Sunday, April 12, 2009

സ്വപ്നം

ബ്ലോഗെഴുതിയില്ലെങ്കില്‍ ആര്‍ക്കാണു നഷ്ടം ആത്മേ? ആര്‍ക്കുമില്ല. നിനക്കു മാത്രം. നിനക്കു നീ മാത്രം. നിന്റെ ബ്ലോഗ് മാത്രം. ബ്ലോഗ് എഴുതിയില്ലെങ്കില്‍ നീ ബോറടിച്ച് ചത്തുപോകാനും സാധ്യതയുണ്ട്.
ഉദാഹരണത്തിന് ഇപ്പോള്‍ നടന്ന് ഒരു കഥ പറയാം...

ബ്ലോഗ് ഒന്നും എഴുതണ്ട എന്നും കരുതി മടിപിടിച്ച് പോയി കിടന്ന് ഉറങ്ങാന്‍ നോക്കി (ബുസിനസ്സ് ആയതുകാരണം വീട്ടില്‍ മുതിര്‍ന്നവരൊക്കെ വരാന്‍ ഇനിയും മണിക്കൂറുകള്‍ കിടക്കുന്നു താനും!)
ഉറങ്ങിയപ്പോള്‍, അതാ സ്വപ്നം..

സ്വപ്നത്തില്‍ ഭൂമികുലുക്കമോ, വെള്ളപ്പൊക്കമോ ഒക്കെ ഉണ്ടാകുന്നു. ആത്മ എല്ലാവരില്‍ നിന്നും ഒറ്റപ്പെടുന്നു, ഒടുവില്‍ ആത്മയുടെ അമ്മയെ ഒരു ട്രയിനില്‍ നിന്ന് ഇറങ്ങി വരുന്നവരുടെ ഇടയില്‍ കാണുന്നു, ഓടി അടുത്തു ചെല്ലുന്നു. ‘ഈ സ്വപ്നം തരക്കേടില്ല. ഒന്നുമില്ലെങ്കിലും അമ്മയെ കാണിച്ചു തന്നല്ലൊ!’ എന്നു സമാധാനിക്കാന്‍ തുടങ്ങുമ്പോള്‍ ആത്മ കണ്ണു തുറന്നുപോയി. സസ്പെന്‍സ്.. സസ്പെന്‍സ്.. അമ്മ ആത്മയെ തിരിച്ചറിഞ്ഞോ ഇല്ലയോ? (അമ്മക്ക് മെമ്മറി നഷ്ടപ്പെട്ട ഒരു ഭീതി തോന്നിയിരുന്നു) അമ്മയിലൂടെ ആത്മയ്ക്ക് നഷ്ടപ്പെട്ട മറ്റുള്ളവരെയൊക്കെ കണ്ടുകിട്ടുമോ?
ആത്മയുടെ മക്കളെവിടെ? ഭീതി! നിരാലംബത! നിസ്സഹായത!
അറിയാതെ ചോദിച്ചു പോവുകയാണ് , ‘ഈ സ്വപ്നങ്ങള്‍ക്കും ആത്മയോടെന്താണിത്ര പക’!

അടുത്ത ചിന്ത
എന്തിനാണ് ഇടയ്ക്കിടെ പോയി ബ്ലോഗുകള്‍ മാറ്റിയും മറിച്ചും ഒക്കെ ഇടുന്നത്?
അതും ബോറടി മാറ്റാനാണ്. അല്ലാതെ ആരോടും പകയുള്ളതുകൊണ്ടോ, ശ്രദ്ധപിടിച്ചുപറ്റാനോ ഒന്നും അല്ലെ. ഒരു ഹോബി. ചിലപ്പോല്‍ ബോറടിക്കുമ്പോള്‍ വീട്ടിലെ സാധനങ്ങള്‍, ചെടികള്‍ ഒക്കെ അടുക്കും ചിട്ടയും വരുത്തും; അതുപോലെ, ബ്ലോഗിലും ചില വ്യത്യാസങ്ങള്‍ വരുത്തി നോക്കുന്നതാണ് മൂഡ് ശരിയാകാന്‍.
[‘ആരെങ്കിലും ചോദിച്ചോ ഇപ്പോള്‍ എക്സ്പ്ലൈന്‍ ചെയ്യാന്‍’ എന്നു ചോദിച്ചാല്‍, ആത്മയ്ക്കു തന്നെ ആത്മയുടെ ബ്ലോഗിനോട് ഒരു ബാധ്യത (കുറെക്കൂടി നല്ല വാക്ക് കിട്ടുമ്പോള്‍ മാറ്റാം) ഇല്ലേ, അതുകൊണ്ടാണ്.. ]

ബോറടി മാറും വരെ ഇനിയും ചിലപ്പോള്‍ തുടരും...

വീണ്ടും ചിന്ത
എന്തിനാണിപ്പോള്‍ ബ്ലോഗിലൊക്കെ വന്ന് ചിന്തിക്കുന്നത്? വേറെ എങ്ങും പോയി ചിന്തിച്ചുകൂടെ
എന്നു ചോദിച്ചാല്‍, ഇങ്ങിനെ ചിന്തകള്‍ കുറിച്ചിട്ട് കുറിച്ചിട്ട് വരുമ്പോള്‍ ഒരിക്കല്‍ പ്രയോജനമുള്ള
നല്ല ചിന്തകള്‍ വരും. അല്ലെങ്കില്‍ പിന്നെ എന്തിനിങ്ങനെ എഴുതുന്നു?!
മനസ്സിന് എന്തെങ്കിലും ഒരു ലക്ഷ്യം കാണും... കാണാതിരിക്കില്ലാ...

ലക്ഷ്യത്തിനെ പറ്റി എഴുതിയപ്പോള്‍ അടുത്ത ചിന്ത

ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളാണ് അല്ലെ, എന്റെ ലക്ഷ്യമല്ല മറ്റൊരാളുടെ ലക്ഷ്യം.
മറ്റൊരാളുടെ ലക്ഷ്യമല്ല ഇനിയൊരാളുടെ ലക്ഷ്യം. ലക്ഷ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
നമ്മുടെ ലക്ഷ്യ സാധ്യത്തിനായി മറ്റൊരാളെ പിടിച്ച് വലിച്ച് താഴെയിടണോ?
വേണ്ടാ..
കാരണം, ചിലരുടെ ലക്ഷ്യങ്ങള്‍ ഒന്നായിരിക്കാം. പക്ഷെ, ഓരോ മനുഷ്യര്‍ക്കും മാര്‍ഗ്ഗങ്ങള്‍ വെവ്വേറെയാണ്. ഒരു മനുഷ്യനെപ്പോലെ മറ്റൊരു മനുഷ്യന്‍ ഇല്ലാത്തിടത്തോളം കാലം ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാളുടേതാകാന്‍ സാധ്യമല്ല. അതുകൊണ്ട്, ‘അയ്യോ അവന്‍ ആ വഴിയില്‍ നിന്നൊന്നു മാറിയെങ്കില്‍’, അല്ലെങ്കില്‍ ‘ഹും!, വഴിമുടക്കാനായി വന്നിരിക്കുന്നു!’ എന്നൊന്നും ആരും വിലപിക്കണ്ട ആവശ്യമില്ല. കാരണം എത്ര ജീവികളുണ്ടോ, അത്രയും മാര്‍ഗ്ഗങ്ങളുണ്ട്.
എങ്കില്‍ പിന്നെ എന്തേ ഈ ഉറുമ്പുകള്‍ ഒരു വരിയായി പോകുന്നത്?! (മനുഷ്യന്മാര്‍ ക്യൂ വില്‍ നിന്ന് മുഷിയുന്നത്?!)
അതിനും ഉത്തരമുണ്ട്. വരിവരിയായി ഒരേ വഴിയിലൂടെ പോകുന്നെങ്കിലും ഓരോരുത്തരുടെയും വേഗത വേറേ, പ്രവര്‍ത്തി വേറേ, കടമകള്‍ വേറേ, ചിന്തകള്‍ വേറേ, സാറ്റിസ്ഫാക്ഷന്‍ വേറേ...

ഇനിയും തുടരും.. വേറേ നിവര്‍ത്തിയില്ല..

ഇനിയും ചിന്ത
തൊട്ടുമേല്‍ എഴുതിയ ചിന്ത ബ്ലോഗിലെ അനുഭവമാണോ? അല്ലേ അല്ല. യധാര്‍ത്ഥ ജീവിതത്തില്‍ ഓരോരുത്തര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടു മാത്രമാണ് നൂറുശതമാനം ഗ്യാരന്റി (വിശ്വസിച്ചാലും ഇല്ലെങ്കിലും).

എങ്കിപ്പിന്നെ ഇന്ന് മതിയാക്കാം അല്ലെ ആത്മെ? വിശ്വസാഹിത്യമൊക്കെ രചിക്കാന്‍ ഇനിയും സമയം കിടക്കുകയല്ലെ...
എങ്കിപ്പിന്നെ മതിയാക്കുകയല്ലെ?
മതിയാക്കണോ?
ഒന്നുകൂടി ആലോചിക്കട്ടെ മതിയായോന്ന്...

ആത്മവിലാപം (പുതിയത്)

അപ്പോള്‍, പോസ്റ്റ് വായിക്കാനിടയായവര്‍ക്കൊക്കെ കഥയുടെ ബാക്കി എന്തായി എന്നു സ്വാഭാവികമായി സംശയം വരുമല്ലൊ...

ആത്മ പോയി ഒരു ഇന്‍സക്റ്റ് സ്പ്രേ എടുത്ത് കൂട്ടം കൂട്ടമായി വീടുവയ്പ്പും ഓടിക്കളിയും അര്‍മാദവുമായി വിഹരിച്ചിരുന്നു എറുമ്പിനു നേരേ പ്രയോഗിച്ചു. ഒരു മനസ്സാക്ഷിയുമില്ലാതെ. സത്യം പറഞ്ഞാല്‍ മനസ്സക്ഷി ആദ്യമൊക്കെ ഉണ്ടായിരുന്നു... സംഭവിച്ചതിപ്രകാരമാണ്...

ആദ്യമൊക്കെ ഓരോ എറുമ്പിനെ കാണുമ്പോഴും കുശലപ്രശ്നങ്ങളൊക്കെ നടത്തി, കഴിക്കാനൊക്കെ കൊടുത്ത്, വെള്ളത്തില്‍ വീണതിനെ പൊക്കി എടുത്ത് വെളിയിലിറക്കി, അത് ഞൂന്ന് പോകുന്ന കാണുമ്പോള്‍‍ നിര്‍വൃതിപ്പെട്ട്; പഞ്ചസാര ടിന്നില്‍ അകപ്പെട്ടുപോയതിനോടൊക്കെ മര്യാദയ്ക്ക് ഇറങ്ങിപ്പൊയ്ക്കോളാന്‍ പറഞ്ഞ് ടിന്നും തുറന്ന് നില്‍ക്കും; എല്ലാം സുരക്ഷിതമായി പോയി കഴിഞ്ഞെന്നുറപ്പു വരുത്തിയതിനുശേഷമേ ടിന്‍ അടക്കൂ. അങ്ങിനെ എത്ര എത്ര സംഭവങ്ങള്‍...

ഇന്ന് അവര്‍ ഒരു ബറ്റാലിയന്‍ ആയി വീടിന്റെ പല ഭാഗവും തുരക്കാന്‍ തുടങ്ങിയിട്ടും ഒരു നിസ്സംഗത.‘ഓ നിങ്ങള്‍ തുരന്നാലൊന്നും ഒന്നും സംഭവിക്കില്ല’. എങ്കിലും ഇടക്കിടക്ക് ചോദിക്കും, ‘ദയവുചെയ്ത് നിങ്ങള്‍ക്ക് വളപ്പിലെങ്ങാനും പോയി വീടു വച്ചുകൂടേ. ഇതിനകത്തു തന്നെ വേണോ?’

ഇതിനിടെ വീടു വൃത്തിയാക്കാന്‍ വന്ന ഒരു ‍ മേഡം ( അവര്‍ എന്നെ അങ്ങിനെയാണ് വിളിച്ചത്. അങ്ങിനെ ഞാന്‍ അവരുടെ മേഡം ആയി) പറഞ്ഞു, ‘നീങ്ങ ഇപ്പടി ഇതിനെ വിട്ടാല്‍ നിങ്കടെ വീട് മുഴുവന്‍ തുരന്ന് നാശമാക്കും’ ( ആത്മ തമിഴ് നന്നായി സംസാരിക്കും , ഒന്നുമല്ലെങ്കിലും മലയാളത്തിനോട് ഇച്ചിരി സാമ്യമുള്ള ഭാക്ഷയല്ലെ, അവരോട് സംസാരിക്കാന്‍ എന്തിനു സായിപ്പിന്റെ ഭാഷ് കടം വാങ്ങുന്നു, എന്നും പറഞ്ഞ് ‘ങ്കെ’ ‘ആമാ’ എന്നൊക്കെ പറഞ്ഞ് കസറി സംസാരിക്കും. പക്ഷെ, പറയാനുള്ളതെല്ലാം പറഞ്ഞു കഴിയുമ്പോള്‍ കേട്ടു നില്‍ക്കുന്ന തമിഴര്‍ പറയും ‘നീങ്ക മലയാളം താനേ പേശണത് എന്ന്’!. ഹും! ഈ ലോകത്ത് ആരും ഒന്നും സമ്മതിച്ചു തരില്ല. സാരമില്ല).

അങ്ങിനെ മേഡത്തിന്റെ വാണിംഗ് കുറിക്കു കൊണ്ടു. (ആത്മയ്ക്ക് ഏതിനും എന്തിനും പുറത്തൂന്ന് ഒരു ശക്തി ഇല്ലാതെ പറ്റില്ല.) അങ്ങിനെ ചെയ്ത കൊടും പാതകത്തിന്റെ രക്ത സാക്ഷികള്‍ മുറ്റത്ത് നിറഞ്ഞ് കിടക്കുന്നു...ആത്മ വിലപിച്ചു..‘ദൈവമേ എന്തൊരു പാതകമാണ് താന്‍ ചെയ്തത്!’ ഈ മരിച്ചു കിടക്കുന്നവരില്‍ എത്ര പാണ്ഡവര്‍, എത്ര കൌരവര്‍ ഒക്കെ കാണുമായിരുന്നു, അര്‍ജ്ജുനനും, ഭീമനും, ഒക്കെ കാണുമായിരുന്നിരിക്കണം യുദ്ധത്തിനു തയ്യാറെടുത്ത്, അല്ലെങ്കില്‍ ചൂതുകളിക്കാന്‍ തയ്യാറായി ഒക്കെ നിന്നവരാകും. ഉത്തര, പരീക്ഷിത്ത്, രാജ്യഭാരം കയ്യിലേന്താന്... ‍എല്ലാം താറുമാറാക്കി. ഒരു കുലം മുഴുവനും ഒരു ഞൊടിയിടക്കുള്ളില്‍ മുടിച്ച സാമദ്രോഹി ആത്മ ഇനി എവിടെ ഈ പാപം കഴുകിക്കളയാന്‍!

[സത്യത്തില്‍ ആത്മ മാനസികമായി അല്പം പ്രയാസപ്പെട്ടിരിക്കുകയാണ്. ‘സുഖമൊരു ബിന്ദു; ദുഃഖമൊരു ബിന്ദു’ എന്നല്ലെ. ഈ പോസ്റ്റ് നേരത്തെഎഴുതിയതുകൊണ്ട് അങ്ങ് പോസ്റ്റു ചെയ്യുന്നു]

വീണ്ടും ഒരിക്കല്‍ക്കൂടി

ദുഃഖത്തിന്റെ ബിന്ദുവില്‍ നിന്നും പെന്റുലം വീണ്ടും സുഖത്തിലേക്ക് ഒരിച്ചിരി സമയം വന്നു.
ആ സമയം കൊണ്ട് ഇന്നത്തെ എഴുത്ത് ഒന്ന് ഉപസംഹരിച്ചേക്കാമെന്ന് കരുതി വീണ്ടും..

എന്തിനെഴുതുന്നു?!
പോസ്റ്റ് വായിച്ച് ചിലര്‍ക്കെങ്കിലും തോന്നാതിരിക്കില്ല, ഈ സ്ത്രീ എന്തിനിങ്ങനെ എഴുതുന്നു?
എപ്പോഴും ബ്ലോഗിന്റെ മുന്നിലായിരിക്കുമോ എന്ന്. പക്ഷെ അങ്ങിനെയല്ല, വീട്ടുജോലികള്‍ക്കിടയില്‍ ഇടയ്ക്കിടക്ക് ഐഡിയകളുമായി ഓടി വന്ന് എഴുതിയിട്ട് പോകുന്നതാണ്. (വീട്ടിജോലികള്‍ ചെയ്യാന്‍ ഇന്‍സ്പിറേഷന്‍ കിട്ടാന്‍ ബ്ലോഗിലും,
വീട്ടുജോലിയില്‍ നിന്നു കിട്ടിയ ഇന്‍സ്പിറേഷനുമായി വീണ്ടും ബ്ലോഗിലും.. അങ്ങിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു വൃത്തത്തില്‍)

പോസ്റ്റ് നീണ്ടു നീണ്ടു പോയതിന്റെ കാരണം
ഒരു പോസ്റ്റിട്ടാല്‍ ഒരു കമന്റെങ്കിലും കിട്ടിയില്ലെങ്കില്‍ ഒരു ഫെയില്യുര്‍ ആയി കരുതും.( ആത്മ) ഒരു കമന്റെങ്കിലും കിട്ടുന്നതുവരെ ടെന്‍ഷന്‍.. ടെന്‍ഷന്‍. ഇന്ന് ആത്മയ്ക്ക് ടെന്‍ഷന്‍ എടുക്കാന്‍ തക്ക മനക്കട്ടി തോന്നിയുമില്ല അതുകൊണ്ട് കിട്ടിയ ഒരു കമന്റിന്റെ ബലത്തില്‍ സമാധാനമായി വല്ലതുമൊക്കെ എഴുതാമെന്നു കരുതി എഴുതിപ്പോയതാണ്. ക്ഷമിക്കുമല്ലൊ ആത്മയുടെ ഫ്രീ തിങ്കിംഗിനെ.

ഇവിടെ വന്ന് ഈ പോസ്റ്റ് വായിക്കുന്ന എല്ലാവര്‍ക്കും "Happy Vishu"

28 comments:

സബിതാബാല said...

paka saasvathamalla....

ആത്മ said...

ഇതെന്തു ഭാക്ഷയാണ്!
കുറേ നേരം ആലോചിച്ച് നോക്കിയപ്പോള്‍ ‘പക ശാശ്വതമല്ല’എന്നു വായിച്ചു. ആര്‍ക്ക് ആരോട് പക?

ഒന്നും ശാ‍ശ്വതമല്ല. ഇന്നലത്തെ മൂകത, ഇന്നില്ല. ഇന്ന് കുറേക്കൂടി വെളിച്ചമുണ്ട്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു...
ഇന്നലത്തെ ദുഃഖം ഇന്ന സന്തോഷമാകും
ഇന്നലത്തെ പക(അതാണുദ്ദേശിച്ചതെങ്കില്‍) ഇന്ന് സ്നേഹമായി മാറും..
അങ്ങിനെ പോവും കാര്യങ്ങള്‍...

ഒരു ദിവസത്തെ എഴുത്തുകൊണ്ട് ഒരു മന്‍ഷ്യനെ വിലയിരുത്തുന്നത് കഷ്ടമാണ് :(... (കരഞ്ഞതാണ്)

ആത്മ said...

ഇപ്പോഴാണ് ശ്രദ്ധിച്ചത്. പക എന്ന് ആത്മ പോസ്റ്റില്‍ എഴുതിയിരുന്നു. വെറുതെ എഴുതി വന്നപ്പോള്‍ അങ്ങിനെ ആയിപ്പോയതാണ്. എന്തിനാണെഴുതിയതെന്ന് അറിയില്ല! വെറുതെ
എഴുതുന്നതാണ്. ജീവിതം തീര്‍ന്നുകൊണ്ടിരിക്കുന്നതിന്
ഒരു തെളിവിനായി.
അതെ. പക ശാശ്വതമല്ല. ഒന്നും ശാശ്വതമല്ല. :)

കോറോത്ത് said...

paka alla..pakshe, sneham saaswathamalle :)

ആത്മ said...

aaNO?! :)
aarkkaRiyaam.
laila majnu, anaarkkali, leela,karuththamma, pareekkutti...(ellaavareyum onnum aRiyillaa thaanum) avarokke marichchupOyillE...
iniyippam aarOt chOdikkaan!

പാവപ്പെട്ടവന്‍ said...

ആര് ചോദിക്കാന്‍ ഇഷ്ടം പോലെ

ആത്മ said...

പാവപ്പെട്ടവന്‍,
മലയാളത്തിലെഴുതീട്ടും എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. നല്ല അഭിപ്രായമാണ് പറഞ്ഞെതെന്ന്
കരുതിക്കോട്ടെ,

ആത്മ said...

മി. കോറോത്ത്,
കളിയാക്കിയതായി കരുതല്ലേ..
വെറുതെ എഴുതിയതാണ്. ആര്‍ക്കെങ്കിലും ആരോടെങ്കിലുമൊക്കെ സ്നേഹം തോന്നുന്നത്
നല്ലതുതന്നെയാണ്.
പക്ഷെ, ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയിപെട്ട് സ്നേഹം ഒക്കെ
പിടഞ്ഞ് മരിക്കും. അത്ര തിരക്കും വെപ്രാളത്തിലും പെട്ടുപോയി ഇന്നത്തെ തലമുറ.
ഇപ്പോഴത്തെ, സ്നേഹത്തെപറ്റി മര്യാദക്ക് ഒരു പോസ്റ്റ് എഴുതുന്നുണ്ട്.:)

ശ്രീഹരി::Sreehari said...

ഹാപ്പി വിഷു....

കോറോത്ത് said...

ee athma chechiye kondu thottu...njan angane vichaarichillaa :).. njan ippozhaaa marupadi kaananae..aa paranja perinteyellam koote koroth-XYZ ennoode chertho, njan pennu kettan ponu :):)

Happy vishu :)

വല്യമ്മായി said...

ഇന്നലെ വായിച്ചിട്ടും കമന്റിടാതിരുന്നത് കൊണ്ട് ഇന്ന് കുറച്ചുകൂടി വായിക്കാന്‍ പറ്റി :)

വെറുക്കുന്നവരെ പോലും സ്നേഹിച്ചാലേ സ്നേഹം പൂര്‍ണ്ണമാകൂ എന്ന് ഓഷോ.തിരിച്ച് സ്നേഹമോ പരിഗണനയോ പോലും പ്രതീക്ഷിക്കാതെ സ്നേഹിക്കലാണ് ഉപാധികളില്ലാത്ത സ്നേഹം.

കൂടെയില്ല ജനിക്കുന്ന നേരത്തും എന്ന് തുടങ്ങുന്ന പൂന്താനത്തിന്റെ വരികളോര്‍ത്താല്‍ നമ്മുടെ വഴിയില്‍ വരുന്ന ആരോടും വഴക്കിടില്ല.

അത്മേച്ചിക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.

ആത്മ said...

ശ്രീഹരി,
“ഹാപ്പി വിഷു“

ബിനോയ് said...

വിഷുവായിട്ട് ആകെ കണ്‍ഫ്യൂഷനാക്കിയല്ലോ ആത്മേ. ഇതിനിയും നീളുമോ? എന്തായാലും നല്ല ചിന്തകള്‍ക്ക് ഈ കമന്റ് കൈനീട്ടം :)

ആത്മ said...

കോറോത്ത്,
“ഹാപ്പി വിഷു”

കോറോത്ത് സ്നേഹിച്ചാണോ പെണ്ണു കെട്ടുന്നത്?
ആശംസകള്‍!

ആത്മ ആത്മയുടെ മക്കള്‍ക്ക് കൊടുക്കുന്ന ഒരുപദേശം
എഴുതിക്കോട്ടെ,
‘മക്കളെ, നമ്മളെ, നമ്മുടെ സ്വഭാവം ഇഷ്ടപ്പെടുന്ന ആളിനെ വിവാഹം കഴിക്കുന്നതു ഒരു ഭാഗ്യമാണ്...(ആത്മയിലെ സ്വപ്നജീവി)
പക്ഷെ, നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ തോന്നുന്നെങ്കില്‍ അറ്റ്ലീസ്റ്റ് ഒരു മലയാളി, നായര്‍,-മലയാളികളെപ്പോലും കണ്ടുകിട്ടാന്‍ വിഷമമുള്ള നാട്ടില്‍- എങ്കിലും നോക്കണേ..’(പ്രാക്റ്റിക്കല്‍ വനിത)

ഇതെല്ലാം കൂടി കേള്‍ക്കുമ്പോള്‍ മക്കള്‍ മറുപടി പറയും
‘സാരമില്ല ഞങ്ങള്‍ കല്യാണം കഴിക്കുന്നില്ല. അമ്മ വിഷമിക്കണ്ട എന്ന്’!

ആത്മ said...

വലിയമ്മായി,
വലിയമ്മായിക്കും കുടുംബത്തിനും “പുതുവത്സരാശംസകള്‍!”

വലിയമ്മായിക്ക് പൂന്താനത്തെയും ഓഷോയെയും ഒക്കെ
അറിയാം അല്ലെ?! :)

വല്യമ്മായി said...

അയ്യോ അവരെ അറിയാമെന്ന് അറിയിക്കന്‍ കമന്റിയതല്ലാട്ടോ :)

സ്വഭാവസവിശേഷതകള്‍ക്ക് ഉപരിയായി നമ്മെ സ്നേഹിക്കാനറിയാവുന്നവരെ കല്യാണം കഴിക്കണമെന്നെ ഞാന്‍ പറയൂ.

ആത്മ said...

ബിനോയ്,
“ഹാപ്പി വിഷു”
നല്ല പോസ്റ്റ് എന്നു അറിഞ്ഞതില്‍ വളരെ വളരെ സന്തോഷം!
അപ്പോള്‍ ബോറായില്ല അല്ലെ!
ഇനിയും ഇങ്ങിനെയൊക്കെ എഴുതിയാല്‍ ബ്ലോഗ് വാസികല്‍ സഹിക്കുമായിരിക്കും അല്ലെ,
നന്ദി!

ആത്മ said...

ഈ വലിയമ്മായിയെക്കൊണ്ട് തോറ്റു!
അവരെ അറിയാമെന്ന് അറിയിക്കാനാണ് പോസ്റ്റിട്ടതെന്ന്
ഇപ്പോള്‍ ആരു പറഞ്ഞു.
വലിയമ്മായിക്ക് ആത്മയെ ഇഷ്ടമുള്ളതുപോലെ, (ഇച്ചിരി കൂടുതലും) ആത്മയ്ക്ക് വലിയമ്മായിയെ
ഇഷ്ടമാണ്.
വലിയമ്മായിയെപ്പറ്റി കൂടുതല്‍ അറിയും തോറും ആ ഇഷ്ടം കൂടിവരുന്നതറിയിക്കാനാണ് അങ്ങിനെ എഴുതിയത് :)

സ്നേഹം കിട്ടുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ഒക്കെ യോഗം വേണം... മുന്‍ ജന്മ സുകൃതം വേണം...അല്ലെ,

കോറോത്ത് said...

angane chodichal kalyanam kazhikkan theerumanichappo ithiri sneham okke vannu :):)

makkalodulla upadesham enikkishtappettu :)...ente parents ivane updeshichitonnum karyamilla ennu vicharichittaanennu thonnunnu, updesikkan onnum nokkiyilla..nere karyathilekku katannu :):)

ആത്മ said...

ആ സ്നേഹം നാള്‍ക്കുനാള്‍ വളരട്ടെ എന്നാശംസിക്കുന്നു...:)

വല്യമ്മായി said...

ആത്മേച്ചി,ദൈവത്തിനു നമ്മോടുള്ള സ്നേഹമാണ് പലരില്‍ നിന്നും നമുക്ക് കിട്ടുന്നത്.അതു കൊണ്ട് സ്നേഹത്തിന്റെ ആകെതുക എല്ലാവര്‍ക്കും സമമാകും.പലപ്പോഴും സ്നേഹിക്കുന്ന ആളും സ്നേഹിക്കപ്പെടുന്ന ആളും അത് തിരിച്ചറിയാതെ പോകുന്നതാണ്,

തത്വങ്ങളും പറഞ്ഞ് പിന്നേം പിന്നേം വരുന്നതിനു മാപ്പ് :)

ആത്മ said...

വലിയമ്മായി ആത്മയോട് മാപ്പൊന്നും പറയണ്ട ട്ടൊ, :)
ആത്മയുടെ മനസ്സ് പലപ്പോഴും ചപലമാണ്.
ചിലപ്പോള്‍ തോന്നും ജീവിതത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടെന്ന്. ജീവിക്കാനേ അറിഞ്ഞുകൂടെന്ന്
തോന്നും ചിലപ്പോള്‍. അങ്ങിനെ കണ്‍ഫ്യൂഷനുമായി നടക്കുമ്പോള്‍ വലിയമ്മായിയെപ്പോലെ നേര്‍ബുദ്ധി ഉള്ളവരെയൊക്കെ പരിചയപ്പെടാന്‍ സാധിക്കുന്നത്
ഒരു ഭാഗ്യമായി കരുതുന്നു.

വല്യമ്മായി said...

ചപലതകള്‍ എല്ലവര്‍ക്കുമുണ്ടാകും ആത്മേച്ചി,ഞങ്ങളുടെ എന്‍‌ജിനീയറിംഗ് ഭാഷയില്‍ പറഞ്ഞാല്‍ നൂറൂ ശതമാനാം ബാലന്‍സ്ഡ് ആയ ഒരു സിസ്റ്റവും ലോകത്തില്ല.അതൊക്കെ നൈമിഷികമാണെന്നറിഞ്ഞ് ശാശ്വതമായ ലക്ഷ്യത്തില്‍ മനസ്സുറപ്പിക്കുക :)

ആത്മ said...

അപ്പോള്‍ പിന്നെ ചപലതപ്പെടാന്‍ അനുവാദം തന്നല്ലൊ അല്ലെ?! (മനസ്സിനെ ഉള്ളൂ ചപലതയൊക്കെ-നമ്മളൊന്നും സന്യാസിമാരൊന്നും അല്ലല്ലൊ അല്ലെ,) പിന്നെ വഴക്കുപറയാനൊന്നും വരല്ലേ...:)
ലക്ഷ്യം ശാശ്വതമായാല്‍ മതിയല്ലൊ...

ശരിക്കും പറഞ്ഞാല്‍ നമ്മുടെയൊക്കെ ലക്ഷ്യം എന്താണു വലിയമ്മായി?
ആത്മ നോക്കിയിട്ട് എല്ലാവര്‍ക്കും ഒരേ ലക്ഷ്യനങല്‍ തന്നെ.
സ്വന്തം സുഖം;പിന്നെ ഒടുവില്‍ ദുഃഖം;
ഒടുവില്‍ ഒന്നുമില്ല.. ശൂന്യത..
ഭയാനകമായ ഒരന്ത്യം...
പിന്നെ പരമമായ ആനന്ദം!

വല്യമ്മായി said...

അന്ത്യം ലൗകികജീവിതത്തിനേ ഉള്ളൂ.മരണം മരണത്തിന്റെ മാത്രം മരണമാണെന്ന് റൂമി.ശരിയായ ജീവിതം മരണശേഷം തുടങ്ങാനിരിക്കുന്നേ ഉള്ളൂ,ചിത്രശലഭം ആകുന്നതിനു മുമ്പുള്ള ഒരു പ്യൂപ്പ അവസ്ഥയിലാണെന്ന് പറയാം ഇപ്പോള്‍ :)

ആത്മ said...

ശരി എന്‍ജിനീയറേ :)
എന്നാലും ഇതൊരു വല്ലാത്ത പ്യൂപ്പ അവസ്ഥ തന്നെ!
വന്നുപെട്ടുപോയില്ലേ.. ഇനിയിപ്പം ഇതേ നിവര്‍ത്തിയുള്ളൂ അല്ലെ,
മരിച്ചുകഴിഞ്ഞ് ചിത്രശലഭമായി പാറിപ്പറന്ന് നടക്കാമെന്ന് സ്വപ്നം കണ്ടോണ്ടിരിക്കാം അല്ലെ,
അതാണ് ആത്മയും ചെയ്യുന്നത്. വെറുതെ സ്വപ്നം കാണല്‍. പരമ സുഖം!
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കെല്ലാം സമാധാനം.

തറവാടി said...

ഇ നിലക്ക് പോയാല്‍ ഞാന്‍ മിക്കവാറും എന്‍‌റ്റെ ചിന്താ ബ്ലോഗ് പൂട്ടും :)
ബിലേറ്റ് വിഷു ആസംസകള്‍ :)

ആത്മ said...

വിഷുആശംസകള്‍ക്ക് നന്ദി! :)
ആത്മ അല്‍പ്പം ഓവറായിപ്പോയോ തറവാടിജീ?
സാരമില്ല അല്ലെ,