Monday, February 9, 2009

ചെടികള്‍ നടരുത്

അവളില്ലാതെ ഉറങ്ങിപ്പോയപോലെയുള്ള വീടും
തളര്‍ന്നുപോകുന്ന ഹൃദയങ്ങളും
പട്ടുപോകുന്ന ചെടികളും ഒക്കെ ഓര്‍മ്മിപ്പിച്ച്
പെറ്റമ്മ കേണു

അവളുടെ സ്വപ്നങ്ങളെ മൊത്തമായി
വിലക്കു വാങ്ങിയവര്‍ പറഞ്ഞു,
‘നീ നിന്റെ ഭൂതകാലം ഓര്‍ക്കാന്‍ പാടില്ല;
നാടിനെ മറക്കുക;നാട്ടാരെ മറക്കുക;
മാതാപിതാക്കളെ മറക്കുക;
അവിടത്തെ ചെടികളെയും മരങ്ങളെയും
മറക്കുക;
ഇനി ഞങ്ങളാണ് നിന്റെ രക്ഷകര്‍;
ഇവിടെയാണ് നീ ചെടികള്‍
നടേണ്ടത്.’

സ്നേഹത്തോടെയുള്ള നാഥന്റെ
നിര്‍ദ്ദേശം
സ്വാര്‍ത്ഥതയണിഞ്ഞ നടത്തിപ്പുകാരാല്‍
വികൃതമാക്കപ്പെടുന്നത് കണ്ട്
അവള്‍ ഞെട്ടി.
അവര്‍ അവള്‍ക്ക് ചെടിനടാന്‍
നിശ്ചിതമായ ഇടവും, അളവ് മണ്ണും,
നടാനുള്ള ചെടിയും കൊടുത്തിട്ട്
നടാനുള്ള സമയവും അവര്‍ തന്നെ
നിര്‍ദ്ദേശിച്ചു.

മരവിച്ചുപോയ അവളുടെ പ്രജ്ഞ
ഒന്നിനുമാകാതെ തരിച്ചു നിന്നപ്പോള്‍
അവര്‍ക്ക് ദേഷ്യം വന്നു.
അവര്‍ അവളെ ചെടികള്‍ നാടാനോ
കാണാനോ പോലും സാധ്യമില്ലാത്ത്
ഒരിടത്താക്കി.

പുറത്തേക്കുള്ള വാതായനങ്ങളൊക്കെ
അവള്‍ക്ക് അജ്ഞമായിരുന്നു.
പക്ഷെ, അവിടെ അവള്‍ക്ക്
തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചെടികള്‍
സ്വന്തമായി കിട്ടി!
ഏറ്റവും മനോഹരമായ ചെടികള്‍!
താന്‍ ജനിച്ചതുതന്നെ ഈ ചെടികളെ
പരിപാലിക്കാനായിരുന്നു
എന്നു തോന്നി അവള്‍ക്ക്.
സ്വന്തം രക്തവും മജ്ജയും മാംസവും
കൊടുത്ത് ചെടികള്‍ വളര്‍ത്തി വലുതാക്കുമ്പോള്‍,
അവള്‍ നാട്ടിലെ ചെടിയെയും
ഇവിടെ നടാതെ പോയ ചെടികളെയും ഒക്കെ
പാടെ വിസ്മരിച്ചിരുന്നു.
അതൊക്കെ വാശിപിടിച്ചവര്‍ തന്നെ
സ്വന്തമാക്കിയിരുന്നു താനും.

ദൈവം ഒരിക്കല്‍ അവള്‍ക്ക്
നഷ്ടമായതൊക്കെ ഒരുമിച്ച്
തിരിച്ചു നല്‍കി.
മുഖം മൂടിയണിഞ്ഞവര്‍ വീണ്ടും വന്നു
ചെടിനടാന്‍ ഇടവും സമയവും
അളവും ഒക്കെ കൊണ്ട്.
പക്ഷെ, അവളുടെ ചെറു ചിരിയില്‍
അവരുടെ വാശികള്‍
ഒലിച്ചുപോയി.

[ഇതിലെ കഥാപാത്രം ആത്മയല്ല. ഒരു സിനിമയിലെ നായികയാണ്]

6 comments:

സു | Su said...

എന്നിട്ട് അവർ തിരിച്ചുപോയോ? ചെടികൾ നടുന്നതും വളർത്തുന്നതും വലുതാക്കുന്നതും ഒക്കെ നമുക്കുവേണ്ടിയാണെന്ന് തോന്നും. അതുകൊണ്ട് നമുക്കിഷ്ടം‌പോലെ. പിന്നൊരിക്കൽ ഇതേ ചെടികൾ വളർന്ന് വലുതാവുമ്പോൾ തണൽ കൊതിക്കുന്ന നമുക്ക് അത് ലഭിക്കാനും പ്രയാസമാവും.

ശ്രീ said...

നന്നായിരിയ്ക്കുന്നു. നല്ല വരികള്‍!

ആത്മ said...

സൂജീ
അവര്‍ വരും പോകും, അവര്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്യുകേം ചെയ്യും.
അവരൊക്കെ ജയിക്കാനായി ജനിച്ച പ്രാക്റ്റിക്കല്‍ മനുഷ്യര്‍.
ആത്മ വെറുതെ ആരും കാണാത്ത ഒരു കോണിലൂടെ ജീവിതം വീക്ഷിച്ചു നോക്കുന്നതാണ്.
വെറുതേ ഒരു ഹോബിയായിട്ട്.
പിന്നെ, ചെടിയുടെ കാര്യം ആദ്യം പറഞ്ഞ ചെടി
ശരിക്കുമുള്ള ചെടി. രണ്ടാമത്തെത് ശരിക്കുമുള്ളതല്ല.

അതെ, ചെടികള്‍ വലുതാകുമ്പോള്‍ തണലു കിട്ടണമെന്നില്ല. മിടുക്കുള്ളവര്‍ കൂടുതല്‍ തണലുള്ള
ഇടം നോക്കി മുന്‍ കൂര്‍ ബുക്ക് ചെയ്ത് പോയി ജീവിക്കും. എവിടെയും മിടുക്കും ബുദ്ധിയുമാണ് വിജയിക്കുന്നത്.
ആത്മയെപ്പോലെ വെറുതെ സ്വപ്നം കണ്ടും കൊണ്ട്
ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ!
എല്ലാവരും നന്നായി ജീവിക്കട്ടെ, അപ്പോള്‍ ആത്മയ്ക്കും ഒരറ്റത്ത് സ്വപ്നോ കണ്ട് അങ്ങ് ഒതുങ്ങിക്കൂടാല്ലോ..
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ :)

ആത്മ said...

ശ്രീ,
ആശംസകള്‍ക്ക് നന്ദി

വല്യമ്മായി said...

ഈയിടെയായി ആത്മേച്ചിയുടെ വാക്കുകള്‍ക്ക് വല്ലാത്ത ഗഹനത.

പറിച്ച് നട്ടപ്പോ വേരു പിടിക്കാതെ പോയ ഇവരെ അറിയുമോ

ആത്മ said...

വലിയമ്മായി,
ഈയിടെയായി ആത്മചേച്ചിക്ക് ഭയങ്കര ഗഹനത.
ആത്മയും അതുതന്നെ ആലോചിക്കുന്നു. എന്താകും കാരണം എന്ന് . ഒന്നുകില്‍ പ്രായവും പക്വതയും ഒക്കെ ഉണ്ടാകുന്നതിന്റെ ലക്ഷണമാകും അല്ലെങ്കില്‍ ഈ 2009 ന്റെ കുഴപ്പമാകും. ആത്മയ്ക്ക് എന്തോ ഒന്നു പറ്റി. ഇനി ആലോചിച്ച്
കണ്ടുപിടിക്കണം. ആകെ ഒരു മന്ദത.

വലിയമ്മായിയുടെ പോസ്റ്റ് ഒരിക്കല്‍ വായിച്ചിട്ടുണ്ട്. വളരെ നല്ല ആശയം അടങ്ങിയ വരികള്‍. അഭിനന്ദനങ്ങള്‍. :)