്‍ പല പല അഭിപ്രായക്കാരല്ലേ. ഓരോരുത്തരുടെയും ശരിയും തെറ്റും ഒക്കെ കാലം തെളിയിക്കും. ഇനിയും ചേച്ചിയുടെ ചിന്തകള്‍ പോസ്റ്റുകളായി ഇടൂ.

ആത്മ said...

നന്ദി!
:)