Saturday, February 21, 2009

സഹതാപം



അവരോടു നമുക്ക് സഹതപിക്കാനാകും


പൊറുക്കാനാകും


സ്നേഹം തീരെക്കിട്ടാതെ വളര്‍ന്നതുകൊണ്ടല്ലേ


അവര്‍ ഈവിധം ക്രൂരരായത്?


മനുഷ്യന്റെ മൃദുലത കാണാനാവാത്തത്;


അവരോട് നമുക്ക് പൊറുക്കാം.


നാം അവരുടെ ഇരകളാണെങ്കിലും


നമ്മില്‍ നിഷിപ്തമായിരിക്കുന്നു


അവരുടെ മുന്നോട്ടുള്ള പ്രയാണം.


നമുക്കവരുടെ ക്രൂരത കണ്ടില്ലെന്നു നടിക്കാം.


ഒന്നുമില്ലെങ്കിലും നാം സ്നേഹിക്കപ്പെട്ടിരുന്നു


പണ്ടെന്നോ


ഈ ജന്മത്തിലല്ലെങ്കില്‍


കഴിഞ്ഞ ഏതോ ജന്മങ്ങളിലെങ്കിലും


നാം വളരെയേറെ സ്നേഹിക്കപ്പെട്ടിരുന്നു


അതുകൊണ്ടല്ലെ


നമുക്കീ മൃദുലത കൈവന്നത്?


അതുകൊണ്ടല്ലെ നമുക്ക്


മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കാണാനാകുന്നത്?


അവരുടെ നിസ്സഹായതയില്‍


സഹതപിക്കാനാകുന്നത്?


അവര്‍ക്ക് ഊന്നുവടിയാകാനാകുന്നത്?


മറ്റുള്ളവരുടെ ക്രൂരതയിലും


നമുക്ക് ചിരിക്കാനാകുന്നത്?


മറ്റുള്ളവരുടെ സ്വാര്‍ത്ഥതയില്‍


ലജ്ജിക്കാനാകുന്നത്?


മറ്റുള്ളവരുടെ സ്നേഹശൂന്യതയില്‍


സഹതപിക്കാനാകുന്നത്?


സ്നേഹിക്കാനൊരു ഹൃദയമില്ലാത്തതുകൊണ്ടല്ലെ,


സ്നേഹം കിട്ടാതിരുന്ന ഒരു ഹൃദയമുള്ളതുകൊണ്ടല്ലേ,


അവരിങ്ങനെ...






No comments: