Thursday, March 12, 2009

ആത്മഗതം

ഇന്ന് അല്പം ആത്മഗതമാകാം...

ആത്മയ്ക്ക് പണ്ട് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. അത് ഒടുവില്‍ വലിയ വിപത്തുകള്‍ ഉണ്ടാക്കിയതുകാരണം നിര്‍ത്തേണ്ടി വന്നു. (ഒടുവില്‍ പത്തു പന്ത്രണ്ട് വര്‍ഷത്തെ ഡയറി നിഷ്ക്കരുണം തീയിലിട്ട് നശിപ്പിക്കേണ്ടി വന്നു) ഇപ്പോള്‍ ഏതാണ്ട് അതുപോലെയാണ് ബ്ലോഗെഴുത്തും.
പക്ഷെ, രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ഡയറി എഴുതിയത് സ്വന്തം സംതൃപ്തിക്കു വേണ്ടിയായിരുന്നെങ്കിലും മരിക്കുന്നതിനു മുന്‍പ് നമ്മെ മനസ്സിലാക്കുന്ന ഒരു ആത്മാവ് അത് വായിക്കുകയും നമ്മള്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഒക്കെ അതേപടി മനസ്സിലാക്കി, നമ്മോട് സഹതപിക്കുമെന്നോ മറ്റോ ഉള്ള ഒരു നേരിയ പ്രതീക്ഷ. അല്ലെങ്കില്‍ ഒരുപക്ഷെ (അല്ല മിക്കവാറും) നമ്മോടൊപ്പം മണ്ണടിയുകയും ചെയ്യും. ബ്ലോഗും ഏകദേശം അങ്ങിനെയൊക്കെ തന്നെ. കടന്നുപോകുന്ന ജീവിതം കുറിച്ചുവയ്ക്കുമ്പോള്‍ ഒരു സംതൃപ്തി, ഒപ്പം ഇവിടെ നമ്മെ മനസ്സിലാക്കുന്ന ആരെങ്കിലും ഒരു പക്ഷെ വായിച്ചേക്കാവും എന്ന പ്രതീക്ഷ അല്പം കൂടി ഉറയ്ക്കുന്നു. (മനസ്സിലാക്കാത്തവരും വായിച്ചേക്കാം. അതുകൊണ്ട് കുറച്ചുകൂടി ശ്രദ്ധിച്ച് എഴുതണം.-ബ്ലോഗ് പബ്ലിഷ് ചെയ്ത് തുടങ്ങും മുന്‍പും ആത്മ സ്ഥിരമായി ബ്ലോഗ് എഴുതിയിരുന്നു. കുറച്ചുകൂടി പെര്‍സണല്‍ ആയി നിത്യജീവിതം. അതൊക്കെ പൂട്ടി വച്ചിട്ടുണ്ട്.- ഡയറിക്ക് പ്രൈവസി നശിച്ചതില്‍ പിന്നെ കണ്ടുപിടിച്ച അടവാണ് ബ്ലോഗില്‍ എഴുതി സൂക്ഷിച്ചു വയ്ക്കുക എന്നത്. എന്നും കരുതി വലിയ രഹസ്യങ്ങളൊന്നും ഇല്ല. നിത്യജീവിതത്തിലെ സൌന്ദര്യപ്പിണക്കങ്ങള്‍, സുഖ ദുഃഖങ്ങള്‍ ഒക്കെ.) പിന്നെ, സാഹിത്യവാസന ഉണ്ടെങ്കില്‍ അതും എഴുതി ഫലിപ്പിക്കന്‍ ശ്രമിക്കാം. (അതു ഡയറിക്കും ഉണ്ടല്ലൊ)

ജീവിതം തീര്‍ന്നുകൊണ്ടിരിക്കുന്നതിന് ഒരു ദൃക്‌സാക്ഷി വേണ്ടേ, ആത്മയുടെ ആത്മ മിത്രം ആത്മയുടെ ബ്ലോഗാണ്. അതുകൊണ്ടു മാത്രമാണ് ബ്ലോഗെഴുതുന്നത്. അതില്‍ക്കൂടുതല്‍ ഒന്നുമില്ല. അതില്‍ക്കൂടുതല്‍ ഒന്നും അറിയില്ലാതാനും.

പിന്നെ ഇടയ്ക്കിടെ വന്ന് കമന്റ് പറയുന്നവരോടൊക്കെ നന്ദിയും സ്നേഹവും ഒക്കെ ഉണ്ട്, ചിലരുടെയൊക്കെ ബ്ലോഗെഴുത്ത് ആത്മയ്ക്ക് വളരെ ഇഷ്ടവുമാണ്,

അപ്പോള്‍ പറയാന്‍ വന്നത് എന്തെന്നാല്‍... ഇന്ന് എന്റെ ബ്ലോഗിനോട് ഒന്നും പറയാനില്ല എന്നതാണ്. (നല്ല ജോലിയും ക്ഷീണവുമൊക്കെയുള്ളതുകൊണ്ട്.) സമയം കിട്ടുമ്പോല്‍ ധാരാളം കാര്യങ്ങള്‍ പറയാനിരിക്കുന്നു. ഇന്ന് വിടചൊല്ലിക്കോട്ടെ,

[ബ്ലോഗിനോട് മാത്രമായി എടുക്കണമെന്നില്ല. അഥവാ വലിയ തിരക്കുപിടിച്ച ബ്ലോഗ് ജീവിതത്തിനിടയ്ക്ക് ആത്മയെപ്പറ്റി 'ഈ ആത്മയ്ക്കെന്തുപറ്റി! ഭയന്നോടി മറഞ്ഞോ, പരിഭവിച്ചോ,
വിഷമിച്ചോ' എന്നൊക്കെ ആരെങ്കിലും അബദ്ധവശാല്‍ തോന്നിയാലോ എന്നും കരുതി(തോന്നിക്കൂടായ്കയില്ലല്ലൊ).]

ബ്ലോഗിലെ എല്ലാ ആത്മാക്കളുടെയും സുഖത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്,
ആത്മ

19 comments:

ഇ.എ.സജിം തട്ടത്തുമല said...

ആശംസകൾ!

ആത്മ said...

വളരെ വളരെ നന്ദി!

ഹരീഷ് തൊടുപുഴ said...

ഇതെന്താ പ്പോ ഇങ്ങനെയൊക്കെ പറയണേ...

ഇനി, ഇതും നിര്‍ത്തീട്ട് പോകാന്‍ പോകണോ...

എന്തായാലും, ഞാന്‍ മുടങ്ങാതെ വായിക്കുന്ന ഒരു ബ്ലോഗാണിത്. ഇതിലെ പല കാര്യങ്ങളും ഞാന്‍ രസകരമായി ആസ്വദിച്ചിട്ടുമുണ്ട്... നന്ദിയോടെ

ആത്മ said...

നിര്‍ത്തുന്നൊന്നും ഇല്ല.
ഇടയ്ക്കിടക്ക് ആത്മവിശ്വാസം കൂട്ടാന്‍ ചെയ്യുന്ന പണിയാണ് :)
ബ്ലോഗ് വായിക്കുന്നുണ്ട് എന്ന് അറിയിച്ചതിനു വളരെ വളരെ നന്ദി :)

വല്യമ്മായി said...

അത് പോലൊന്ന് എത്തിനോക്കാന്‍ വന്നപ്പോഴാണീ പോസ്റ്റ് കണ്ടത്.ക്ഷീണത്തിനിടയിലും ഇത്രേ കുറിച്ചതിനു നന്ദി.

ആത്മ said...

തിരക്കിനിടയിലും വന്നു നോക്കിയതിനു നന്ദി!
:)

സു | Su said...

ആത്മേച്ചീ, അസുഖം പോയോ?

ആത്മ said...

എന്തൊരു വിളിയാണെന്റെ ദൈവമേ!
ബ്ലോഗല്ലെ, പതുക്കെ വിളിക്കണ്ടെ?!
അസുഖമൊന്നും വന്നില്ല. ജോലിത്തിരക്കായിരുന്നു
കുറേശ്ശെ നേരെയായി വരുന്നു :)

സു | Su said...

ഞാൻ മെല്ലെയാണ് വിളിക്കാൻ ഉദ്ദേശിച്ചത്. ആത്മേച്ചിയ്ക്ക് ജലദോഷം കൊണ്ട് മൂക്കടഞ്ഞ്, പിന്നെ ചെവിയും അടഞ്ഞോന്ന് വിചാരിച്ച് ഒച്ച ചിലപ്പോൾ പൊന്തിപ്പോയിരിക്കും.

ആത്മ said...

ജലദോഷം ഉണ്ടായിരുന്നു എന്നതു ശരിതന്നെ.അതു
ഭാഗ്യം പോലെ ഒരു കരുപ്പട്ടിക്കാപ്പിയില്‍ അങ്ങു പോയി!
അല്ലേ ഈ ചെവിയും മൂക്കും ഒക്കെ അടഞ്ഞിരിക്കുകയാണെന്നൊക്കെ നല്ല ആരോഗ്യത്തോടെ ഇരിക്കുന്ന മനുഷ്യരെപ്പറ്റി പറയാമോ സൂജീ?

പോരാത്തതിനു ദാ ഇപ്പം മക്കളോടൊപ്പം തീയറ്ററില്‍ പോയി സ്ലം ഡോഗ് മില്യനയര്‍ കണ്ടിട്ട് വന്നതേ ഉള്ളൂ...:)

Bindhu Unny said...

ഈ വെര്‍‌ച്വലായുള്ള ആത്മമിത്രത്തെക്കൂടാതെ ഒരു റിയല്‍ ആത്മമിത്രത്തെക്കൂടി വേണ്ടേ ആത്മേ? :-)

smitha adharsh said...

ഞാനും ഡയറി എഴുതിയിരുന്നു...ബ്ലോഗ് തുടങ്ങിയതില്‍ പിന്നെ,അത് നിര്‍ത്തി.
പറഞ്ഞപോലെ,നമ്മുടെ സുഖ ദുഃഖ സമ്മിശ്രമായ ഓര്‍മ്മകള്‍ ഡയറിയിലൂടെ കാലങ്ങള്‍ കഴിയുമ്പോള്‍ വായിചെടുക്കുന്നത് ഒരു രസം തന്നെ...
വായിക്കാതെ വിട്ട പോസ്റ്റുകള്‍ എല്ലാം വായിച്ചു ട്ടോ..
"പാസ് വേര്‍ഡ്‌" ഗംഭീരം!

ആത്മ said...

ബിന്ദു,
റിയല്‍ ആത്മമിത്രം ഇല്ലാത്തവര്‍ക്ക് എഴുതാന്‍ പാടില്ലെന്നുണ്ടോ? :)

ആത്മ said...

സ്മിത,
ബ്ലോഗ് വായിച്ചെന്നറിഞ്ഞതില്‍ വളരെ സന്തോഷം! :)
അഭിനന്ദനത്തിനു വളരെ നന്ദി!

തറവാടി said...

വല്ല ചിന്തയും കിട്ടുമോന്ന് നോക്കി വന്നതാ എവിടേന്ന്!:(, :)

തറവാടി said...
This comment has been removed by the author.
ആത്മ said...

ഒന്നും കിട്ടിയില്ല അല്ലെ,:)
സാരമില്ല,ആത്മ താമസിയാതെ വല്ലതുമൊക്കെ എഴുതി വിടാം. അപ്പോള്‍ കമന്റിടാന്‍ മടിക്കില്ലല്ലൊ അല്ലെ, ഓരോ കമന്റിലുമാണ് ആത്മയുടെ ആത്മവിശ്വാസം കുടികൊള്ളുന്നത് എന്ന് വീണ്ടും വീണ്ടും ഓര്‍മി‍പ്പിച്ചുകൊണ്ട്,
വിനയപൂര്‍വ്വം
ആത്മ

വരവൂരാൻ said...

'ആത്മയുടെ ആത്മ മിത്രം ആത്മയുടെ ബ്ലോഗാണ്. അതുകൊണ്ടു മാത്രമാണ് ബ്ലോഗെഴുതുന്നത്. അതില്‍ക്കൂടുതല്‍ ഒന്നുമില്ല. അതില്‍ക്കൂടുതല്‍ ഒന്നും അറിയില്ലാതാനും..'
ആത്മയെ പോലുള്ളവർ ഞങ്ങളുടെയും മിത്രങ്ങളാണു കുറച്ചു എഴുത്ത്‌ ഞങ്ങൾക്കു കൂടിയായ്‌ മാറ്റിവെയ്ക്കുക, ഇനിയും വരും
ആശംസകൾ

ആത്മ said...

ആത്മയെ മിത്രമായി കണ്ടതിനു നന്ദി,
ആശംസകള്‍ക്കും നന്ദി