Saturday, February 7, 2009

ആശകള്‍.. സ്വപ്നങ്ങള്‍

താന്‍ എല്ലായിടത്തും വൈകിയേ എത്തൂ
എന്നറിയാവുന്ന ഒച്ചിനും
വേഗത്തിലൊന്നോടാന്‍
മോഹം.
വേഗത്തിലോടുന്ന മുയലിനെ കണ്ട്
അസൂയപ്പെട്ടു;
ഉയരെ പറക്കുന്ന കാകനെ കണ്ടും
ഉയിരെരിഞ്ഞു;
ഒടുവില്‍,
ഇരയുടെ ചുണ്ടില്‍
പിടഞ്ഞു മരിക്കുവാന്‍ നേരം
ഒരുനേരം
നന്നായി ചിന്തിച്ചുപോയി,
'എന്തേ
നന്നായി ഇഴഞ്ഞു പഠിച്ചീല...?'
---

ത്രാണിയില്ലെന്നറിയാമെങ്കിലും
നിവര്‍ന്നു നിന്ന്
ലോകം കാണാന്‍
വള്ളിച്ചെടിക്ക് മോഹം.
വള്ളിച്ചെടി തേന്മാവില്‍
ചുറ്റിവരിഞ്ഞു കയറി.
തേന്മാവ് നിസ്സംഗനായി ചിരിച്ചു,
‘പാവം,
കണ്ടോട്ടെ
ശരിക്കുള്ള ലോകം’.
മുകളിലെത്തിയ വള്ളിച്ചെടി
ശരിക്കുള്ള ലോകം കണ്ട്
തല കുത്തി താഴെ വീണു.
തേന്മാവ് നിസ്സംഗനായി പറഞ്ഞു
നിനക്ക് മടുക്കുമ്പോള്‍
മുഖം തിരിക്കാലോ,
ഞാനോ?
------

താന്‍ കെട്ടുന്നതൊക്കെ തിരകള്‍ വന്ന്
തകര്‍ക്കുമെന്നറിയാമായിരുന്നിട്ടും
വെറുതെ മണല്‍ക്കൊട്ടാരം കെട്ടി രസിക്കുന്ന കുട്ടിയെ
കൌതുകത്തോടെ നോക്കി നിന്നു അവള്‍.

താന്‍ കെട്ടിപ്പടുക്കുന്നതൊക്കെയും
മറ്റുള്ളവര്‍ തച്ചുടയ്ക്കുമെന്നറിയാമെങ്കിലും
തനിക്കും സ്വപ്നങ്ങള്‍ നെയ്യാതിരിക്കാനാകുന്നില്ലല്ല്ലോ,
എങ്കിലും പോകെപ്പോകെ താന്‍‍
തളര്‍ന്നു പോകുന്നു.
‘എന്തിനായി താന്‍ മറ്റുള്ളവര്‍ തകര്‍ക്കുന്ന
സ്വപ്നങ്ങള്‍ മാത്രം കാണുന്നു?’,
എന്നവള്‍ ഭയത്തോടെ ചിന്തിച്ചു.
വെറുതെ.
എല്ലാം വേറുതെ
മറ്റുള്ളവര്‍ തകര്‍ക്കുന്ന സ്വപ്നങ്ങളുടെ
കാവല്‍ക്കാരി
സ്വയം ആശ്വസിച്ചു.

6 comments:

വല്യമ്മായി said...

സ്വപ്‌നങ്ങളില്ലായിരുന്നെങ്കില്‍ ലോകം തുടങ്ങിയിടത്ത് തന്നെ നിന്നു പോയേനെ.സ്വപ്നങ്ങള്‍ കാണാം,എല്ലാം സഫലീകരിക്കണമെന്ന് വാശി പിടിക്കാതിരുന്നാല്‍ മതി :)

ആത്മ said...

ആത്മയുടെ സ്വപ്നങ്ങളെ പറ്റിയല്ല എഴുതിയത്.
പലരുടെയും ജീവിതം കണ്ടപ്പോള്‍ തോന്നിയതാണ്.
അഭിപ്രായത്തിനു നന്ദി:)
അവിടെ വാപ്പയുടെ പുന്നാര മോളായി അങ്ങിനെ
വിലസുകയാവും അല്ലെ,

സു | Su said...

ഇഴഞ്ഞു പഠിച്ചിരുന്നെങ്കിൽ ഇരയായി മാറില്ലായിരുന്നോ? മുയലും കാകനും കൊതിച്ചത് ഒച്ചായിരിക്കാൻ ആയിരുന്നെങ്കിലോ?

വള്ളിച്ചെടിയ്ക്ക്, തേന്മാവുള്ളതുകൊണ്ടല്ലേ ലോകം കാണാൻ മോഹം തോന്നിയത്? തേന്മാവില്ലായിരുന്നെങ്കിൽ വള്ളിച്ചെടി നീണ്ട് നിവർന്ന് കിടക്കില്ലായിരുന്നോ?

മറ്റുള്ളവർ നശിപ്പിക്കുന്ന സ്വപ്നം നെയ്യുന്നു എന്നതിനു പകരം ഓരോ സ്വപ്നം നെയ്യുമ്പോഴും, നശിപ്പിക്കുന്നവർ സന്തോഷിക്കുന്നുണ്ടാവും, തന്റെ സ്വപ്നം നശിപ്പിച്ചിട്ടാണെങ്കിലും മറ്റുള്ളവർ സന്തോഷിക്കുന്നു എന്ന് അവളെന്തുകൊണ്ട് വിചാരിക്കുന്നില്ല?

ആത്മ said...

അതെ, അവര്‍ക്കങ്ങിനെ നശിപ്പിക്കാനായി അവള്‍
സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേ ഇരിക്കുകയായിരുന്നു
ജീവിതകാലം മുഴുവന്‍...
ഒടുവില്‍ വിശാലഹൃദയവുമായി ബ്ലോഗില്‍ വന്ന് ഇവിടെ നിന്നും കുറെ സ്വപ്നങ്ങള്‍ വാരി നിറച്ചിട്ട്, അവര്‍ക്ക് തട്ടിയുടച്ച് രസിക്കാന്‍ കൊടുത്ത്, അതുകണ്ടങ്ങിനെ ഹൃദയം കുളിര്‍ത്ത്, ഇഹലോകവാസം പൂകാനായാണ് അവളുടെ അടുത്ത ശ്രമം.
പക്ഷെ, കാണുന്നിടത്ത് സ്വപ്നങ്ങള്‍ കെട്ടാന്‍ പറ്റില്ല. കാണാത്തിടത്ത് കെട്ടണം.
എന്നാലേ പകുതിയെങ്കിലും പൂര്‍ത്തിയാക്കാന്‍ പറ്റൂ,
അല്ലെങ്കില്‍ ഈ തകര്‍ക്കാന്‍ വരുന്നവര്‍ക്ക് ബോറടിക്കും.:)

...പകല്‍കിനാവന്‍...daYdreamEr... said...

മുകളിലെത്തിയ വള്ളിച്ചെടി
ശരിക്കുള്ള ലോകം കണ്ട്
തല കുത്തി താഴെ വീണു.
തേന്മാവ് നിസ്സംഗനായി പറഞ്ഞു
നിനക്ക് മടുക്കുമ്പോള്‍
മുഖം തിരിക്കാലോ,
ഞാനോ?

വരികള്‍ ഇഷ്ടമായ്...

ആത്മ said...

വരികള്‍ ഇഷ്ടമായെന്നറിയിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി