Sunday, January 25, 2009

Brida
Paulo Coelho യുടെ Brida വായിച്ചു.

Paulo കഥകള്‍ വായിക്കുമ്പോഴൊക്കെ അദ്ദേഹം എന്തോ മഹത്തായ ഒന്ന് വെളിപ്പെടുത്താന്‍ പോകുമ്പോലെ വായിക്കുമെങ്കിലും ഇടയ്ക്ക് ഇദ്ദേഹത്തിനു വട്ടുണ്ടൊ, നമ്മെയൊക്കെ വിഡ്ഡിയാക്കി വഴിതെറ്റിക്കുകയാണോ, എന്നും തോന്നും (ഒടുവില്‍ Paulo യെപ്പറ്റി വായിച്ചു നോക്കിയപ്പോള്‍ ചെറുതിലെ അദ്ദേഹത്തിനു വട്ടുണ്ടോന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കാളും സംശയിച്ചിരുന്നത്രെ! ചുമ്മാതല്ല. ഒരാണി ഇളകിയമാതിരി ഒരെഴുത്ത്!) എങ്കിലും വായിച്ചു , ഒരുപക്ഷെ, നമ്മുടെ ബുദ്ധിയ്ക്കും അപ്പുറത്തു നിന്ന് അദ്ദേഹം ചിന്തിക്കുന്നതുകൊണ്ടാകും അങ്ങിനെയൊക്കെ തോന്നുന്നതെന്ന് കരുതി. മനപ്പൂര്‍വ്വം വായിച്ചു, [Gabriel Marquez ന്റെ One Hundred Years of Solitude വായിച്ചപോലെ. പക്ഷെ അതു വായിച്ചു തീര്‍ത്തപ്പോള്‍ ഒന്നുരണ്ടാഴ്ച മറ്റൊരു ലോകത്തില്‍ (അവരുടെ ഗ്രാമം-civilization-ഉണ്ടാക്കപ്പെട്ടതിനും നശിച്ചുപോയതിനും ഒക്കെ സാക്ഷ്യം വഹിച്ചപോലെ) അകപ്പെട്ടപോലെ ജീവിച്ചു.] പക്ഷെ ഇദ്ദേഹത്തിന്റെ കഥ വായിച്ചുകഴിയുമ്പോ‍ള്‍ അങ്ങിനെയൊന്നും ഇല്ല. ബുക്ക് വായിച്ചു തീര്‍ന്ന ഒരു സംതൃപ്തി. അത്രയേ തോന്നിയിട്ടുള്ളു. (എന്റെ അറിവിന്റെ പരിമിതി കൊണ്ടാകാം.)കഥയുടെ ചുരുക്കം

ബ്രിദ എന്ന സ്ത്രീ (20 നടുത്ത് പ്രായം) മാജിക്ക് പഠിക്കണമെന്നു കരുതി ഒരു ഗുരുവിനെ അന്വേക്ഷിച്ചു പുറപ്പെടുന്നു. കാട്ടിനുള്ളില്‍ അലഞ്ഞു തിരിയുന്ന ഗുരുവിനെ (മാഗസിനെ) ( ഗുരു ഒരു കൊലക്കുറ്റം പോലും ചെയ്തിട്ടുണ്ട്, തന്റെ കാമുകിയെ മറ്റൊരാള്‍ സ്നേഹിച്ചതിന്) കണ്ടെത്തുന്നു. മാഗസ് Brida യെ കണ്ടമാത്രയില്‍ തന്നെ അവള്‍ തന്റെ ‘സോള്‍ മേറ്റ്’ ആണെന്ന് തിരിച്ചറിയുന്നു. (സോള്‍ മേറ്റിന്റെ കണ്ണില്‍ ഒരു പ്രത്യേക തിളക്കവും, ഇടതു തോളിലിന്റെ മുകളിലായി ഒരു പ്രകാശവും കാണുമത്രെ!. അങ്ങിനെ ആരെയെങ്കിലും കാണുമെങ്കില്‍ സൂക്ഷിക്കുക അത് നിങ്ങളുടെ സോള്‍ മേറ്റാണ്) Brida ഇതൊന്നും അറിയുന്നില്ല അവള്‍ക്ക് മാജിക്ക് പഠിക്കണം എന്ന ലക്ഷ്യം മാത്രം.

തുടര്‍ന്ന് ഒരു ചെയിന്‍പോലെ എന്തോ ഒരദൃശ്യ ശക്തിയാല്‍ മാഗസിന്റെ അടുത്തു നിന്നും അവള്‍ ‘Wica’യുടെ അടുത്തെത്തുന്നു.( വികയും മാഗസിന്റെ ഒരു പഴയ കാമുകിയായിരുന്നു) വിക അവളെ തന്ത്രപൂര്‍വ്വം വിച്ച് ക്രാഫ്റ്റ് മുഴുവനും പഠിപ്പിക്കുന്നു. Brida ഒരു വിച്ച് ആണെന്നും ബോധ്യപ്പെടുത്തുന്നു. വിച്ച് ക്രാഫ്റ്റിലൂടെ ബിഡയ്ക്ക് തന്റെ പൂര്‍വ്വ ജന്മവും സാധാരണക്കാരുടെ ദൃഷ്ടികള്‍ക്കഗോചരമായിരിക്കുന്ന പല സത്യങ്ങളും കാണാന്‍ വിക സഹായിക്കുന്നു .

വീണ്ടും ‘മാഗസി’നടുത്തെന്ന അവള്‍ അയാള്‍ തന്റെ ‘സോള്‍ മേറ്റാ’ണെന്ന് തിരിച്ചറിയുന്നു. മാഗസ് അവളെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഒടുവില്‍ സോള്‍ മേറ്റുമായി സെക്സിലൂടെ കിട്ടുന്ന ആനന്ദവും സന്യാസിമാര്‍ കഠിന തപസ്സു ചെയ്ത് ഒടുവില്‍ നേടുന്ന അനന്ദവും ഒന്നാണെന്നു സമര്‍ത്ഥിക്കുന്നു (കഠിനതപസ്സുചെയ്ത് സന്യാസിമാര്‍ അനുഭവിക്കുന്ന ആനന്ദമാണുപോലും ഒരു നല്ല സെക്സ് അനുഭവവും! ഒന്നുമല്ലെങ്കില്‍ ആദ്യത്തെത് നിത്യാനന്ദവും രണ്ടാമത്തെത് ക്ഷണികമയുള്ള തെന്നെങ്കിലും പറയാമായിരുന്നു അദ്ദേഹത്തിന്.)

ഒടുവില്‍ മാഗസും വികയും ഒക്കെ ചേര്‍ന്ന് ബ്രിദയെ ഒരു ‘വിച്ച് ’ആക്കി മാറ്റുന്നു. ഒരു ഫുള്‍മൂണ്‍ ദിനത്തില്‍, വിച്ചുകളോടൊപ്പം നഗ്നനൃത്തം ചെയ്ത് ശക്തിയൊക്കെ സമ്പാദിച്ച്, ശരിക്കുമൊരു ‘വിച്ച് ’ആയി അവരോധിക്കപ്പെട്ട്, ഒടുവില്‍ പഴയ പടി തന്റെ കാമുകനോടൊത്ത് തിരിച്ച് ജീവിതത്തിലേക്ക് (കാമുകന്‍ ഇതെല്ലാം നോക്കിയും കണ്ടും തുണയായി കൂടെയും!.. ഇതെന്തു കഥ!. മനുഷ്യരെ കുരങ്ങുകളിപ്പിക്കുന്നതിനും ഒരതിരില്ലെ?!)

സത്യത്തില്‍ എനിക്കു തോന്നിയതെന്തെന്നാല്‍.. Paulo പല റിലീജിയസ് ബുക്കുകളും വായിച്ചിട്ടുള്ളതുകൊണ്ട് എല്ലാറ്റില്‍ നിന്നും കാതലായ അംശങ്ങള്‍ ( Ancient wisdoms-Hindu, Chinese, Arabic, christian etc..) കഥയുടെ ഇടയില്‍ തിരുകികയറ്റി, കുത്തഴിഞ്ഞ വെസ്റ്റേണ്‍ ജീവിതത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോലെ.. ( Tuesdays with Morris-Mitch Albom ലും അങ്ങിനെ തോന്നി. പക്ഷെ, അദ്ദേഹം എല്ലാം കൂടി ചേര്‍ത്ത് നല്ല ഒരു ജീവിതം വാര്‍ത്തെടുക്കാന്‍ സഹായിക്കനാണ് ശ്രമിക്കുന്നത്.)

[വായനയിലും ജീവിതത്തിലും ഒന്നും വലിയ അനുഭവമില്ലാത്തതുകൊണ്ട് സാധാരണ എഴുത്തുകാരുടെ ശൈലിയിലും കാഴ്ച്ചപ്പാടിലും എഴുതാനും മനസ്സിലാക്കാനും ഒക്കെ എനിക്കും ബുദ്ധിമുട്ടാണ്. എന്നാലും Paulo ചെയ്യുന്നത് ഒട്ടും ശരിയല്ലാ.. ]

ഇത്രയുമാണ് വായിച്ചു കഴിഞ്ഞപ്പോള്‍ ഉടന്‍ തോന്നിയത്.


രണ്ടാമത് മനസ്സിലായത് ,

വിച്ച് ക്രാഫ്റ്റ് എന്നു പറ്ഞ്ഞ് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തുനോക്കിയപ്പോള്‍ (ബ്ലോഗെഴുത്തുകൊണ്ടുള്ള ഗുണങ്ങള്‍!) കണ്ടു. അതില്‍, Wica എന്നതും Magus എന്നതുമൊക്കെ അവരുടെ ശരിക്കും ഉള്ള ടീച്ചേഴ്സിന്റെ പേരാണത്രെ.!

അപ്പോള്‍ Paulo ഇവിടെ പറയുന്ന കഥ വിച്ച് ക്രാഫറ്റുകാരുടെ യധാര്‍ത്ഥ ജീവിതമാണ് (എത്രയോ നല്ല റിലീജിയണ്‍സ് ഒക്കെ ഉണ്ടായിട്ടും ഇത്തരം ഒന്നിന്റെ പുറകെ പോകാനും ആള്‍ക്കാര്‍!)

അവര്‍ പ്രകൃതിയേയും സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും ഒക്കെ പ്രകീര്‍ത്തിക്കുന്നു (കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കൂ http://www.witchway.net/wicca/what1.html)

അപ്പോള്‍ അതാണ് കാര്യം! ആത്മ കഥയറിയാതെ ആട്ടം കണ്ടു. വലിയമ്മായി ഇനിയും ബുക്ക് വായിച്ചു തീര്‍ന്നില്ലെങ്കില്‍ മേല്‍ കാണിച്ച സൈറ്റില്‍ പോയി വായിച്ചുനോക്കിയിട്ട് ബാക്കി വായിച്ചാല്‍ ഒരു പക്ഷെ ബുക്ക് രസകരമായി തോന്നിയേക്കും..ട്ടൊ.

7 comments:

ആത്മ said...

വലിയമ്മായി ആ‍ത്മചേച്ചിയുടെ രക്ഷക്കെത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്..

ശ്രീഹരി::Sreehari said...

വായനക്കാരനിഷ്ടമുള്ള പോലെ എങ്ങനെയും വ്യാഖ്യാനിക്കാം എന്നാണ്.
ഈ പൗലോ കൊയ്ലോ പറയുന്നത് മുഴുവന്‍ അങ്ങ് തൊണ്ട തൊടാതെ വിഴുങ്ങണ്ട...
ബട് ഐ ഗസ്സ് ഹീ ബിലീവ്സ് ഇന്‍ വാട് ഹീ സേയ്സ്...

സമയമനുവദിക്കും പോലെ ഒരു പോസ്റ്റ് ഇടാന്‍ ശ്രമിക്കാം കൊയ്ലോയെക്കുറിച്ച്.

പിന്നെ ദ റിലേഷന്‍ ബിറ്റ്വീന്‍ സെക്സ് ആന്‍‌ഡ് യോഗ, മുഴുവന്‍ തള്ളണ്ട. ഓഷോ അതിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.

സജസ്റ്റഡ് റീഡിംഗ് ബിഫോര്‍ റീഡിംഗ് ‍ കൊയ്‌ലോസ് അദര് ബുക്സ്:
"കണ്‍‌ഫഷന്‍സ് ഓഫ് എ പില്‍ഗ്രിം" ... പുള്ളി പണ്ട് ബ്ലാക് മാജിക്കിന്റെ പുറകെ നടന്നതൊക്കെ അതില്‍ വായിക്കാം... അപ്പോല്‍ ബ്രൈഡയും കറക്റ്റ് ആയി ഉള്‍ക്കൊള്ളാന്‍ സാധിക്കും

ആത്മ said...

എങ്കിപ്പിന്നെ പൌലൊയെക്കുറിച്ചും മറ്റു എഴുത്തുകാരെ‍പ്പറ്റിയും ഒക്കെ ദയവായി എഴുതൂ.
സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ രണ്ടുമൂന്നു ബുക്ക്സ് വായിച്ചിട്ടുണ്ട്. ഏതാണ്ടിതുപോലെയൊക്കെയാണ് എനിക്ക് എല്ലാം തോന്നിയത്..(ഇവിടെ മലയാളം ബുക്കുകളുടെ ദാരിദ്ര്യം കൊണ്ട് ഇംഗ്ലീഷ് വായിച്ചു തുടങ്ങിയതാണ് ട്ടൊ. അതുകൊണ്ട് രണ്ടിലും വലിയ അറിവൊന്നും ഇല്ല.)

ശ്രീഹരി::Sreehari said...

ആ ബെസ്റ്റ് ഞാനോ? കമന്റിട്ടത് കൊഴപ്പായോ തമ്പുരാനേ? കൊയ്ലോയുടെ ഏതാണ്ടെല്ലാം വായിച്ചോണ്ട് ഒന്നെഴുതിക്കളായം എന്നു പറഞ്ഞെന്നേ ഉള്ളു...
ബാക്കി ഉള്ളവരെക്കുറിച്ചെഴുതാന്‍ ആദ്യം അതൊക്കെ ഞാന്‍ വായിക്കണ്ടേ?

വല്യമ്മായി said...

റിവ്യൂവിനു നന്ദി,എന്തോ പകുതിമനസ്സാലേ എഴുതിയ പോലെ തോന്നി.വായിച്ചിടത്തോലം എനിക്കും വലിയ ഇഷ്ടമായില്ല :(,ജീവിതം നാളെ എങ്ങനെയാണെന്ന് മാജിക്കിലൂടെ അറിയാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാകും.

The warrior of light എന്ന ബുക്ക് പൗലോയുടെ സറ്റില്‍ നിന്‍ ഡൗണ്‍ലോഡ് ചെയ്യാം താല്പര്യമുണ്ടെങ്കില്‍. :)

ആത്മ said...

വന്നു വായിച്ചതിനു നന്ദി.:)
റിവ്യൂ എഴുതിയും പോയി
വലിയമ്മായിയെ കണ്ടതുമില്ലായിരുന്നു

കുഞ്ഞായി said...

brida ഈയിടെ വായിക്കാന്‍ ഇടയായി .brida അത്ര വലിയ മാസ്റ്റര്‍ പീസൊന്നുമായിരുന്നില്ല.പക്ഷേ ,പോളോ കൊയ്‌ലോ എന്ന എഴുത്തകാരനെ പറ്റി നിങ്ങള്‍ എഴുതിയ വാക്കുകളാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.കൊയ്‌ലോയുടെ ചുരുക്കം ചില ബുക്കുകള്‍ വായിച്ചതില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍:
കോയ്‌ലോ ഒരു സ്പിരിച്യുവല്‍ റൈറ്ററാണ്.ഞാന്‍ മനസ്സിലാക്കിയേടത്തോളം മനുഷ്യജീവിതം ഇത്രയേറെ മനസ്സിലാക്കിയ മറ്റൊരു എഴുത്തുകാരനുണ്ടോ എന്ന് സംശയമാണ്.

അദ്ദേഹത്തിന്റെ ബുക്കുകള്‍ വായിക്കുമ്പോള്‍ ,ഇടക്ക് ആവശ്യത്തിന്നും അനാവശ്യത്തിന്നും കയറിവരുന്ന ഫിലോസഫികള്‍ വായനയുടെ ഒരു സുഖം നഷ്ടപ്പെടുത്തുന്നതായിട്ട് തോന്നിയിട്ടുണ്ട്.പക്ഷേ,അങ്ങനെ എഴുതുന്നതിലൂടെ,ആള്‍ക്കാരെ പ്രജോദിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ വിജയവും.