Monday, February 9, 2009

തകര്‍ക്കാനുണ്ട് സ്വപ്നങ്ങള്‍

അവര്‍ സ്വപ്നങ്ങള്‍ തട്ടിപ്പറിക്കുന്നവര്‍.
മറ്റുള്ളവരുടെ സ്വപ്നങ്ങളെ
വലവീശിപ്പിടിക്കാനായി
കാത്തിരിക്കുന്നവര്‍.

അവരുടെ വലയില്‍ കുടുങ്ങി
അവളുടെ സ്വപ്നങ്ങളൊക്കെയും
പിടഞ്ഞു

വലവീശിപ്പിടിച്ച തന്റെ സ്വപ്നങ്ങളെ
അവര്‍ ലേലം ചെയ്യുന്നത്
അവള്‍ കണ്ടു;
കുറെയൊക്കെ പാഴ് മണ്ണില്‍
എറിയുന്നതും;
ബാക്കി മുക്കുവപ്പിള്ളേര്‍ക്ക്
കളിക്കാന്‍ കൊടുക്കുന്നതും കണ്ടു.

ഒക്കെയും തന്റെ സ്വപ്നങ്ങളായിരുന്നു
എന്ന് ആര്‍ത്തലച്ച്
ഓടി ചെല്ലാന്‍ തിടുക്കപ്പെട്ട
അവളുടെ ആത്മാവിനെ
തടുത്തു നിര്‍ത്തി
അവള്‍ മെല്ലെ പറഞ്ഞു
‘സാരമില്ല,
അവര്‍ കാണാത്ത സ്വപ്നങ്ങള്‍
കാണാന്‍ പഠിക്കാം.’

ഒടുവില്‍ അവള്‍
ആര്‍ക്കും കാണാനാകാത്ത
സ്വപ്നങ്ങള്‍ കാണാന്‍ പഠിച്ചു.
ആര്‍ക്കും ഒരിക്കലും കടന്നു വരാന്‍
കഴിയാത്ത ഇടങ്ങളില്‍ മൂടിയിട്ടു.

പക്ഷെ, അത് പൂവിട്ടു പരിമളം വീശിയപ്പോള്‍
ആ സൌരഭ്യത്തില്‍ മറന്ന്
നിന്ന അവളോട്
‘ഞങ്ങള്‍ കാണാതെ സ്വപ്നങ്ങള്‍ എവിടെ
ഒളിപ്പിച്ചു വച്ചു’
എന്ന് അവര്‍ അലറി വിളിച്ചു

അവള്‍ സൌമ്യമായി പറഞ്ഞു
‘എന്റെ ഹൃദയത്തില്‍.’

അവര്‍ക്ക് അവളുടെ ഹൃദത്തിനുള്ളില്‍
കടക്കണമെന്നായി.

അവരുടെ മുന്നില്‍ ഒരിക്കലും
തുറക്കാന്‍ കൂട്ടാക്കാത്ത
അവളുടെ ഹൃദയത്തില്‍ അവര്‍
ശക്തമായി മുട്ടിക്കരഞ്ഞു

ഒടുവില്‍ അവളുടെ സ്വപ്നങ്ങളെ നശിപ്പിക്കാന്‍
കിട്ടാതെ പല്ലിറുമ്മുന്ന അവരോട്
സഹതാപം തോന്നി
അവള്‍
അവളുടെ അവസാനത്തെ സ്വപ്നം
അവര്‍ക്ക് സൌജന്യമായി നല്കി;
പടിയിറങ്ങി.

[ഇവിടെ സ്വപ്നം എന്നുദ്ദേശിക്കുന്നത് അമ്മയാകാനുള്ള സ്വപ്നമാകാം, നല്ല മരുമകളാകാനുള്ളതോ, ചേട്ടത്തിയാകാനുള്ളതോ, അനിയത്തിയാകാനുള്ളതോ; അംഗീകാരത്തിനുവേണ്ടിയുള്ള ദാഹമാകാം, എഴുതാനുള്ള ദാഹമാകാം, വായിക്കാനുള്ളതാകാം, വളരെ നിസ്സാരമായ സ്വപ്നങ്ങള്‍..വെറുതെ സ്വപ്നം കാണാനുള്ള സ്വപ്നങ്ങളുമാകാം]

6 comments:

സു | Su said...

അതുകൊണ്ടാണ് ഞാൻ സ്വപ്നം കാണാത്തത്. മറ്റുള്ളോർക്ക് വെറുതേ ഒരു നശിപ്പിക്കൽ ജോലി കൊടുക്കേണ്ടല്ലോ. ;)

ആത്മ said...

സൂജി ഇടക്കിടക്ക് വാക്ക് മാറും അല്ലെ?:)
ഇന്നലെ പറഞ്ഞു, ഇഷ്ടമ്പോലെ സ്വപ്നം കണ്ടിട്ട്
മറ്റുള്ളവരുടെ മുന്നിലിട്ട് കൊടുക്കൂ, അവര്‍ തകര്‍ക്കുന്നത് കണ്ട് സന്തോഷിക്കൂ എന്ന്.
ഇന്നു നല്ല കുട്ടിയായി പറയുന്നു, സൂജി‍ സ്വപ്നങ്ങളൊന്നും കാണാറില്ലെന്നും.
അപ്പോള്‍ അതുകൊണ്ടാണ് രണ്ടുദിവസം മുന്‍പ്
അവിടെ വിലപിച്ചോണ്ടിരുന്നത് അല്ലെ,
എന്തൊക്കെയോ ഭയങ്ങള്‍ എന്നും പറഞ്ഞ്..:)

വല്യമ്മായി said...

അതു കഷ്ടമായല്ലോ

സു | Su said...

തകർക്കുന്നവരുടെ സന്തോഷം നമ്മുടേം കൂടെ ആയി കാണാൻ ആണ് പറഞ്ഞത്. അപ്പോപ്പിന്നെ അവർ നശിപ്പിച്ചേന്ന് കരയേണ്ടല്ലോ. ഇനി സ്വപ്നം കണ്ടില്ലെങ്കിലും, നശിപ്പിച്ചേന്നും പറഞ്ഞ് കരയേണ്ടിവരില്ല.

ആത്മാജി ഇഷ്ടം പോലെ മനസ്സു നിറയെ സ്വപ്നം കാണൂ. ആരും നശിപ്പിക്കില്ല. ഒക്കെ സഫലമാകും. :)

ആത്മ said...

വല്യമ്മായി ആത്മയെ മറന്നു എന്നു കരുതിയിരിക്കയായിരുന്നു. കണ്ടതില്‍ സന്തോഷം! :)

ആത്മ said...

സൂജീ,
ഒരു ഗ്രൂപ്പു സ്വപ്നം കാണല്‍ അല്ലെ?
ഐഡിയ കൊള്ളാം:)
അപ്പോള്‍ പൊലിഞ്ഞു പോയാല്‍ ഒരുമിച്ചിരുന്ന് കരയാം;സഫലമായാല്‍ ഒരുമിച്ച് അര്‍മാദിക്കാം അല്ലെ,
പക്ഷെ, സത്യം പറഞ്ഞാല്‍ ആത്മയ്ക്ക് അത്ര വലിയ സ്വപ്നങ്ങളൊന്നും ഇല്ലെന്നാണ് തോന്നുന്നത്. ഒരു പരുവത്തില്‍ അങ്ങ് ജീവിച്ചു പോകണമെന്നേ ഉള്ളൂ. ഭയങ്കര മടിച്ചിയായിരുന്നു
എന്നും.
അല്ലെങ്കില്‍ തന്നെ ഇനി വയസ്സാംകാലത്ത് എന്തോന്ന് സ്വപ്നം കാണാന്‍. എങ്കിലും വെറുതെ കാണാം അല്ലെ?!കുഴിയിലേക്ക് കാലും നീട്ടിയിരിക്കണ അമ്മുമ്മക്കും
കാണും സ്വപ്നങ്ങള്‍...
‘സ്വപനങ്ങളെ.. നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍...’ എന്നല്ലേ സ്വപ്നം കണ്ടവരൊക്കെ പാടിക്കോണ്ട് നടക്കണത്.