Tuesday, January 20, 2009

ബ്ലാക്ക്


‘ബ്ലാക്ക്’ എന്ന സിനിമ കണ്ടു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഇതുവരെ ഷാരൂഖാന്‍ ഫാന്‍ ആയിരുന്ന മകന്‍ പതിയെ അമിതാബച്ചന്‍ ഫാന്‍ ആയി മാറി. അത്രമേലുണ്ട് പ്രായമിത്രയായിട്ടും അമിതാ ബച്ചന്റെ‍ പ്രൌഢി. പ്രായം മനസ്സിനെ ബാധിക്കാത്തിടത്തോളം പ്രായം ഒരു പ്രായമേ അല്ലെന്നു തോന്നി അപ്പോള്‍.

ഇതിലെയും നായകനും നായിക റാണിമുഖര്‍ജിയ്ക്കും (മിഷേല്‍) തമ്മില്‍ വളരെ പ്രായവ്യത്യാസം ഉണ്ട്. കഥയുടെ പകുതിയോളം ഒരു ഗുരുശിഷ്യബന്ധമായിരുന്ന് കണ്ടപ്പോള്‍, പെട്ടെന്ന് കഥയില്‍ ഒരു ‘ലവ് ’ഫീല്‍ ചെയ്യാന്‍ തുടങ്ങി. അത് അല്‍പ്പം കടന്ന കൈയായപോലെ തോന്നുകയും ചെയ്തു. നായികയുടെ മുത്തശ്ശനാകാന്‍ പ്രായമുള്ള മനുഷ്യന്‍!
മോറാലിറ്റി വിട്ട് കഥയിലേക്ക് വരട്ടെ,

ഇവിടെ അന്ധതയില്‍ ഉഴലുകയായിരുന്ന മിഷേല്‍ എന്ന കുട്ടിയുടെ ജീവിതത്തില്‍ വെളിച്ചമായെത്തുന്ന ഒരു ഗുരുവാണ് അമിതാബ്. മിഷേലിന് തന്റെ ഗുരു കാട്ടിക്കൊടുത്ത വെളിച്ചത്തിലൂടെ ലോകം മനസ്സിലായിത്തുടങ്ങുന്നു. ഒപ്പം ഗുരു അവളുടെ എല്ലാമെല്ലാമായി മാറുകയും ചെയ്യുന്നു.


രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞ് നടക്കുന്ന സാറായുടെ ഭാവവിഹ്വാദികള്‍.. മനസ്സിനെ വല്ലാതെ മഥിച്ചു. വെളിച്ചത്തിനുവേണ്ടി ഉഴറിനടക്കുന്ന അവളുടെ ദൈന്യമായ ചലനവൈകല്യങ്ങള്‍ .. ഒരിറ്റു വെളിച്ചത്തിനായുള്ള അവളുടെ ദാഹം.. അവളുടെ ആംഗ്യവിക്ഷേപങ്ങളില്‍ പോലും വെളിച്ചത്തെത്തേടിയുള്ള അവളുടെ പരാക്രമം തെളിഞ്ഞു കാണുന്നു.

മിഷേല്‍ കണ്ണുകാണാനാവാത്തതുകൊണ്ട് വെളിച്ചത്തിലൂടെ തപ്പിത്തടയുമ്പോള്‍ നാമൊക്കെ കണ്ണുണ്ടായിട്ടും ഒരിറ്റു വെളിച്ചമില്ലാതെ തപ്പിത്തടയുന്നതുപോലെ ഒരു തോന്നല്‍..നിലകിട്ടാകയങ്ങളില്‍ നിലകിട്ടാതെ ഗതികിട്ടാതെ ഉഴറുന്ന ജീവനുകള്(-പ്രത്യേകിച്ച് പ്രവാസികള്‍). നമുക്ക് വെളിച്ചമേകാന്‍ നമ്മുടെ പെറ്റനാടിനേ കഴിയൂ എന്ന വസ്തുത മറന്ന് നാം എന്തിലൊക്കെയോ സുരക്ഷിതത്വം കണ്ടെത്താന്‍ ശ്രമിക്കുന്നു. തളരുമ്പോള്‍.. രാത്രിയുടെ യാമങ്ങളില്‍.. നാം ഒറ്റപ്പെട്ടവരാ‍ണെന്ന് മനസ്സിലാവുന്നു. നമ്മെ വിഴുങ്ങാനടുക്കുന്ന ഇരുട്ടിന്റെ ഭയാനകതയില്‍ നിന്ന് ഓടിയകലാന്‍ നമ്മുടെ ആത്മാവും ഭയവിഹ്വലരായി അലയുന്നപോലെ..

വീണ്ടും കഥയിലേയ്ക്ക് വരാം..
മിഷേല്‍ ജീവിതമെന്തെന്നറിയുന്നത് അവളുടെ ഗുരുവിലൂടെയാണ്. അവള്‍ പരീക്ഷ പാസ്സാകാതിരി ക്കാന്‍ കാരണവും ഒരുപക്ഷെ, തന്റെ ഗുരു തന്നെ വിട്ടുപോകുമോ എന്ന ഉല്‍ക്കണ്ഠ കൊണ്ടാകുമോ! അതുപോലെ ഒടുവില്‍ മിഷേലിന്റെ ടൈപ്പിംഗ് സ്പ്പീട് നോര്‍മ്മല്‍ ആകുമ്പോള്‍, ഗുരുവില്‍ മറവിരോഗം പിടികൂടുന്നു.. അദ്ദേഹത്തിനും തന്റെ ശിഷ്യ തന്നെ വിട്ടുപോകുമെന്ന ഉല്‍ക്കണ്ഠയാകാം..

പ്രായം മറന്ന് , ശാരീരിക സുഖത്തിനപ്പുറം നിന്ന് പര‍സ്പ്പരം സ്നേഹിക്കുന്ന രണ്ട് ആത്മാക്കളുടെ കഥപറയുന്നു ബ്ലാക്കില്‍. ഒപ്പം കാഴ്ച്ചയില്ലാതെ കഷ്ടപ്പെടുന്ന കുട്ടികളെയും കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന തിനു പിന്നിലെ സത്യം മനസ്സിലാവുന്നു. അവര്‍ പഠിക്കുന്നത് പഠിച്ച് വലിയാളാകാനായല്ല. അവര്‍ക്ക് അവരുടെ ജീവിതം എന്തെന്നറിയാനാണ്.അല്ലെങ്കില്‍ ഒരു ജന്മം മുഴുവന്‍ ഒരു ഇരുട്ടില്‍, തങ്ങളെവിടെ യാണ് പെട്ടിരിക്കുന്നതെന്നറിയാതെ, തങ്ങളുടെ ചുറ്റും എന്താണ് നടക്കുന്നതെന്നറിയാതെ, സ്വന്ത ബന്ധങ്ങളെപറ്റിപ്പോലും അറിയാതെ, ഒരു മൃഗങ്ങളെക്കാളും കഷ്ടമായി ഈ ഭൂമിയില്‍ ഒരു ജന്മം ജീവിക്കുക.. ഓര്‍ക്കുക പോലും അസാധ്യം. നാമും അവരെപ്പോലെയല്ലേ? നമുക്കെന്തു പ്രത്യേകത? കണ്ണിനു കാഴ്ച്ചയുണ്ടെന്നല്ലാതെ. ആ കാഴ്ചകൊണ്ട് സ്വാര്‍ത്ഥരായി, സ്വന്ത സുഖസൌകര്യങ്ങള്‍ മാത്രം നോക്കി നടക്കുന്ന നമ്മെക്കാളുംയോഗ്യത; അവകാശം; അവര്‍ക്കുണ്ട് ഈ ലോകം കാണാന്‍, അനുഭവിക്കാന്‍? ഈ ലോകം നമുക്കുള്ളതുപോലെ അവര്‍ക്കും തുല്യാവകാശമുള്ളതാണെന്നോര്‍ക്കുക.
അന്ധരും ബധിരരും മറ്റ് അംഗവൈകല്യമുള്ളവരുടെയും ഉന്നമനത്തിനായി ശ്രമിക്കുന്നവരെ ശിരസ്സാ നമിക്കുന്നു. ഇത്തരം ഒരു സിനിമ എടുത്ത് പ്രേക്ഷക ഹൃദയങ്ങളെ കവരാന്‍ കഴിഞ്ഞ സംവിധായ കനും പ്രണാമം.

[ബ്ലാക്കിനെപറ്റി എങ്ങും വായിച്ചും കേട്ടും ഒന്നും അറിവില്ല. ഒരു വീഡിയോ കിട്ടി, സിനിമ കണ്ടപ്പോള്‍ ഒറ്റപ്പെട്ട ഒരു വ്യക്തിയ്ക്ക് തോന്നിയ അനുഭവമായി മാത്രം കണ്ടാല്‍ മതി ഈ പോസ്റ്റ്]

17 comments:

വല്യമ്മായി said...

ഞാന്‍ കണ്ടിട്ടില്ല ബ്ലാക്ക്,ആസ്വാദന്ം ഇഷ്ടമായി,പ്രത്യേകിച്ചും അതില്‍ പ്രവസികളെ വയിച്ചെടുത്തത്.കാഴ്ചയെ കുറിച്ച് ചില ചിന്തകള്‍ ഇവിടെ http://rehnaliyu.blogspot.com/2008/07/blog-post_14.html

സു | Su said...

ബ്ലാക്ക് ഇറങ്ങിയപ്പോൾത്തന്നെ കണ്ടിരുന്നു. ഇഷ്ടമായി. പൊരുതിജീവിക്കുക എന്നൊക്കെപ്പറയുന്നത് ഇത്തരം ജീവിതങ്ങളെയാണ്.

നമുക്ക് കാണാൻ കഴിയുന്നു. അതുകൊണ്ടാവും കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നത്. കാണാത്തവരാണെങ്കിൽ, കണ്ടിരുന്നെങ്കിൽ എന്നൊരു പ്രതീക്ഷയിൽ ജീവിക്കുന്നു.

ആത്മ said...

വലിയമ്മായി :)
ബ്ലാക്ക് വളരെ നല്ല നിമയാണ്.റാണിമുഖര്‍ജിയെക്കാളും നന്നായി അഭിനയിച്ചിരിക്കുന്നത് അവരുടെ കുട്ടിക്കാലം അഭിനയിക്കുന്ന കുട്ടിയാണ്. കാണാന്‍ സമയം കിട്ടുമ്പോള്‍ കണ്ടു നോക്കൂ

ആത്മ said...

സൂജീ, :)
സൂജിയോട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോദിച്ച ചോദ്യം
ഒരിക്കല്‍ക്കൂടി ചോദിക്കാന്‍ തോന്നുന്നു. പക്ഷെ
വഴക്കു കിട്ടുമോന്ന് ഒരു ഭയം അതുകൊണ്ട് തല്‍ക്കാലം
ചോദിക്കുന്നില്ല

ആത്മ said...

വലിയമ്മായി കാഴ്ചയെക്കുറിച്ച് എഴുതിയത് വായിച്ചു.
മുന്‍പും വായിച്ചായിരുന്നു. വളരെ ഉള്‍ക്കാഴ്ചയോടെ
എഴുതിയിരിക്കുന്നു!
അഭിനന്ദനങ്ങള്‍.

ശ്രീഹരി::Sreehari said...

ആത്മ,

തിരഞ്ഞെടുത്ത സിനിമ വളരെ നല്ലത് എന്നു പറയട്ടെ.( സഞയ് ലീല ബന്‍സാലിയുടെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് നിലവാരം കുറവെങ്കിലും - സംശയം ഉണ്ടെങ്കില്‍ ഖാമോഷി കണ്ടു നോക്കാം)

ഇപ്പോല്‍ ആസ്വാദനം എഴുതാനും പഠിച്ചല്ലോ :)

ഒരു കാര്യം പറഞ്ഞോട്ടെ, താങ്കള്‍ ശരിയായ വീക്ഷണകോണില്‍ നിന്നല്ല, ചില രംഗങ്ങല്‍ കാണുന്നത്.
ബ്ലാക് എന്ന സിനിമയിലെ ഏറ്റവും ഇമ്പോര്‍ട്ടന്റ് സീനുകളില്‍ ഒന്നാണത്. ഫിസിക്കലി ചാലഞ്ച്ഡ് ആയവര്‍ക്കും, ശാരീരിക ആവശ്യങ്ങള്‍ ഉണ്‍റ്റെന്ന് നാം മറക്കാമോ?

സാന്ത്വനങ്ങള്‍ക്കപ്പുറം ഒരു ചുംബനത്തിന് അവര്‍ക്കും ആഗ്രഹമുണ്ടാവില്ലേ? മറ്റെലാവരേയും പോലെ ആയിത്തീരാന്‍ അവര്‍ക്കും ആഗ്രഹം കാണും. ഈവന്‍ അങ്ങനെയല്ലാത്തവര്‍ക്കു പോലും ഒരു ഇണ എന്നത് ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും.

മൊറലാറ്റി പ്രേക്ഷകന്റെ മനസിലാണ്. അശ്ലീലം ആയി ആ സീന്‍ കണ്ടാല്‍ അശ്ലീലമാവും.
മച്യൂറിറ്റിയോടെ നോക്കിക്കണ്ടാല്‍ മറിച്ചും...

എഴുത്തു തുടരുക

ആത്മ said...

അതെ ശ്രീഹരി പറഞ്ഞതുപോലെ ഞാന്‍ അതിനു
പ്രാധാന്യം കൊടുത്തില്ല. ഇതില്‍ മൊറാലിറ്റിയെപറ്റി പ്രതിപാദിക്കാന്‍ വേണ്ടി ഒന്നും ഇല്ല. ഇവിടെ ഫിസിക്കലി ചലഞ്ച്ട് ആയവര്‍ക്കും നോര്‍മ്മല്‍ മനുഷ്യരുടെ വിചാരവികാരങ്ങള്‍ ഉണ്ടെന്നതും ഗുരു അവളെ ഒരു സാധാരണം മനുഷ്യസ്ത്രീയെപ്പോലെ ജീവിതം നോക്കിക്കാണാന്‍ പഠിപ്പിക്കുന്നതും, സാധാരണ സ്ത്രീ ആയി അക്സപ്റ്റ് ചെയ്യുന്നതും അല്ലെ വിഷയം. എനിക്കും ഇടയ്ക്ക് തോന്നിയിരുന്നു.. പിന്നെ എന്തോ, വിട്ടുപോയി.ചൂണ്ടിക്കാട്ടിയതിനു വളരെ വളരെ നന്ദി.

‘ആസ്വാദനം എഴുതാന്‍ പഠിച്ചു’ എന്നു പ്രോത്സാഹിപ്പിച്ചതിനും വളരെ വളരെ നന്ദി :)

ശ്രീഹരി::Sreehari said...

കാര്യമൊക്കെ ശരി, മകനോട് ഷാരൂഖിനെ മുഴുവന്‍ അങ്ങ് വിടണ്ട എന്ന് പറഞ്ഞേക്കൂ... പെര്‍ഫക്ഷനിസ്റ്റുകള്‍ മാത്രം പോരല്ലോ കുറച്ച് പെര്‍ഫോര്‍മേഴ്സ് കൂടെ വേണം....
ഇന്‍ ദാറ്റ് സെക്ഷന്‍ ഹീ ഇസ് ദ ബെസ്റ്റ്... :)

റോബി said...

മുൻപൊരിക്കൽ ഇതു ടിവിയിൽ വന്നപ്പോൾ കാണാൻ ശ്രമിച്ചിരുന്നു.
pretentious എന്നേ എനിക്കു തോന്നിയുള്ളൂ.
ബച്ചന്റെയും മുഖർജിയുടെയും അഭിനയം അരോചകമായി തോന്നി.
(മുഴുവനും കണ്ടുമില്ല)

...പകല്‍കിനാവന്‍...daYdreamEr... said...
This comment has been removed by the author.
...പകല്‍കിനാവന്‍...daYdreamEr... said...

ബ്ലാക്ക് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു...

Melethil said...

റോബി പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ്.. വയസ്സനായിട്ടു അഭിനയിക്കുമ്പോഴാണ് ബച്ചന്‍ എന്തെങ്കിലും ഒരു നിലവാരം കാണിക്കുന്നത് ..ശബ്ദ നിയന്ത്രണം/ക്രമീകരണം പോലുമില്ലാത്ത ഒരു നടന്‍.. എന്നിട്ട് ഇതിന് നാഷണല്‍ അവോഡും. റാണിയും കണക്കുതന്നെ. പിന്നെ ഓരോ രംഗവും ആവശ്യമില്ലാതെ പൊലിപ്പിച്ച്, ഒരു വഹ കളറും എല്ലാമായി, എനിക്കത് കണ്ടപ്പോള്‍ വൃത്തികേടായി തോന്നിയിരുന്നു. ടച്ചിംഗ് ആയ സീന്‍സ് ഒക്കെയുണ്ട് .. പക്ഷെ കളര്‍ ഓഫ് പാരഡൈസ്‌ -ല്‍ ആ അന്ധനായ പയ്യന്‍ കരയുന്നതിന്റെ അത്ര വരുമോ? ആ പടത്തോളം വരുമോ?

ശ്രീഹരി, "പെര്‍ഫോര്‍മേഴ്സ്", അതും ഷാരൂഖ് ??, തമാശയാണോ ?

Melethil said...

അയ്യോ, വന്ന കാര്യം പറയാന്‍ വിട്ടു , എഴുത്തു നന്നായി ട്ടോ !

ആത്മ said...

ശ്രീഹരി,
അവരുടെ വ്യക്തിത്വം രൂപം കൊണ്ടുവരുന്നതല്ലെ ഉള്ളു. ഇന്ന് ഷാരൂഖിനെ ഇഷ്ടമാണെന്നു തോന്നും
നാളെ തോന്നും അമിതാബാണെന്ന്.. അങ്ങിനെ പോകും
ഇഷ്ടങ്ങള്‍.
പിന്നെ ഞാന്‍ പറയും ‘അയ്യോ മക്കളേ അവരൊക്കെ ദൂരെ നില്‍ക്കുന്ന നക്ഷത്രങ്ങളാണ്. അവരെയൊക്ക്
നാം ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അവര്‍ക്കൊന്നും
ഒരു നഷ്ടവും വരാന്‍ പോകുന്നില്ല.
കൂടുതല്‍ ഇഷ്ടപ്പെടാന്‍ പോയാല്‍ നഷ്ടം വരുന്നത് നിങ്ങള്‍ക്ക് മാത്രം. തല്‍ക്കാലം, പഠിച്ച് എന്തെങ്കിലും ഒരു ജോലിയൊക്കെ വാങ്ങാന്‍ നോക്കൂ’ എന്ന്. :)

ആത്മ said...

റോബി
:)

ആത്മ said...

പകല്‍കിനാവന്‍.
എനിക്കും ഇഷ്ടപ്പെട്ടു.
ശരിക്കും പറഞ്ഞാല്‍ എനിക്ക് അതിലെ കഥയാണ് ഇഷ്ടമായത്.

ആത്മ said...

Melethil,
എഴുത്ത് നന്നായെന്നു പറഞ്ഞതിനു നന്ദി.
ഇനിയും ഒരുപാട് നന്നാകാനുണ്ട് എന്നെനിക്കറിയാം.
കഥകളെപ്പറ്റിയേ ഞാന്‍ പറയുന്നുള്ളൂ. സിനിമയെപ്പറ്റി
മൊത്തത്തില്‍ പറയാനൊന്നും ഉള്ള അറിവെനിക്കില്ല.

ബ്ലാക്കില്‍ റാണി മുഖര്‍ജിയുടെ അഭിനയം അല്‍പ്പം അരോചകമായി പലപ്പോഴും തോന്നി. പക്ഷെ കുട്ടിക്കാലം അഭിനയിച്ചു ഫലിപ്പിച്ച കുട്ടി അല്‍ഭുതപ്പെടുത്തുകയും ചെയ്തു.