Saturday, March 21, 2009

മില്ല്യന്‍ ഡോളര്‍.. അല്ല.. സ്ലം ഡോഗ് മില്ല്യണയര്‍

ഒടുവില്‍ ആത്മയും ‘സ്ലം ഡോഗ് മില്ല്യനയര്‍‍’‍ കാണാന്‍ പോകുന്നു...
‘സ്ലം ഡോഗ് മില്ല്യനയര്‍‍’ എന്നു പറയാന്‍ തുടങ്ങുമ്പോള്‍ ആദ്യം നാവില്‍ വരുന്നത് ‘മില്ല്യണ്‍ ഡോളര്‍ .. ’എന്നോ മറ്റോ ആണ്. ആത്മ പിന്നെ ആദ്യമേ പോയി തിരയും മെമ്മറിയില്‍ (അത്രയ്ക്കുണ്ട് മെമ്മറി)ഡോഗ്, മില്ല്യണ്‍, എക്സട്ര, എന്നൊക്കെ മാറി മറിഞ്ഞ് ഒടുവില്‍ തെളിഞ്ഞു വരും 'മി-ല്ല്യ-ണ്‍ ഡോ-ള-ര്‍.. അല്ല, 'സ്ലംഡോഗ് മില്ല്യനയര്‍'.. ആ‍ അതു തന്നെ. നമ്മുടെ ഇന്ത്യാക്കാര്‍ ഇരച്ചുകയറി ഹോളിവുഡില്‍ പോയി നിറയെ ഓസ്ക്കാറൊക്കെ വാങ്ങിക്കൂട്ടിയ പടം. ഇന്ത്യാക്കാരെവച്ച്, ഇന്ത്യയെവച്ച് പടമെടുത്ത് നിറയെ ഓസ്ക്കാര്‍ വാങ്ങിയ സ്ഥിതിക്ക്, കൂട്ടത്തില്‍ ഒരു രണ്ടെണ്ണം ‘ഇന്നാ പിടിച്ചോ പട്ടിണീ നിനക്കും ഇരിക്കട്ടെ’ എന്നും വേണമെങ്കില്‍ പറയാം. (ഇതൊക്കെ ആത്മയുടെ മാത്രം വ്യൂ ആണേ. സത്യം പറഞ്ഞാല്‍ ഇത്രയൊക്കെയേ ആത്മക്കതിന്റെ മഹിമ അറിയൂ.) എന്തായാലും ഇന്ത്യയ്ക്ക് ഇതില്‍ കാര്യമായ പങ്കുള്ള സ്ഥിതിക്ക് സാദാ വീട്ടമ്മമാരും കണ്ടിരിക്കണ്ടേ,

പിന്നെ ചുളുവിന് ബോംബേയിലെ തെരുവു ജീവിതമൊക്കെ കാണാനും (ചുളുവിനല്ല, പേര്‍സില്‍ നിന്നും 10 വെള്ളി ഓരോരുത്തര്‍ക്കും കൊടുക്കണം) പിന്നെ മക്കളോടൊപ്പം പോപ് കോണൊക്കെ തിന്ന്(ഇനി കൂടിയാല്‍ എത്ര കാലം കൂടി), സയലന്റായി, യാതൊരു ഡിസ്റ്റ്റാക്ഷനുമില്ലാതെ, (പോപ് കോണ്‍ കൊറിക്കുന്ന ഒച്ച ഒഴിച്ച്) സിനിമാ കാണാം. ഇടക്ക് കാറ് ഇരച്ചു കയറുകയും ഗേറ്റ് ‘പടാര്‍’ എന്നടയുകയും, പോപ്പ്കോണുമായി ഓടുകയുമൊന്നും ചെയ്യാതെ സ്വസ്ഥമായിരുന്ന് കാണാം...)

സിനിമയുടെ സാങ്കേതിക വശങ്ങളെയൊക്കെ നല്ല വിവര‍മുള്ളവര്‍ പലയിടത്തും ഇതിനകം പോസ്റ്റിയിട്ടുണ്ടെന്നറിയാം. എങ്കിലും ആത്മയ്ക്ക് ആത്മയുടെ അനുഭവം എഴുതാനല്ലെ, ആത്മയുടെ ബ്ലോഗ്!. ‘വെറൈറ്റി ഈസ് ദി സപൈസ് ഓഫ് ലൈഫ്’ എന്നാണ് മി. ആത്മപോലും പറയുന്നത്. അപ്പോള്‍ ‘മില്ല്യണ്‍ ഡോളര്‍ സ്ലം’ അല്ല ‘സ്ലം ഡോഗ് മില്ല്യനയറി’യോട്ട് വരട്ടെ,

ഒടുവില്‍ മേല്‍പ്പറഞ്ഞ അവസ്ഥകളൊക്കെ യാധാര്‍ഥ്യമായി, ആത്മയും മക്കളും തീയറ്ററിനകത്ത് എത്തിപ്പെട്ടു, (മുകളില്‍ നിന്നുള്ളവരുടെ അനുവാദത്തോടെ) ആത്മയുടെ കയ്യില്‍ ഒരു ചെറിയ കപ്പില്‍ ചൂടുള്ള കോഫി; ഒരുകയ്യില്‍ ഒരു കവര്‍ പോപ്പ്കോണ്‍; നൊ ഡിസ്റ്റ്റാക്ഷന്‍; ഓ. കെ. ലെറ്റ് അസ് സ്റ്റാര്‍ട്ട്...ആക്ഷന്‍...

സ്ലം ഡോഗ് മില്ല്യനയര്‍

(തീയറ്ററിലെ 2, 2.30 മണിക്കൂര്‍ പിന്നെ യാത്ര എല്ലാം കൂടി ഒരു 4, 5 മണിക്കൂര്‍ ലാഭിച്ച് അതും കൂടി പൊതു സേവത്തിന് മുതല്‍ക്കൂട്ടുന്ന ‘മുതലാളിക്ക്’ കഥ സമ്മറൈസ് ചെയ്ത് കൊടുത്തത്.ബുസിനസ്സ് മാനും സിനിമയെപ്പറ്റിയൊക്കെ ഒന്നറിഞ്ഞോട്ടെ, പാവമല്ലെ,)

‘ഒരു ചേരിയില്ലേ ചേട്ടാ, അവിടുത്തെ കഥയാണ്. വളരെ ഹൃദയസ്പര്‍ശ്ശമാം വിധം നന്നായി എടുത്തിരിക്കുന്നു! ചേരിയിലൊക്കെ തെണ്ടി ജീവിക്കുന്ന കൊച്ചു കുട്ടികളില്ലെ അവരുടെ കഥ!കണ്ണൊക്കെ ചൂഴ്ന്നെടുത്ത് തെണ്ടാന്‍ വിടുന്നതിനു പിന്നിലെ കഥ’ (പാവം അരവിന്ദ് എന്ന ബാലന്‍). ബോബെയില്‍ ഒരിടത്ത് ഒരു കലാപമുണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ മരണപ്പെട്ട് അനാധരാകുന്ന കുറെ പാവപ്പെട്ട ചേരി നിവാസികള്‍; അവരെ പല നീചമായ പ്രവര്‍ത്തികള്‍ക്കും ഉപയോഗിച്ച് കാശുണ്ടാക്കാന്‍ ശ്രമിക്കുന്ന ക്രൂരരായ മനുഷ്യര്‍. അതില്‍ ഒരു കുട്ടി (ജമാല്‍ മാലിക്ക്) എങ്ങിനെയോ ‘ഹു വാന്റ്സ് ടു ബി എ മില്ല്യണയര്‍’ എന്ന ഗയിം ഷോ വില്‍ എത്തപ്പെടുന്നു. അവിടെ വച്ച് ജമാല്‍‍ ഓരോന്നോരോന്നായി ശരിയുത്തരം പറഞ്ഞ് ഒടുവില്‍ ഫൈനല്‍സില്‍ എത്തുന്നു. ജമാല്‍‍ തെറ്റാതെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുന്നതില്‍ വല്ല കള്ളത്തരവുമുണ്ടാകുമോ എന്ന് സംശയിക്കുന്ന‍ ഷോ നടത്തിപ്പുകാര്‍ ഫൈനലില്‍ എത്താറാകുമ്പോള്‍ അവനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിച്ച് എങ്ങിനെ ജമാലിന് ഉത്തരം ശരിയാക്കാനായി എന്ന് അറിയാന്‍ ശ്രമിക്കുന്നതാണ് കഥയുടെ തുടക്കം. വളരെ ക്രൂരമായ പീഡനങ്ങളിലൂടെ ഒടുവില്‍ അവന്‍ തനിക്ക് ഓരോ ഉത്തരവും അറിയാവുന്നതിനു പിന്നിലെ ഓരോ ദാരുണമായ സംഭവങ്ങളും വെളിപ്പെടുത്തുന്നതാണ് കഥ.

(ഇനിമുതല്‍ ബാക്കി കഥ ബ്ലോഗെഴുത്തായി മാറുന്നു)

അതിലൊന്നാണ് കൂട്ടുകാരന്റെ കണ്ണു ചൂഴ്ന്നെടുക്കുന്ന കഥ.

രാത്രി ജമാലിന്റെ ജ്യേഷ്ഠന്‍ സലീമിനെയും കൂട്ടുകാരന്‍ അരവിന്ദിനെയും കൂടി ഒരു ഇരുളടഞ്ഞ സ്ഥലത്ത് വച്ച് അവര്‍ ടെസ്റ്റ് നടത്തുന്നു. നന്നായി പാടാന്‍ കഴിയുന്നത് അരവിന്ദാണെന്നു കണ്ട് ആ കുട്ടിയുടെ കണ്ണ്‌ ചൂഴ്ന്നെടുക്കുന്നു. പാടാന്‍ അറിയാത്തതുകൊണ്ട് സലിം രക്ഷപ്പെടുന്നു. അടുത്തത് തന്റെ അനിയന്റെ ഊഴമാണ്. ജമാല്‍‍ ചെറുതിലെ അല്പം എക്സ്ട്ര ബ്രില്ല്ലൈന്റ് ആയ നല്ല ചുണക്കുട്ടനായ ഒരു കുട്ടിയായിരുന്നു. അവന്‍ പാടി നല്ല കാശുണ്ടാക്കുന്നതും തന്റെ കാമുകി (കൊച്ച് പെണ്‍കുട്ടി-ലതിക- 6,’വയസ്സേ ഉള്ളൂ.) രണ്ടുപേരും ചേര്‍ന്ന് ഡാന്‍സ് ചെയ്യുന്നതും ഒക്കെ ഭാവന ചെയ്ത് നിലാവത്തിരിക്കുമ്പോള്‍, സലിം വന്ന് കണ്ണ്‌ ചൂഴ്ന്നെടുക്കാന്‍ കൂട്ടിക്കൊണ്ടു പോകുന്നു. എങ്കിലും കണ്ണ്‌ ചൂഴ്ന്നെടുക്കാന്‍ സമയമാകുമ്പോള്‍ സലിം വില്ലന്മാരുടെ കൈ തട്ടിമാറ്റി, അനിയനെയും, കൂടെ ആ പെണ്‍കുട്ടിയെയും കൊണ്ട്, ട്രയിന്‍ കയറാനോടുന്നു(സഹോദര സ്നേഹം കണ്ട് കണ്ണു നിറയുന്നു). ആണ്‍കുട്ടികള്‍ ഒരു വിധേന രക്ഷപ്പെടുന്നു. പെണ്‍കുട്ടി അവിടെ ശേഷിക്കുമ്പോള്‍, ‘അവളെ അവര്‍ ഒന്നും ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ട്, അവളെക്കൊണ്ട് അവര്‍ക്ക് വേറേ ഉദ്ദ്യേശ്യങ്ങളുണ്ട്. പക്ഷെ, നിന്നെ കിട്ടിയാല്‍ അവര്‍ കണ്ണ്‌ ചൂഴ്ന്നെടുക്കും’ എന്നു പറഞ്ഞ് അനിയനെ സമാധാനിപ്പിക്കുന്നു. തുടര്‍ന്ന് അവര്‍ ബുദ്ധിപൂര്‍വ്വം ജീവിക്കുന്നു. കള്ളത്തരങ്ങളാണ് ചെയ്യുന്നതെങ്കിലും അവരുടെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ അത് ജീവിതമാര്‍ഗ്ഗം മാത്രം.

മറ്റൊരു രംഗം: ട്രയിനില്‍ വച്ച് ചപ്പാത്തി എടുത്തതിനാല്‍ താഴെവീഴുന്ന ജ്യേഷ്ഠാനുജന്മാര്‍ തലയും കുത്തി വീണെഴുന്നേറ്റു നോക്കുമ്പോല്‍ കാണുന്നത് താജ്മഹാളാണ്. ‘ഇതെന്താ സ്വര്‍ ഗ്ഗമാണോ’ എന്നു ചോദിക്കുന്ന രംഗം ചിരിപ്പിക്കുന്നു. പിന്നീട് നര്‍മ്മം കലര്‍ത്തി അവരുടെ ജീവിതം ചിത്രീകരിക്കുന്നു
താജ് മഹാള്‍ കാണാന്‍ വരുന്നവരെ ഷാജഹാനെപ്പറ്റിയും മുംതാസിനെപ്പറ്റിയും ഒക്കെ തെറ്റായ കഥകളെങ്കിലും പറഞ്ഞ് ആകൃ‌ഷ്ടരാക്കി, കാശുണ്ടാക്കുന്നു. മുംതാസ് ആക്സിഡന്റില്‍ മരിക്കുന്നു,
‘അതെ ആശുപത്രിയില്‍ വച്ചായിരുന്നു ആക്സിഡന്റ് എന്നൊക്കെ പറയുമ്പോള്‍ തീയറ്ററില്‍ ആകെ കൂട്ടച്ചിരി (ആകെ ഒരു 50 പേര്‍ കാണും തീയറ്ററിനകത്ത്, 500 വെള്ളി! ആകെ ഞങ്ങളും കൂട്ടി ഒരു 10 ഇന്ത്യാക്കാര്‍ കാണും. ബാക്കി ചീനര്‍.) ആത്മ തലയെടുപ്പോടെ ഇരുന്നു. കണ്ടോ ഞങ്ങളുടെ ഇന്ത്യാക്കാര്‍ ഇംഗ്ലീഷു പറയുന്നത്! ചേരിയിലുള്ളവര്‍ കൂടി ഹോളിവുഡില്‍ പോയി ഇംഗ്ലീഷൊക്കെ പറഞ്ഞ് കസറുന്നത്. ആ, അതാണ് ഇന്ത്യാക്കാര്‍. ഇവിടെ ഞങ്ങള്‍ക്കൊന്നും ഒരു വിലയുമില്ലേങ്കിലും ദാ കണ്ടോളൂ, സ്ക്രീനില്‍ വില കയറുന്നത്! (കൂടുതല്‍‍ തലപൊക്കിയില്ല, തെറ്റിധരിച്ചേക്കും എന്നു തോന്നിയതിനാല്‍- ഞാന്‍ ആ ടൈപ്പല്ല, അല്‍പ്പംകൂടി മെച്ചപ്പെട്ട നിലയിലാണ് എന്ന ഭാവത്തില്‍ ഇരുന്നു.)

വീണ്ടും കഥ..

അല്‍പ്പം കൂടി വലുതാകുമ്പോള്‍ ജമാല്‍‍ ചേട്ടനോടൊപ്പം പോയി കാമുകി കൊച്ചിനെ രക്ഷപ്പെടുത്തിയെങ്കിലും പെണ്ണിന്റെ പേരിലല്‍ ജ്യേഷ്ഠന്‍ അനിയനെ അകറ്റുന്നു. കാമുകിയെ നഷ്ടപ്പെട്ട ദുഃഖവുമായി ജമാല്‍‍ റാസ്റ്റോറന്റില്‍ ‘ചായ്’ സപ്ലൈ ചെയ്യുന്നതിനിടയില്‍ കമ്പ്യൂട്ടര്‍ ഗ്രാഗ്യം തുടങ്ങി പലതും കരസ്ഥമാക്കുന്നു (അതില്‍ അതിശയോക്തിയില്ല. ചേരിയിലാണെങ്കിലും ബുദ്ധിയില്‍ അപാരരാണെന്ന് ആദ്യം ‘സ്ലം’ ഇല്‍ ചാടി അബിതാബിന്റെ അമിതാബിന്റെ കയ്യൊപ്പുള്ള ഫോട്ടോ വാങ്ങുന്ന അനിയന്റെ (നല്ല ബുദ്ധി) ചേട്ടന്‍ അടുത്ത ദിവസം തന്നെ അടിച്ചു മാറ്റി വിറ്റ് (കുബിദ്ധി)തന്റെ കുറവ് നികത്തുന്നതിലൂടെ തെളിയിച്ചുകൊണ്ടാണല്ലൊ ‘മില്ലണ്‍ ഡോളര്‍..’ അല്ല ‘സ്ലം ഡോഗ് മില്ല്യണയറു’ടെ രംഗപ്രവേശം തന്നെ). അങ്ങിനെ ഒടുവില്‍, ജമാല്‍ ഹു വാണ്ട്സ് ടു ബി അ മില്ല്യണയര്‍’ എന്ന ഗയിമില്‍ എത്തപ്പെടുന്നു.

ഒടുവില്‍ ഫ്ലാഷബാക്കും പ്രസന്റ് ടെന്‍സും ഒന്നാകുമ്പോള്‍ നമ്മള്‍ ഗയിമിന്റെയും ഒപ്പം സിനിമയുടെയും ഒടുവില്‍ എത്തുകയായി. ചോദ്യകര്‍ത്താവുപോലും(അനില്‍ കപൂര്‍) വില്ലനായി മാറുന്നു. പോലീസിന്റെ പീഡനങ്ങളില്‍ നിന്നും മോചിതനായി പുറത്തുവന്ന്, അവസാനത്തെ ഉത്തരം പറയാന്‍ പോകുന്ന ജമാല്‍,‍ മില്ല്യണ്‍ ഡോളര്‍ കൂടാതെ തന്റെ കാമുകിയെയും (ജ്യേഷ്ഠന്‍ ദാനമായി കൊടുത്ത) സ്വന്തമാക്കുമ്പോള്‍, അന്യായമായുണ്ടാക്കിയ മില്ല്യണ്‍ ഡോളറി‍ പുതഞ്ഞ്, വെടിയേറ്റു മരിക്കുന്ന ജ്യേഷ്ഠന്റെ നാവില്‍ നിന്ന് അവസാനം വീഴുന്ന വാചകം ‘ഗോഡ് ഈസ് ഗ്രേറ്റ്’ (സത്യം ജയിക്കും, സത്യമാണ് ദൈവം.) കേട്ട് ആത്മയ്ക്ക് രോഞ്ചാമമുണ്ടാകുന്നു. (ചുറ്റുമുള്ള ചീനര്‍ക്ക് ഉണ്ടായിക്കാണില്ല. ഇന്ത്യയോട് അസൂയയായിരിക്കും തീര്‍ച്ച).

അനിയന്‍ സത്യത്തിന്റെ പാതയിലൂടെ നേടിയ മില്ല്യണ്‍ ഡോളറുമായി; തന്റെ ഗേള്‍ ഫ്രണ്ടുമായി; ‘ജയ് ഹോ’ ചുവടുവയ്ക്കുന്നു. ആത്മ കണ്ണും മിഴിച്ച് സ്ക്രീനില്‍ നോക്കുന്നു. (ഓ അപ്പം ‘ജയ് ഹോ’ ഇപ്പം എത്തിയേ ഉള്ളോ!)

അങ്ങിനെ ഇംഗ്ലീഷുകാര്‍ എടുത്ത ഇന്ത്യന്‍ സിനിമ ‘സത്യവും സ്നേഹവും എവിടെയും എന്നും വിജയിക്കുന്നു’ എന്ന സന്ദേശവുമായി അവസാനിക്കുന്നു.

[ചുരുക്കിപ്പറഞ്ഞാല്‍, ഇതിന് എങ്ങിനെ ഓസ്ക്കാര്‍ കിട്ടിയെന്നോ എന്തിനു കിട്ടിയെന്നോ ഒക്കെ ശരിക്കും അറിയണമെങ്കില്‍ ആത്മ ഇനി ഒരു രണ്ടുമൂന്നു ജന്മം കൂടി ജനിക്കേണ്ടി വരും]

ശുഭം..

2 comments:

പാവപ്പെട്ടവന്‍ said...

ചുരുക്കിപ്പറഞ്ഞാല്‍, ഇതിന് എങ്ങിനെ ഓസ്ക്കാര്‍ കിട്ടിയെന്നോ എന്തിനു കിട്ടിയെന്നോ ഒക്കെ ശരിക്കും അറിയണമെങ്കില്‍ ആത്മ ഇനി ഒരു രണ്ടുമൂന്നു ജന്മം കൂടി ജനിക്കേണ്ടി വരും .
ശരിക്കും ഞാന്‍ ആസ്വദിച്ചാണ് വായിച്ചത് .
മനോഹരമായിരിക്കുന്നു

ആത്മ said...

അപ്പോള്‍ ശരിക്കും ആസ്വദിക്കാന്‍ തക്കമാണ് എഴുതിയത് അല്ലെ, ഹൃദയം നിറഞ്ഞ നന്ദി!
കാരണം ആത്മയ്ക്ക് എന്തോ മാരകമായ തെറ്റുപറ്റി എന്നും കരുതി പോസ്റ്റ് പലയിടത്തും ഡിലീറ്റ് ചെയ്യാന്‍ വന്നതായിരുന്നു.രക്ഷപ്പെട്ടു!

ആത്മാര്‍ത്ഥമായി ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു.
സസ്നേഹം
ആത്മ