Sunday, January 25, 2009

Provoked


'Provoked' എന്ന സിനിമ കണ്ടു. ഒരു സംഭവ കഥയുടെ സിനിമാവിഷ്ക്കരണമാണത്രെ!
സിനിമയില്‍ ഐശ്വര്യാ റായി(കിരണ്‍ജിത്) ഇന്ത്യയില്‍ നിന്നും ബ്രിട്ടണില്‍ വിവാഹം ചെയ്തയക്കപ്പെട്ട ഒരു പഞ്ചാബി യുവതിയായി അഭിനയിക്കുന്നു. നിറയെ സ്വപ്നങ്ങള്‍ പൂത്തുലഞ്ഞ കണ്ണുകളുമായി വിവാഹ പന്തലില്‍ ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ലാത്ത പുരുഷനെ വിവാഹം ചെയ്യാന്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ നിറയെ ഉല്‍ക്കണ്ഠകളും ഉണ്ടായിരുന്നു.

എന്നാല്‍ കിരന്റെ പ്രതീക്ഷകളൊക്കെ തകര്‍ക്കുംവിധം ഒരു ജീവിതമായിരുന്നു അവളെ അന്യനാട്ടില്‍ കാത്തിരുന്നത്. അവിടെ അവള്‍ അസാധാരണമാംവിധം ശാരീരികമായും മാനസികമായും പീഢിപ്പിക്കപ്പെടുന്നു. ഭര്‍ത്താവ് സ്നേഹശൂന്യനാണെങ്കില്‍‍ പിന്നെ അബലയായ ഒരു സ്ത്രീയുടെ എക ആശ്രയം അവളുടെ മാതാപിതാക്കളായിരിക്കുമല്ലൊ, അന്യനാട്ടില്‍ വിവാഹം ചെയ്തയക്കപ്പെടുന്ന യുവതികള്‍ക്ക് അതും നിഷേധ്യമാണ്.

‘ബ്ലാക്ക്’ എന്ന സിനിമയിലെ അന്ധകാരം പോലെ, ഒന്നില്‍ അവള്‍ അകപ്പെടുന്നു. ‘ബ്ലാക്കില്‍’ നായിക ബാഹ്യമായി കാഴ്ചയില്ലാതെ വിഷമിക്കുകയാണെങ്കില്‍, Provoked ഇല്‍ ആന്തരികമായി ഒരു തുള്ളി വെളിച്ചം കിട്ടാതെ ഇരുട്ടിലായിപ്പോയ ഒരു ജീവന്റെ പിടച്ചില്‍ എടുത്തു കാട്ടുന്നു. അന്യനാട്ടില്‍, പുറം ലോകത്തിലേക്ക് കൈപിടിച്ചു നടത്തി പരിചയപ്പെടുത്താന്‍ ആരുമില്ലാതെ ഒറ്റപ്പെടുന്ന കിരണ്‍ജിത്‍ നിസ്സഹായയായി വിധിയെപ്പഴിച്ച് ഒരു മെയിഡിനെക്കാളും ദയനീയമാം വിധം പീഢിപ്പിക്കപ്പെട്ട് ജീവിക്കുന്നു.

കാഴ്ചബംഗ്ലാവിലൊക്ക് മൃഗങ്ങളെ കണ്ടിട്ടില്ലെ, കൂട്ടിനകത്ത് ചങ്ങലയിലാണെങ്കിലും തങ്ങള്‍ക്ക് വന്ന് പിണഞ്ഞ അടിമത്വം അംഗീകരിച്ച് അതിനിടയില്‍ മക്കളെ പാലൂട്ടി വളര്‍ത്തുന്നത്, ഏതാണ്ടതുപോലെ അവളുടെ അടിച്ചങ്ങലയ്ക്കുള്ളില്‍ കിടന്നും അവള്‍ മക്കളെ സുരക്ഷിതരായി വളര്‍ത്തി സ്നേഹിച്ച് ഒരു ജീവിതം കെട്ടിപ്പെടുത്താന്‍ ശ്രമിക്കുന്നു.

പക്ഷെ, ഒരിക്കല്‍ അവള്‍ പോലും അറിയാതെ അവള്‍ പ്രൊവോക്ക്ട് ആയിപ്പോകുന്നു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അവള്‍ ഭര്‍ത്താവിന്റെ റൂമില്‍ പെട്രോളും മെഴുകുതിരിയുമായി അധൈര്യപ്പെട്ട് കയറുന്നു.. ഞെട്ടിയുണരുന്ന അയാളുടെ കാല്‍ തട്ടി മെഴുകുതിരി കിടക്കയില്‍ വീണ് തീ ആളിപ്പടരുന്നു. ആളിപ്പടരുന്നു തീയില്‍ നിന്നും അബോധാവസ്ഥയില്‍ അവളെ ഓടിക്കൂടിയ ജനങ്ങളില്‍ ആരോ ‍ രക്ഷിക്കുന്നു. മക്കളും അത്ഭുതകരമായി രക്ഷപ്പെടുന്നു.

കോടതിയില്‍ അവള്‍ മൌനിയായിരിക്കുന്നു ജീവപര്യന്തം ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍. വാദിക്കാനോ ഒന്നും അവള്‍ക്ക് മാനസികനില അനുവദിക്കുന്നില്ല. അവള്‍ക്ക് അതിലും വലിയ ഒരു ജീവപര്യന്ത ശിക്ഷയില്‍ നിന്നും മോചിക്കപ്പെട്ട ആശ്വാസമായിരുന്നു..

വൈചിത്ര്യമെന്നു പറയട്ടെ, അന്യനാട്ടില്‍ ജയിലില്‍ കുറ്റവാളികളുടെ ഇടയ്ക്കാണ് അവള്‍ക്ക് ആദ്യമായി സുരക്ഷിതത്വം; സ്നേഹം; പരിഗണന ഒക്കെ അനുഭവപ്പെടുന്നത്. ജയിലില്‍ വച്ച് ഇടയ്ക്കിടെ തന്റെ കഴിഞ്ഞുപോയ ജീവിതത്തിലെ ഭയാനകമായ അറപ്പിക്കുന്നതും വെറുപ്പിക്കുന്നതുമായ രംഗങ്ങള്‍ ഒരു പേടി സ്വപ്നമായി അവളെ പിന്തുടരുന്നു. ഇംഗ്ലീഷുകാരെപ്പോലെ വേഷം ചെയ്ത് വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭര്‍ത്താവിനോടൊത്ത് വെളിയില്‍ പോകാനായി അയാളുടെ അഭിനന്ദനം പ്രതീക്ഷിച്ച് നില്‍ക്കുന്ന അവളെ മോഡേണ്‍ വേഷം അണിഞ്ഞതിന് അയാള്‍ ലജ്ജിപ്പിക്കും വിധം ആക്രോശിക്കുന്ന രംഗം; പാര്‍ട്ടിയില്‍ വച്ച് ഒരു യുവസ്നേഹിതന്‍ അവളോട് സ്നേഹത്തോടെ ഇടപെടുന്നതില്‍ അസൂയവാനായ് അയാള്‍ അവളെ വീട്ടില്‍ വന്ന് മര്‍ദ്ദിക്കുന്നത്; രാത്രി ലക്കുകെട്ട അയാള്‍ ലൈഗീകമായി പീഡിപ്പിക്കുന്നത് ; ഒക്കെ അവള്‍ ഇപ്പോഴും ഒരു ദുഃസ്വപ്നം പോലെ ഇടയ്ക്കിടെ ഓര്‍ക്കുന്നു. രാത്രി സ്വപ്നത്തില്‍ താന്‍ ഇപ്പോഴും ആ തടവറയിലാണോ എന്ന് ഭയന്ന് ഉറക്കത്തില്‍ നിലവിളിക്കുമ്പോള്‍ റൂം മേറ്റ്, വെറോണിക്ക 'ഇല്ല നീ അവിടെ നിന്നും രക്ഷപ്പെട്ടിരിക്കുന്നു ഇനി വെളിച്ചത്തിന്‍...' എന്നു ആശ്വസിപ്പിക്കുന്നു.

തുടര്‍ന്ന് ചില സാമൂഹ്യപ്രവര്‍ത്തകരുടെയും ജയിലിലെ അവളുടെ കൂട്ടുകാരി വെറോനിക്കയുടേയു മൊക്കെ പ്രേരണയാല്‍ അവളുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് തന്റെ നിസ്സഹായാവസ്ഥയും നിരപരാധിത്വവും വെളിപ്പെടുത്താനായി കേസ് പുനര്‍വിചാരണം ചെയ്യാന്‍ അവള്‍ തയ്യാറാകുന്നതും ഒടുവില്‍ അവള്‍ ഒരു സാധാരണ മനുഷ്യസ്ത്രീയുടെ അവകാശങ്ങളോടെ അന്യനാട്ടില്‍ തന്നെ ജീവിതം തുടരുന്നതുമാണ് കഥ..

ഐശ്വര്യാ റായി യുടെ ബോഡി ലാഗ്വേജിനു പോലും ഒതുക്കപ്പെട്ട, ഒറ്റപ്പെട്ട ഒരു സ്ത്രീയുടെ നിസ്സഹായത വിദഗ്ദമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുന്നു. പതുങ്ങി ഭയന്ന് തനിക്ക് താനേ ഉള്ളു എന്ന സത്യം മനസ്സിലാക്കി ശ്രദ്ധയോടെ കാലിടറാതെ ഇരുട്ടില്‍ തപ്പിത്തടയുന്ന ഒരു സ്ത്രീ.

ജയിലില്‍ അവള്‍ ആദ്യമായി പേടിയില്ലാതെ, മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ പഠിക്കുന്നു. അന്യനാട്ടില്‍ വന്നിട്ട് അവളെ ആദ്യമായി അംഗീകരിക്കുന്നത് അവളുടെ റൂം മേറ്റായ വെറോണിക്ക എന്ന വെള്ളക്കാരിയാണ്. എവരും ഏകദേശം ഇതേ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. തുല്യ ദുഃഖിതര്‍ എന്നതിലപ്പുറം ഒരു സാഹോദര്യബന്ധം അവരില്‍ ഉടലെടുക്കുന്നു. വെറോണിക്ക അവളെ ഇംഗ്ലീഷ് തെറ്റുകൂടാതെ പറയാന്‍ പഠിപ്പിക്കുന്നു, അവള്‍ക്ക് മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ബോധ്യപ്പെടുന്നു. ആത്മവിശ്വാസം കൈവന്നു തുടങ്ങിയ കിരണ്‍ജിത് ‍ ജയിലില്‍ ഒരു റൌഡി സ്ത്രീയോട് എതിരിട്ട് ജയിച്ചു നില്‍ക്കുമ്പോള്‍ വെറോണിക്ക വന്ന് ‘ ഞാന്‍ ന്യായത്തിനുവേണ്ടി പൊരുതണം എന്നു പറഞ്ഞെങ്കിലും ഇത്രയ്ക്കും വേണ്ടായിരുന്നു ട്ടൊ’ എന്നു തമാശയായി പറയുന്ന രംഗം; അവളില്‍ പഴയ നര്‍മ്മബോധം വീണ്ടുകിട്ടുന്ന സംസാരം; ആദ്യം ജയിലില്‍ മക്കളെ കാണുമ്പോല്‍ അവളുടെ മരവിച്ച മനസ്സില്‍ ഉണ്ടാകുന്ന ലോലഭാവം; ഒക്കെ മനസ്സിനെ സ്പര്‍ ശ്ശിക്കുന്ന രീതിയില്‍ ഐശ്വര്യ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഒടുവില്‍, പത്തുവര്‍ഷത്തിലേറെ വീടിനെ ഒരു മൂലയില്‍ പുറം ലോകം എന്തെന്നറിയാതെ ഒതുക്കപ്പെട്ട്, വ്യക്തിത്വം മുരടിച്ചു തുടങ്ങിയ അവളില്‍ ഉണ്ടാവുന്ന പുത്തനുണര്‍വ്വ് രോമാഞ്ചമുണ്ടാക്കുന്നു.

[ഞാനിടയ്ക്കിടെ സെല്‍ഫ് പിറ്റിയുടെ മൂഡിലേക്ക് ഇറങ്ങിപ്പോകുമ്പോള്‍ കരകയറാനായി ഓര്‍ക്കുന്നത് പണ്ടെന്നോ ഒരു പേപ്പറില്‍ വായിച്ച കഥയാണ്. ഒരു കൊച്ചു കുഞ്ഞിനെ ദത്തെടുത്ത് ഒടുവില്‍ മാനസികമായി അതിനെ വെറുത്തപ്പോല്‍ നീചരായ അതിനെ ദത്തെടുത്തവര്‍ ഒരു ടോയിലറ്റില്‍ കെട്ടിയിട്ട് എത്രയോ വര്‍ഷം അതിനെ കൊടുമപ്പെടുത്തിയ കഥ. ഒടുവില്‍ ആരോ അറിഞ്ഞ് രക്ഷപ്പെടുത്തുമ്പോല്‍ എല്ലും തോലും മാത്രമായ ഒരു മനുഷ്യക്കോലം മാത്രമായിരുന്നു അത്. മനുഷ്യന്റെ‍ ക്രൂരത നിയന്ത്രിക്കാനാകാന്‍ ആളില്ലാതെയോ, സമൂഹം അറിയാതിരിക്കുമ്പോഴോ, അവനില്‍ മൃഗങ്ങളെക്കാളും വലിയ ഒരു മൃഗീയത ഉറങ്ങിക്കിടക്കുന്നു എന്നതിന് ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍...


എനിക്ക് ഇതു കണ്ടപ്പോള്‍ കിട്ടിയ ഗുണപാഠം:

കഴിവതും മക്കളെ സുഖദുഃഖങ്ങളൊക്കെ നാം കൂടി അറിയാനും കാണാനും പറ്റുന്ന ഒരിടത്തേയ്ക്ക് മാത്രം വിവാഹം ചെയ്തയക്കുക. കഴിവതും നമ്മുടെ സമൂഹത്തില്‍ തന്നെ ജീവിക്കാന്‍ ശ്രമിക്കുക. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നവരില്‍ ആണ് മൃഗീയത് കൂടുതല്‍ പ്രകടമാകുന്നത്. ഓര്‍ക്കുക.
സമൂഹം വീക്ഷിക്കുന്നു എന്നു വരുമ്പോള്‍ ഏതു ക്രൂരനും നല്ല മനുഷ്യനാകാന്‍ ശ്രമിക്കുന്നു. മറിച്ചാകുമ്പോള്‍ നല്ലവരിലും മൃഗീയത ഉണരാനും സാധ്യതയുണ്ട്. കഴിവതും സമൂഹവുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. കൂട്ടുകുടുംബം ഇല്ലെങ്കിലും കൂട്ടായി കുടുംബം ഉള്ളതില്‍ പരം ഭാഗ്യം ഈ ലോകത്തില്‍ വേറേ ഒന്നും ഇല്ല എന്നും തോന്നി.

വെറുതേ..

(കിരണ്‍ജിത്തിനെ മറ്റൊരു യുവതിയായി കാണാതെ സ്വന്തം മകള്‍ക്കാണീ ഗതി ഉണ്ടായത് അല്ലെങ്കില്‍ സഹോദരിക്കാണ് ഈ ഗതിയെങ്കില്‍ എന്ന് വെറുതേ ഒന്നാലോചിച്ചു നോക്കൂ..)

10 comments:

കോറോത്ത് said...

ആത്മ ചേച്ചീ ... ഫുള്‍ ടൈം സിനിമ കാണലാ അല്ലേ :)
പോസ്റ്റ് എല്ലാം വായിക്കണ്ന്ടെങ്കിലും കമന്റ് എഴുതാന്‍ ടൈം കിട്ടണില്ല :(:(

ആത്മ said...

പിന്നെ ഇപ്പം എങ്ങിനെ സമയം കിട്ടി? :)
ആത്മചേച്ചി ഫുള്‍ ടൈം സിനിമ കാണുന്നതറിഞ്ഞപ്പോള്‍ കുശുമ്പു കയറിയതാവും അല്ലെ?
കണ്ടതില്‍ സന്തോഷം:)

കോറോത്ത് said...

ശരിക്കും :):)... ഇവിടെ ഒരു സിനിമേടെ('കരിയിലക്കാറ്റു പോലെ' ) പകുതി കണ്ടിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അത് മുഴുവനാക്കാന്‍ പറ്റീല്ല :(
DVD കടക്കാരന്‍ ഇനി എന്നെ വീട്ടില്‍ വന്നു തല്ലുമാരിക്കും അത് തിരിച്ചു കൊടുക്കാഞ്ഞിട്ട് :0

ആത്മ said...

അപ്പോള്‍ കോറോത്തും പഴയ സിനിമകളൊക്കെ
ഇപ്പം കാണുന്നതേ ഉള്ളു അല്ലെ,
സാരമില്ല ട്ടൊ, നല്ല സമയം കിട്ടുമ്പോള്‍ എല്ലാം കാണാം. DVD തിരിച്ചുകൊടുക്കാന്‍ മറക്കല്ലേ.. ഫൈനടിക്കും :)

വല്യമ്മായി said...

അപ്പോള്‍ Brida ഇതുവരെ വായിച്ച് കഴിഞ്ഞില്ലേ,അത്മേച്ചി അതിന്റെ റിവ്യു എഴുതിയിട്ട് വേണം എനിക്ക് വായന തുടരാന്‍ :)

ഇവിടെ ഉപ്പച്ചീം മോളു ആണ് സിനിമൗടെ ആളക്കാര്‍ :)

ആത്മ said...

Brida വായിച്ചു കഴിഞ്ഞു.വലിയമ്മായിയെ ഭയന്നാണ് റിവ്യൂ എഴുതാഞ്ഞത്. ആത്മയ്ക്ക് എല്ലാം
തലതിരിഞ്ഞല്ലേ തോന്നൂ.. വലിയമ്മായി യുടെ വ്യൂവുമായി അത് ചേര്‍ന്ന് പോകുമോ എന്നൊരു ശങ്ക. എങ്കിലും ഉടന്‍ എഴുതാം ട്ടൊ.:)

ആത്മ said...

വലിയമ്മായി,:)
ആത്മയും പടം അധികം കാണാറില്ല ട്ടൊ.
അവധിക്കാലത്ത് മക്കള്‍ക്ക് കമ്പനി കൊടുക്കാനായിട്ട് കാണുന്നതാണ്. പക്ഷെ, ഈയ്യിടെ ‘റയിന്‍ കോട്ട്’ എന്നൊരു പടം കണ്ടു(ഐശ്വര്യയും അജയ്‍ ദേവ്ഗണും അഭിനയിച്ചത്)
ഒരു നല്ല ബുക്ക് വായിക്കുമ്പോലത്തെ ഒരു
സാറ്റിസ് ഫാക്ഷന്‍ കിട്ടും കണ്ടു കഴിയുമ്പോള്‍.

വല്യമ്മായി said...

അഭിപ്രായങ്ങള്‍ തുറന്ന് പറയണം,വ്യത്യസ്ത വീക്ഷണങ്ങള്‍ അറിഞ്ഞാലല്ലേ നമ്മുടേത് ശരിയാണോ എന്ന് അറിയാന്‍ പറ്റൂ.

റെയിന്‍ കോട്ട് ഞാന്‍ കൂറേ നാള്‍ മുമ്പ് കണ്ടിരുന്നു.ഇഷ്ടമാവുകയും ചെയ്തു

ശ്രീഹരി::Sreehari said...

സൊ അങ്ങനെയാണ് പ്രൊവോക്ഡ്... ഐശ്വര്യാ റായിച്ചേച്ചിയുടെ അഭിനയം വല്യേ പഥ്യമില്ല... സോ കാണണോ വേണ്ടയോ...

കുഞ്ഞുങ്ങളെ വിവാഹം കഴിച്ചയക്കുന്ന കാര്യം പറഞ്ഞത് കറക്റ്റ്. ancient promises വായിച്ചു കാണുമല്ലോ അല്ലേ?

ആത്മ said...

Ancient Promises വായിച്ചിട്ടില്ല. പരിചയപ്പെടുത്തിതന്നതിനു നന്ദി. :)

Provoked അത്ര നല്ല സിനിമ ഒന്നും അല്ല.
ഒരു വീട്ടമ്മയുടെ കഥയായതുകൊണ്ട് കണ്ടതാണ്.
ഐശ്വര്യാറായിയെ ഇഷ്ടമാണെങ്കില്‍ കണ്ടാലും
നഷ്ടം വരില്ലെന്നു തോന്നുന്നു.