Friday, April 24, 2009

ഡയറികള്‍.. ഐസ്ക്രീം.. പിന്നെ എന്റെ മീരയും...

അങ്ങിനെ വീണ്ടും ബ്ലോഗിനകത്ത് കയറിപ്പറ്റി! ബ്ലോഗില്‍ നടക്കുന്ന രാഷ്ട്രീയം, ഗയിമുകള്‍ ഒന്നിനെപറ്റിയും യാതൊരെത്തും പിടിയുമില്ല. ചിലപ്പോള്‍ തോന്നും ആരെയും പ്രത്യേകിച്ചറിയാതെ, ഒരു കളിയും നന്നായറിയാതെ, ഇവിടെ വന്ന് എഴുതുന്നത് ഒരു കുറച്ചിലാണോ എന്ന്!

ഓ! കുറയാനെന്തിരിക്കുന്നു! എന്നു കരുതും ചിലപ്പോള്‍. അല്ലെങ്കിലും ഒറ്റപ്പെടുമ്പോഴല്ലെ എഴുതാനൊക്കെ തോന്നുന്നത്. ബ്ലോഗില്ലായിരുന്നെങ്കില്‍ ഒരു കഷണം കടലാസില്‍ എഴുതി പറത്തുകയോ അല്ലെങ്കില്‍ സൂക്ഷിക്കുകയോ പബ്ലിഷ് ചെയ്യുകയോ ഒക്കെ ചെയ്യുമായിരിക്കാം..

എഴുതി സൂക്ഷിക്കുന്നതിനെപറ്റി എഴുതിയപ്പോള്‍..

എഴുതുമായിരുന്നു. പക്ഷെ, സൂക്ഷിക്കില്ലായിരുന്നു. അത്ര വലിയ രഹസ്യങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടാകാം. ആത്മയുടെ ഡയറി പണ്ടേ എല്ലാവര്‍ക്കും ഒരു തമാശയായിരുന്നിരിക്കണം. കൂട്ടുകാര്‍ ആത്മയെപറ്റി കൂടുതലറിയാന്‍ തോന്നിയോര്‍,
അതെടുത്ത് രഹസ്യമായി വായിച്ചിട്ടുണ്ടാകും! വീട്ടില്‍ അച്ഛനോ അമ്മയ്ക്കോ തോ‍ന്നുമ്പോള്‍ അവരും വായിച്ചിട്ടുണ്ടാകും. പക്ഷെ ഒന്നും ആത്മ അറിഞ്ഞില്ല, അവര്‍ അറിയിച്ചില്ല.

പക്ഷെ, വിവാഹം കഴിഞ്ഞ് പൂത്ത 10, 12 വര്‍ഷത്തെ ഡയറിയുമായി കയറിവന്നത് (ഡയറി മാത്രമല്ല, ഒരു കൃഷ്ണനും പിന്നെ കൃഷ്ണനെ ജപിച്ച് കണ്ണടച്ചിരുന്ന് പാടുന്ന മീരയും (കണ്ണു തുറന്നാല്‍ കൃഷണനെ കാണുമെന്ന് ഭയന്നാണോ! ഉള്ളില്‍ കണ്ടാല്‍ മതിയെന്ന വാശിയോടെ ഇരിക്കുന്ന ഒരു മീര.) പലരുടെയും മുഖം ചുളിപ്പിച്ചു.

മീരയെപ്പറ്റി എഴുതിയപ്പോല്‍, മീരയെ കിട്ടിയ കഥ പറയാം..

ഹോസ്റ്റല്‍ വാസം അവസാനിക്കാറായ ദിവസം. അവസാനത്തെ ഒരു ദിവസം എങ്ങിനെ ആഘോഷിക്കണമെന്ന് പലരും പല കണക്കിന് ആസൂത്രണം ചെയ്യുകയാണ്. ചിലര്‍ കയ്യിലെ കാശുകൊടുത്ത് നിറയേ ഐസ്ക്രീം വാങ്ങിക്കുടിക്കുന്നുണ്ട്.. ചിലര്‍ തകര്‍ത്തു വച്ച് ഷോപ്പിംഗ്.. ചില മിടുമിടുക്കികള്‍ പാത്തും പതുങ്ങിയും യൂണിവേര്‍സിറ്റി കോളേജില്‍ ഇതിനകം തരപ്പെടുത്തിയ റൊമാന്‍സ് ഒത്തു തീര്‍പ്പിലെത്തിക്കുന്നു...

ഇതിനിടയില്‍ സ്പോര്‍ട്സ് കം ഇക്കണോമിക്സ് , ലാലി ആത്മയെ വിളിച്ചു, ‘എന്റെ കൊച്ചു (ലാലിക്ക് സൈസ് അല്പം കൂടുതലായിരൂന്നു)നിര്‍വ്വികാര പരബ്രബ്മമേ, എന്നൊടൊപ്പം ഒരു ദൂത് ചൊല്ലാന്‍ വരാമോ?’ ‘ഓഹോ വരാം..’ (ഒന്നു മില്ലേലും മാറ്റൊരു പ്രേമബന്ധം നിഷ്ക്കരുണം തല്ലിത്തകര്‍ത്തതിന്റെ പ്രായശ്ചിത്തമാകട്ടെ ഈ യാത്ര. തല്ലിത്തകര്‍ത്ത കഥ പിന്നെടൊരിക്കല്‍..)

അങ്ങിനെ ഒരു തീര്‍ത്ഥാടനം പോലെ യൂണിവേര്‍സിറ്റി കോളേജില്‍ ലാലിക്ക് അവളുടെ പ്രിയതമനോട് അന്ത്യ യാത്ര പറയാന്‍ പോയി ആത്മ..
പ്രിയതമനോ! മിടുമിടുക്കന്‍. രാഷ്ട്രീയത്തില്‍ ഉദിച്ചുയരുന്ന ഒരു താരം. സ്പോര്‍ട്ട്സും - രാഷ്ട്രീയവും; ലാലിയും- .. ഉം നല്ല കോമ്പിനേഷന്‍! ലാലി ഇടക്കിടെ ഇരുന്ന് ഉറക്കെ ആത്മഗതം ചെയ്യുന്നത് ഞങ്ങളൊക്കെ ഇടക്കിടക്ക് കേള്‍ക്കുകയും അത് ലാലിയെ
കോള്‍മയിര്‍ കൊള്ളിക്കുന്നതും ഒക്കെ ഒരു സാധാ സംഭവമായിക്കഴിഞ്ഞിരുന്നു ഇതിനകം.

അങ്ങിനെ തുണക്ക് പോയ ആത്മയെ നിരുപദ്രവമായി ഒരു ആലിന്റെ കീഴീല്‍ ആലില എണ്ണാന്‍ വിട്ട്, ലാലി കോളേജിനുള്ളിലെ ഒരു കൊണ്‍ക്രീറ്റ് സൌധത്തിനുള്ളില്‍ മറയുകയും, തിരിച്ചു വന്നപ്പോള്‍ അവളുടെ കവിള്‍ ശോണിമയാര്‍ന്നിരുന്നതും,സ്വതവേ ബാഡ്മിന്റന്‍ ഒക്കെ കളിച്ച് ബലിഷ്ടമായിരുന്ന ആ‍ യുവകന്യകയില്‍ അസാധാരണമാം വിധം ഒരു തരളിതത്വം കാണപ്പെട്ടത് ആത്മയില്‍ ഒരമ്പരപ്പുണ്ടാക്കുകയും.. എങ്കിലും കൂടുതല്‍ ചിന്തിക്കാന്‍ കൂടി കെല്‍പ്പില്ലാത്തവിധം ഡീസന്റ് ആയിരുന്നു ആത്മ എന്നതിനാല്‍ ആ അദ്ധ്യായം അവിടെ മറക്കാന്‍ പ്രേരിതയാകുകയും ചെയ്തു. [ഇതിലൊക്കെ വിചിത്രം, ആത്മയുടെ ജീവിതത്തില്‍ ആത്മ ആശ്രയിച്ചിട്ടുള്ള, ആത്മയെ ആശ്വസിപ്പിച്ചിട്ടുള്ള ഒരു വ്യക്തിയും അപ്പോള്‍ ആ കോളേജ് പരിസര‍ത്ത് ഒരു മുട്ടന്‍ പ്രേമവുമായി ചുറ്റുന്നുണ്ടായിരുന്നു എന്നതാണ്. അന്ന് ഒരു പക്ഷെ, നേര്‍ക്കു നേര്‍ കണ്ടും കാണും! തിരിച്ചറിഞ്ഞില്ല. പിന്നീട് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടു. എവിടെ വച്ച് കണ്ടു?!എങ്ങിനെ കണ്ടു?! വ്യക്തി ആണാണോ, പെണ്ണാണോ, നേരിട്ടാണോ ആശ്വസിപ്പിച്ചത്, മറഞ്ഞിരുന്നാണോ എന്നൊക്കെ..ഇപ്പോള്‍ പറയണോ? വേണ്ട, ഇനിയൊരിക്കലാകട്ടെ. കഥയില്‍ അല്പം സസ്പെന്‍സ് ഒക്കെ വേണ്ടേ]

കൂട്ടുചെന്നതിന് പ്രതിഫലമായി കൂട്ടൂകാരി ഐസ്ക്രീം വാങ്ങിത്തന്നതും ആത്മയുടെ ഐസ്ക്രീമും അവളുടെ ഐസ്ക്രീമും ഒരേ ബ്രാന്റ്റായിരുന്നിട്ടും തന്റെ ഐസ്ക്രീമിനുള്ളതിനെക്കാളും മധുരിമ അവളുടെ ഐസ്ക്രീമില്‍ ഉണ്ടാകുന്നത് കണ്ട് തെല്ലൊരു വിഷാദം തോന്നിയെന്നതും ഒഴിച്ചാല്‍ വലിയ ആപത്തൊന്നും കൂടാതെ തുണപോയി തിരിച്ചെത്തി.

പക്ഷെ, കൂട്ടുകാരി റൂമില്‍ കയറിയ ഉടന്‍ ഒരു പറ്റം അസുരവിത്തുകള്‍ ആത്മ ചോദിക്കാനറച്ച പലതും വള്ളി പുള്ളി വിടാതെ ചോദിച്ച് ലാലിയെ ഒരു പരുവമാക്കി, ഒടുവില്‍ ലാലി വീണ്ടും ആത്മയുടെ മുറിയില്‍ തന്നെ അഭയം പ്രാപിച്ചപ്പോള്‍ അവളുടെ മുഖം ഒന്നുകൂടി ചുവന്നിരുന്നു.ആത്മയ്ക്കപ്പോഴും അതിശയമായിരുന്നു.. ബാഡ്മിന്റനും കളിച്ച്, ആത്മ നാട്ടില്‍ നിന്നു ഒരു മാസത്തെയ്ക്ക് കൊണ്ടു വരുന്ന ചിപ്സും മറ്റും ഒരു ദിവസം കൊണ്ട് കാലിയാക്കി തരുന്ന ഇവള്‍ക്കും ഈ വിധം ഒരു സോഫ്റ്റ് കോര്‍ണറോ?!

അങ്ങിനെ ആ വാശിക്ക് ആത്മ പ്രത്യേകിച്ച് ആരോടും വിട പറയാനൊന്നും ഇല്ലായിരുന്ന രണ്ടുമൂന്നു മൈനര്‍ കൂട്ടികാരികളുമായി പാളയം-കിഴക്കേക്കോട്ട ഒക്കെ ചുറ്റിക്കറങ്ങി, ഐസ്ക്രീം, പിന്നെ അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെയായി നടന്നു.. നേരം സന്ധ്യയായി വരുന്നു..

എന്റെ മീര...

തുടരും

11 comments:

വല്യമ്മായി said...

വായിച്ച് രസം പിടിച്ചപ്പോഴേക്കും നിര്‍ത്തിയല്ലോ :)

smitha adharsh said...

ആഹാ..അപ്പൊ,ഒരു പ്രേമ ബന്ധം ചുമ്മാ തല്ലി തകര്‍ത്തിട്ടുണ്ട് അല്ലെ..വഞ്ചകി...ദുഷ്..

ആത്മ said...

വലിയമ്മായി,:)
കഥ ഇനിയും തുടരും..
അമ്മായിക്ക് ,“വിവാഹ വാര്‍ഷികാശംസകള്‍!”

സ്മിതാ ആദര്‍ശ്,
ഉം..പറയാന്‍ വന്നത് മുഴുവനാക്കൂ മടിക്കേണ്ട:)

എന്നാലും എത്ര നാളായി കണ്ടിട്ട്! എവിടെ പോയിരുന്നു?!

തറവാടി said...

ഓ അപ്പോ ആത്മ ബ്ലോഗീന്ന് പോയിരുന്നോ? അത് അറിഞ്ഞിരുന്നില്ല , പോകുമ്പോ ഒരു പോസ്റ്റൊക്കെ ഇട്ടേച്ചുവേണ്ടേ അല്ലേല്‍ ആരറിയാനാ? ;).

ബ്ലോഗിലെ രാഷ്ട്രീയത്തെപ്പറ്റി , അറിയുന്ന എത്ര പേരുണ്ട്? എല്ലാവര്‍ക്കും അറിയുന്നത് കക്ഷി രാഷ്ട്രീയം മാത്രമല്ലെ? തുടരന്‍ :)

cALviN::കാല്‍‌വിന്‍ said...

ന്നാലും കോളേജിനുള്ളിലെ കോണ്‍ക്രീറ്റ് സൗധത്തിനുള്ളില്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക ?
;)

ഇനിയും കഥ കഥ തുടരും, ഇനിയും പൂങ്കാറ്റൊഴുകിവരും....

ആത്മ said...

തറവാടിജി,
ആത്മ ബ്ലോഗീന്ന് പോയൊന്നുമില്ല. ആത്മയുടെ കമ്പ്യൂട്ടര്‍ സ്ലൊ ആയതുകൊണ്ടുള്ള വിഷമമേ ഉള്ളൂ.
ആത്മ വന്നാലും പോയാലും ഒന്നും ആരും അറിയില്ലെന്നറിയാം. ആര്‍ക്കും ഒന്നും ഇല്ലെന്നും അറിയാം. എങ്കിലും പോവുമ്പോള്‍ പോസ്റ്റൊക്കെ എഴുതിയിട്ടിട്ട് പോകാം..:)

കാല്‍വിന്‍,
ശരിക്കും പറഞ്ഞാല്‍ കോണ്‍ക്രീറ്റ് സൌധത്തിനുള്ളില്‍ ഒരു പാര്‍ട്ടി മീറ്റിംഗ് നടക്കുകയായിരുന്നു. ലാലി നമ്രമുഖിയായി വാതില്‍ക്കല്‍ ചെന്നപ്പോള്‍ ലീഡര്‍
സുസ്മേരവദനനായി അരികില്‍ ചെല്ലുകയും
ലാലി കൊടുത്ത ആട്ടോഗ്രാഫില്‍ വടിവൊത്ത അക്ഷരത്തില്‍ രണ്ടുവരി എഴുതുകയും ചെയ്തു.
ലാലി ആ ആട്ടോഗ്രാഫും മാറോടടുക്കി മറ്റേതോ ലോകത്തിലെന്നപോലെ വിടപറഞ്ഞ് വരികയും ആയിരുന്നു സംഭവിച്ചത്. അന്നത്തെ കാലത്ത് അതൊക്കെ തന്നെ ഒരു വലിയ കാര്യമായിരുന്നു. പ്രേമം എന്നൊക്കെ പറയുന്നത് വളരെ വളരെ കാലം എടുക്കുമായിരുന്നു പൂവാണിയാന്‍. ചുരുങ്ങിയത് ഒരു ജന്മമെങ്കിലും വേണം പൂവണിയാനോ വാടിവീഴാനോ ഒക്കെ. ഇപ്പോഴാണെങ്കിലോ! എല്ലാം വളരെ ഫാസ്റ്റ്. എന്തുചെയ്യാന്‍!

ഏതിനും ഇങ്ങിനെ അടിക്കടി പേരുമാറ്റുന്നത് അത്ര നന്നല്ല കേട്ടോ :)

തറവാടി said...

ഇന്നത്തെകാലത്ത് മനുഷ്യര്‍ ഇത്രയും നിഷ്കളങ്കരാവാന്‍ പടില്ല :)

അത്മക്ക് ' ;) ' ഇതിന്‍‌റ്റെ അര്‍ത്ഥവും പറഞ്ഞുതരണമോ? ;)

ആത്മ said...

ശരിക്കും ഏതര്‍ത്ഥത്തില്‍ ആണ് നിഷ്ക്കലങ്കര്‍ എന്നു പറ്ഞ്ഞത് എന്നു മനസ്സിലായില്ല എന്നു പറഞ്ഞാല്‍ വീണ്ടും നിഷ്ക്കളങ്ക ആയിപ്പോകുമോ?!

സത്യം പറഞ്ഞാല്‍ ആത്മയ്ക്ക് ഈ സ്വപ്നം കണ്ടു കണ്ടു യധാര്‍ത്ഥത്തില്‍ നടക്കുന്നതൊക്കെ മനസ്സിലാക്കിയെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടെന്നാണ് തോന്നുന്നത് തറവാടിജി. ഇനി പ്രസന്റ് ടെന്‍സ് പാസ്റ്റ്
ടെന്‍സ് ആകുമ്പോള്‍ ചിലപ്പോള്‍ മനസ്സിലാകുമായിരിക്കും.
സത്യമായിട്ടും സത്യം പറഞ്ഞതാണ് കേട്ടൊ :)

ആത്മ said...

‘നിഷ്ക്കളങ്കര്‍’ എന്നെഴുതിയത് ‘നിഷ്ക്കലങ്കര്‍’ എന്നായിപ്പോയി. ക്ഷമിക്കുമല്ലൊ,

വല്യമ്മായി said...

ആത്മേച്ചി,

തറവാടി ആദ്യത്തെ കമന്‍‌റ്റ് സീരിയസ്സായിട്ട് എഴുതിയതല്ലെന്ന് അത്മേച്ചിക്ക് മനസ്സിലായില്ലേ എന്ന് ചോദിക്കാനാണ് രണ്ടാമത്തെ കമന്‍‌റ്റിട്ടത്.

ആത്മ said...

ഇപ്പോള്‍ മനസ്സിലായി:)