Monday, May 25, 2009

ലോങ്ങ് ബീന്‍സും കാരറ്റും പിന്നെ ഞാനും

എഴുതണ്ട എന്നു കരുതി ബലം പിടിച്ചിരിക്കയായിരുന്നു. പക്ഷെ എന്തുചെയ്യാം എഴുതിപ്പോകുന്നു.
ഇത് വല്ല കഥയോ അനുഭവമോ ഒന്നുമല്ല കുറെ വെജിറ്റബിള്‍സിന്റെ കാര്യം ആണ് എന്ന അദ്യമേ
പറഞ്ഞുകൊള്ളട്ടെ,

ഇന്ന് രണ്ട് കറികള്‍ വച്ചു

ആദ്യം വച്ചത് ലോങ്ങ് ബീന്‍സും കാ‍രറ്റും ചെറുതായി അരിഞ്ഞ് ഒരു മെഴുക്കുപിരട്ടി.
അത് എങ്ങിനെയെന്നു വച്ചാ‍ല്‍, ആദ്യം ലോങ്ങ് ബീന്‍സ് നന്നായി കഴുകി മാറ്റി വയ്ക്കുക
പിന്നെ, കാരറ്റ് നന്നായി കഴുകി, പുറം തൊലി ചീകി വയ്ക്കുക
പിന്നെ, ഒരു വലിയ സവാള തൊലി കളഞ്ഞ്, കഴുകി, വയ്ക്കുക

പിന്നെ ലോങ്ങ് ബീന്‍സിന്റെ രണ്ടറ്റവും മുറിച്ചു കളഞ്ഞ് കട്ടിംഗ് ബോഡില്‍ നാലഞ്ചെണ്ണം ഒരുമിച്ച്
തുരു തുരെ അരിയുക ( ഒരേ വലിപ്പത്തില്‍ ആകാന്‍ ശ്രദ്ധിക്കുക- തീരെ ചെറുതാകണ്ട ഒരു ---- നീളം മതി)
പിന്നെ കാരറ്റും അതേ വലുപ്പത്തില്‍ അരിഞ്ഞു വയ്ക്കുക.
സവാളയും അരിഞ്ഞ് മാറ്റി വയ്ക്കുക.
പിന്നെ, അല്പം മഞ്ഞള്‍പ്പൊടി, അല്‍പ്പം ജീരകപ്പൊടി, അല്പം മുളകുപൊടി.
എണ്ണ, കടുക്, ഉപ്പ് എന്നിവയും വേണം.

ഇനി പാചകം തുടങ്ങാം..

1. ആദ്യം ചീനച്ചട്ടിയില്‍ എണ്ണ ഒഴിക്കുക (ഞാന്‍ ഒലിവ് ഓയിലും കനോള ഓയിലും ചേര്‍ത്ത ഒരു മിശ്രിതമാണ് ഒഴിക്കാറ്.- കഴിവതും അളവ് കുറച്ച് ഒഴിക്കുക. കടുക് പൊട്ടാനും പിന്നീട് സവാള വഴറ്റാനും ആവശ്യം ഉള്ള അത്രയും മതി).

2. കടുക് നന്നായി പൊട്ടുമ്പോള്‍, അരിഞ്ഞു വച്ചിരിക്കുന്ന സവാള‍ ഇട്ട് പൊന്‍‍ നിറമാകും വരെ വഴറ്റിക്കൊണ്ടിരിക്കുക.

3. നിറം മാറി വരുമ്പോള്‍, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, മുളകുപൊടി ഇവ ഇട്ട് നന്നായി വീണ്ടും വഴറ്റുക.

4. തീ നന്നായി കുറയ്ക്കുക

5. അരിഞ്ഞു വച്ചിരിക്കുന്ന ലോങ്ങ് ബീന്‍സും കാരറ്റും ഇട്ട് നന്നായി ഇളക്കി, അല്പം ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് വച്ച് ചെറുതീയില്‍ വേവിക്കാന്‍ വച്ചിട്ട് മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ പോവുക.

6. 5 മിനിട്ട് കഴിഞ്ഞ് വരുമ്പോള്‍ വെള്ളം ചെറുതായി ഊറി വരും. ഒന്നുകൂടി ഇളക്കിയിട്ട് തീ അല്‍പ്പം കൂടി കൂട്ടി വയ്ക്കുക.

7. അങ്ങിനെ ചെറുതീയില്‍ വെജിറ്റബിള്‍സില്‍ നിന്ന് ഊറിവരുന്ന വെള്ളത്തില്‍ തന്നെ വേവിച്ചെടുത്താല്‍ നല്ല സ്വാദിഷ്ടമായ ഒരു കറി കിട്ടും.

ഇത്രയും എഴുതിയപ്പോള്‍ സമയം തീര്‍ന്നു. അടുത്ത കറി പിന്നീട് സമയം കിട്ടുമ്പോള്‍ തുടരാം..
(പെര്‍സണല്‍ കാര്യങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി കണ്ടുപിടിച്ച് മാര്‍ഗ്ഗമാണ്. ആദ്യമൊക്കെ ബോറായി തോന്നുമെങ്കിലും ചിലപ്പോല്‍ പിന്നീട് നന്നാകുമായിരിക്കും..)

ഇന്ന് ഒരു ചിക്കണ്‍ കറി വച്ചു

വേണ്ട സാധനങ്ങള്‍:
ചിക്കണ്‍-1 (വെട്ടി വച്ചത് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുക. ഫ്രീസറില്‍ ഇരിക്കുകയാണെങ്കില്‍ ഡീഫ്രോസ്റ്റ് ചെയ്ത് വയ്ക്കുക)
സവാള - 2 (അരിഞ്ഞു വയ്ക്കുക)
ചെറിയ ഉള്ളി-7 (തൊലികളഞ്ഞ് തലയും മൂടും ഒക്കെ വെട്ടിമാറ്റി വയ്ക്കുക)
തക്കാളി- 3 (നന്നായി കഴുകി രണ്ടായി പിളര്‍ന്ന്,തലപ്പ് ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക)
വെളുത്തുള്ളി- 3 അല്ലി, (തൊലി കളഞ്ഞ്, കഴുകി, നുറുക്കി വയ്ക്കുക)
ഇഞ്ചി- വെളുത്തുള്ളിയുടെ സമം.(തൊലി കളഞ്ഞ്, കഴുകി, നുറുക്കി വയ്ക്കുക)
ചിക്കണ്‍ കറിപൌഡര്‍- 5 ടേബിള്‍ സ്പൂണ്‍

ഇനി നമുക്ക് എളുപ്പത്തില്‍ ചിക്കണ്‍ കറി വയ്ക്കുന്നതെങ്ങിനെ എന്ന് നോക്കാം.

1. ആദ്യം പാത്രത്തില്‍ ഒരു രണ്ട് ടീസ്പൂണ്‍ എണ്ണ ഒഴിക്കുക

2. എണ്ണ ചൂടായി വരുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് അല്പം കളര്‍ മാറും വരെ വഴറ്റുക

3. അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക ( അല്പം ഉപ്പ് ചേര്‍ത്ത് വഴറ്റിയാല്‍ പെട്ടെന്ന് വഴന്ന് കിട്ടും എന്ന പണ്ടാരാണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്)

4. സവാള നിറമൊക്കെ മാറി മൂക്കാന്‍ തുടങ്ങുമ്പോള്‍, കറിപൌഡര്‍ ചേര്‍ക്കുക,

5. തീ കുറയ്ക്കുക

6.. ചെറിയ ഉള്ളി ഇട്ട് ഇളക്കുക

7. ചെറിയ തീയില്‍ കറിപൌഡറും ചെറിയ ഉള്ളിയും കൂടി മൂത്ത മണം വരും വരെ ഈ പ്രവൃത്തി (മൂപ്പിക്കല്‍) തുടരുക.

8. ഇറച്ചി ഒന്നുകൂടി കഴുകുക.

9. കഴുകിയ ഇറച്ചി മൂത്ത കറിപൌഡറിനു മുകളില്‍ ഇടുക

10. കറിപൌഡര്‍ ഇറച്ചിക്കഷണങ്ങളില്‍ നന്നായി പിടിക്കും വിധം ഇളക്കുക

11. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയുമിട്ട് രണ്ട് ഇളക്കുകൂടി ഇളക്കുക

12. അടപ്പുകൊണ്ട് മൂടി, ചെറുതീയില്‍ വേകാന്‍ വയ്ക്കുക

13. ഇനി പോയി വേറേ എന്തെങ്കിലുമൊക്കെ ചെയ്യാം. (വേണമെങ്കില്‍ ബ്ലോഗെഴുതാം. പക്ഷെ, സൂക്ഷിച്ച്.. വേറേ ആരെപ്പറ്റിയും എഴുതരുത്. )

14. നേരത്തെ ‘കാരറ്റ്-ലോങ്ങ് ബീന്‍സി’ല്‍ നമ്മള്‍ ചെയ്തതുപോലെ, ഇറച്ചിയില്‍ നിന്ന് ഊറിവരുന്ന
വെള്ളത്തില്‍ ഇറച്ചി വേവിച്ചെടുത്താല്‍ നല്ല സ്വാദാണ്. വെള്ളം കൂടും തോറും തീ കൂട്ടി ഇടാം. വെള്ളം വേണമെങ്കില്‍ അല്‍പ്പം ഒഴിച്ചും വേവിക്കാം. [പിന്നെ ഗ്രേവി കൂടുതല്‍ വേണമെങ്കില്‍ അല്പം വെള്ളം കൂടി ഒഴിച്ച് തീ കുറച്ചുകൂടി കൂട്ടി വേവിച്ചെടുക്കണം. (ഞാനിങ്ങനെയാണ് ചെയ്യുന്നത്)]

15 പാകത്തിന് ഉപ്പുണ്ടോന്ന് നോക്കുക.

16. ഇല്ലെങ്കില്‍ ചേര്‍ക്കുക.

17. ചിക്കണ്‍ കറി റെഡി.

ബോറായി തോന്നുന്നില്ലെങ്കില്‍ നാളെ വേറൊരു കറിയുമായി വീണ്ടും ചിലപ്പോള്‍ വരും...

നേരത്തെ എഴുതിയ ചിക്കണ്‍ കറി ഉണ്ടല്ലൊ, അത് അതുപോലെ തന്നെ വയ്ക്കണമെന്നൊന്നുമില്ല
ഉദാഹരനത്തിന്.
ആദ്യത്തെ സ്റ്റെപ്പ് (ഇച്ചി വെളുത്തുള്ളി വഴറ്റല്‍) വേണമെങ്കില്‍ രണ്ടാമതാക്കാം.. സവാള വഴന്നു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും കൂടി ഇട്ട ഒരു ചെറിയ മണം വരുന്നവരെ വഴറ്റിയാല്‍ മതി
പിന്നെ തക്കാളിയും മറ്റ് അളവുകളും ഒക്കെ കൂട്ടിയും കുറച്ചും ഒക്കെ നോക്കാം
ഇറച്ചി അല്‍പ്പം തിളച്ച വെള്ളം ഒഴിച്ചു തന്നെ വേവിച്ചെടുക്കുക
ഇനി എന്തോ ഒന്നുകൂടി പറയാന്‍ വന്നു..മറന്നു പോയി.
ങ്..ഹാ.. ഓര്‍മ്മ വന്നു,

നമ്മള്‍ ബ്ലോഗെഴുതാന്‍ വരുമ്പോലെ വേണമെന്നും പറഞ്ഞ് നല്ല കോണ്‍സന്റ് റേഷനോടെ ചിക്കണ്‍ വച്ചാല്‍ അത് നന്നാവില്ല. വെറുതെ ഓടിപ്പോയി വച്ചാല്‍ ചിലപ്പോള്‍ വളരെ നല്ല ടേസ്റ്റും ആയിരിക്കും
(നോട്ട് ദി പോയിന്റ്)
പിന്നെ, കേരളത്തില്‍, അല്ല, ലോകത്തില്‍ എത്രത്തോളം ചിക്കണ്‍ കറി വയ്പ്പുകാരുണ്ടോ അത്രയും
വെറൈറ്റി ചിക്കണ്‍ കറികളും കാണുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലൊ, ...
തല്‍ക്കാലം നിര്‍ത്തട്ടെ,

മഴക്കാറൊക്കെ കുറേശ്ശെ നീങ്ങി വരുന്നു..

അങ്ങേലെ നീലിയ്ക്ക് ഭയങ്കര ബ്ലോഗെഴുത്തായിരുന്നു. (ഇപ്പോള്‍ തേഡ് പെര്‍സണ്‍ ആയേ)
ഇനി കുറച്ചു ദിവസം അല്‍പ്പം ബിസിയായതുകൊണ്ട് ചിലപ്പോള്‍ ബോഗെഴുത്ത് അല്‍പ്പം കുറയുമായിരിക്കും. നീലി വീണ്ടും ഒറ്റയ്ക്കാകുമ്പോള്‍ ബ്ലോഗെഴുതും.. എഴുതാതിരിക്കില്ല..
ബാക്കി സമയം കിട്ടുമ്പോള്‍..

10 comments:

hAnLLaLaTh said...

:)

വല്യമ്മായി said...

ഈ ജീരകം ഇവിടെയത്ര പിടുത്തമില്ല,ബാക്കിയൊക്കെ ഓക്കെ.അവിടെ ചുവന്നുള്ളി കിട്ടില്ലേ?അതാകും സ്വാദ്.

Anonymous said...

മസാല ഇടുമ്പോള്‍ മല്ലിപ്പൊടി കൂടി ഇട്ടാല്‍ ചിലപ്പോള്‍ നന്നാകും. :) നല്ല പോസ്റ്റ്. കറി ഒന്നും വയ്ക്കാന്‍ അറിയാത്ത ചില മോഡേണ്‍ പെണ്ണുങ്ങള്‍ ഉണ്ട്... അവര് പഠിക്കട്ടെ.

ആത്മ said...

hAnLLaLaTh
:)

ആത്മ said...

വലിയമ്മായി, :)
ജീരകം വളരെ കുറച്ചു മതി. ഇല്ലെങ്കിലും നന്നാകുമായിരിക്കും അല്ലെ,
അത് അങ്ങിനെ ചെറിയ തീയില്‍ വെന്ത് ഒരു ചെറിയ അടിയില്‍ പിടിക്കലിന്റെ ആരംഭത്തില്‍ നിര്‍ത്തി, ഇളക്കി, തോര്‍ത്തി എടുത്താല്‍ നല്ല സ്വാദാണ്.

ശരിക്കും വേറെ എന്തെങ്കിലും എഴുതാന്‍ വന്നതാണ്. എളുപ്പത്തില്‍ എഴുതാന്‍ ഇതെ പറ്റിയുള്ളൂ. എഴുതാതിരുന്നാലും ആരെങ്കിലും തെറ്റിധരിക്കുമെന്നു കരുതിയും കൂടിയാണ് എഴുതിയത്

ആത്മ said...

knappan,
എനിക്കറിയാവുന്നത് ഞാന്‍ എഴുതുന്നതില്‍
തെറ്റില്ലല്ലൊ, ദയവുചെയ്ത് ദുര്‍വ്യാഖ്യാനം ചെയ്യാതിരിക്കുക, മനുഷ്യര്‍ ജീവിച്ചു പൊയ്ക്കോട്ടെ,

തറവാടി said...

പോസ്റ്റ് :)

ഓ.ടി:

ചിലരുടെ അഭിപ്രായ പ്രകടനം കേട്ടാല്‍ ഇതൊക്കെ ദിവസോം ഉണ്ടാക്കി വിളമ്പിത്തരികയാണെന്ന് തോന്നും ;)
കോഴിക്കോടന്‍ ബിരിയാണി വേണേല്‍ ഞാന്‍ പഠിപ്പിക്കാം :)

ആത്മ said...

അപ്പോള്‍ കോഴിക്കോടന്‍ ബിരിയാണിയൊക്കെ വയ്ക്കാന്‍ അറിയാം അല്ലെ?! :)

ആത്മയ്ക്ക് പഠിക്കാനൊക്കെ ഇഷ്ടമാണ് പക്ഷെ, ചെയ്യാന്‍ മടിയാണെന്നേ ഉള്ളൂ. എങ്കിലും എഴുതൂ..
ചിലപ്പോള്‍ ചെയ്ത് നോക്കാന്‍ തോന്നുമായിരിക്കും.

പക്ഷെ, ഞാന്‍ സ്വന്തമായി ഒരു സ്പെഷ്യല്‍
സിമ്പിള്‍ ബിരിയാണി വച്ചു പഠിച്ചു വിജയിച്ചു(ചിലരൊക്കെ നല്ലതെന്ന് അഭിപ്രായപ്പെട്ടു!)
അത് ഒരിക്കല്‍ ബ്ലോഗില്‍ എഴുതാം.

സു | Su said...

ആത്മേച്ചീ, പാചകം കൊള്ളാം. ബീൻസും കാരറ്റും മെഴുക്കുപുരട്ടി എനിക്കിഷ്ടമാണ്. ആത്മേച്ചിയുണ്ടാക്കുന്നതിൽ അല്പം വ്യത്യാസം ഉണ്ട്. തേഡ് പേഴ്സൺ ആയിട്ടിട്ട പേരു കേട്ടാൽ പേടിക്കണോ? കള്ളിയങ്കാട്ട് നീലി അല്ലല്ലോ അല്ലേ? തിരക്കായോ? എന്നാൽ സൗകര്യം‌പോലെ തിരക്കൊക്കെ കഴിഞ്ഞ് എഴുതൂ. തിരക്കിനിടയ്ക്കും എഴുതുകയൊക്കെ ചെയ്യാം. :)

ആത്മ said...

തിരക്കിനിടയിലൊക്കെ വന്ന് വാരിവലിച്ചെഴുതി
ആത്മയ്ക്ക് ഇഷ്ടമ്പോലെ കിട്ടിയതിന്റെ നീറ്റല്‍ ഇതുവരെ മാറിയില്ല. കമ്പ്ലീറ്റായിട്ട് മാറുമ്പോള്‍ എഴുതാം :)
ഏതിനും സൂജിക്ക് വിളിക്കാന്‍ തോന്നിയല്ലൊ!
സന്തോഷമായി!:)