Friday, August 14, 2009

പാറയും സൂര്യനും തൂണും പറഞ്ഞത്...

പാറ
എന്റെ കണ്ണീര്‍ ഉലയ്ക്കുന്നത്
നിന്റെ വീടിന്റെ അടിത്തറയായിരിക്കും.

ഞാനൊരു പാറയാണ്
ഇളകാതെ,ഉലയാതെ, നില്‍ക്കേണ്ട ഒരു പാറ.
എന്റെ ഉലച്ചില്‍ തകര്‍ക്കുക കെട്ടിടങ്ങളുടെ ഭദ്രതയായിരിക്കും,
അവിടെ വാഴുന്ന അനേകം പേരുടെ സ്വപ്നങ്ങളായിരിക്കും..

മഴയേ,
എന്നെ വെറുതെ തഴുകിയിറങ്ങൂ
വേനലില്‍ കരുവാളിച്ചു നില്‍ക്കുന്ന എന്റെ ചൂട് അല്പമൊന്ന്
ശമിച്ചോട്ടെ.

എന്നില്‍ ആര്‍ദ്രത തീരെയില്ല നിനക്ക് ആഴ്ന്നിറങ്ങാന്‍
എന്റെ ആര്‍ദ്രത ആപത്തു വരുത്തി വയ്ക്കും..
ഒരു പക്ഷെ,അത് തകര്‍ക്കുക മറ്റനേകം പേരുടെ ഭദ്രതയാകും..
എന്റെ അചഞ്ചലതയില്‍ മറ്റുള്ളവര്‍ സ്വപ്നങ്ങള്‍ പണിതോട്ടെ.

സൂര്യന്‍

ദാ നോക്കൂ ഞാന്‍ ഒന്നു മയങ്ങിയിട്ട് എത്ര നാളായെന്നോ!
ഒന്നു മയങ്ങിയാല്‍ എന്നെ പൊതിയുന്ന സ്വപ്നങ്ങളില്‍ പെട്ട്
എന്റെ കര്‍മ്മങ്ങള്‍ മറന്നുപോകുമോ എന്നു ഭയക്കുന്നു ഞാന്‍!

എന്റെ ഓരോ കണ്‍ ചിമ്മലില്‍ക്കൂടി ഞാന്‍ ജീവികള്‍ക്ക്
പകലും രാത്രിയും ഒരുക്കുന്നു..
കണ്ണടയ്ക്കുമ്പോള്‍ പകുതിപ്പേര്‍‍ ഉറങ്ങുന്നു..
അനേകം സ്വപ്നങ്ങള്‍ കണ്ട് കണ്ട്..
അപ്പോഴും ഞാന്‍ എരിയുന്നു
മറ്റു പകുതിപ്പേര്‍ക്ക് വെളിച്ചവുമായി..

എന്റെ ഉറക്കമില്ലായ്മയിലാണ് ജീവികളത്രയും ഉറങ്ങിയുണരുക
എന്റെ എരിഞ്ഞടങ്ങലില്‍ ആണ് അവരുടെ ജീവന്റെ നിലനില്പേ..

തൂണ്‍

ഒരു നിമിഷം.. ഒരു നിമിഷം, എന്റെ കയ്യൊന്ന് തളര്‍ന്നാല്‍,
ഞാന്‍ തളര്‍ന്നാല്‍,
നിന്നെ താങ്ങി നിര്‍ത്താനാവാതെ വന്നാല്‍,
നീയാകെ തകര്‍ന്ന് തരിപ്പിണമാകും.
എന്റെ മുകളില്‍ തകര്‍ന്നു തരിപ്പിണമായി
വീഴുന്ന നിന്റെ ആയിരം സ്വപ്നങ്ങളുടെ ചിതയാകും.
ആ ചിതയില്‍ കിടന്നുകൊണ്ട് ഞാനെങ്ങിനെ
എനിക്കായി മാത്രം ഒരു സ്വപ്നം നെയ്തെടുക്കാന്‍!
വേണ്ട! എനിക്കായി ഒരു സ്വപ്നം വേണ്ട
സ്വപ്നങ്ങള്‍ എന്നെ തളര്‍ത്തിയാലോ!
നിന്റെ സ്വപ്നങ്ങള്‍ എന്റെയും സ്വപ്നങ്ങളാകട്ടെ..


[ആക്ച്വലി, റിയലി, ഞാനിപ്പോള്‍ Khaled Hossein- ന്റെ A thousand splendid Suns വായിച്ചുകൊണ്ടിരിക്കയാണ്. അതില്‍ സ്വപ്നം കണ്ടുകൊണ്ടു നടന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ നിന്നും ദൂരെ,അപരിചിതമായ ഒരിടത്ത്,അപരിചിതനായ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. അവിടെ അവള്‍ ജീവിക്കാന്‍
ശ്രമിക്കുന്നു.. ഭയപ്പാടോടെയെങ്കിലും..ഇഴുകിച്ചേരാന്‍ ശ്രമിക്കുന്നു.. (കുറച്ചേ വായിച്ചുള്ളൂ)
ഇനി ഈ ബുക്ക് വായിക്കുന്നതുകൊണ്ടാകുമോ ഇത്തരം ചിന്തകള്‍ ഉരുത്തിരിയുന്നത് എന്നും അറിയില്ലാ..]

14 comments:

Raji said...

ഇത് വായിച്ചിട്ട് തോന്നിയ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ ...
അസുഖം ഒക്കെ മാറി ചേച്ചി ഫുള്‍ ഫോമില്‍ തിരിച്ചെത്തിയല്ലോ ....
എഴുതുന്നതൊക്കെയും മുന്‍പത്തേക്കാള്‍ നന്നാവുന്നു എന്നാ എനിക്ക് തോന്നുന്നത് ...
'വേഷങ്ങള്‍' എന്ന പോസ്റ്റില്‍ ചേച്ചി എഴുതിയ പോലെ നമുക്ക് വിധിച്ചിട്ടുള്ള വേഷം ഭംഗിയായി ആടിതീര്‍ക്കുക...'മറ്റുള്ളവരെ താങ്ങി നിര്‍ത്തുന്ന പാറയ്ക്ക്', ഒരു പാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും.
അതിലാണ് അതിന്റെ മഹത്വം. :-)
ഇനിയും ഇത്തരം ആശങ്ങള്‍ പങ്കു വയ്ക്കു, ഞങ്ങളുമായി.

ശ്രീ said...

അങ്ങനെ ഓരോ ചിന്തകള് തോന്നിപ്പിയ്ക്കാന് വായിയ്ക്കുന്ന പുസ്തകങ്ങള് സഹായിയ്ക്കുന്നുവെങ്കില് നല്ലതല്ലേ

ആത്മ said...

Raji,
രാജിക്ക് സന്തോഷമായതില്‍ ആത്മയും സന്തോഷിക്കുന്നു!
:)

ആത്മ said...

ശ്രീ,
വായിക്കുന്ന പുസ്തകങ്ങള്‍ ആണ് ജീവിപ്പിക്കുന്നത്..
ജീവിതം എന്തെന്ന് മനസ്സിലാക്കിത്തരുന്നതും ഒക്കെ
:)

സു | Su said...

അങ്ങനെ പുസ്തകങ്ങൾ വായിച്ചിട്ട് വരുന്ന നല്ല ചിന്തകളൊക്കെ ഇവിടെ പറയുന്നത് വായിക്കുന്നവർക്കും ഗുണപ്രദം. എന്നാലും, പാറയ്ക്ക് ഒന്നലിഞ്ഞാലെന്താന്നൊക്കെ തോന്നും. :)

ആത്മ said...

പാറ ആരും കാണാതെ(ആര്‍ക്കും ദോഷമില്ലാതെ) അലിയുന്നുണ്ട് സൂ..
പിന്നെ എല്ലാരും കാണുമ്പോള്‍ ഉറച്ച് കട്ടിയായി നില്‍ക്കും!
ഈ പാറേടെ ഒരു കാര്യം!!!

ആത്മ said...

അല്ല സൂ..
വീണ്ടും സംശയം!
ഈ പാറ അലിഞ്ഞാലെങ്ങിനെ?
എല്ലാം താറുമാറാകില്ലേ???!!! :)

ആത്മ said...

ഇനിയും സംശയം!
പാറ അലിഞ്ഞു എന്നുതന്നെ ഇരിക്കട്ടെ,
ആദ്യം എല്ലാരും പറയും,‘ഹൊ! എന്തു നല്ല പാറ!
എന്നാലും അലിഞ്ഞല്ലൊ?!
പിന്നെ കുറേ കഴിയമ്പം അഭിനന്ദിച്ചവര്‍ തന്നെ പറയും
‘കെട്ട പാറ. ഈ പാറയെ കാണുന്നതുതന്നെ ദോഷമാണ്, വീടുകെട്ടാന്‍ കൊള്ളില്ല, ഒന്നിനും കൊള്ളില്ല..’ എന്നൊക്കെ ..
അങ്ങിനെയല്ലേ?

സു | Su said...

ആത്മേച്ചീ :) പാറ അലിഞ്ഞാലും കുഴപ്പം അല്ലേ? പാറ അലിയാതെ ഇരുന്നോട്ടെ എന്നാൽ. പാറ അലിയാതെയല്ലേ ഇരിക്കേണ്ടത്.

ആത്മ said...

അതെ,
പാറകള്‍ അലിയണ്ട.
പാറകള്‍ ഉറച്ചുനില്‍ക്കണം..
പുഴകള്‍ ഒഴുകണം..
കാറ്റു വീശണം..
പൂവുകള്‍ വിരിയണം..
കുയിലുകള്‍ കൂവണം..
മയിലുകള്‍ ആടണം..
എഴുത്തുകാര്‍ എഴുതണം..
ഗായകര്‍ പാടണം..
പാറകള്‍ മാത്രം ഉറച്ചുനില്‍ക്കട്ടെ

ഇനീം ഉണ്ട്..ബാക്കി പിന്നെ ...:)

വരവൂരാൻ said...

എല്ലാ വസ്തുക്കൾക്കും പറയാനും അറിയിക്കാനും ഒത്തിരിയുണ്ടെന്ന്..അറിഞ്ഞു ഒത്തിരി നന്ദി

ആത്മ said...

നന്ദി! :)

വല്യമ്മായി said...

ഒന്ന് നാട്ടില്‍ പോയി വന്നപ്പോഴേക്കും ആത്മേച്ചി വല്യ വല്യ കാര്യങ്ങളൊക്കെയാണല്ലോ എഴുതുന്നത് :)

ആത്മ said...

എന്നാലും വലിയമ്മായി ഒരു വാക്കുപോലും മിണ്ടാതെ ഇട്ടേച്ചു പൊയ്ക്കളഞ്ഞില്ലേ?!
നാട്ടിലൊക്കെ പോയി ഗ്രൂപ്പ് ഫോട്ടോയിലൊക്കെ അങ്ങിനെ വിലസി ഇരിക്കുന്ന കണ്ടു! :)

കണ്ടപ്പോള്‍ സന്തോഷമായോ ആശ്വാസമായോ എന്നൊക്കെ പോയി ആലോചിക്കട്ടെ,
പിന്നെ കാണാം ട്ടൊ :)