Saturday, February 28, 2009

കഥ ഇവിടെ, ഇങ്ങിനെ...

അങ്ങിനെ, ഒടുവില്‍ വെറുമൊരു വീട്ടമ്മയായ ആത്മയും 'കഥപറയുമ്പോള്‍' കണ്ടു.(?)

സത്യം പറഞ്ഞാല്‍ ‘കഥ പറയുമ്പോള്‍’ സി. ഡി കയ്യില്‍ കിട്ടിയിട്ട് കുറേനാളായി. അത് ബില്ലു ബാര്‍ബറുടെ കഥയാണെന്നറിയില്ലായിരുന്നു. അതോ മറന്നുപോയതോ! അറിയില്ല. [ഈ ‘ജനറേഷന്‍ ഗാപ്പ് ’എന്നുപറയുമ്പോലെ ‘കണ്ട്രി ഗാപ്പ് ’എന്നും പറഞ്ഞ് ഒന്നുണ്ട്(ബിസിനസ്സ് ട്രിപ്പ് നടത്തുന്നവരുടെ കാര്യമല്ല). ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക് പോകുമ്പോള്‍ സമയം മാറുമ്പോലെ,നമ്മുടെ ഉള്ളിലും ചില പരിവര്‍ത്തനങ്ങള്‍ നടക്കും. അതിലൊന്ന് ചിലപ്പോള്‍ മനസ്സ് നാടിനെപ്പറ്റി കമ്പ്ലീറ്റ് മറക്കുക എന്നതാണ് . ഏറിയാല്‍ ഒരു രണ്ടുദിവസം വിരഹത്താല്‍ (നാടിനെപിരിഞ്ഞ) മാണ്ടു കിടക്കും; നാട്ടിലെ ഓരോരുത്തരുടെ സംസാരവും ചിരിയും കളിയും ഒക്കെ പ്രധിദ്ധ്വനിപോലെ മുഴങ്ങിയിരുന്ന- അയല്‍ പക്കത്തെ പശുവിന്റെ കരച്ചില്‍, കോഴിയുടെ കൂവല്‍, കാക്കയുടെ വിളി, മൈക്കില്‍ മുഴങ്ങുന്ന അമ്പലത്തിലെ പ്രാര്‍ത്ഥനകള്‍, അനിയത്തിയുടെ മക്കളുടെ നിലവിളികള്‍, അച്ഛന്റെ ചുമ, അമ്മയുടെ നീട്ടിയുള്ള വിളി...- ഒക്കെ പെട്ടെന്നൊരു ദിവസം ഒന്നായി അങ്ങ് മറക്കും. തലക്കകം പെട്ടെന്ന് ശൂന്യമായപോലെയാകും. ഭൂതകാലം കമ്പ്ലീറ്റ് മറന്നപോലെ ഒരു പ്രതീതി. അക്കൂട്ടത്തില്‍ നാട്ടില്‍ നിന്നു കൊണ്ടുവരുന്ന സി.ഡികളും മറ്റ് സാധനങ്ങളും ഒക്കെ മാസങ്ങളോളം അന്യാധീനപ്പെട്ട് കിടക്കും... ബാലന്‍ ബാര്‍ബറും അതില്‍ പെട്ടുപോയീ.

ഇന്നലെ മകന് ബോറടിക്കുന്നു, ഒരു മലയാളം സിനിമ കാണണം എന്നുപറഞ്ഞപ്പോള്‍ പോയി തപ്പി,കിട്ടിയത് കഥപറയുമ്പോള്‍! (അല്ലാതെ, ബ്ലോഗില്‍ ആരെങ്കിലും എഴുതിയത് കണ്ടല്ല, കാരണം അവര്‍ ബില്ലു ബാര്‍ബര്‍ എന്നൊക്കെയല്ലെ എഴുതിയത്, കഥപറയുമ്പോള്‍ എന്ന പേര് എവിടേയും കണ്ടതായി ഓര്‍മ്മയില്ല)

അങ്ങിനെ സി.ഡിയും മോനും ചിപ്സും ചായയും ബിസ്ക്കറ്റും ഒക്കെയായി ‘കഥപറയുമ്പോള്‍’ കണ്ടുതുടങ്ങി... സ്ക്രീനില്‍ നിറയുന്ന ശ്രീനിവാസന്റെ മുഖം കണ്ടപ്പോഴല്ലെ ഓര്‍മ്മവന്നത്. ഇത് നമ്മുടെ ബില്ലു ബാര്‍ബറുടെ കഥയല്ലേ!

"വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ...”
എന്ന പാട്ട് കഴിഞ്ഞ് തവണ മലയാളി അസോസിയേഷന്റെ ഓണം നൈറ്റില്‍ പ്രതീപ് പള്ളുരുത്തി വന്ന് പാടുമ്പോള്‍ ആത്മ കണ്ണും തള്ളിയിരുന്നു. എന്താണ് ഇയാള്‍ക്കുള്ള പ്രത്യേകതയെന്നറിയാതെ! അതും ഒരു ബാര്‍ബറെപ്പറ്റി തകര്‍ത്തുവച്ച് പാടുകയും! കത്തിയെടുക്കുന്നതും മുടിവെട്ടുന്നതും ഒക്കെ അങ്ങ് വിസ്തരിച്ച് ഈണത്തില്‍ പാടുകയാണ്. ജനം കയ്യടിയും താളം പിടിക്കലും. എം. ജി ശ്രീകുമാര്‍ സ്വതസിദ്ധമായ ചമ്മലോടെ അടുക്കലുണ്ട്. ഞാന്‍ ‘സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ...’ എന്നൊക്കെ കേള്‍ക്കാന്‍ കൊതിച്ചിരിക്കുമ്പോഴാണ് ഒടുക്കത്തെ ഒരു ബാര്‍ബറേയും കൊണ്ട്. ഇതെന്താ ബഹുജനത്തിനൊക്കെ ഒന്നായി വട്ടുപിടിച്ചോ! (അത്രയ്ക്കേ ഉള്ളൂ സ്വപ്നജീവിയായ ആത്മയുടെ പൊതുജ്ഞാനം എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ?!). അതായിരുന്നു ആത്മയുടെ ബാര്‍ബര്‍ ബാലനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച.

തിരിച്ച് കഥയിലേക്ക് വരട്ടെ, ശ്രീനിവാസന്റെ അഭിനയത്തില്‍ എനിക്ക് അതിഭാവുകത്വം ഒന്നും തോന്നിയില്ല (അഭിനയത്തെപ്പറ്റി ആത്മയ്ക്ക് വല്ലതും അറിയാമോ എന്നു ആരും ചോദിക്കില്ലെന്ന ധൈര്യത്തോടെ). ശ്രീനിവാസന്‍ വളരെ തന്മയത്വത്തോടെ ബാര്‍ബറായി അഭിനയിച്ചിരിക്കുന്നു. സാധാരണ ശ്രീനിവാസന്‍ സ്റ്റൈലില്‍ തനിക്ക് ഒരുപടി കൂടി ഗ്ലാമറില്‍ ഉയര്‍ന്ന നായികയായി മീനയും. ശ്രീനിവാ‍സനു ചേര്‍ന്ന വിഡ്ഡി ഭാര്യയായി മാറാന്‍ മീന വളരെ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. അങ്ങിനെ ബാര്‍ബറുടെ കഥ ഭംഗിയായി പറഞ്ഞുകൊണ്ടിരിക്കെ, കഥയുടെ ഗതിയാകെ മാറ്റിക്കൊണ്ട് സിനിമാ ഷൂട്ടിംഗ് യൂണിറ്റിന്റെ വാഹനങ്ങള്‍ വരിവരിയായി അങ്ങിനെ മലനിരകള്‍ക്കിടയിലൂടെ ആ ഗ്രാമത്തെ ലക്ഷ്യമാക്കിക്കൊണ്ട് ബാര്‍ബറാം ബാലന്റെ വിധിയാകെ മാറ്റിമറിക്കാന്‍ തയ്യാറായി വരുമ്പോഴേയ്ക്കും...
ഇവിടെ, ഗേറ്റ് തുറക്കുന്നു...മറ്റൊരു വാഹനം അകത്തു ഇരച്ചു കയറുന്നു... ആത്മയും മകനുംകൂടി വീഡിയോ ചടപടാ നിര്‍ത്തുന്നു, ചിപ്സ്, ചായ എക്സട്രാ എല്ലാമായി പലയിടത്തായി ഓടുന്നു...
ബാക്കി, ഇനി സൌകര്യം പോലെ കണ്ടിട്ട് എഴുതുന്നതാണ്..

തുടരും...

9 comments:

സന്തോഷ് said...

ഈയാഴ്ച കഥപറയുമ്പോള്‍ കണ്ടു് അഭിപ്രായമെഴുതിയവരുടെ എണ്ണം രണ്ടായി. ഇതാ ആദ്യത്തേതു്.

ആത്മ said...

അതു വായിച്ചായിരുന്നു. :)
ഞാന്‍ എന്റെ സ്വന്തം അനുഭവമാണ് എഴുതുന്നത്
അതില്‍ തെറ്റുണ്ടോ?

സന്തോഷ് said...

ഇല്ലല്ലോ. അതല്ലേ വേണ്ടതു്. കണ്ടില്ലെങ്കില്‍ സൂചിപ്പിച്ചെന്നേയുള്ളൂ.

ആത്മ said...

താങ്ക്സ് :)

വല്യമ്മായി said...

ഇതിനു മുമ്പെഴുതിയ പാചകപോസ്റ്റിലും ഇതിലും നല്ല ഒരു ഒഴുക്ക് ഫീല്‍ ചെയ്യുന്നുണ്ട്.അത് നാചുറലായി വന്നതാണെങ്കില്‍ ഒരു കണ്‍ഗ്രാറ്റ്സ് :)

കഥ പറയുമ്പോള്‍ ഞാന്‍ കണ്ടില്ല,.ലന്തന്‍ബത്തേരി വായിച്ചു കൊണ്ടിരിക്കുന്നു,അത് കൊണ്ട് ജസീക്കയോടൊപ്പമാണ് രാവും പകലും :)

ആത്മ said...

വലിയമ്മായി,
ഒഴുക്കൊക്കെ വന്നു അല്ലെ?!നന്ദി.
പക്ഷെ, എന്റെ വലിയമ്മായീ,വലിയമ്മായി
ആത്മയുടെ നാചുറാലിറ്റിയെപറ്റി സംശയാലുവായതില്‍
വിഷമമുണ്ട് ട്ടൊ. ജീവിതം നാചുറല്‍ ആണെങ്കില്‍ ഇതും നാചുറല്‍ ആണ് ട്ടൊ :)

ശ്രീഹരി::Sreehari said...

എന്നാലും വല്യമ്മായി ഒരു കൊല്ലമായോ ലന്തന്‍ബത്തേരി വായിക്കാന്‍ തുടങ്ങിയിട്ട്?
മാധവ‌ന്‍‌ജീ പൊറുക്കുമോ എന്തോ

വല്യമ്മായി said...

അയ്യോ,അത്മേച്ചി പിണങ്ങല്ലേ,അടുപ്പം കൊണ്ടാണ് തുറന്ന് ചോദിച്ചത് :)

ഇല്ല ശ്രീഹരി,വാങ്ങിയിട്ട് അഞ്ചാറ് മാസമായെങ്കിലും മുമ്പെന്നോ തുറന്ന് നോക്കിയെങ്കിലും ഇപ്പോഴാ വായിച്ച് തീര്‍ത്തത്,രണ്ട് ദിവസം കൊണ്ട് :)

ആത്മ said...

പിണങ്ങിയില്ല :)
വായിച്ച ബുക്കിനെപ്പറ്റിയൊക്കെ സമയം കിട്ടുമ്പോള്‍ എഴുതാന്‍ ശ്രമിക്കുമല്ലൊ?