Tuesday, March 3, 2009

അനുകരണമാണ് കല

കല എന്നാല്‍ അനുകരണമാണ്.
അനുകരണത്തില്‍ നിന്നുമാണ് കലയുടെ ഉത്ഭവം തന്നെ.
ഒരാള്‍ പ്രകൃതില്‍ ഒരു സുന്ദരമായ പുഷ്പം കാണുമ്പോള്‍ സന്തോഷിക്കുന്നു
അയാള്‍ക്ക് ആ പൂവിനെ അത് തന്നില്‍ ഉണ്ടാക്കിയ അവസ്ഥയില്‍ പകര്‍ത്തിവയ്ക്കാന്‍ ഉള്‍ക്കടമായ ആഗ്രഹം ഉണ്ടാകുന്നു. ഒരു ചിത്രകാരന്‍ ജനിക്കുന്നു!
മറ്റൊരാള്‍ ഒരു ചേരിയിലെയോ മറ്റോ, ജീവിതം മാറിനിന്നു വീക്ഷിക്കുന്നു. അയാള്‍ക്ക് താന്‍ കണ്ട രംഗങ്ങള്‍ മനസ്സില്‍ പതിയുന്നു. പകര്‍ത്തിവയ്ക്കാന്‍ ആഗ്രഹമുദിക്കുന്നു. ഒരു കഥാകാരന്‍ ജനിക്കുകയായി...
ഒരു കുയിലിന്റെ നാദം കേട്ട് അനുകരിക്കുന്ന കുട്ടി പില്‍ക്കാലത്ത പാട്ടുകാരനാകാം...
പ്രകൃതിയിലെ പലേ ശബ്ദങ്ങളും അനുകരിക്കാനുള്ള വാസനയില്‍ നിന്നും സംഗീതം ഉടലെടുക്കുന്നു.
കടലിന്റെ അലര്‍ച്ച സംഗീതമാവുന്നു;
മഴയുടെ ഇരമ്പല്‍ സംഗീതമാവുന്നു;
കാറ്റിന്റെ മൂളല്‍ സംഗീതമാവുന്നു;
വണ്ടിന്റെ മുരള്‍ച്ച;
കുയിലിന്റെ നാദം;
പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ശബ്ദങ്ങളെല്ലാം അവാഹിച്ചനുകരിച്ച് പാടുന്നു സംഗീതജ്ഞര്‍...

ചിലര്‍ അറിഞ്ഞുകൊണ്ട് മനപൂര്‍വ്വം അനുകരിക്കുമ്പോള്‍ ജന്മസിദ്ധമായി കലാവാസന ഉള്ളവരും ഉണ്ട്. അറിഞ്ഞും ചിലപ്പോള്‍ തന്നത്താനറിയാതെയും മനുഷ്യര്‍ മറ്റുള്ളവരെ അനുകരിച്ചുപോകുന്നു കലയായാലും ജീവിതമായാലും.
അനുകരണമാണ് കലയും;
അനുകരണം തന്നെയാണ് ജീവിതവും.

9 comments:

ശ്രീ said...

നല്ല ചിന്തകള്‍!

വല്യമ്മായി said...

100%അനുകരണമല്ല കല,ഒരു സാധാരണ ആള്‍ ഒരു കാര്യം കാണുന്നതും കലാകാരന്‍ കാണുന്നതും വ്യത്യാസമുണ്ട്.കണ്ടതും കേട്ടതും അയാളുടെ മനസ്സിലുണ്ടാക്കിയ അനുഭവത്തെ കഴിവനുസരിച്ച് പുനരാവിഷ്കരിക്കലാണ് എന്ന് പറയാം.

ആത്മ said...

ശ്രീ,
നന്ദി!

വല്യമ്മായി,:)
100% അനുകരണമല്ല.
പക്ഷെ അനുകരണത്തില്‍ നിന്നും തുടങ്ങും; അല്ലെ?
ഒരു കുട്ടി സംഗീതം പഠിക്കുന്നത് പണ്ടുള്ളവര്‍ എഴുതിവച്ച സ്വരങ്ങളും താളങ്ങളും ഒക്കെയല്ലെ, പിന്നീട് വലുതാകുമ്പോള്‍ സ്വന്തമായി രചനകള്‍ നടത്തും. ചിത്രം വരയ്ക്കുന്നതും അനുകരിച്ചല്ലെ തുടങ്ങുന്നത്,എഴുതുന്നതും ഏതാണ്ടതുപോലെയൊക്കെയായിരിക്കാം.
എവിടെയൊക്കെയോ എന്നൊക്കെയോ വായിച്ചതും പിന്നെ കൂടെ സ്വന്തം ഭാവനയും ഒക്കെ ചേര്‍ത്ത് അബോധമായി എഴുതുന്നതും ആകാം...

അതെ, പുനരാവിഷ്കരിക്കലാണ് കല എന്നു പറയാം.

dethan said...

'ഇല്ല,നുകര്‍ത്താവിനില്ല തന്‍ ജീവിത-
വല്ലരിയില്‍ പൂ വിരിഞ്ഞു കാണാന്‍ വിധി.'
എന്നാണ് അക്കിത്തം പറയുന്നത്.
'അനുകരണമാണു കല' എന്നത് കലയുടെ ഒരു നിര്‍വ്വചനം മാത്രമാണ്.പക്ഷേ ജീവിതവും അനുകരണമാണെന്നൊക്കെ പറയുന്നത് അല്പം കടന്ന കൈ ആണ്.
-ദത്തന്‍

ആത്മ said...

ഹൊ! സമാധാനമായി. അപ്പോള്‍ ആര്‍ക്കും ആരെയും അനുകരിക്കാനാവില്ല അല്ലെ,:)
സൃഷ്ടികര്‍ത്താവിനുപോലും ഒരാളെപ്പോളെ മറ്റൊരാളെ
നിര്‍മ്മിക്കാനാവില്ലെന്നാണ്; പിന്നല്ലെ മനുഷ്യന്!

അപ്പോള്‍ വീണ്ടും വിഷയത്തിലേക്ക് വരാം...
ഒരു ശില്‍പ്പിക്ക് ശില്‍പ്പം പണിയാന്‍ മറ്റുള്ളവര്‍ കണ്ടുപിടിച്ചു വച്ചിരിക്കുന്ന് ഉളിയും അളവുകളും ആയുധങ്ങളും ഒക്കെ വേണ്ടേ?
നാം ജീവിച്ചു തുടങ്ങുന്നതും മറ്റുള്ളവര്‍ കാണിച്ചു തരുന്ന വഴിയിലൂടെ പിച്ചവച്ചു നടന്നല്ലേ,
പിന്നീട് സ്വയം വഴിയൊക്കെ കണ്ടുപിടിച്ച് പൂവൊക്കെ വിരിയിക്കാം. എങ്കിലും അനുകരിക്കാതെ
ഒന്നും തുടങ്ങാനാവില്ലെന്നു പറഞ്ഞെന്നേ ഉള്ളൂ.

അനൂപ്‌ കോതനല്ലൂര്‍ said...

അനുകരണമില്ലെൽ ജീവിതത്തിനു പോലും എന്തു രസം

ആത്മ said...

അനൂപ് കോതനല്ലൂര്‍,

അഭിപ്രായത്തിനു നന്ദി :)

smitha adharsh said...

വല്യമ്മായി പറഞ്ഞതിനോടും യോജിക്കുന്നു...

ആത്മ said...

സ്മിതയെ കണ്ടിട്ട് കുറെ നാളായി.
കണ്ടതില്‍ വളരെ സന്തോഷം! :)

വലിയമ്മായി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
ഒരുകണക്കിന് അനുകരണവും പുനരാവിഷ്കരണവും തമ്മില്‍ ഒരു നേരിയ വ്യത്യാസമേ ഉള്ളൂ എന്നെനിക്കു തോന്നുന്നു.