Thursday, December 11, 2008

പ്രാര്‍ത്ഥന

ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു പാട് ദൈവങ്ങളുണ്ട്.
ഇവിടെ തമിഴ് കോവിലുകളില്‍ കയറിയാല്‍ ചുറ്റിനും ദൈവങ്ങളാണ്. ഒരു ദൈവത്തിനെ പുറം തിരിഞ്ഞുവേണം വേറൊരു ദൈവത്തെ പ്രാര്‍ത്തിക്കാന്‍. ആകെ ഒരു വൈക്ലബ്യം തോന്നും
എങ്കിലും മുറതെറ്റാതെ ഓരോ ദൈവങ്ങളെയായി വണങ്ങി വരും.

എങ്കിലും വീട്ടിലെ പൂജാമുറിയില്‍ കയറി ഏകാന്തതയോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന ശാന്തി കിട്ടുന്നുന്ണ്ടോ. കോവിലിലെ പവിത്രതതയും ചൈതന്യവും വീട്ടില്‍ പ്രാര്‍ത്ഥിച്ചാല്‍ കിട്ടുകയുമില്ല.

അനേകം ദൈവങ്ങളെ പ്രാര്‍ത്ഥിക്കുക വഴി ഹിന്ദുക്കളൊക്കെ നന്നാകുകയാണോ അതോ അധഃപതിക്കുകയാണോ? ക്രിസ്ത്യാനികള്‍ക്കും മുസ്ലീകള്‍ക്കും ഏകദൈവത്തില്‍ വിശ്വസിക്കാം പ്രാര്‍ത്ഥിക്കാം. ദുഃഖം വരുമ്പോള്‍ ഒരൊറ്റ ദേവന്റെ അരികില്‍ പോയി, ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കാം

ഹിന്ദുവോ? ദുഃഖം വരുമ്പോഴും തളരുമ്പോളും ഒക്കെ ഏതു പ്രത്യേക ദൈവത്തെയാണ് വിളിക്കേണ്ടഹെന്നറിയാതെ ഒരു നിമിഷം ചഞ്ചലപ്പെടുന്നു.. പിന്നെ തരം തിരിക്കുന്നു
വിദ്യയ്ക്ക് സര‍സ്വതീ ദേവി
ധനത്തിന് ലക്ഷ്മീ ദേവി
ധൈര്യത്തിന് പാര്‍വ്വതീ ദേവി
പ്രേമത്തിന് കാര്‍വര്‍ണ്ണന്‍
ശത്രുക്കളെ വെല്ലുന്നതിന് മുരുകന്‍...
അങ്ങിനെ ഓരോ ഭാവങ്ങളനുസരിച്ച് ഓരോരോ ദൈവങ്ങളെ പ്രാര്‍ത്ഥിക്കാം.
എങ്കിലും മുസ്ലീംകളെപ്പോലെ, ക്രിസ്ത്യാനികളെപ്പോലെ ഏകദൈവത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന
ശാന്തത, നിര്‍വൃതി കിട്ടുമോ?

ബാക്കി നാളെ...

പിന്നെ ഈ ‘ഡൈവേര്‍സിറ്റി ഇന്‍ യൂണിറ്റി’ കൊണ്ട് ഒരു ഗുണമുണ്ട്.
ഒരു ദൈവത്തോട് മനമുരുകി ഒരു വരം ചോദിച്ചു പ്രാര്‍ത്ഥിക്കുന്നു എന്നു കരുതുക; അദ്ദേഹം അല്പം ബിസിയായതുകൊണ്ട്(നമ്മെക്കാള്‍ നന്നായി കരഞ്ഞു പ്രാര്‍ത്ഥിച്ചവരുടെ അരികിലായിരിക്കാം) നമ്മുടെ പ്രാര്‍ത്ഥന കേട്ടില്ലെന്നു വരാം. അങ്ങിനെയാകുമ്പോള്‍ നമുക്ക് മറ്റൊരു ദൈവത്തോട് കരഞ്ഞ് പ്രാര്‍ത്ഥിക്കാം. അദ്ദേഹമെങ്കിലും നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും.. കേള്‍ക്കാതിരിക്കില്ല എന്നൊക്കെ സ്വയം സമാധാനിച്ച് ദൈവങ്ങളുമായി ഒരു മൈത്രി സമ്പാദിക്കാം.

ഇന്നും നാട്ടില്‍ പോയില്ലെങ്കില്‍ ഇനീം തുടരും..

6 comments:

smitha adharsh said...

ദൈവങ്ങളെല്ലാം ഒന്നല്ലേ..
ഞാന്‍ ആദ്യം നഴ്സറിയില്‍ പോയി പഠിച്ച പാട്ടു ഇങ്ങനെ..
ഒന്ന്..ഒന്ന്..ദൈവം ഒന്ന്..
ഈ ലോകത്തില്‍ ദൈവം ഒന്ന്..
രണ്ട്..രണ്ട്..കാതുകള്‍ രണ്ട്..
എല്ലാം കേള്‍ക്കും കാതുകള്‍ രണ്ട്..
മൂന്ന്..മൂന്ന്..കണ്ണുകള്‍ മൂന്ന്..
തേങ്ങയ്ക്ക് കണ്ണുകള്‍ മൂന്നല്ലേ..
നാല്..നാല്..കാലുകള്‍ നാല്..
ആടിന് കാലുകള്‍ നാലല്ലേ..
അഞ്ചു..അഞ്ചു..വിരലുകള്‍ അഞ്ചു..
കൈ കാല്‍ വിരലുകള്‍ അഞ്ചല്ലേ...
I still remember that song...

അപ്പൊ,നമുക്കു കൃസ്ത്യന്‍ ദൈവം,ഹിന്ദു ദൈവം,മുസ്ലിം ദൈവം എന്നൊക്കെ വേര്‍തിരിക്കണോ?

ആത്മ said...

ഹിന്ദുക്കള്‍ ഒരിക്കലും വേര്‍തിരിക്കില്ല.
അതും ആയിരക്കണക്കിനു ദൈവങ്ങളെ പ്രാര്‍ത്ഥിച്ചു ശീലിച്ച ഹിന്ദുക്കള്‍.
ആത്മ തന്നെ ഭയം വരുമ്പോള്‍ ആദ്യം ചെയ്യുന്നത്
നെറ്റിയില്‍ കുരിശു വരയ്ക്കുകയാണു ചെയ്യുന്നത്, പൂജാമുറിയിലും ഉണ്ണിയേശുവിന്റെ ഒരു കൊച്ചു പടമുണ്ട്, മാതാവിന്റെ പടം നാട്ടിലെ പൂജാമുറിയിലുണ്ട്,
പിന്നെ, തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോള്‍
ഒരു ശക്തിയുള്ള മുസ്ലീം പള്ളിയുണ്ട്, അവിടെ കാശ് ഇട്ടിട്ടേ(വാഹങ്ങളില്‍ ഇരുന്നിട്ടാലും മതി)പോകൂ. അങ്ങിനെ ചെയ്താല്‍ പോകുന്ന കാര്യം വിഘ്നം കൂടാതെ നടക്കുമെന്നൊരു വിശ്വാസം.
അപ്പോള്‍ എങ്ങിനെ?

കേരളം (ഇന്ത്യ)ഹിന്ദു രാജ്യമായതുകൊണ്ടല്ലെ അവര്‍ വിശാലഹൃദയത്തോടെ തങ്ങളുടെ മക്കളെ മതം മാറാന്‍ അനുവദിച്ചതും, വേദനയോടെ നോക്കി നിന്നതും ഒക്കെ..

ബേസിക്കലി കേരളത്തിലുള്ളവരെല്ലാം പണ്ടു പണ്ട്
ഹിന്ദുക്കളായിരുന്നെന്ന് ചുരുക്കം.. (ദേഷപ്പെടല്ലേ :) സ്നേഹമാണഖിലസാരമൂഴിയില്‍.. )

മാറുന്ന മലയാളി said...

എങ്കിലും മുസ്ലീംകളെപ്പോലെ, ക്രിസ്ത്യാനികളെപ്പോലെ “ഏകദൈവത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന
ശാന്തത, നിര്‍വൃതി“ കിട്ടുമോ?

ആത്മയ്ക്ക് അങ്ങനെ ഒരു ശാന്തത കിട്ടുന്നുണ്ടെങ്കില്‍ ഏകദൈവത്തില്‍ വിശ്വസിക്കുക. അവരവരുടെ ശാന്തതയുടെ കാര്യം അവരവര്‍ക്കല്ലേ അറിയാന്‍ കഴിയൂ. ഏതായാലും ആത്മയുടെ ഈ സംശയം മൊത്തം ഹിന്ദുക്കളുടേയും സംശയം ആയി കെട്ടി വയ്ക്കാതിരിക്കുക..അത്രമാത്രം

സു | Su said...

ദൈവം ഒന്നാണ്. പല പേരിട്ടെന്നു മാത്രം. ഒരു ശക്തിയാണ്. പല രൂപത്തിൽ വരുന്നെന്നു മാത്രം. ഉഷ്ണക്കാലത്ത് വരുന്ന ഇളം‌കാറ്റും, മഴത്തണുപ്പിലണിയുന്ന ചൂടുവസ്ത്രങ്ങളും ഒക്കെ ദൈവങ്ങളാണ്. അവയൊക്കെ നമ്മെ ആശ്വസിപ്പിക്കുന്നുണ്ട്. രക്ഷിക്കുന്നുണ്ട്. വിഷമിച്ചിരിക്കുമ്പോൾ വരുന്ന സുഹൃത്ത് ദൈവമാണ്. അതും നമുക്ക് ആശ്വാസം തരുന്നു. ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ, നമുക്ക് കഴിയാത്തത് ചെയ്യാൻ കഴിയുന്ന, നമ്മുടെ വിഷമങ്ങൾ മാറ്റുന്ന, നമ്മുടെ ജീവിതത്തിനു ബലം തരുന്ന, ഏതോ ഒരു ശക്തിയുണ്ട്. അതിനെ നാം ദൈവമെന്നു വിളിക്കുന്നു. ഓരോരുത്തർക്കും ഓരോന്നാണ് ദൈവം. അതിൽ ജാതിയും മതവും ഒന്നുമില്ല. ഞാൻ വിശ്വസിക്കുന്ന ശക്തിയെ എന്തു പേരിട്ടു വിളിക്കണമെന്ന് ഞാൻ തീരുമാനിക്കുന്നു. ആത്മ വിശ്വസിക്കുന്ന ശക്തിയെ ആത്മയ്ക്ക് ഇഷ്ടമുള്ള പേരിൽ വിളിക്കുന്നു. നൂറു പേരിൽ വിളിച്ചാലും
ആ ശക്തി ഒന്നേയുള്ളൂ. ദൈവത്തിനെ വിളിക്കേണ്ടിവരുമ്പോൾ, കുറേ സമയം കൈയിലുണ്ടെങ്കിൽ എന്റെ കൃഷ്ണാ...രാമാ... ഗോവിന്ദാന്നൊക്കെ വിളിക്കാം. അല്ലെങ്കിൽ ദൈവമേന്ന് മാത്രം വിളിച്ചാൽ മതി. ആ ശക്തിക്ക് നേരമുണ്ടെങ്കിൽ വിളി കേൾക്കും. അല്ലാതെ നീയെന്നെ രാമാന്നു വിളിച്ചില്ല, കൃഷ്ണാന്നു വിളിച്ചില്ലാന്നൊക്കെ ദൈവം വിചാരിക്ക്യോ? എനിക്കതേതായാലും അറിയില്ല. തരം തിരിച്ചുവിളിച്ചാലും എനിക്കൊന്നുമില്ല. ഓരോ ശക്തിയ്ക്കും ഓരോ പേരാണെന്ന് വിചാരിക്കും അത്ര തന്നെ. എനിക്കേതായാലും ദൈവത്തെ വിളിക്കുമ്പോൾ, വിശ്വസിക്കുമ്പോൾ ശാന്തതയും നിർവൃതിയും കിട്ടുന്നുണ്ട്. നിങ്ങളുടെയൊക്കെ പേര് ഒന്നല്ലാത്തതുകൊണ്ട്, എനിക്കു ശാന്തതയില്ല, നിർവൃതിയില്ല, നൂറു പേരിൽ ദൈവങ്ങളെ ആരാധിക്കാൻ എനിക്കു സമയമില്ല, ഒറ്റ പേരിൽ വാ എന്നൊക്കെ ദൈവത്തോട് കല്‍പ്പിക്കുന്നത് മോശമല്ലേ ആത്മാ ജീ? ;)

എന്റെ ദൈവമേ.....

ആത്മ said...

മാറുന്ന മലയാളി,
എങ്ങിനെ തിരഞ്ഞെടുക്കാനാണ് ഒരു ദൈവത്തെ. ഒരു രക്ഷയുമില്ല.

പക്ഷെ,ഒന്നുണ്ട്,
‘മരണം’ എന്നതില്‍ ഒരു ഏകത്വം ഉണ്ട്
ഒരിക്കലല്ലേ മരിക്കാന്‍ പറ്റൂ, ഒരിക്കല്‍ മരിച്ചാലല്ലേ പറ്റൂ..ഒരിക്കല്‍ മരിക്കാതിരിക്കാനാവില്ല, ഒരിക്കല്‍ മാത്രം.
അപ്പോള്‍ മരണത്തെ ഒരു ദേവനായി കരുതിയാലോ?
അങ്ങിനെ ഏകദൈവവിശ്വാസിയായിരിക്കുന്നു
ആത്മയും..

ആത്മ said...

എങ്കിപ്പിന്നെ ഇനി കോവിലിലൊക്കെ പോകുമ്പോള്‍ ‘എന്റെ ദൈവമേ’ എന്ന ഒറ്റവിളിയേ വിളിക്കൂ ട്ടൊ.
ഗണപതിയോ ശിവനോ എങ്ങാനും കോപിച്ചാല്‍..‘സൂ ജി പറഞ്ഞിട്ടാണേ എന്റെ ദൈവമേ’ എന്നങ്ങു പറഞ്ഞേക്കാം ല്ലെ, :)