Sunday, July 12, 2009

കാര്‍ക്കൂന്തല്‍ കെട്ടെന്തിനു...

ഒടുവില്‍ മാലതിയും താന്‍ ഇത്രയും നാള്‍ വളരെ പ്രയാസപ്പെട്ടു വളര്‍ത്തിയെടുത്ത, നീണ്ട തലമുടി വെട്ടി നീളം വളരെ കുറച്ചു! നാടോടുമ്പോള്‍ നടുവേ..’ എന്നോ മറ്റോ ഉള്ള ചൊല്ലുമാതിരി, ഒടുവില്‍ മാലതിയും നാലുക്കൊപ്പം ജീവിക്കാമെന്നുറച്ചു.

മാലതിയുടെ മുടിയുടെ കഥ പറയാനാണെങ്കില്‍ വളരെയുണ്ട്...

ആദ്യം മാലതിയ്ക്ക് മുടി വളര്‍ത്താനേ അനുവാദമില്ലായിരുന്നു. മാലതി തന്റെ അനിയനെപ്പോലെ ബോയ്കട്ടും ചെയ്ത് 10,11 വയസ്സുവരെ നടന്നു..പിന്നെ വളര്‍ത്തി നോക്കിയപ്പോഴല്ലെ പൂരം! അത് ഒരുവിധത്തില്‍ വളരില്ല!

സ്വതവേ ഇന്‍ ഫീരിയോരിറ്റിക്കാരിയായ മാലതി ഈ മുടിയില്ലായ്മയാണ് തന്റെ ഇന്‍ഫീരിയോരിറ്റിയ്ക്കൊക്കെ കാരണം എന്നങ്ങ് തീരുമാനിച്ചു. മുടി വളരുമോ?! അല്പമാത്രമായ് കുറ്റിത്തലമുടിയുമായി മാലതി ചില്ലറയൊന്നുമല്ല അപമാനിതയായിട്ടുള്ളത്. ബസ്സില്‍ കയറിയാല്‍ താഴെ നോക്കാന്‍ പറ്റൂല. മറ്റു ലജ്ജാവതികളെപ്പോയെയൊക്കെ, നമ്രമുഖിയായി തല കുനിക്കാമെന്നു വച്ചാല്‍, മുടി നേരെ മേപ്പോട്ട് പോവും.. ഒരു വിധത്തില്‍ വഴങ്ങില്ല എന്ന മട്ടില്‍.

പിന്നെ മാലതി അങ്ങിനെ മുഖത്ത് ഭാവഭേദമൊന്നും വരുത്താതെ നിര്‍വ്വികാരയെപ്പോലെ നില്‍ക്കാന്‍ പഠിച്ചു.

മറ്റു പെണ്‍കുട്ടികള്‍ കുളിച്ച് കാര്‍കൂന്തലൊക്കെ വിരുത്തിട്ട്, മുല്ലപ്പൂമാലയോ,

റോസാപ്പൂക്കളോ ഒക്കെ ചൂടിവരുമ്പോള്‍ മാലതി വെറുതെ നോക്കി നിന്നു.

മാലതിയുടെ തോട്ടത്തിലെ മുല്ലയില്‍ ധാരാളമായി വിടരുന്ന കുടമുല്ലപ്പൂക്കള്‍ മാലതി വലിയ ഹാരമായി കെട്ടി എന്തുചെയ്യണമെന്നറിയാതെ സ്വയം കഴുത്തിലണിഞ്ഞോണ്ട് നടന്നു (അന്ന് മാലതിയ്ക്ക് കണ്ണനെപ്പറ്റിയും വലിയ വിവരമൊന്നുമില്ലതിരുന്ന പ്രായം). റോസാപ്പൂ വെറുതെ കയ്യില്‍ വച്ചുകൊണ്ട് നടന്നു. പിന്നെ കാര്‍കൂന്തല്‍ നീണ്ട കൂട്ടുകാരികള്‍ക്ക് തലയില്‍ ചൂടിച്ചുകൊടുത്തു.. പിന്നീട് പൂ നുള്ളാതെയായി. ഒടുവില്‍, പൂവ് ചെടിയില്‍ തന്നെ നില്‍ക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് തോന്നി..

പിന്നീട്, ഹോസ്റ്റലില്‍ താമസമാക്കിയപ്പോള്‍, അവിടത്തെ ക്ലോറിന്‍ കലര്‍ന്ന വെള്ളമൊക്കെ മാറിക്കുളിച്ചപ്പോള്‍ മാലതിയുടെ കാര്‍ക്കൂന്തലും അല്പാല്പം നീണ്ടു തുടങ്ങി. മാലതി പിന്നെ എങ്ങിനെയും അതിനെ ഒന്നു നീട്ടിയെടുക്കാനായി ശ്രമം. കല്ലു കെട്ടിത്തൂക്കി നോക്കി, ഭിത്തിയോട് ചേര്‍ന്ന് ഉള്ള മുടിയില്‍ ബലം കൊടുത്ത് ഇരുന്ന് പഠിച്ചു നോക്കി.. ഊഹും! ഒരു രക്ഷയുമില്ലാ..

പിന്നെ പഠിത്തമൊക്കെ ഒരുവിധം കഴിഞ്ഞ് വീട്ടില്‍ വീണ്ടും വന്നപ്പോള്‍ നീലിഭൃംഗാദി എന്നൊരു എണ്ണയുണ്ട് അത് വാങ്ങി തലയോട്ടിയില്‍ തേയ്ച്ച് പിടിപ്പിച്ച് കുളിച്ചപ്പോള്‍..അതാ ഒരു മാറ്റം കണ്ടുതുടങ്ങി!.
ചിലപ്പോള്‍ ഹോസ്റ്റലിലെ റേഷന്‍ ഫുണ്ട് മാറ്റി നാടന്‍ ഫുണ്ട് കഴിച്ചതുകൊണ്ടോ! (മുടി വളരാന്‍ ഇടയ്ക്കിടെയുള്ള മാറ്റങ്ങള്‍ സഹായകമാകും എന്ന് മാലതി മനസ്സിലാക്കി) ഏതിനും അത് പതിയെ പതിയെ പതിയെ നീണ്ടു തുടങ്ങി. മാലതിക്ക് മുടിയുടെ അറ്റമൊക്കെ മുന്‍പോട്ട് വലിച്ച് കാണാമെന്ന പരുവമായി. മാലതി സ്വന്തം മുടി ആദ്യമായി കണ്ട് നിര്‍വൃതിപൂണ്ടു. എന്നിട്ടും വിചാരിച്ചത്ര നീളം വരുന്നില്ല. (എന്നിട്ടുവേണം ഷീലയെയും ജയഭാരതിയേയുമൊക്കെപ്പോലെ നടക്കാന്‍..)
ഒരു പെണ്‍ലക്ഷണം വരണമെങ്കില്‍ ഇനിയും നീളണം. മുടിയ്ക്ക് പക്ഷെ ധാരാളം ഉള്ള് ഉണ്ടുതാനും. നീളാനാണ് മടി. പുഷ്ടിക്ക് യാതൊരു കുറവുമില്ല!

വിവാഹം കഴിഞ്ഞ് അന്യനാട്ടിലെത്തിയപ്പോള്‍ അമ്മായിയമ്മയുടെ കമന്റ്
‘എന്തൊരു ഉള്ള്! കുറെ അങ്ങ് വെട്ടിക്കളഞ്ഞൂടെ?’
അമ്മായിയമ്മയുടെ നല്ല മരുമോളാകുന്നത് എന്തു വിദ്യചെയ്താലാണെന്നറിയാതെ പരിഭ്രമിച്ചു നടന്നിരുന്ന മാലതി ഇതു കേള്‍ക്കാത്ത താമസം.. ‘ഓഹോ വെട്ടാം.. അമ്മായിയമ്മ അങ്ങിനെയെങ്കിലും സന്തോഷിപ്പികാനായെങ്കില്‍..’ എന്ന പ്രത്യാശയോടെ, കത്രികയെടുത്ത് പകുതിയിലേറേ മുടി ഇടയ്ക്കുന്നൊക്കെ വെട്ടിക്കാണിച്ചു. അമ്മായിയമ്മയില്‍ വലിയ ഭാവമാറ്റമൊന്നും അത് ഉണ്ടായില്ല. പിന്നീട് മാലതിയ്ക്ക് പതിയെ തോന്നിത്തുടങ്ങി, അതൊരു ചതിയായിരുന്നില്ലേ എന്ന്.

ഏതിനും ഉള്ളു കുറഞ്ഞതുകൊണ്ടോ, മാലതിയുടെ മുടിയ്ക്ക് പിന്നെ വച്ചടിവച്ച് നീളമായിരുന്നു. ഒടുവില്‍ ഒരു 30, 35 ഒക്കെയായപ്പോള്‍(അത്രയും കാലമെടുത്തു) നല്ല ഒത്ത നീളം, വണ്ണം, ആകെ ഒരു ശേല്!
ഇതൊരു മധുരപ്പതിനേഴിലായിരുന്നെങ്കില്‍ എന്നോര്‍ത്ത് മാലതി വരുത്തപ്പെട്ടു. എങ്കിലും മാലതിയുടെ മുടി എല്ലാര്‍ക്കും ഇഷ്ടമായിരുന്നു.

പക്ഷെ, അതിനെ മെയിന്റയിന്‍ ചെയ്യുനതിന്റെ അസൌകര്യം മാലതിക്കേ അറിയൂ.. കേരളത്തില്‍ കേരളീയവനിതകളെപ്പോലെ മുടിയൊക്കെ നീട്ടി നടക്കാമെന്നാശിച്ചപ്പോള്‍ മുടി ഒട്ടും വളരില്ല.
അന്യനാട്ടില്‍, അതും കണ്ട അണ്ടനും അടകോടനും(അടകോടിയും) ഒക്കെ മുടി മുറിച്ചുകളഞ്ഞ്, കളറും പൂശി, നീട്ടി നടക്കുന്ന കാലത്താണ് നല്ല പനങ്കുലപോലെ പടര്‍ന്നുപന്തലിച്ച ചുരുളന്‍ മുടിയുമായി (അല്പം പരുക്കനാണെങ്കിലും) മാലതി നഗരത്തിലൂടെ ഗത്യന്തരമില്ലാതെ നടന്നു.

സ്വതവേ ഒരുങ്ങാന്‍ മടിച്ചിയായ മാലതിയുടെ നീണ്ട മുടികൂടി കാണുമ്പോള്‍ മോഡേണ്‍ വാദികള്‍ കണ്ണ് ചുരുക്കും പുച്ഛമായി ‘ഓ, കണ്ട്രി വനിത’ എന്നും; നാടന്‍ ആന്റിമാര്‍ ‘അയ്യോ, എന്തു നല്ല മുടി! കീപ്പ് ഇറ്റ് അപ്പ്’ എന്നും പറഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ട്, അവരൊക്കെ പോയി മുടി നീളം കുറയ്ക്കുക, ഡൈ ചെയ്യുക തുടങ്ങി ഇല്ലാത്ത കൃത്രിമത്തങ്ങളൊക്കെ ഒപ്പിക്കയും ചെയ്യും.
ഇതെല്ലാം കണ്ട് കണ്ട് ആകെ കണ്‍ഫ്യൂഷനടിച്ച് മാലതി 10. 12 വര്‍ഷം നടന്നു..
വെട്ടി നീളം കുറയ്ക്കണോ എന്നാലോചിക്കുമ്പോള്‍ ഉടന്‍ മേല്‍പ്പറഞ്ഞ് മുടിക്കഥ മുഴുവനും മാലതിയ്ക്കോര്‍മ്മ വരും..
മാലതി മക്കളെ ആശ്രയിക്കും
“മക്കളേ, അമ്മ മുടി മുറിച്ചുകളയട്ടെ?”
“വേണ്ട അമ്മയ്ക്ക് മുടിയുള്ളതാണ് ചേര്‍ച്ച!”
മാലതി ഭര്‍ത്താവിനോട് ചോദിക്കും..
“ഓഹോ, അങ്ങ് മുറിച്ചുകള.” അതില്‍ക്കുറച്ച്, വൈരൂപ്യം സഹിച്ചാല്‍ മതിയല്ലോ എന്നാകും.

അങ്ങിനെ ഇരിക്കെ, പെട്ടെന്നൊരു ദിവസം മാലതിയുടെ മകന്‍ പറഞ്ഞു,
“അമ്മേ അമ്മയ്ക്ക് മുടി നീളം കുറയ്ക്കുന്നതാണ് നന്നെന്നു തോന്നുന്നു”
മാലതി കേട്ടത് വിശ്വസിക്കാനാകാതെ തരിച്ച് നിന്നു !
(അന്നുച്ചയ്ക്കും മകളോടൊപ്പം ഷോപ്പിംങ്ങിനു പോയപ്പോള്‍ ഒരു സായിപ്പ് വന്ന് ഓരം ചേര്‍ന്ന് പതുങ്ങി പതുങ്ങി തന്നോടൊപ്പം അല്പദൂരം നടന്ന്, -പാവം കണ്ട്രി ഇന്ത്യാക്കാരിക്ക് കൂട്ട് എന്നമട്ടില്‍- കൂടെയുണ്ടായിരുന്ന കൂട്ടുകാരെ ഒരിച്ചിരി രസിപ്പിച്ച സംഭവം കൂടി മാലതിക്കോര്‍മ്മ വന്നു.
മാലതി ഉള്ളില്‍ അപ്പോഴേ തിരിച്ച് നല്ലതു കൊടുക്കുകയും ചെയ്തായിരുന്നു. ‘ഹെ മി. സായിപ്പെ, എന്റെ മുടിയേ ഇങ്ങിനെ ഉള്ളൂ, എന്റെ ചിന്തകളൊക്കെ നിങ്ങളെക്കാളും ഭയങ്കര മോഡേണാ.. ഹും’ )

കഥ.. കഥ..

ആ, അങ്ങിനെ മാലതി മകന്‍ പറഞ്ഞത് വിശ്വസിക്കാനാകാതെ ഒരു നിമിഷം തരിച്ചു നിന്നു!
“നീ പറയുന്നത് ഉള്ളതാണോടാ?”
“അതെ അമ്മെ.”
അവന്‍ വന്ന് മുടിയുടെ ഒരറ്റം പിടിച്ച് സ്റ്റൈലൊക്കെ നോക്കുന്നു!
മാലതി: എങ്കിപ്പിന്നെ കത്രിക എടുത്തോണ്ടു വാ..
മകന്‍: ഞാനോ അയ്യോ വേണ്ട അമ്മ നാളെ ഹെയര്‍ ഡ്രസ്സിംഗ് സലൂണില്‍ പോയി വെട്ടാം
മാലതി: “വേണ്ട വേണ്ട, നിന്റേം എന്റേം മനസ്സു മാറും മുമ്പ് വെട്ടടാ..”
അവന്‍ പോയി കത്രികയെടുത്ത് ഒറ്റവെട്ട്.
ഇത്രനാളും മേല്‍പ്പറഞ്ഞ് കഥയുടെയൊക്കെ നായിക ഇതാ കൈകളില്‍
എന്തുചെയ്യണമെന്നറിയാതെ..
അമ്മയും മകനും ഒരുനിമിഷം ഇതികര്‍ത്തവ്യാമൂഢരായി പരസ്പരം നോക്കി നിന്നു!
“മോനേ അമ്മ ഇത് ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കട്ടെ?”(സെന്റിമെന്റലൊന്നും തോന്നിയില്ലെങ്കിലും)
“ഓ, എന്തിനാ ഇപ്പം സൂക്ഷിക്കുന്നത്? അങ്ങ് കളയമ്മെ.”
ഓ.കെ. എങ്കിപ്പിന്നെ കളയാം
അങ്ങിനെ മുടിയുടെ കഥ കഴിഞ്ഞു.
ശരിക്കും കഴിഞ്ഞോ?
ഇനിയല്ലേ തുടരുന്നത്?
മാലതിയുടെ ഭര്‍ത്താവ് വന്നു
‘എടീ നീ മുടി മുറിച്ചോ, എന്തിനു മുറിച്ചു?’ ങ് ഹേ ! ഒരു ചോദ്യവും ഉണ്ടായില്ല!
ഇളയ മകള്‍ വന്നു, കണ്ണും തുറിച്ച് വിശ്വസിക്കാനാകാതെ നിന്നു!
“അമ്മെ! അമ്മയുടെ മുടി പോയി!”
മാലതിയ്ക്കൊരു കുലുക്കവുമില്ല.
കൂളായി പറഞ്ഞു, “അതെ പോയി. ഇപ്പോഴോ മുന്‍പോ ഞാന്‍ നല്ലത്?”

മകള്‍ വീണ്ടും “അമ്മേ, അമ്മയുടെ മുടി ശരിക്കും പോയീ! അമ്മ ശരിക്കും ഷോര്‍ട്ട് ഹെയര്‍ ആയി!”

മാലതി: “ഓ കേ.., മോന്‍ പറഞ്ഞു, വെട്ടാന്‍, ഞാന്‍ പറഞ്ഞു എന്നാല്‍ പിന്നെ നിന്റെ മനസ്സു മാറും മുന്‍പ് അങ്ങ് വെട്ടിക്കളയാന്‍.”

“ ഇപ്പോള്‍ കൊള്ളാമോ അതോ നേരത്തേയാണോ നല്ലത് അതു പറ?” മാലതി ചോദ്യം ആവര്‍ത്തിച്ചു.

മോള്‍: “ഓ, അത് രണ്ടും ഒരു കണക്കാ”

മാലതി. “ ഓ, അപ്പോള്‍ രണ്ടും ഒരു കണക്കാണല്ലൊ അല്ലെ, സമാധാനമായി.”
മാലതി പിറ്റേന്ന് ഹെയര്‍ ഡ്രസ്സിംഗ് സാലൂണില്‍ ആദ്യമായി പോയി മുടി ലയറിംഗ് ചെയ്തു, തിന്‍ ചെയ്തു..അതുവരെ ചെയ്യാന്‍ പറ്റാതിരുന്ന കൊച്ച് കൊച്ച് കാര്യങ്ങള്‍ ചെയ്തു..

ഇപ്പോഴോ?
മാലതി പണ്ടു പണ്ട് കുനിഞ്ഞു നോക്കിയാല്‍ നേരേ മേപ്പോട്ടു പോകുമായിരുന്ന മുടി അതുപോലെ വീണ്ടും! മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ എന്നമാതിരി.
പക്ഷെ, ഇപ്പോള്‍ മാലതിയ്ക്ക് ഇന്‍ഫീരിയോരിറ്റിയേ തോന്നിയില്ല
മറിച്ച് അല്പം സുപ്പീരിയോരിറ്റിയാണ് തോന്നിയത്.
ഇപ്പോള്‍ നമൃമുഖരെ ആര്‍ക്കു വേണം?! പങ്കുലപോലെയുള്ള മുടി ആര്‍ക്കുവേണം! പണ്ട് സ്ത്രീകള്‍ക്ക് ഭൂഷണമെന്നു കരുതിയ എല്ലാം ഭൂമിയില്‍ നിന്നു മറഞ്ഞു മാലതീ...

പക്ഷെമാലതി ഇനി നാട്ടിന്‍ പുറങ്ങളിലെ ആന്റിമാരെ എങ്ങിനെ സന്തോഷിപ്പിക്കാന്‍?!
വഴിയെ നടക്കുന്ന സായിപ്പിനെ എങ്ങിനെ സന്തോഷിപ്പിക്കാന്‍?!
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു ചീത്ത വശവും കാണുമല്ലൊ അല്ലെ,
ഒരു ലാഭം മറ്റൊരു നഷ്ടം..ഒരു നഷ്ടം മറ്റൊരു ലാഭം..

പക്ഷെ, മാലതിയ്ക്ക് വലിയ വിഷമം ഒന്നും തോന്നിയില്ല.

ഇനി വല്ലപ്പോഴും കാണുന്ന മലയാളി കൂട്ടത്തിനു വേണ്ടി വെറുതേ എന്തിനു താന്‍ അഹോരാത്രം കഷ്ടപ്പെട്ട് കുറെ കാര്‍ക്കൂന്തളം വളര്‍ത്തുന്നു..
കാര്‍ക്കൂന്തല്‍ കെട്ടെന്തിനു കലികാലത്തില്‍..!

[രണ്ടാഴ്ച്ച മുന്‍പെഴുതിയ ഒരു ചെറു കഥ. സമയമുള്ളവര്‍ക്ക് വായിക്കാം...]

9 comments:

സു | Su said...

ഇനിയിപ്പോ കളറടിച്ചും, പല സ്റ്റൈലുകൾ കാണിച്ചും ഇരിക്കുക തന്നെ രക്ഷ. മാലതിച്ചേച്ചി മുടി വെട്ടി സ്റ്റൈലാക്കിയെന്നു കേട്ടപ്പോൾ എനിക്കും ഒരു വീണ്ടുവിചാരം. ഒന്നു വെട്ടിനോക്കിയാലോ? തലയൊന്നുമല്ലല്ലോ പോകുന്നത്! കാർക്കൂന്തൽ എന്നു പറയാൻ മാത്രം ഒന്നുമില്ല താനും. വല്ല എലിക്കൂന്തൽ എന്നോ മറ്റോ പറയേണ്ടിവരും.

:)

Raji said...

കഥയുടെ തുടക്കം ഇങ്ങനെ ആണല്ലോ.

"ഒടുവില്‍ മാലതിയും മുടിയുടെ നീളം കുറച്ചു! ‘നാടോടുമ്പോള്‍ നടുവേ..’ എന്നോമറ്റോ ഉള്ള ചൊല്ലുമാതിരി, ഒടുവില്‍ മാലതിയും നാലുക്കൊപ്പം ജീവിക്കാമെന്നുറച്ചു.
മാലതി ഒടുവില്‍ താന്‍ ഇത്രയും നാള്‍ വളരെ പ്രയാസപ്പെട്ടു വളര്‍ത്തിയെടുത്ത നീണ്ട തലമുടി വെട്ടി നീളം വളരെ കുറച്ചു,"

ഈ ആവര്‍ത്തനം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. പിന്നെ ഒരു തമാശ കഥ ആണെങ്കിലും , മുടി മുറിച്ചു എന്ന് കേട്ടപ്പോ ഒരു വിഷമം. :-)....കാലത്തിനൊപ്പിച്ച് കോലം കെട്ടാനാണ് മുടിയുടെ നീളം കുറയ്ക്കുന്നതെന്നാനല്ലോ മാലതി പറയുന്നത്..അതും ആഗ്രഹിച്ചു വളര്‍ത്തിയെടുത്ത മുടി.
എന്തോ എനിക്കൊരു വല്ലായ്മ. മറ്റുള്ളവരുടെ സൌന്ദര്യ സങ്കല്‍പം അനുസരിച്ച് , ചേച്ചി പാവം മാലതീടെ മുടി മുറിയ്ക്കണ്ടായിരുന്നു :-)...
otherwise, I enjoyed reading this story.

ആത്മ said...

സൂജീ,:)
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഞാന്‍ സൂജിയുടേതെന്ന് പറഞ്ഞ് ഒരു ഫോട്ടോ എന്നോ എവിടെയോ കണ്ടമാതിരി ഒരു ഓര്‍മ്മ. അതില്‍ ഒരു ശാലീന സുന്ദരിയായ യുവതിയെയായിരുന്നു കണ്ടത്. സൂജി നാട്ടിലാണെങ്കിലും സൂജി സൂജിയാണെങ്കിലും
മുടി വെട്ടണ്ട കേട്ടോ, അന്യനാട്ടിലാണെങ്കില്‍ പിന്നെ വെട്ടിക്കളയുന്നതാണ് നല്ലത്. ഇവിടെയൊക്കെ, അത് ഒരു അനാവശ്യവസ്തുവായി മാറിയിട്ട് വളരെ വര്‍ഷങ്ങളായി.

എന്റെ കഥാപാത്രം മുടി വെട്ടിയെന്നു കരുതി കളറടിക്കുകയും സ്റ്റൈലു കാണിക്കയും ഒന്നുമില്ല ട്ടൊ,
(‘ആന മെലിഞ്ഞാലും..’ എന്ന ചൊല്ലുമാതിരി :))

ആത്മ said...

രാജി,
രാജി പറഞ്ഞ ഭാഗം ഭേദഗതി വരുത്തി. ഇപ്പോള്‍ എങ്ങിനെ?

പിന്നെ, മലതി മുടി മുറിച്ചതില്‍ വിഷമിക്കാമെന്നു വച്ചാലേ‍ രാജീ,
‘ഇറ്റ് ഈസ് ടൂ ലേറ്റ്’ എന്നേ ആത്മയ്ക്ക് പറയാനുള്ളൂ. എന്റെ പാവം മാലതി ഇത്രേം വര്‍ഷം കാത്തിരുന്നു ഒറ്റക്കുഞ്ഞുപോലും ആത്മാര്‍ത്ഥമായി പറഞ്ഞിട്ടില്ല രാജീ...അതുകൊണ്ട്, മാലതി വളരെ ചിന്തിച്ച് ഉറച്ച്, അത് ഒരു തീരെ യൂസ്‌ലസ്സ് ആയ വസ്തുവാണെന്നു കണ്ട് തന്നെയാണ് വേണ്ടെന്നു വച്ചത്. വിഷമിക്കണ്ട ട്ടൊ,
ഇനി അടുത്ത കഥയില്‍ മുടി വളരെ നീണ്ട ഒരു കഥാപാത്രത്തിനെ കൊണ്ടുവരാം..:)

കഥ വായിച്ചതിനു അഭിപ്രായം എഴുതിയതിനും ഒക്കെ വളരെ വളരെ നന്ദി!

Raji said...

:-)

തറവാടി said...

“വേണ്ട വേണ്ട, നിന്റേം എന്റേം മനസ്സു മാറും മുമ്പ് വെട്ടടാ..”
“ഓ, അത് രണ്ടും ഒരു കണക്കാ”

ഹഹ് ഈ ഡയലോഗ്സ് രസിച്ചു :)

ഓടോ: കഥ ഒരനുഭവം ഓര്‍മ്മിപ്പിച്ചു, ഒരാളുടെ മുടി ലെവെലാക്കി ലെവെലാക്കി അവസാനം ' അയ്യോ ഒക്കെ പോയേ' എന്ന് നിലവിളിച്ചപ്പോള്‍ നിര്‍ത്തി ;)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നന്നായി എഴുതിയിരിക്കുന്നു.
പക്ഷേ എഴുതിയത്‌ രണ്ടാമതൊന്നു വായിച്ചില്ലെന്നു തോന്നുന്നു, ഒരുപാട്‌അക്ഷര തെറ്റുകള്‍ കയറിക്കൂടിയിട്ടുണ്ട്‌. ഉദാ:
"നമൃമുഖി" - നമ്രമുഖി
"പുശ്ചമായി" - പുച്ഛമായി
"ക്രിത്രിമത്തങ്ങളൊക്കെ" -കൃത്രിമങ്ങളൊക്കെ
"ബോയ്കട്ടും കട്ടു ചെയ്ത്‌"- ബോയ്കട്ടും ചെയ്ത്‌ എന്നു പോരെ.

ആത്മ said...

തറവാടിജി,
:)
പാവം വലിയമ്മായിയുടെ മുടിയായിരിക്കും മുറിച്ച് മുറിച്ച് ഒരു പരുവമാക്കിയത്!
എന്നിട്ട് വലിയമ്മായിയെ എവിടെകൊണ്ട് ഒളിച്ചുവച്ചു?!
കുറേ ദിവസമായി കണ്ടിട്ട്!

ആത്മ said...

ജിതേന്ദ്രകുമാര്‍,
ചൂണ്ടിക്കാട്ടിയ തെറ്റുകളൊക്കെ തിരുത്തി.
ഉപകാരത്തിനു വളരെ വളരെ നന്ദി! :)