Sunday, March 1, 2009

കഥ പറയുമ്പോള്‍-2

ഹോ! ഒടുവില്‍ ബാലന്റെ കഥ കണ്ടു തീര്‍ത്തു! (ആദ്യഭാഗം)

വളരെ ഹൃദയസ്പര്‍ശ്ശിയായ പരിസമാപ്തി. കണ്ണീരിനിടയിലൂടെയാണ് അവസാനം അശോക് രാജ്(മമ്മൂട്ടി) ബാലനെ (ശ്രീനിവാസനെ ) തിരിച്ചറിഞ്ഞ് സംസാരിക്കുന്നതു മുതല്‍ ശേഷമുള്ള ഭാഗങ്ങള്‍ കണ്ടു തീര്‍ത്തത്. സിനിമാ സംവിധാനത്തെപ്പറ്റിയും സാങ്കേതികതയെക്കുറിച്ചും ഒന്നും അറിഞ്ഞു കൂടാത്ത ഒരു സാധാരണക്കാരന് ഇത്രയൊക്കെപ്പോരെ ഒരു സിനിമ വിജയമെന്ന് പറയാന്‍?

സിനിമ വിജയിക്കണമെങ്കില്‍ അത് ജനഹൃദയങ്ങളിലേയ്ക്കിറങ്ങി ചെല്ലണമെന്നല്ലേ, ‘കഥ പറയുമ്പോള്‍’ എന്ന സിനിമ അക്കാര്യത്തില്‍ വിജയിച്ചിരിക്കുമെന്ന് നിസ്സംശയം പറയാം. അതുതന്നെയായിരിക്കണം ആ സിനിമ സാമ്പത്തികമായി വിജയിക്കാനും കാരണം. (വിജയിച്ചൊ ആവോ) സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ജീവിതത്തിലേക്കിറങ്ങിച്ചെല്ലാനും അവരുടെ ഫീലിംഗ്സിനെ മാനിക്കാനും ഒക്കെ ഇന്നാര്‍ക്ക് സമയം? ബാലനെപ്പോലെ പല സ്വപ്നങ്ങളും മനസ്സിലൊതുക്കി അന്യര്‍ക്ക് നന്മചെയ്തിട്ടും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ജീവിക്കുന്നവര്‍ ഇനിയുമെത്രയോ കാണും സമൂഹത്തില്‍.

ഇവിടെ മമ്മൂട്ടിയുടെ ഉദാരമനസ്ക്കതയെക്കാള്‍ [മമ്മൂട്ടി അത്രയും ചെയ്താലേ സൂപ്പര്‍ സ്റ്റാര്‍ സ്റ്റാറ്റസ് നിലനിര്‍ത്താനാകൂ ആദ്യമേ ഊഹിക്കാനാകുമായിരുന്നതുകൊണ്ടാകാം. (എങ്കിലും ഒരിച്ചിരി ആരാധന തോന്നാതിരുന്നില്ല.)] മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ബാലന്‍ എന്ന കഥാപാത്രം തന്നെയാണ്. ഒടുവില്‍ ബാലന്‍ തനിക്കു ചെയ്ത നല്ല കാര്യം അശോക് രാജ് വെളിയില്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ആരും അറിയാതെ ബാലന്റെ ഹൃദയത്തില്‍ തന്നെ ഒളിച്ചിരിക്കുമായിരുന്ന രഹസ്യം! ഇനിയും ഒരുപാട് എഴുതാനുണ്ട് ബാലനെപ്പറ്റി. ചിത്രം കണ്ടുകഴിഞ്ഞ ഉടന്‍ തോന്നിയതിത്രയും.

കഥാപാത്രം എന്നനിലയില്‍ ബാലനാണ് അരാധന പിടിച്ചു പറ്റുന്നതെന്നാല്‍, നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയും വിജയിച്ചിരിക്കുന്നു! അതെങ്ങിനെ?! നമ്മുടെ ഇടയിലും ഗ്ലാമറിനും മുന്‍ തൂക്കം കൊടുക്കുന്ന ഒരു വീരാരാധന കുടിയിരിക്കുന്നതുകൊണ്ടാകാം. ശ്രീനിവാസന്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പോലെ തന്നെ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരിക്കുമോ! അല്ലെങ്കിലെങ്ങിനെ എപ്പോഴും വ്യക്തിത്വം കുറഞ്ഞ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് വിജയിപ്പിക്കാനാകുന്നു!
ഏതിനും ഒരു വ്യക്തിയെന്ന നിലയില്‍ ശ്രീനിവാസന്‍ എന്നും ഒരു അത്ഭുതമായി ശേഷിക്കുന്നു...!
ഇനി വല്ലതും തോന്നുന്നെങ്കില്‍,
തുടരും...

4 comments:

സു | Su said...

മുഴുവൻ കണ്ടല്ലോ അല്ലേ? നന്നായിട്ടുണ്ട്. ബില്ലുവും നന്നായി.

ബാലനെപ്പോലെയുള്ളവർ ഇക്കാലത്ത് ചുരുങ്ങും. ആരെങ്കിലും എന്തെങ്കിലും ആയിത്തീർന്നാൽ അവരോട് ഒട്ടിനിൽക്കാനാണ് ഓട്ടം. എന്തെങ്കിലും ആവുന്നതിനുമുമ്പ് കണ്ടഭാവം പോലും കാണിച്ചിരിക്കില്ല.

ആത്മ said...

ഇപ്പോഴാണ് സമാധാനമായത്!
ആത്മയ്ക്ക് എന്തെങ്കിലും തെറ്റുപറ്റിയോ എന്നു കരുതി
വിഷാദിച്ചിരിക്കയായിരുന്നു.

പക്ഷെ, സൂജി പാവം ആത്മയ്ക്ക് കമന്റൊന്നും കിട്ടിയില്ലല്ലൊ എന്നു കരുതി എഴുതിയതാവും അല്ലെ?
ആത്മാര്‍ത്ഥമായി ഒരു കാര്യം പറയട്ടെ സൂജീ,
സൂജിയും വലിയമ്മായിയും ഒക്കെ ആത്മയെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നറിയാം. ആത്മ അത് മുതലെടുക്കുന്നോ എന്നൊരു സംശയം!
കാരണം സൂജിയെപ്പോലെയും വലിയമ്മായിയെപ്പോലെയും ഉള്ള അറിവും വിവേകവും ഉള്ളവരൊക്കെ വന്ന് കമന്റിടുമ്പോള്‍
ആത്മ അറിയാതെ പൊങ്ങിപ്പോവും. മഹത്തായ എന്തോ എഴുതിയ മാതിരി എക്സൈറ്റഡായി, വീണ്ടും അടുത്ത പോസ്റ്റ് എഴുതാന്‍ ഓടും,
അങ്ങിനെ ആത്മ എഴുതിക്കൊണ്ടേ ഇരിക്കും സൂജി
കമന്റെഴുതി എഴുതി മടുക്കും.
അതുകൊണ്ട് ആത്മയുടെ പോസ്റ്റ് നല്ലതാണെന്ന് ആത്മാര്‍ത്ഥമായി തോന്നുന്നെങ്കില്‍ മാത്രം കമന്റെഴുതിയാല്‍ മതി ട്ടൊ.
കമന്റ് കിട്ടാതാവുമ്പോള്‍ ആത്മയ്ക്ക് ആത്മയുടെ തെറ്റ്
മനസ്സിലാവും, വിഷമിക്കും,ഇമ്പ്രൂവ് ചെയ്യാന്‍ നോക്കും...ശരിയല്ലെ? :)

സു | Su said...

ആത്മേച്ചി :) ഞാനിന്നുവരെ ആരേം പൊക്കാൻ കമന്റ് ഇട്ടിട്ടില്ല. അങ്ങനെയൊരു രീതി എനിക്കില്ല. വായിച്ചതിന്റെ സന്തോഷത്തിൽ ഇടുന്നതാണ്. അതും അപൂർവ്വമായിട്ട് ചില ബ്ലോഗുകളിലേ എപ്പോഴും കമന്റ് ഇടാം എന്നൊരു സ്വാതന്ത്ര്യം എടുക്കാറുള്ളൂ. അതിലൊന്ന് ആത്മേച്ചിയുടേത് ആയിപ്പോയി. ബുദ്ധിമുട്ടുണ്ടാക്കാൻ അല്ലല്ലോ കമന്റ് ഇടുന്നത്. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കുക. ഇനി ശ്രദ്ധിച്ചോളാം.

ആത്മ said...

സൂജീ,
സൂജിയുടെ എത്ര കമന്റ് കിട്ടുന്നതിലും സ്വാതന്ത്ര്യം കാട്ടുന്നതിലും ആത്മയ്ക്ക് സന്തോഷമേ ഉള്ളൂ. പക്ഷെ, ചിലപ്പോഴൊക്കെ തോന്നും സൂജി ആത്മയെ ഒറ്റപ്പെടുത്താതിരിക്കാനായിട്ട്
വരുന്നതാണെന്ന്. സൂജിയ്ക്ക് അസൌകര്യമുണ്ടാക്കുന്നോ എന്നൊരു തോന്നല്‍ വരും. അതുകൊണ്ട് എഴുതിപ്പോയതാണ്, ക്ഷമിക്കുക