Monday, February 23, 2009

സ്വപ്നസഞ്ചാരി

അവളുടെ സഞ്ചി നിറയെ
സ്വപ്നങ്ങളായിരുന്നു;
വിലപിടിപ്പുള്ള അമൂല്യ സ്വപ്നങ്ങള്‍!
ഭാരമുള്ള സ്വപ്നസഞ്ചിയുമായി
നീങ്ങുമ്പോഴും,
വഴിവക്കില്‍;
സ്വപ്നം വാങ്ങാന്‍ വന്നവരെയൊക്കെ
നിരാശരാക്കി,
അവള്‍ നടന്നകന്നു

ഒടുവില്‍,
അവളുടെ സ്വപ്നങ്ങള്‍
മൊത്തമായി വാങ്ങാ‍ന്‍ വന്നയാളിനേയും
നിരാശയാക്കി അവള്‍ നടന്നു,
എന്തിനെന്നറിയാതെ,
സ്വപ്നങ്ങളും നെഞ്ചോടടുക്കി വച്ച്

ഒടുവില്‍,സ്വപ്നങ്ങള്‍ക്ക് മൂല്യത്തകര്‍ച്ച
വന്നു തുടങ്ങി.
വിലതീരെയില്ലാത്ത സ്വപ്നങ്ങളുടെ ഭാരം
അവളെ തളര്‍ത്തി.
ഗത്യന്തരമില്ലാതെ അവള്‍
തന്റെ സ്വപ്നങ്ങളെ
വഴിയോരത്താകെ വാരിവിതറി തീര്‍ത്തു

ആര്‍ക്കും വേണ്ടാത്ത സ്വപ്നങ്ങള്‍
അവളെ ദയനീയമായി നോക്കി.
സ്വപ്ന വ്യാപാരികള്‍ അവളെ
പരിഹസിച്ചു ചിരിച്ചു,
‘അന്ന്, ഇരട്ടി വിലയ്ക്ക് തന്നില്ല
തന്നെങ്കില്‍ പൊന്നുപോലെ
സൂക്ഷിച്ചേനെ;
ഇപ്പോള്‍ പാഴ് മണ്ണില്‍
ആര്‍ക്കും വേണ്ടാതെ’
അവര്‍ ആര്‍ത്തുചിരിച്ചു.

മണ്ണില്‍ പുതഞ്ഞു മറയുന്ന
സ്വപ്നങ്ങളെ അവള്‍
ആശീര്‍വ്വദിച്ചു
‘പോകൂ ധൈര്യമുള്ള
യുവഹൃദയം നോക്കി
പോയി ചേക്കേറൂ’

[ഭാവന ഭാവന ഭാവനമാത്രം]

18 comments:

lulu : ലുലു said...

നല്ല കവിത.

ആത്മ said...

നന്ദി. പക്ഷെ ഇത് കവിതയൊന്നുമല്ല.
കവിതയ്ക്കും കഥയ്ക്കുമൊക്കെ ഇടയിലെവിടെയോ
ഉള്ള ഒന്നാണ്. :)

സബിത said...

കവിയ്ക്കും കവിതയ്ക്കും ഇടയിലെ ഭ്രാന്തന്‍ നിമിഷങ്ങള്‍...
സ്വപ്നങ്ങള്‍ മാറോടടുക്കി സൂക്ഷിക്കുക....എന്നും....

വല്യമ്മായി said...

സ്വപ്‌നങ്ങള്‍ മാത്രമല്ല ഭാണ്ഡത്തില്‍ വേണ്ടത്.ഓര്‍മ്മകളേയും സൂക്ഷിക്കാം,പിന്നിടെടുത്ത് നോക്കുമ്പോള്‍ വെട്ടിതിളങ്ങുന്ന ഓര്‍മ്മകള്‍.

ആത്മ said...

സബിത,

സ്വപ്നങ്ങള്‍ കണാതെ ജീവിക്കാന്‍ പറ്റുന്നില്ല.
നടുക്കുന്ന യാധാര്‍ത്ഥ്യങ്ങള്‍ വന്ന് മൂടിക്കളയുന്നു.
അതില്‍ നിന്നൊക്കെ താല്‍ക്കാലിക മോചനത്തിനായി
വെറുതെ,കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ കാണുന്നു :)

സബിത എന്നത് ശരിക്കുമുള്ള പേരാണോ?
എനിക്ക് അടുത്തറിയാവുന്ന ഒരു സബിത ഉണ്ട്.

ആത്മ said...

വലിയമ്മായി,
ആത്മയ്ക്ക് സ്വപ്നങ്ങളേ കൈവശമുള്ളൂ.
വെട്ടിത്തിളങ്ങുന്ന ഓര്‍മ്മകളൊന്നും ഇല്ല.:)
വലിയമ്മായിയുടെ കുഞ്ഞു മോനെ ഫോട്ടോയില്‍
കണ്ടു! :)

വല്യമ്മായി said...

ആത്മേച്ചി,
എത്ര വേദനിപ്പിച്ച അനുഭവമാണെങ്കിലും കാലപ്പഴക്കത്തില്‍ അതിനൊരു തിളക്കം വരും.

മൂത്തവര്‍ രണ്ടുപേരുടേയും മര്യദക്കുള്ള ഫോട്ടോ കിട്ടിയില്ല മീറ്റിനിടയില്‍ :)

സു | Su said...

സ്വപ്നങ്ങൾക്ക് വിലയേറുന്നത്, അതിനെ സ്നേഹിക്കുന്നവരുടെ കൂടെയിരിക്കുമ്പോഴാണ്. സ്വപ്നത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഒരിക്കലും വില കുറയില്ല. സ്നേഹിക്കുന്നില്ലെങ്കിൽ കൂട്ടുകൂടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍പ്പിന്നെ എപ്പോഴെങ്കിലുമൊരിക്കൽ, നല്ല സ്വപ്നം കൂടെ നിർത്താൻ കഴിയുകയും പാഴ്സ്വപ്നം പരിഭവമില്ലാതെ, നഷ്ടബോധമില്ലാതെ കളയാനും കഴിയണം. തിരിച്ചറിയുമ്പോഴേക്കും ചിലപ്പോൾ വൈകും.

ആത്മ said...

വലിയമ്മായി,
അതെ. എനിക്കും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ഭയങ്കര വിഷമമുള്ള അനുഭവങ്ങള്‍ കൂടി പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ നൊസ്റ്റാള്‍ജിക്ക് ആയി തോന്നുമെന്ന്.

ആത്മ said...

സൂജീ,
സ്വപ്നത്തിന്റെ അര്‍ത്ഥം തന്നെ
മനസ്സില്‍ കാണുന്നതെന്നല്ലെ,
സ്വപ്നങ്ങള്‍ വേറെ ജീവിതം വേറെ.
സ്വപ്നങ്ങള്‍ സ്വപ്നങ്ങളായിരിക്കുന്നിടത്തോളം നന്ന്
യാധാര്‍ത്ഥ്യമായാല്‍ ജീവിതമായിപ്പോകും
ശരിയല്ലെ?
ജീവിതം സുഗമമാക്കാന്‍ വെറുതെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ കാണാം;പക്ഷെ, സ്വപ്നത്തിന്റെ പുറകെ പോയാല്‍ ജീവിതം താറുമാറാകും. അല്ലെ?

the man to walk with said...

ishataayi

ആത്മ said...

thanks

ഓര്‍മ്മയ്‌ക്കായ് said...

സ്വപ്നങ്ങളുടെ ഭാണ്ഡവുമായലയുന്ന യാത്രികയ്ക്ക്‌ ആശംസകള്‍. ചിന്ത സുന്ദരമായിരിക്കുന്നു.

തറവാടി said...
This comment has been removed by the author.
തറവാടി said...

ഞാന്‍ സ്വപ്നങ്ങള്‍ കാണാറില്ല അതോണ്ട് ഭാണ്ഡക്കെട്ടുമില്ല :)

ആത്മ said...

ഓര്‍മ്മയ്ക്കായ്,

ആശംസകള്‍ക്ക് വളരെ നന്ദി

ആത്മ said...

തറവാടിജി,
എന്തെങ്കിലുമൊക്കെ സ്വപ്നങ്ങളില്ലാത്തവര്‍ ആരും കാണില്ല.
പിന്നെ, ആത്മ അങ്ങിനെ സ്വപ്നം കണ്ടോണ്ട് നടക്കുകയാണെന്നൊന്നും തെറ്റിദ്ധരിക്കണ്ട ട്ടൊ.
സാഹിത്യമൊക്കെ ചമയ്ക്കണമെങ്കില്‍ ഒന്നുകില്‍ സ്വപ്നങ്ങള്‍; ദുഖങ്ങള്‍; നിരാശകള്‍ ഒക്കെ വേണ്ടേ, അതിനുവേണ്ടി വെറുതെ സങ്കല്‍പ്പിച്ചു ണ്ടാക്കുന്നതാണെന്ന് കൂട്ടിക്കോളൂ.

Raji said...

ഈ പോസ്റ്റിനു കമന്റ്‌ ഇട്ടതു വേറെ ഒരു ബ്ലോഗില്‍ ആയിപ്പോയി. അതും തുറന്നു വച്ചിട്ടുണ്ടായിരുന്നു.
സ്വപ്നക്കവിത എനിക്കിഷ്ടം ആയി.