Tuesday, May 19, 2009

ഒരു സ്വപ്നം; നോസ്റ്റാള്‍ജിയ; വിധി.

ഒരു സ്വപ്നം; നോസ്റ്റാള്‍ജിയ്; വിധി.

രാവിലെ ഉറക്കമുണര്‍ന്നത് എന്തൊക്കെയോ ഉറക്കത്തില്‍ വിളിച്ചുകൂവിക്കൊണ്ടാണ്.“നിങ്ങള്‍ക്കിതു ചേര്‍ന്നതല്ല. ഇത് കൊലക്കുറ്റത്തിനു തുല്യമാണ്” എന്നായിരുന്നു അവസാനത്തെ വാചകം. ഒരു സ്വപ്നത്തിന്റെ അവസാന ഭാഗമായിരുന്നു. ആത്മ പതിയെ സ്വപ്നം അല്പം റീവൈന്റ് ചെയ്ത് നോക്കി. കുറച്ചൊക്കെ കിട്ടി. ഒരു അഫയറിന്റെ കാര്യമാണ്. സ്വപ്നത്ത്നു കാണാന്‍ പറ്റിയ ഒരു വിഷയമേ! വെറുതെ ഭയപ്പെടുത്താനായിട്ട്! ആത്മ മി. ആത്മയോട് അടിക്കുന്ന ഡയലോഗിന്റെ അവസാനത്തെ ലൈന്‍ ആയിരുന്നു മേല്‍ ഉദ്ധരിച്ചത്. അര്‍ത്ഥം എന്തെന്നാല്‍, പതിവ്രതയായി, ഭര്‍ത്താവിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ഭാര്യ ഉള്ളപ്പോള്‍‍ മറ്റൊരുവളോടടുക്കുന്നത് ഭാര്യയെ എങ്ങിനെ ബാധിക്കും എന്ന ഭയാനമമായ പുനരാവിഷ്ക്കാരം! ഒരാത്മാവിനെ വധിച്ച്, മറ്റൊരു ആത്മാവിനെ സ്നേഹിക്കുന്നതിനെ ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു ആത്മ ചെയ്തത്. അതാണ് കൊലപാതകം എന്നൊക്കെ പറഞ്ഞത്. ഇതാണ് ആത്മയുടെ ഒരു വീക്ക് നസ്സ്. സെന്റിമെന്റലായാലുടന്‍ ഇത്തരം ഓരോ ഭീതികള്‍ വന്ന് സ്വപ്നത്തിലെങ്കിലും വിരട്ടിക്കളയും.

ടി.വി. സീരിയലുകളും ആത്മയെ ഇതുപോലെ പുറകെ നടന്ന് വേട്ടയാടിക്കൊണ്ടിരിക്കും. അതുകൊണ്ട് സീരിയലുകള്‍ കാണല്‍ പണ്ടേ മതിയാക്കി. (അതില്‍ കാണിക്കുന്ന വൈകൃതങ്ങല്‍ സ്വപ്നത്തിലൂടെ ആത്മയുടെ ജീവിതത്തില്‍ പുനരാവിഷ്ക്കരിക്കപ്പെടാന്‍ വരും).

മലയാളം നോവല്‍ വായനയും ഒക്കെ നിര്‍ത്തിയത് ഇതുകൊണ്ടായിരുന്നിരിക്കണം. അന്യനാട്ടില്‍ എത്തിപ്പെട്ടശേഷം ഒരു പത്തു വര്‍ഷത്തോളം മലയാളം സിനിമാഗാനങ്ങള്‍ കേള്‍ക്കില്ല്ലായിരുന്നു. രാവിലെയും വൈകിട്ടും ഒരു അരമണിക്കൂര്‍ മലയാളം പാട്ടുകള്‍ ഇവിടത്തെ റേഡിയോവില്‍ ഉണ്ട്. അഥവാ കേട്ടാല്‍ ഉടന്‍ പോയി നിര്‍ത്തിക്കളയും . അതുകേള്‍ക്കുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ നിന്ന് ഒരു അഗാധമായ മുറിവ് ഓര്‍മ്മവരും. സഹിക്കുവാന്‍ പ്രയാസമുള്ള ഒരവസ്ഥയായി തോന്നും.. ഉടന്‍ പോയി നിര്‍ത്തും.

നാട്ടില്‍ നിന്നു വന്ന മലയാളി സുഹൃത്തുക്കളുടെ ഇടയില്‍ പെട്ടാലും ഈ നോസ്റ്റാള്‍ജിയ വരും
അത് സഹിക്കാവുന്നതിലും അപ്പുറമായി തോന്നും ചിലപ്പോള്‍.. അതിനെക്കാളൊക്കെ ഒറ്റപ്പെടലാണ് ഭേദം എന്ന് സ്വയം ആശ്വസിച്ച്, ഇടക്കിടക്ക് വരുന്ന മലയാളി കൂട്ടങ്ങള്‍ കാണുമ്പോല്‍ ഓ, വെറുതെ, മനുഷ്യനെ പറ്റിക്കാനുള്ള വേലകള്‍ എന്ന് മനസ്സിനോട് പറഞ്ഞ്, ധൈര്യപ്പെടുത്തും
ഇപ്പോള്‍ തോന്നുന്നു, മലയാളം നോവലുകളും എന്നെ എന്തൊക്കെയോ തിരിച്ചുകിട്ടാനിടയില്ലാത്ത
നഷ്ടങ്ങളെ ഓര്‍മ്മിപ്പിക്കുമായിരുന്നിരിക്കണം.

ഇന്നലെ ജസീക്കയ്ക്ക് പേരൊക്കെ കിട്ടിയ സന്തോഷത്തില്‍ അങ്ങിനെ ഉറങ്ങാന്‍ കിടന്നതാണ്.
എന്നിട്ടു കണ്ട സ്വപ്നമോ! രാവിലെ എഴുന്നേറ്റിട്ടും ഒരു വിങ്ങല്‍. ഭയം. അരക്ഷിതാവസ്ഥ.
(മനസ്സിനെ അധികം ടച്ച് ചെയ്യാതെ അല്‍പ്പം ദൂരെനില്‍ക്കുന്ന എന്റെര്‍ടൈന്മെന്റ്, ബന്ധങ്ങള്‍ ഒക്കെയാണ് ആത്മയ്ക്ക് ഇപ്പോള്‍ ബലം). എന്റെ മലയാള നാടേ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആത്മയ്ക്ക് ഈ പറ്റു പറ്റില്ലാ..

പണ്ട് അകലെ ഹോസ്റ്റലില്‍ പഠിച്ചപ്പോള്‍ അവിടെ ആദ്യവര്‍ഷം കണ്ണും മേച്ചെരുവി(ഗ്രാമ ഭാഷ) നടക്കുന്നത് കണ്ട അമ്മയുടെ ഒരു കൂട്ടുകാരി അമ്മയോടു ചോദിച്ചു, ‘പാവം ഒരു കൊച്ച്, ഇതിനെ
വീട്ടില്‍ നിന്നും ഇത്രയും ദൂരെ കൊണ്ടാക്കണമായിരുന്നോ’ എന്ന്.
പിന്നീട് അത്തരം ഒരു ജീവിതം തന്നെയാണ് തന്നെ കാത്തു നിന്നിരുന്നതെന്ന് ദൈവത്തിനു മുന്‍ കൂട്ടി
അറിയാമായിരുന്നതുകൊണ്ട് ആദ്യമേ പ്രാക്റ്റീസ് നല്‍കിയതായിരുന്നിരിക്കണം. പക്ഷെ, ആത്മയെ
ആരും നിര്‍ബന്ധിച്ചല്ല എങ്ങും അയച്ചത്. വിധി ഒന്നുമാത്രം. വിധി എന്നൊന്നുണ്ടെങ്കില്‍.

ഇപ്പോള്‍ ഒരു കൊച്ച് ഷോപ്പിംഗ്/മാര്‍ക്കറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തി.


വഴിയില്‍ അധികം വയോജനങ്ങളാണ്. മുതുകു കൂനി, വേച്ചു വേച്ച്, എങ്കിലും തലയിലൊക്കെ ഡൈയൊക്കെ ചെയ്ത്, ചുണ്ടില്‍ ലിപ്റ്റിക്കൊക്കെ ഇട്ട്, ജീന്‍സും ടോപ്പുമൊക്കെ ഇട്ട് പോകുന്ന
ചൈനീസ് വയോജനങ്ങള്‍, ചുരീദാറില്‍ കയറി മോഡേണായ ഇന്ത്യന്‍ ലേഡിമാര്‍..
മിഡില്‍ ഏജ്ഡ് ആയവര്‍ ചുരുക്കമാണ്. അധിവവും ജോലിക്കൊക്കെ പോയിക്കാണും.
താടിയും നീണ്ട് വിറച്ച് വിറച്ച് മുന്നിലൂടെ പോകുന്ന ഒരപ്പുപ്പനെ/അമ്മാവനെ കണ്ടപ്പോല്‍ ഒരു കുസൃതി ചിന്ത തോന്നി,
‘അല്ലയോ അമ്മാവാ, താങ്ങള്‍ക്ക് ഈ പ്രായത്തില്‍ ഇനി സ്വപ്നം കാണാന്‍ പറ്റുമോ?
ആയ് കാലത്ത് നിറയെ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടോ നിങ്ങള്‍?
അതും അയവിറക്കിയാണോ ഇങ്ങിനെ സ്വപ്നത്തിലെന്നപോലെ നടക്കുന്നത്?
അഥവാ, നിങ്ങള്‍ സ്വപ്നമേ കണ്ടിട്ടില്ലെങ്കില്‍ കഷ്ടം! കഷ്ടം!
നിങ്ങള്‍ക്ക് ഈ പ്രായത്തില്‍ ഓര്‍ക്കാന്‍ ഒന്നും കാണില്ലല്ലൊ,
ഞാന്‍ നിങ്ങളുടെ ഈ അവസ്ഥയില്‍ ഒന്ന് അനുശോചിച്ചോട്ടെ”

ആത്മ എന്തിനാണ് ഇങ്ങനെ എല്ലാറ്റിനെയും ഭയക്കുന്നതും സ്വയം ഉള്ളിലേക്കൊതുങ്ങുന്നതും .
ആത്മയെ ‘പാവം’ എന്നൊക്കെ പലരും‍ പറയുമെങ്കിലും ആത്മയ്ക്കതു കേള്‍ക്കുമ്പോള്‍ വല്ലാത്ത
വിമ്മിഷ്ടമാണ്. പാവം കേട്ട് മടുത്തു. അതാണ് വല്ലപ്പോഴുമെങ്കിലും, അഹങ്കാരി, തന്റേടി എന്നൊക്കെ ചിലര്‍ വിളിക്കുമ്പോള്‍ എന്തോ ഒരു തൃപ്തി തോന്നുന്നത് ( അറ്റ് ലീസ്റ്റ് സംതിംഗ്)

പണ്ട്, പ്രൈമറി സ്ക്കൂളില്‍ പഠിക്കുമ്പോള്‍, അനിയന്‍ സ്ക്കൂളീന്ന് തിരിച്ചു വരുംവഴി, വഴിനീളെ അടികൂടിയും ഒക്കെയാണ് വരാറ്‌ . വീട്ടില്‍ ചെന്നാല്‍ അവന്റെ വേഷം ഒക്കെ ഇട്ട് നടന്ന് അവനോടൊപ്പം മത്സരിക്കുമെങ്കിലും , ഇവിടെ തന്റെ സഹോദരനെ രക്ഷിക്കാന്‍ തനിക്ക് ചെല്ലാന്‍ പറ്റില്ല. താന്‍ വെറും ഒരു പെണ്ണ്. അടികൂടുന്നത് നോക്കി നില്‍ക്കേണ്ടവള്‍ മാത്രം എന്ന് ബോധ്യം വരും. മുന്നോട്ടു വച്ച് കാല്‍ പിന്‍പോട്ട് വച്ച് അടി ശുഭപര്യവസാനിയായി തീരണേ എന്നു പ്രാര്‍ത്ഥിച്ചോണ്ട് നില്‍ക്കും അനിയന്റെ സ്ലേറ്റും പെന്‍സിലുമൊക്കെ കയ്യില്‍ വച്ചും കൊണ്ട്.
തുടരും..

14 comments:

ശ്രീ said...

എനിയ്ക്കും അത് തന്നെ ആണ് ചോദിയ്ക്കാനുള്ളത്.

ആത്മ എന്തിനാണ് ഇങ്ങനെ എല്ലാറ്റിനെയും ഭയക്കുന്നതും സ്വയം ഉള്ളിലേക്കൊതുങ്ങുന്നതും???

ആത്മ said...

ശ്രീ,
ഈ ഭൂമിയില്‍ ജനിച്ചതേ ഒരബദ്ധമായിപ്പോയപോലെയാണ് ആദ്യമേ അനുഭവപ്പെട്ടിട്ടുള്ളത്.
ജീവിതത്തിലുടനീളം ഒരു വഴിയറിയായ്മ, ലക്ഷ്യമില്ലായ്മ, അരക്ഷിതാവസ്ഥ, ആകെ ഒരമ്പരപ്പ്,എങ്ങിനെ ഇവിടെ വന്നു പെട്ടു! എന്തിനു വന്നുപെട്ടു!ഒരു നൂറു ചോദ്യങ്ങല്‍ക്ക് ഉത്തരങ്ങളും തേടി നടക്കുകയാണ് ഈ ജന്മം :)

കാട്ടിപ്പരുത്തി said...

ആത്മാവിനിങ്ങനെ സം‌ഭവിക്കുമ്പോള്‍ ഒഹ്- ഈ ജഡങ്ങളുടെ കാര്യമോ-

സ്വയാഭിമാനത്തിന്റെ ശബ്ദം കുറച്ചു കൂട്ടിവക്കുക- അപ്പോള്‍ വെറുതെ കയറിവരുന്ന ഈ വ്യാകുലതകള്‍ ഇല്ലാതാവും-

തറവാടി said...

ശുഭപര്യവാസനത്തിന്‍‌റ്റെ കാര്യം പറഞ്ഞപ്പോഴാണ് , മമ്മൂട്ടിയും സുഹാസിനിയും അശോകനും വിനീതുമൊക്കെയുള്ള പടം ഇപ്പോ കണ്ടു, അവസാനം കാണാനൊത്തില്ല അല്ല കാണാത്തതും നന്നായി , സുഹാസിനിയെ കൊല്ലുന്നതാണല്ലോ വല്ലാത്തൊരു നോവാണാ സിനിമ കഴിയുമ്പോള്‍! എന്നും എനിക്ക് ശുഭപര്യവസാമാണിഷ്ടം.

ആത്മ said...

കാട്ടിപ്പരുത്തി,
നിര്‍ദ്ദേശങ്ങള്‍ക്ക് വളരെ വളരെ നന്ദി! :)

ആത്മ said...

തറവാടിജി,
ഏതു സിനിമയാണത്? പുതിയതാണോ?
ഇത് ആത്മയ്ക്കുള്ള വല്ല വാണിംഗുമാണോ?!
ഈ പോക്കു പോയാല്‍ സുഹാസിനിയുടെ ഗതി വരുമെന്നെങ്ങാനും ആണോ?
സിനിമ എന്താണെന്നും കഥയെന്താണെന്നുമൊന്നും അറിയാതെയാണേ എഴുതിയത്.

തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക :)

തറവാടി said...

എന്‍‌റ്റമ്മോ ഈ നിലക്കാണെങ്കില്‍ ഞാന്‍ കമന്‍‌റ്റീടല്‍ നിര്‍ത്തും :)
ഞാനിന്ന് കണ്ട സിനിമയാ , പ്രണാമം എന്നാണ് പേര് (?)
ആത്മയും അതും തമ്മില്‍ ഒരു ബന്ധവുമില്ലേ! :)

ആത്മ said...

സമാധാനമായി!
തറവാടിജി കമന്റിടല്‍ നിര്‍ത്തല്ലെ,
ആത്മ ഇത്രയും നേരം ശരിക്കും വ്യാകുലപ്പെട്ട് നടക്കുകയായിരുന്നു. ഇനി ആത്മ ഓവര്‍ ആയി വല്ലതുമൊക്കെ എഴുതിപ്പോയോ എന്നൊക്കെ ഓര്‍ത്ത്.
നല്ലവഴിക്കു നയിക്കുവാന്‍ ആളുള്ളത് നല്ലതല്ലെ തറവാടിജീ.
അല്ലെങ്കില്‍ സാരമില്ല, എനിക്ക് വലിയമ്മായിയുണ്ട് :)

സുഹാസിനിയുടെ പടമൊക്കെ ആത്മയ്ക്കും ഇഷ്ടമാണ്.
പേര് പറഞ്ഞുതന്നതിനു നന്ദി!

വല്യമ്മായി said...

ഇന്നലെ വായിച്ചപ്പോള്‍ തുടരും എന്ന് കണ്ട് തിരിച്ചുപോയതാണ്.

സ്വപ്നത്തിന്റെ കാര്യത്തില്‍ സെയിം പിഞ്ച്.ടിവി കണ്ടില്ലെങ്കിലും നോവലു വായിച്ചില്ലെങ്കിലും പക്ഷെ നല്ല സ്വപ്നങ്ങളും ഉണ്ട്ട്ടോ,ചില വരികള്‍ പോലും അങ്ങനെ കിട്ടാറുണ്ട്.

തന്നെത്താന്‍ സ്നെഹിക്കാനും അംഗീകരിക്കാനും ശ്രമിക്കുക.റോബിന്‍ ശര്‍മ്മയുടെ ബുക്ക് ഒന്നു കൂടൊന്ന് വായിച്ചാലും മതി :)

വായിച്ചു വായിച്ചു വരുമ്പോള്‍ എനിക്ക് തോന്നുന്നു ചേച്ചിയത്ര പാവമല്ലെന്ന് ;)

ആത്മ said...

ഒരാളെങ്കിലും പറഞ്ഞല്ലൊ പാവമല്ലെന്ന്!
ആത്മ പണ്ട് പാവമല്ലെന്ന് കാട്ടിക്കൂട്ടാന്‍ ശ്രമിച്ചു
പൊളിഞ്ഞുപോയ ഒരു സംഭവത്തിനെപ്പറ്റി
എഴുതിക്കൊണ്ടീരിക്കയായിരുന്നു.
കുറെ തിരുത്താനുണ്ട്. തിരുത്തിക്കഴിഞ്ഞ്
പോസ്റ്റു ചെയ്യാം കേട്ടോ :)

സു | Su said...

ആത്മേച്ചീ, സ്വപ്നങ്ങൾ നല്ലതും ചീത്തയും കാണും. മരിക്കുന്നതിനുമുമ്പ് നമുക്കു വിധിച്ചതൊക്കെ കണ്ടുതീർക്കണ്ടേ? ആത്മേച്ചി എന്തിനാ പേടിക്കുന്നത്?

പിന്നെ, ആ അപ്പൂപ്പൻ ഇഷ്ടം പോലെ സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും. അതു ചോദിക്കാനൊന്നുമില്ല. അദ്ദേഹം സ്വപ്നം കണ്ടുംകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു.

സിനിമയേയും സീരിയലിനേയും പുസ്തകങ്ങളേയുമൊക്കെ അതിന്റെ പാട്ടിനു വിടുക. അവയിലൂടെ സ്വപ്നങ്ങൾ കിട്ടുകയാണെങ്കിൽ കിട്ടിക്കോട്ടെ. പേടിച്ചിട്ടെന്തു കാര്യം?

ആത്മ said...

അതെ,അതെ, അപ്പൂപ്പന്‍ നിറയെ സ്വപ്നമൊക്കെ കണ്ടു കാണും!
ആത്മായാണ് സ്വപ്നങ്ങളെയൊക്കെ ഭയക്കുന്നത്.
സാരമില്ല. ഇന്റര്‍നെറ്റും ബ്ലോഗും ഒക്കെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ തന്നിട്ടുണ്ടല്ലൊ, അതുമതി
തല്‍ക്കാലം :)

hAnLLaLaTh said...

ഇങ്ങനെ പോയാല്‍ ആത്മേടെ ബ്ലോഗിന് തന്നെ വട്ടാകും...
എന്തിനാ ആവശ്യമില്ലാത്തത് ആലോചിക്കുന്നത്..?
എന്ത് മാത്രം നല്ല കാര്യങ്ങള്‍ കിടക്കുന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കുവാനും..
ഉള്ളിലേക്ക് ഒതുങ്ങിയോതുങ്ങി അവസാനം
ഒച്ചിനെപ്പോലെ പുറത്തൊരു തോട് വരുമെന്ന് ഭയക്കുന്നു ഞാന്‍.......

ആത്മ said...

ഹാന്‍ള ളാ‍ളത്തെ,
എനിക്ക് തോടൊക്കെ എന്നേ വന്നു!
നല്ല ആളാണ് ഉപദേശിക്കാന്‍ വരുന്നത്!:)
ഞാന്‍ പോയി കവിതകള്‍ കുറച്ചൊക്കെ വായിച്ചു.
എന്തൊരു ഭാഷയാണെന്റെ ഭഗവാനേ! സമയം കിട്ടുമ്പോള്‍ ഒക്കെയും വായിച്ചു പഠിക്കണം.