Thursday, March 19, 2009

ബുദ്ധിമാന്ദ്യം

ഈയ്യിടെയായി തീരെ സമയം കിട്ടുന്നില്ല. അല്ലെങ്കില്‍ ഓടിവന്ന് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിട്ട് ഇടയ്ക്കിടെ വന്ന് കമന്റുണ്ടോ കമന്റുണ്ടോ എന്നും നോക്കി ദിവസങ്ങള്‍ ജീവിച്ചു തീര്‍ക്കാമായിരുന്നു. അതൊരു പ്രത്യേക സുഖം/ദുഃഖം.(കിട്ടുമ്പോള്‍ സുഖം കിട്ടാതിരിക്കുമ്പോള്‍ ദുഃഖം)

ഇപ്പോള്‍ എഴുതാം, പിന്നെ എഴുതാം, ഉടന്‍ തന്നെ എഴുതുന്നുണ്ട്, എന്നൊക്കെ ഇടയ്ക്കിടെ വീമ്പടിക്കുമെങ്കിലും/ഉഴപ്പുമെങ്കിലും, എന്തെഴുതണമെന്ന് ഒരു ആശയക്കുഴപ്പം ഇല്ലാതില്ല. എന്താണ് ബ്ലോഗില്‍ എഴുതിയാല്‍ നന്ന്, എന്താണ് അരോചകം എന്നൊന്നും ഒരുപിടിയുമില്ലാ. എങ്കിലും എഴുതണ്ടേ...എണീക്കൂ ആത്മേ ഉയിര്‍ത്തെണീക്കൂ...( അര്‍ജ്ജുനന്‍ യുദ്ധക്കളത്തില്‍ തളര്‍ന്നിരിക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ വന്ന് പ്രചോദനം നല്‍കുന്നപോലെ ആത്മയുടെ മനസ്സാക്ഷിയുടെ ഉപദേശം)

ഉപദേശമൊക്കെ കേട്ട് ഉയിര്‍ത്തെണീക്കുമ്പോള്‍ വീണ്ടും, ഉള്ളിലെ അര്‍ജ്ജുനന്‍, ‘ആത്മേ ബ്ലോഗുലോകത്ത് തകര്‍ത്തുവച്ച് ബ്ലോഗ് കളി മത്സരം നടക്കുന്നതിനിടയില്‍ നീ ആര്‍ക്കുവേണ്ടിയാണ് എഴുതുന്നത്?, മുഖം മൂടി വച്ച് പല പേരില്‍ ജീവിക്കുന്ന ബ്ലോഗ് ആത്മാക്കള്‍ വായിക്കുമെന്ന് പ്രതീക്ഷിച്ചോ? ( ഇടയ്ക്കിടെ ചില നക്ഷത്രങ്ങളും മിന്നി മറയുന്നത് കണ്ടിട്ടുണ്ട്!) എന്തിനുവേണ്ടിയാണ് എഴുതുന്നത്? എന്താണെഴുതാന്‍ ഉദ്ദേശിക്കുന്നത്’ എന്നൊക്കെ നൂറു നൂറു സംശയങ്ങള്‍.

പിന്നെ, എഴുതാന്‍ തോന്നുമ്പോള്‍ സമയം കിട്ടില്ല, സമയം കിട്ടുമ്പോള്‍ സന്ദര്‍ഭം അനുകൂലമല്ല. ( ഈ ബ്ലോഗെഴുത്തുകൊണ്ട്- എന്തെഴുത്തായാലും- ഒരു നയാപൈസാപോലും കിട്ടില്ലെന്നും നഷ്ടമേ ഉണ്ടാകൂ എന്നും ബിസിനസ്സ് സാമ്രാട്ടുകള്‍. എഴുതുന്നവരുടെ കുടുംബങ്ങളൊക്കെ വഴിയാധാരമായിപ്പോയത്രെ!) പോരാത്തതിനു സാമ്പത്തിക മാന്ദ്യം (ശൂ... ആത്മേ വീട്ടമ്മമാര്‍ക്ക് എന്തു മാന്ദ്യം? എന്നും ഒരുപോലെരാവിലെ സൂര്യനുദിക്കും, പിന്നെ മുറപോലെ ചെയ്യേണ്ടുന്ന ജോലികള്‍ ചെയ്യുക, സൂര്യനസ്തമിക്കുമ്പോള്‍ കുളിച്ച് നാമം ജപിച്ച് കിടന്നുറങ്ങണം ഹല്ല പിന്നെ!)

എന്നാലും വീട്ടമ്മമാരെ ഡിപ്പന്റ് ചെയ്യുന്ന (വീട്ടമ്മമാര്‍ ഡിപ്പന്റ് ചെയ്യുന്ന എന്ന് വേണമെങ്കില്‍ തിരുത്തിക്കോളൂ) കുറേ ആത്മാക്കള്‍ കാണുമല്ലൊ എല്ലാ വീട്ടിലും. ഒരു പനിവന്നാല്‍, സാമ്പത്തികമാന്ദ്യം വന്ന് വിഷമിച്ചാല്‍, റിസല്‍ട്ട് മോശാമാ‍യാല്‍ എന്നുതുടങ്ങി സാധാരണയില്‍ നിന്നും വിഭിന്നമായി എന്തു വിഷമങ്ങള്‍ വന്നാലും കൂടെ നില്‍ക്കാന്‍ ഒരു കൈ/തോള്‍ കൊടുക്കാന്‍
വീട്ടമ്മമാരെല്ലെ ഉള്ളൂ (പിന്നെ എല്ലാം തീര്‍ന്ന് പാട്ടും പാടി വെളിയില്‍ പോകുമ്പോള്‍-“ നീയാര് അമേരിക്കന്‍ പ്രസിഡന്റിന്റെ മോളോ എന്നെ രക്ഷിക്കാന്‍? അല്ലെങ്കില്‍ എന്റെ മക്കളെ രക്ഷിക്കാന്‍? നീ എന്റെ ദാക്ഷിണ്യത്തില്‍ സുഖലോലുപയായി ജീവിക്കുന്ന ഒരു പീറ വീട്ടമ്മ (വിതൌട്ട് എനി വാല്യൂ അറ്റ് ആള്‍). ഇതൊക്കെ കേട്ടാല്‍ ചങ്കു തകരുമെന്ന് അനുഭവമുള്ളതുകൊണ്ട് മിക്ക വീട്ടമ്മമാരും ചങ്കിനെ ഭദ്രമായി കെട്ടിപ്പൊതിഞ്ഞ് വച്ചിട്ടുണ്ട് ഏഴു വാതിലുകളുള്ള ഒരറയ്ക്കുള്ളില്‍. വെറുതെ ചങ്കിനെ രക്ഷപ്പെടുത്താന്‍. പക്ഷെ, ചിലര്‍ കുറേ വര്‍ഷം കഴിയുമ്പോള്‍ ഈ ഏഴറകളുടെ താക്കോല്‍ കളഞ്ഞതായും മറന്നുപോയതായും ഒക്കെ പരിഭ്രാന്തിപിടിച്ച് ഓടുന്നതും കണ്ടിട്ടുണ്ട്..

അപ്പോള്‍ പറഞ്ഞു വന്നത്,
ആത്മ ഇപ്പോള്‍ ബ്ലോഗെഴുതും പിന്നെ എഴുതും എന്നൊക്കെ ഭീക്ഷണി/ഉഴപ്പിത്തുടങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായില്ലേ, എന്തെങ്കിലും എഴുതി നോക്കാം എന്നു കരുതി. ഇപ്പോള്‍ ഇത്രയും മതി അല്ലെ, ബോറായെങ്കില്‍ ക്ഷമിക്കുമല്ലൊ, ഇനി സമയം കിട്ടുമ്പോള്‍ നല്ല ഒരു സിനിമാക്കഥയുമായി വരാം. ആരെയും അനുകരിക്കുന്നെന്നൊന്നും പറയില്ലല്ലൊ അല്ലെ,
സസ്നേഹം
ആത്മ

8 comments:

വല്യമ്മായി said...

നല്ല അനായാസമായ എഴുത്ത് :)

തറവാടി said...

ഹ ഹ ആത്മേ, ഏറ്റവും ഉല്‍‌കൃഷ്ടമായതെന്തെന്നെന്നോട് ചോദിച്ചാല്‍ ' നല്ല ഒരു വീട്ടമ്മയാകുക' എന്നായിരിക്കും സത്യം.

സു | Su said...

ആത്മേച്ചീ :) വീട്ടിലെ ജോലിയും നല്ലതല്ലേ? പ്രതിഫലം തരുന്നത് ദൈവമാണെന്നു മാത്രം. എല്ലാരിൽനിന്നും ഒരുപാട് സ്നേഹം.

എഴുതുന്നത് ഇഷ്ടമാണെങ്കിൽ എഴുതുക. ലാഭവും നഷ്ടവും ഒക്കെ മിക്കകാര്യത്തിലും ഇല്ലേ? തിരക്കില്ലാത്തപ്പോൾ എഴുതൂ.

Bindhu Unny said...

നല്ല വീട്ടമ്മയാകാന്‍ അത്ര എളുപ്പമല്ലല്ലോ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, വീട്ടമ്മമാര്‍ നന്നായാലേ കുടുംബം നന്നാവൂ. ജോലിയ്ക്ക് പോയാലും വീട്ടുകാര്യങ്ങള്‍ ശരിക്ക് നോക്കിയില്ലെങ്കില്‍ കുറ്റം കേള്‍ക്കും. അതാ സമൂഹം.
പിന്നെ, കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ കമന്റ് എഴുതിയപ്പോള്‍, റിയല്‍ സുഹൃത്തില്ലാത്തവര്‍ എഴുതാന്‍ പാടില്ലാന്ന് ഉദ്ദേശിച്ചിട്ടേയില്ലാട്ടോ. റിയല്‍ സുഹൃത്തുക്കളും കൂടി ഒരാള്‍ക്ക് ഉള്ളതാണ് നല്ലതെന്ന എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ.
ആത്മ ആത്മസംതൃപ്തിക്കായി എഴുതൂ. :-)

ആത്മ said...

വലിയമ്മായി,
നന്ദി!

തറവാടിജി,
വളരെ സാക്രിഫൈസും ചെയ്യണം അല്ലെ,
ഗൃഹസ്ഥാശ്രമം വിജയകരമായി ചെയ്യുന്ന ഒരാള്‍ സന്യാസിയെക്കാളും ശ്രേഷ്ഠനാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

സൂ,
വീട്ടുജോലി നല്ലതൊക്കെ തന്നെ പക്ഷെ, ചിലപ്പോള്‍ ബോറടിച്ച് ചത്തുപോകുമെന്നു തോന്നും എന്നുമാത്രം :)
മനുഷ്യനു ഇഷ്ടമുള്ളത് ചിലതെങ്കിലുമൊക്കെ ചെയ്താ‍ലല്ലെ സാക്രിഫൈസ് ഒക്കെ ചെയ്യാന്‍
ശക്തി കിട്ടൂ

Bindu Unny,
അതെ ബ്ലോഗൊക്കെ എഴുതിയാലും നമ്മള്‍ വീട്ടുകാര്യങ്ങളൊക്കെ നന്നായി ചെയ്താല്‍ പിന്നെ
എന്തിനു ഭയക്കണം അല്ലെ?
റിയല്‍ സുഹൃത്ത് എന്നു പറഞ്ഞതില്‍ വിഷമമൊന്നും ഇല്ല. ആത്മ ആത്മയെ ഒന്നു സാന്ത്വനിപ്പിച്ചതല്ലെ,
റിയല്‍ സുഹൃത്തുക്കളെ കിട്ടുന്നതൊക്കെ ഒരു ഭാഗ്യമല്ലെ, അത് പേപ്പറില്‍ അഡ്വര്‍ ട്ടൈസ് ചെയ്താലൊന്നും കിട്ടില്ലല്ലോ,

ശ്രീഹരി::Sreehari said...

ധൈര്യമായി എഴുതെന്നേ...
സിനിം-ബുക്ക് റിവ്യൂസ് ഒക്കെ പോരട്ടെ...

പാവപ്പെട്ടവന്‍ said...

നന്നായിട്ടുണ്ടു
അഭിനന്ദനങ്ങള്‍

ആത്മ said...

ശ്രീഹരി,
നന്ദി! :)

പാവപ്പെട്ടവന്‍,
അഭിനന്ദനത്തിനു വളരെ വളരെ നന്ദി!