Tuesday, January 13, 2009

ഒരേ കടല്‍

ഇന്ന് ഒരേ കടല്‍ കണ്ടു. മോറലി കഥ നല്ലതെന്നു പറയാനാവില്ലെങ്കിലും എന്തോ എവിടെയോ ഒക്കെ സ്പര്‍ശ്ശിച്ചപോലെ. മീരാജാസ്മിനും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ചിരിക്കുന്നു. പ്രായവ്യത്യാസത്തെ വെന്ന്! അവരുടെ കെമിസ്ട്രിയും ബയോളജിയും (ഉഷാ ഉതുപ്പിനോട് കടപ്പാട്) ഒക്കെ നന്ന്.

മീര (ദീപ്തി) സ്നേഹം തീരെ കിട്ടാത്ത ഭാര്യ അല്ല. എന്നിട്ടും അവള്‍ അറിയാതെ, ഒരു പ്രത്യേക സാഹചര്യത്തില്‍ മമ്മൂട്ടി (നാഥന്‍) യോടടുക്കുന്നു. പരപ്പരം പ്രണയിക്കുന്നുവെന്നറിയാതെ-ബിസി ലൈഫില്‍ പ്രണയം എന്താണെന്നറിയാന്‍ കഴിയാതിരുന്ന-അവര്‍ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഒന്നാകുന്നു. ദീപ്തി തന്റെ പ്രണയം ഉള്ളിലൊതുക്കി നാഥന്റെ അടുക്കല്‍ വീണ്ടും എത്തുമ്പോള്‍ അയാള്‍ തന്റെ പ്രണയം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. അയാള്‍ പ്രണയത്തെ എതിര്‍ക്കുന്നു. ഒപ്പം ദീപ്തിയുടെ ഹൃദയത്തെയും.

ദീപ്തി അവിഹിത ബന്ധത്തിലകപ്പെട്ട കുറ്റബോധവും, ഒണ്‍വേ ലൌവും ഒക്കെക്കൂടി സമനിലതെറ്റി
മെന്റല്‍ ഹോസ്പിറ്റലിലാകുമ്പോഴാണ് നാഥന്‍ കുറ്റബോധത്തോടെ അവരുടെ ബന്ധത്തെ ഒന്നുകൂടി
പുനഃപരിശധനയ്ക്ക് വിധേയമാക്കുന്നത്. നാഥന്‍ സ്വയം വിശ്വസിക്കാനാകാതെ, ഉള്‍ക്കൊള്ളാനാകാതെ, ദീപ്തിയോടു തനിക്കുള്ള പ്രണയത്തിന്റെ ആഴം കണ്ട് തളര്‍ന്നുപോകുന്നു.

പശ്ചാത്താപത്താല്‍ നീറിക്കൊണ്ടിരിക്കുന്ന നാഥന്റെ മുന്നില്‍, അയാളുടെ കുഞ്ഞിനെ പ്രസവിച്ച്,
അയാളാല്‍ ഭ്രാന്തിയാക്കപ്പെട്ട ദീപ്തി ഒരിക്കല്‍ ക്കൂടി കടന്നു വരുന്നു. ഇപ്രാവശ്യം നാഥനോടുള്ള
തന്റെ പ്രണയം (ഒണ്‍വേ) തന്നെ വീണ്ടും ഭ്രാന്തിയാക്കുമെന്ന് ഭയന്ന് അയാളെ കൊല്ലാന്‍ തയ്യാറായാണ് വരവ്. പക്ഷെ, നാഥന്റെ മാറ്റം, ‘ഞാന്‍ നിന്നെ പ്രേമിക്കുകയായിരുന്നോ എന്ന് തോന്നുന്നു’ എന്നൊക്കെയുള്ള സംസാരം അവളെ തളര്‍ത്തുന്നു. തന്നെക്കാളേറെ അയാള്‍ തന്നെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അവള്‍ ഒരിക്കല്‍ക്കൂടി അയാളുടെ മുന്നില്‍ തന്റെ ഹൃദയം സമര്‍പ്പിക്കുന്നു. ഇപ്രാവ്ശ്യം അത് ആത്മാര്‍ത്ഥതയോടെ ഏറ്റുവാങ്ങുന്നു നാഥന്‍.

അവസാന നിമിഷവും ഇത് ഒരു ട്രാജടിയായിരിക്കും എന്നു പ്രതീക്ഷിച്ചിരുന്നപ്പോള്‍ ഒടുവില്‍ ആരുമാരും നശിക്കാതെ രക്ഷപ്പെട്ട സംതൃപ്തി ഒരു വശത്ത്. സ്നേഹിക്കുന്ന രണ്ടു ആത്മാക്കള്‍
ഒന്നായി മാറാന്‍ അനുവദിച്ച ഡയറക്റ്ററോട് നന്ദി തോന്നി. മറുവശത്ത് മോറലി ഈ കഥ കേരളീയ
സംസ്ക്കാരത്തോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന ചിന്ത മറ്റൊരു വശത്ത്.

പക്ഷെ, കഥയുടെ ഉടനീളം മോറാ‍ലിറ്റി ഒരു താക്കീതായ/ഭീക്ഷണിയായ് പല രംഗങ്ങളും ഉണ്ട്.
വീട്ടില്‍ നിന്ന് സ്നേഹം കിട്ടാതെ വളരുന്ന മീര (ഒടുവില്‍ തന്റെ തെറ്റിന് തക്കതായി സ്വയം മാനസികമായി ശിക്ഷിക്കുന്ന മീര).
ജോലിക്കും കാശിനും വേണ്ടി ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയെ അന്യപുരുഷന്റെ മുറിയില്‍
പറഞ്ഞയക്കുന്ന ചെറുപ്പക്കാരന്‍ ഭര്‍ത്താവ്. അയാള്‍ക്കാണ് തെറ്റുപറ്റിയതെന്ന് വേണമെങ്കില്‍ പറയാം..(ഒടുവില്‍ തന്റെ ഭാര്യയെ നഷ്ടപ്പെടുമ്പോല്‍ അയാളുടെ തെറ്റിന്റെ ശിക്ഷ അയാള്‍ക്കും കിട്ടുന്നു) ദീപ്തിയുടെ ഭര്‍ത്താവിനോട് വലിയ സഹതാപം ഒന്നും തോന്നുന്നില്ല. വളരെ പ്രാക്റ്റിക്കലായ ഒരു യുവാവ്. അയാള്‍ ഈ സിറ്റ്വേഷന്‍ സ്വയം തരണം ചെയ്തുകൊള്ളുമെന്ന ഒരു തോന്നല്‍.
(അല്ലെങ്കില്‍ ഭാര്യയെ സ്നേഹിക്കാതെ അവഗണിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു പാഠമായും എടുക്കാം)

സാഹചര്യമാണ് തെറ്റുകാരന്‍ എന്ന് വേണമെങ്കില്‍ പറയാം.തെറ്റുകളിലൂടെ ശരി കണ്ടെത്തുകയല്ലെ ശരിയായ ജീവിതം. ആരോ പറഞ്ഞതുകേട്ട്, അനുകരിക്കുന്നു നാമൊക്കെ നമ്മുടെ ജീവിതം. ഇവിടെ ആരുമാരും തെറ്റുകാരല്ലെന്നതാണ് എനിക്ക് തോന്നിയത്. സംഭവിക്കാവുന്ന ഒരു കഥ. പണ്ടുമുതലേ സംഭവിച്ചിട്ടുള്ള കഥ. അബലയായ(വലിയ കട്ടിയുള്ള മനസ്സില്ലാത്ത) സ്നേഹിക്കപ്പെടാന്‍ കൊതിക്കുന്ന ഒരു സ്ത്രീയ്ക്ക് സംഭവിച്ചിട്ടുള്ള; സംഭവിക്കുന്ന; സംഭവിച്ചേക്കാവുന്ന; ഒന്ന്. പക്ഷെ, പല പരീക്ഷണങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണെങ്കില്‍ക്കൂടി നായികയ്ക്ക് യധാര്‍ത്ഥ സ്നേഹം അനുഭവിക്കാനാകുന്നു എന്നതാണ് ഒരാശ്വാസം.

എന്റെ അഭിപ്രായത്തില്‍ ഇത്തരം സിനിമകളാണ് ഉണ്ടാകേണ്ടത്. ഒരേ കടല്‍ കാപഠ്യമില്ലാതെ നായകന്റെയും നായികയുടെയും ബലഹീനതകള്‍ എടുത്തുകാട്ടുന്നു. ഒപ്പം അവര്‍ക്ക് സ്വയം തെറ്റുതിരുത്താന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നു. ഇടയ്ക്ക് വിധിയ്ക്ക് വിളയാടാനും. അവസരമുണ്ടാക്കിക്കൊടുക്കുന്നു. പൊള്ളയായ, ജീവിതയാധാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ച് ഒരു വീരനായകനെയും (തെറ്റുകളേ ചെയ്യാത്ത) നായികയെയും സൃഷ്ടിച്ച്, പച്ചയായ ജീവിതത്തില്‍ നിന്നും അകന്ന കഥയുണ്ടാക്കി, അത് ജനങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ പാടുപെടുന്ന ഇന്നത്തെ സംവിധായകര്‍ക്ക് അനുകരിക്കാവുന്ന ഒരു പാത. ചെമ്മീനും കള്ളിച്ചെല്ലമ്മയും ഒക്കെ ഇന്നും മനസ്സില്‍ നിന്നു മായാതെ നില്‍ക്കാന്‍ കാരണം അതൊക്കെ അന്ന് നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതിയെ, പച്ചയായി അവതരിപ്പിച്ചതുകൊണ്ടാണ്. ‘ഒരേ കടല്‍’ ഇന്നത്തെ തലമുറയുടെ കഥയാണ്. സാധാരണ മനുഷ്യരുടെ കഥ.


[എനിക്ക് സിനിമാ ആസ്വാദനം എഴുതി പരിചയമില്ല. എങ്കിലും എഴുതാന്‍ ഒരാഗ്രഹം. അതുകൊണ്ട് ഒന്നെഴുതി നോക്കിയതാണ്. മാന്യ വായനക്കാര്‍ തെറ്റുകള്‍ പൊറുക്കുമെന്ന് വിശ്വസിക്കുന്നു.]

8 comments:

ശ്രീഹരി::Sreehari said...

ഇങ്ങനെ ഒക്കെ അല്ലേ ആസ്വാദനം എഴുതി പഠിക്കുന്നത്. എന്ത്‌ തെറ്റ്? ആരു പൊറുക്കാന്‍? ധൈര്യമായി എഴുതുക.

പിന്നെ ഒരു അഭിപ്രായം എഴുതിയാല്‍ പൂര്‍ണമായും വിയോജിക്കേണ്ടി വരും. ആദ്യത്തെ ആസ്വാദനത്തില്‍ തന്നെ അതു വേണോ?

കുറച്ച് പോയിന്റ്സ് മാത്രം പറയാം.

൧) ഒരേ കടലിനെ നല്ല സിനിമകളുടെ ഗണത്തില്‍ പെടുത്താനേ കഴിയില്ല.
൨) പക്ഷേ സിനിമയുടെ മൊറാലിറ്റിയ്ക്ക് യാതൊരു കുഴപ്പവുമില്ല. സാംസ്കാരികകേരളത്തില്‍ സംഭവിക്കാത്ത് ഒരു കാര്യ്വൗം ഇതില്‍ ഇല്ല. ബംഗാളി നോവലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെങ്കില്‍ കൂടി
൩) അഭിനയത്തില്‍ മമ്മൂട്ടിയും മീരാ ജാസ്മിനും വളരെ ഓവറായി. കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ രണ്ട് പേര്‍ക്കും കഴിഞ്ഞില്ല.
൪) ഇതേ പോലുള്ള സിനിമകള്‍ വന്നിട്ട് യാതൊരു പ്രയോജനവും ഇല്ല. ലൈഫ് ഇന്‍ എ മെട്രോ, കഭി അല്വിദാ നാ കെഹ്നാ പോലെ ( രണ്ട് സിനിമയും നല്ലതാണെന്ന അഭിപ്രായമേ എനിക്കില്ല, അതു വേറെ കാര്യം) പോലെ ഒക്കെ തുറന്നങ്ങ് പറയാന്‍ ഉള്ള ധൈര്യം വേണം. ഒരു അരികിലൂടെ വിഷയത്തെ സ്പര്‍ശിച്ച്, പരിക്കു പറ്റാതെയുള്ള സമീപനം കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?

"മറുവശത്ത് മോറലി ഈ കഥ കേരളീയ
സംസ്ക്കാരത്തോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന ചിന്ത മറ്റൊരു വശത്ത്."

ഒരു സിനിമയില്‍ വിവാഹേതര ബന്ധം കാണിച്ചാല്‍ തകര്‍ന്നു പോകുന്നത്രയും ദുര്‍ബ്ബലമാണോ സുഹൃത്തേ കേരളത്തിന്റെ മൊറാലിറ്റി? ഞാനങ്ങനെ വിശ്വസിക്കുന്നില്ല.....

ഇനിയും എഴുതുക....
ഭാവുകങ്ങള്‍

നിഴല്രൂപന്|nizhalroopan said...

ആസ്വാദനം കൊള്ളാം.
'ഒരെ കടല്‍' കാണാന്‍ ആഗ്രഹിച്ചിരുന്നു, ഇനി എതായാലും വേണ്ടേന്ന് തൊന്നുന്നു.
പിന്നെ 'മോറാ‍ലിറ്റി';
ആശയങ്ങളില്‍ മനസ്സുറച്ച വ്യക്തികള്‍ക്ക് കഥാപാത്രങ്ങളുടെ 'മോറാലിറ്റി' വലിയ പ്രശ്നമല്ല എന്ന് തോന്നുന്നു.
പക്ഷെ, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുന്ന കാലത്ത് തീറ്ച്ചയായും സിനിമ പോലുള്ള മാധ്യമങ്ങള്‍ വക്തികളെ സ്വാധീനിക്കും. മനസ്സിനെ ശരിക്കും സ്വാധീനിക്കുന്ന കഥാപാത്രങ്ങളാണെങ്കില്‍ അവറ് നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കും. അവസരം കിട്ടിയാല്‍ (അവസരം കിട്ടിയാല്‍ മാത്രം) നമ്മളറിയാതെ പുറത്ത് ചാടുകയും ചെയ്യും.
[ഏതായാലും ഞാന്‍ 'റിസ്ക്' എടുക്കുന്നില്ല. എങ്ങാനും 'ഒരേ കടല്‍' എന്നെ വഴി തെറ്റിച്ചാലൊ! :) ]

വിദൂഷകന്‍-1 said...

ആത്മ എഴുത്ത് ചുമ്മാ തുടരുക.
ശ്രീഹരിയുടെ അഭിപ്രായം അല്ല എനിക്കുള്ളത്.
അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമയാണ് 'ഒരേ കടല്‍'.ഒരു സംശയവും വേണ്ട..

എന്റെ ബ്ലോഗില്‍ ഒരേ കടലിന്റെ നിരൂപണം പ്രസിദ്ധീകരിച്ചിരിന്നു.
വായിക്കുക..
http://vidushakan.wordpress.com

ആത്മ said...

ശ്രീഹരി,
അഭിപ്രായങ്ങള്‍ക്കും, പ്രോത്സാഹനത്തിനും ഒക്കെ വളരെ വളരെ നന്ദി.


മി. നിഴല്‍ രൂപന്‍,
എനിക്ക് ഒരേ കടല്‍ നന്നായി ഇഷ്ടപ്പെട്ടു. മഴയും മേഘമല്‍ഹാറും പോലെയൊക്കെ.
ഒരു സിനിമ കണ്ടെന്നു വച്ച് വഴിതെറ്റിപ്പോവുകയൊന്നും ഇല്ല ട്ടൊ. എങ്കിപ്പിന്നെ
ഹാരിപോട്ടറും സ്പൈഡര്‍മാനും ഒക്കെകാണുന്നവര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നൊക്കെ എടുത്തു ചാടിയൊക്കെ നോക്കില്ലേ?
നമ്മുടെ ഭാവി ഒരു പകുതി നമ്മുടെ കയ്യില്‍.. ബാക്കി കുറച്ച് വിധി,ദൈവഹിതം, തുടങ്ങി നമുക്കജ്ഞാതമായ എന്തിലൊക്കെയോ ആണ്
കുരുങ്ങിക്കിടക്കുന്നത്..

മി. വിദൂഷകന്‍,
പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി.

തറവാടി said...

ആസ്വാദനം ഇഷ്ടമായി പലതിനോടും യോജിപ്പ്.
നിഴലൂപ്രന്‍‌റ്റെ കമന്‍‌റ്റ് :)

നിഴല്രൂപന്|nizhalroopan said...

ആത്മ,

ആരെങ്കിലും കഥാപാത്രങ്ങളെ അനുകരിച്ച് ജീവിച്ച് തുടങ്ങും എന്ന്‍ ഞാന്‍ ഉദ്ദേശിച്ചില്ല (കമന്റിന്‍ അങ്ങനെ ഒരു ധ്വനി ഉണ്ടായെങ്കില്‍ തിരുത്തുന്നു).
ദൃശ്യ മാധ്യമങ്ങള്‍ക്ക് ജനങ്ങളുടെ ചിന്തയെ എളുപ്പം സ്വാധീനിക്കാം എന്നേ ഉദ്ദേശിച്ചുള്ളു (പൊതുവായ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം).
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവറ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ K.P.A.C യുടെ നാടകങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ച് ഓറ്ക്കുക.

VINAYA N.A said...

എന്താ ആത്മാ നമ്മുടെ മൊറാലിറ്റി എനിക്കു മനസ്സിലാകുന്നില്ല.മല്ലികപ്പൂവിനോടിഷ്ടമുണ്ടെങ്കില്‍ റോസാപ്പൂവിനെ വെറുക്കണോ ?സ്‌നേഹം എന്നത്‌ എത്രത്തോളം കൊടുക്കുന്നുവോ അത്രത്തോളം വര്‍ദ്ധിക്കുന്നതല്ലേ .മനുഷ്യന്‍ പ്രകൃതിവിരുദ്ധമായി ജീവിച്ച്‌ സംഘര്‍ഷങ്ങള്‍ സൃഷ്യിക്കുകയാണ്‌.

Raji said...

നിരൂപണം എനിക്കിഷ്ടപ്പെട്ടു. ഒരേ കടല്‍ കണ്ടതാണ്. കുറച്ചു കൂടി നന്നാക്കാമായിരുന്ന സിനിമ എന്നും തോന്നി..ശ്യമപ്രസാദില് നിന്നും കുറച്ചു കൂടതല്‍ പ്രതീക്ഷിച്ചതാവും കാരണം. എന്തൊക്കെയായാലും തീം എനിക്ക് ഭയങ്കര ഇഷ്ടം ആയി...ഇത് പോലുള്ള സിനിമകള്‍ ഇനിയും വരണം എന്ന് തന്നെയാണ് തോന്നുന്നത്.