Sunday, November 9, 2008

ആശരീരി

രാവിലെ ജോലിയൊക്കെ തീര്‍ത്ത് ഒരു ആത്മാവ്‍ കമ്പ്യൂട്ടര്‍ തുറക്കുന്നു, ബ്ലൊഗ് എഴുതാന്‍ ശ്രമിക്കുന്നുഅപ്പോള്‍ പിന്നില്‍ നിന്ന് ഒരശരീരി!
അശരീരി കേട്ട ദിക്കിലേക്ക് ആത്മ നോക്കുന്നു. ‘ഇല്ല ആരേയും കാണുന്നില്ല’! ഏകാന്തതയും കുറെ ചിന്തകളും മതിയല്ലൊ ബ്ലോഗെഴുതാന്‍. പിന്നെ ആരെ ഭയക്കാന്‍! ആത്മ ബ്ലൊഗ് എഴുതിത്തുടങ്ങുന്നു..
വീണ്ടും അശരീരി!
‘ഡേയ്, എഴുതാന്‍ വരട്ടെ, അതിനുമുന്‍പ് എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നിട്ടു മതി എഴ്ത്ത്’
ചോദ്യമോ? ആത്മ ഒന്നു ഞെട്ടി! (ജനറല്‍ നോളേജിന്റെ കാര്യത്തില്‍ താന്‍ പണ്ടേ വീക്ക് ആണു താനും)
“നീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നൊരാളെ കേട്ടിട്ടുണ്ടോ?”
‘കേട്ടിട്ടുണ്ട്, അദ്ദേഹമാണോ മലയാളഭാക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?’
അപ്പോള്‍ ശരിക്കും അറിയില്ല അല്ലെ? (എന്നിട്ടാണ് അവന്റെ ഒരു ബ്ലൊഗെഴുത്ത്!)
‘ഇല്ല അദ്ദേഹം രാമായണം ഭാഗവതം ഒക്കെ വിവര്‍ത്തനം ചെയ്തു മലയാളത്തിലേക്ക്..ശരിയാണോ?’ പറഞ്ഞുകേട്ടിട്ടുള്ളതുപോലെ..ആത്മാ വിക്കിത്തുടങ്ങി,
‘ഉറപ്പായി മറുപടി പറയണം എന്റെ ചോദ്യങ്ങള്‍ക്കെല്ലാം’. അശരീരി തുടര്‍ന്നു,
‘നീ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് എന്നൊരാളെ പറ്റി കേട്ടിട്ടുണ്ടോ?’
‘മലയാളം നിഘണ്ടുവോ വ്യാകരണമോ ഒക്കെ ആദ്യമായെഴുതിയ ഒരു സായ്‌വല്ലെ?’
‘100% ഉറപ്പാണോ ഉത്തരം ശരിയാണെന്ന്?’
‘അല്ല. എല്ലാം എവിടെയോ കേട്ടറിവാണ്. എന്റെ വിഷയം മലയാളം അല്ലായിരുന്നു. ഇക്കണോമിക്സ് ആയിരുന്നു. കൂട്ടത്തില്‍ അല്പം പഠിച്ചിട്ടുണ്ടെന്നേ ഉള്ളൂ. ഇവിടെ ബ്ലോഗെഴുതുന്നവരൊക്കെ മലയാളം പണ്ഡിറ്റുകളാണോ?’
( ഹും! അപ്പോള്‍ അതും അവന് വ്യക്തമായറിയില്ല. അവന്റെ ഒരു ബ്ലൊഗെഴുത്ത് ഇപ്പം തീര്‍ത്തുതരാം..) “നീ ചോദിക്കുന്ന ചോദ്യത്തിനു മാത്രം ഉത്തരം തന്നാല്‍ മതി. ഇങ്ങോട്ടു ചോദ്യം വേണ്ട. മനസ്സിലായോ?”
“ഓ, ആയി” (ബ്ലൊഗെഴുത്ത് തന്റെ ഒരേ ഒരു ഹോബിയായി വര്‍ഷങ്ങളോളം കൊണ്ടുനടക്കുന്ന ആത്മാവ് കുടിന്നീരിറക്കി)
അടുത്ത ചോദ്യം ശ്രദ്ധിച്ചു കേള്‍ക്കണം. ‘നിനക്ക് ഏ. ആര്‍ രാജരാജവര്‍മ്മയെ അറിയാമോ?’
ആത്മ ധൈര്യം സംഭരിച്ചു, ഒന്നുമില്ലെങ്കിലും പേരുകള്‍ കേട്ട പരിചയം ഉണ്ട്, ‘
അദ്ദേഹം മലയാളം വൃത്ത, വ്യാകരണം ഭാക്ഷാഭൂഷണം എന്നോ ..’
‘അദ്ദേഹത്തിന്റെ ബുക്കുകള്‍ ഏതൊക്കെയാണ്?’
‘നന്നായറിയില്ല’ ആത്മ പതറി.
‘അപ്പോള്‍ അതും അറിയില്ല അല്ലെ? അപ്പോള്‍ ഇതൊന്നും നന്നായറിയാതെയാണ് ബ്ലോഗെഴുത്ത്!’..
‘എന്നാല്‍ കേട്ടോളു , ഈ മേല്‍ പറഞ്ഞവരൊക്കെ ഇപ്പോള്‍ ഈ ബ്ലോഗു ലോകത്തില്‍ ഉണ്ട്!’.
ആത്മ ശരിക്കും ഒന്നു ഞെട്ടി! ജീവിച്ചിരിക്കുന്ന ആത്മാക്കളുടെ ലോകം മാത്രമല്ലെ ദൈവമേ! ചതിച്ചോ!ആത്മ കുടിനീരിറക്കി. ‘എന്നിട്ട് അവരൊക്കെ എവിടെ? അവരുടെ ബ്ലോഗുകള്‍ എവിടെ?’
‘അതൊക്കെ രഹസ്യമാണ്. അവര്‍ പല പേരിലും ഇവിടെ ബ്ലൊഗെഴുതുന്നുണ്ടെന്നറിയാന്‍ വേണ്ടി പറഞ്ഞതാണ് മണ്ട് ഗണേശാ‍. അവരുടെ ഇടയില്‍ ആണ് നീ നിന്റെ പൂത്ത ബ്ലോഗുമായി കയറിവന്നിരിക്കുന്നത്. ഇപ്പോള്‍ മനസ്സിലായോ?’
(ആത്മയ്ക്ക് കണ്ണില്‍ ഇരുട്ട് കയറുമ്പോലെ..തുഞ്ചത്തെഴുത്തച്ചനെ ഒന്നു നേരില്‍ കണ്ടെങ്കില്‍ ആ കാലില്‍ വീണ് അനുഗ്രഹം വാങ്ങാമായിരുന്നു.)
“അശരീരി! താങ്ങള്‍ അവരുടെ ബ്ലൊഗിന്റെ പേരെങ്കിലും ഒന്നു വെളിപ്പെടുത്തൂ.. എനിക്കൊന്നു പോയി അനുഗ്രഹം വാങ്ങാനാണ്”.
“നീ എന്താ പറഞ്ഞത്? അനുഗ്രഹമോ? എന്നു പറഞ്ഞാല്‍ പോയി കമന്റിടുക അല്ലെ ? ഈ അറിവും വച്ചുകൊണ്ട്?” “നിനക്കതിനെതാ യോഗ്യത?! ആദ്യം സ്വന്തം വില മനസ്സിലാക്കണം. എന്നിട്ടു വേണം കമന്റിടുന്ന കാര്യം ചിന്തിക്കാന്‍ പോലും. മനസ്സിലായോ?” അവരൊക്കെ അവരെപ്പോലെ സ്റ്റാറ്റസ്സുള്ളവരോടു മാത്രമേ സംസാരിക്കൂ”
(‘ഏതിനും ഹരിനാമകീര്‍ത്തനം എഴുതിയ എഴുത്തച്ഛന് അത്ര തലക്കനമൊന്നും ഉണ്ടാകില്ല. അദ്ദേഹം എന്തായാലും എഴുതാനിഷ്ടമുള്ളവരെ തളര്‍ത്തുമെന്ന് തോന്നുന്നില്ല’ ആത്മ അല്പമുറക്കെ ആത്മഗതം ചെയ്തുപോകുന്നു)
“അത് നിനക്കെങ്ങിനെ അറിയാം”?
“നിനക്ക് ബില്‍ ഗേറ്റ്സിനെ അറിയാമോ”?
( ഇരുമ്പ് ഗേറ്റിനെപ്പറ്റിപ്പോലും അറിയില്ല പിന്നെയാണ് ബില്‍ഗേറ്റ്!)“അദ്ദേഹം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എന്തോ ഒന്ന് ചെയ്യുന്ന ആളല്ലെ”?
“അപ്പോള്‍ അത്രയ്ക്കേ അറിയൂ”?! (എന്നിട്ട് നിനക്കൊക്കെ എങ്ങിനെ ഒരു കമ്പ്യൂട്ടറൊക്കെ വാങ്ങി അതിനകത്ത് നുഴഞ്ഞു കയറാന്‍ തോന്നി?!).
ആത്മ വിറക്കാന്‍ തുടങ്ങി. “അതുപോട്ടെ നീ ഈയ്യിടെ എഴുത്തു കൂടാതെ മറ്റുള്ളവരുടെ ബ്ലോഗുകളില്‍ പോയി കമന്റിടുന്നെന്നും കേട്ടു ശരിയാണോ”?
“ഞാന്‍ കരുതി കമന്റിടുന്നതൊക്കെ ഈ ബ്ലോഗ് സംസ്ക്കാരത്തിന്റെ ഒരു ഭാഗമാണെന്ന്”!
“ഡേയ് കൂടുതല്‍ അഭിനയിക്കല്ലെ, കമന്റെഴുതാനും ഒരു മിനിമം യോഗ്യത വേണം”.
(ആത്മയ്ക്ക് കരച്ചില്‍ വന്നു. താന്‍ കുറെപേര്‍ക്ക് ഇതിനകം കമന്റെഴുതിക്കഴിഞ്ഞു, ഇനിയും എഴുതണം എന്ന ആഗ്രഹം ബാക്കി നില്‍ക്കുന്നു!, കമന്റെഴുതുന്നതാണ് നല്ല ബ്ലൊഗേഴ്സിന്റെ ലക്ഷണം, മറ്റു എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കണം, സ്വന്തം കാര്യം നോക്കി അന്തര്‍മുഖനാകാതെ യധാര്‍ത്ഥ ജീവിതത്തില്‍ സാധ്യമാകാത്ത ചില നല്ല കാര്യങ്ങള്‍.. ‍ ഇവിടെ.. ഈ എഴുത്തുകാരുടെ ലോകത്തില്‍..)
നീ ‘എഴുത്തുകാരുടെ’ എന്നങ്ങ് വേറുതെ ലാഘവത്തോടെ പറയാതെ, ‘മഹാന്മാരുടെ’ എന്നുപറ അശരീരി ആത്മയുടെ ആത്മഗതത്തില്‍ നുഴഞ്ഞു കയറി പറഞ്ഞു,
ആത്മ ചോദിച്ചു, “അശരീരി. എങ്ങിനെയാണ് ഈ മഹാന്മാരെ തിരിച്ചറിയുക”?
“അങ്ങിനെ ആലോചിക്ക്, അവര്‍ക്ക് ഒരുപാട് ലക്ഷണങ്ങളുണ്ട്.. നിനക്ക് ബുദ്ധിയുണ്ടെങ്കില്‍ അതൊക്കെ കണ്ടുപിടിക്കാന്‍ നോക്ക്”
[സ്റ്റാറ്റസ്, കുന്തം, കുടചക്രം എന്നൊക്കെ കേട്ട് കേട്ട് ആത്മയ്ക്കും കൊണം വന്നു തുടങ്ങി. ഓ! പിന്നേ ഈ കമ്പ്യൂട്ടറിനകത്തൂടെ പോയി എന്റെ ബ്ലൊഗില്‍ വല്ലതും എഴുതുന്നതിന് ഞാനിപ്പം സ്റ്റാറ്റസ് നോക്കാന്‍ പോണു. ആത്മയ്ക്ക് പണ്ടേ ഈ സ്റ്റാറ്റസ് ചമയുന്നവരോട് വെറുപ്പാണ്. തറയിലൂടെ നടക്കുന്നവരെയാണിഷ്ടം. പിന്നെയല്ലെ ആത്മാക്കളുടെ സ്റ്റാറ്റസ് . ഭൂമിയില്‍ മാനുഷരെല്ലാരും ഒന്നുപോലെ. ‘ബില്‍ ഗേറ്റ്സും’ ‘എല്ലവരേയും ഒരുപോലെ കാണുന്ന (കാണാന്‍ തന്റേടം കാട്ടുന്ന) ഒരു മനുഷ്യസ്നേഹിയും’ ഒരുമിച്ചു നിന്നാല്‍, ആത്മ രണ്ടാമത്തെ ആളിനെയേ മാനിക്കൂ ഇത് സത്യം! സത്യം! സത്യം!. എന്തോ ആത് ആത്മയുടെ ചൊട്ടമുതലേ ഉള്ള ഒരു ശീലമാണ് . അതുകൊണ്ട് ആത്മയ്ക്ക് ജീവിതത്തില്‍ ഒരുപാട് നല്ല നല്ല അവസരങ്ങള്‍ നഷ്ടമാകുകയും കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.- 'അല്ലേ ഈ എഴുതുന്നവരൊക്കെ ജീവിതത്തില്‍ പരാജയപ്പെട്ടവരും വിരക്തരും ഒക്കെയല്ലായിരുന്നോ?' ]
“ ഈ എഴുതുന്നവരൊക്കെ ജീവിതത്തില്‍ പരാജയപ്പെട്ടവരും വിരക്തരും ഒക്കെയല്ലായിരുന്നോ അശരീരീ?”
“അതൊക്കെ പണ്ട്. ഇപ്പോള്‍ ബ്ലോഗെഴുത്തുകാര്‍ കരഞ്ഞു, തോറ്റും, കണ്ണീരൊഴുക്കിയും ഒന്നുമല്ല വരുന്നത്”. “നീ അതൊക്കെ നിന്റെ ചീപ്പ് ഡയറികളിലും പേപ്പറിലും ഒക്കെ എഴുതിയിട്ട് വേണമെങ്കില്‍ നിന്നോടൊപ്പം എരിച്ചു കള. ആര്‍ക്കു ചേതം. ഇവിടെ ബ്ലോഗില്‍ എഴുതണമെങ്കില്‍ അല്പം ഡീസന്‍സി ഒക്കെ വേണം. മനസ്സിലായോ?”
ആത്മ വീണ്ടും മൌനം പൂണ്ടു..
“ഉം..നീ എന്താ വീണ്ടും ആലോചിച്ചു കൂട്ടുന്നത്”? അശരീരി.
“ഊ ഹും ഒന്നുമില്ല” (ഈ കുന്തറാണ്ടം ഇതുവരെ പോയില്ലെ?!)
“വല്ലേടത്തും ചെന്ന് ആളും തരവും ഒന്നുമറിയാതെ കമന്റിടാനണൊ പ്ലാന്‍ ചെയ്യുന്നത്”?
“ഇല്ലേ”.
“പിന്നെ”?
“അല്ല ഈ ബ്ലോഗില്‍ കുറെ സ്ത്രീജനങ്ങളുണ്ടല്ലൊ?, സ്ത്രീകള്‍ സ്വതവേ മൃദുലഹൃദയരാണെന്നാണല്ലൊ കേട്ടിട്ടുള്ളത്? അവരൊക്കെ എങ്ങിനെ? ലോഹ്യം കൂടാമോ? ”
“ഡേയ്, എനിക്കപ്പോഴേ തോന്നി നീ എന്തോ കുന്നായ്മ ആലോചിക്കുകയാണെന്ന്, ഇനി ഒരിക്കല്‍ക്കൂടി ഈ ചോദ്യം ചോദിച്ചാല്‍ നിന്റെ നട്ടെല്ലു ഞാന്‍ ഊരും. സ്ത്രീകളോ? അവരൊക്കെ ആരാണെന്ന് നിനക്ക് വല്ല പിടിയുമുണ്ടോ? ”
“അവര്‍ സ്ത്രീകളല്ലെ അപ്പോള്‍? നല്ല നല്ല പേരും പത്രോസും ഒക്കെയായി ഇരിക്കുന്നു! പേരു കണ്ടാല്‍ പോയി ചങ്ങാത്തം കൂടാന്‍ തോന്നും”.
“ അപ്പോള്‍ അതാണ് മനസ്സിലിരിപ്പ് അല്ലെ? പറഞ്ഞത് നന്നായി, നല്ല പേരും പദവിയും ഒക്കെ കണ്ട് എങ്ങും കയറി ചെല്ലണ്ട മോന്‍ ട്ടൊ. അവരൊക്കെ എഴുതിവിടുന്നത് വായിക്കാനും ഒരു ഭാഗ്യം വേണം എന്നുമാത്രം കരുതി, വായിച്ചിട്ട് കമാന്നൊരക്ഷരം മിണ്ടാതെ, വേണേല്‍ ഒരറ്റത്തിരുന്ന് നിന്റെ പാഴ് മനസ്സില്‍ തോന്നുന്നതൊക്കെ എവിടെയെങ്കിലും കുറിച്ചിട്ടിട്ട് പൊയ്ക്കോ..”
( അശരീരി ആത്മഗതം ചെയ്യുന്നു, ‘ കുറച്ചു ശരിക്കും ഉള്ള നല്ല പെൺ ബ്ലോഗേർസ് ഉണ്ട്. പക്ഷെ, ഇവനോട് പറഞ്ഞുകൊടുത്താൽ കുഴപ്പമാവും”)
“അപ്പോഴേ അശരീരി, ഈ കമന്റ്..”
“വായടക്കടാ,‍ കമന്റിന്റെ കാര്യം ഇനി മിണ്ടിപ്പോകരുത്”
“അല്ല, ഒറ്റചോദ്യം കൂടി മാത്രം അശരീരീ, ഈ കമന്റിടുന്നവരുടെ ബ്ലോഗില്‍ പോയി തിരിച്ച് കമന്റിടണ്ടേ?”
“അയ്യ! കമന്റിടാനുള്ള അവന്റെ ഒരു ലക്ഷണം! കമന്റ് കിട്ടുമ്പോള്‍ താണു വണങ്ങി കുമ്പിട്ട് ദൈവത്തിനു നന്ദി പറയണം. ഈ മഹാനുഭവന്മാര്‍ക്കൊക്കെ നിന്റെ ബ്ലോഗില്‍ വരാനും വായിക്കാനും എഴുതാനുമൊക്കെ തോന്നിയതില്‍”
“അപ്പോള്‍ അതിനു നന്ദി എഴുതണ്ടേ?”!
[അശരീരി താടീല്‍ വിരല്‍ കൊണ്ട് കൊട്ടി..ക്കൊട്ടി കാലൊക്കെ വിറപ്പിച്ച് നിന്ന് ആത്മഗതം പറയുന്നു, ‘ഇവന്‍ ഒരു മരമണ്ടന്‍ തന്നെ. ഇവനെ ഏതു ഗണത്തില്‍ പെടുത്താന്‍?! ഒരു വര്‍ഷം ക്ലാസ്സെടുത്താലും ഇവന് ഈ ബ്ലോഗ് സംസ്ക്കാരം ഒന്നും മനസ്സിലാകുമെന്ന് തോന്നുന്നില്ലാ..]
‘മോനേ, നീ എല്ലാവര്‍ക്കും നന്ദി എഴുതിയാലും എഴുതാതിരുന്നാലും അവര്‍ക്കൊക്കെ കുറച്ചിലാണ്. നീ ഒരു കാര്യം ചെയ്യ് .. ഈ പണി വേണ്ടെന്നു വയ്ക്ക്. നിനക്ക തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനെ അറിയില്ലാ, ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ അറിയില്ലാ, ഏ. ആറിനെ അറിയില്ലാ, ബില്‍ഗേറ്റ്സിനെ അറിയില്ല അമേരിക്കന്‍ പ്രസിഡന്റിനേം അറിയില്ല. അറിയില്ലാത്തതുപോകട്ടെ , അവരുടെ ദാസ്യവേലയെങ്കിലും ചെയ്ത പരിചയവും ഇല്ല. കാറോഡിച്ചിട്ടില്ല, ഷൂസു തുടച്ചിട്ടില്ല, (ഷൂസു തുടച്ചിരുന്നെങ്കില്‍ നിന്റെ മൂഞ്ചി ചിലപ്പോള്‍ ഭാഗ്യവശാല്‍ അവരുടെയൊക്കെ കണ്ണില്‍പ്പെടാന്‍ ഒരു പക്ഷെ..ഒരു ചാന്‍സ്.. ഇല്ല.. നിന്നെ ഒരിക്കല്‍ക്കൂടി നോക്കാനുള്ള ചാന്‍സില്ലാ.. ) ഇല്ലാ, നിനക്കൊരു ഭാവിയും ഞാന്‍ ഇവിടെ കാണുന്നില്ല. മോന്‍ തല്‍ക്കാലം ബ്ലൊഗെഴുത്ത് നിര്‍ത്തി പോ..”
“അയ്യോ അപ്പോള്‍ എന്റെ എഴുതാനുള്ള ആത്മാവിന്റെ മുറവിളിയോ!”
“ഓ, എങ്കിപ്പിന്നെ നീ ചെല്ല്, ബ്ലൊഗെഴുത്.. നിന്നെ ജീവിതത്തില്‍ പിന്നെ എഴുതാനേ നിവൃത്തിയില്ലാതാക്കിത്തരും.. ചെല്ല്, അനുഭവി.. അനുഭവം ഗുരു എന്നല്ലെ പറയാ.. നിനക്ക് ക്ലാസ്സെടുക്കാന്‍ വന്ന എന്നെവേണം തല്ലാന്‍..”
ഇത്രയും പറഞ്ഞ് അശരീരി മറഞ്ഞു.
--
ആത്മ കണ്ണും മിഴിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു. ആകെയുള്ള ഒരു ‘വിന്‍ഡോസ് ടു ദി വേള്‍ഡ്’!
ആത്മ ബ്ലോഗെഴുത്ത് നിര്‍ത്തണോ അതോ തുടരണോ?
ആത്മയുടെ ആത്മാവു തന്നെ തീരുമാനിക്കട്ടെ...

9 comments:

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

ഹരീഷ് തൊടുപുഴ said...

ആത്മജി എഴുതൂ, ഒത്തിരിയൊത്തിരി എഴുതൂ....

കോറോത്ത് said...

"കമന്റ് കിട്ടുമ്പോള്‍ താണു വണങ്ങി കുമ്പിട്ട് ദൈവത്തിനു നന്ദി പറയണം. ഈ മഹാനുഭവന്മാര്‍ക്കൊക്കെ നിന്റെ ബ്ലൊഗില്‍ വരാനും വായിക്കാനും എഴുതാനുമൊക്കെ തോന്നിയതില്‍"

അപ്പൊ കമന്‍റ് ഇടുന്ന കോറോത്ത് എന്ന മഹാന് നന്ദി ഒന്നും ഇല്ലേ :) ?

ആത്മ said...

മലയാളീ,
നന്ദി!

ഹരീഷ്,
നന്ദി!

കോറോത്ത്,
ഇപ്പോള്‍ ചേച്ചി ജീവിക്കാനറിയാത്ത ഒരു പമ്പരവിഡ്ഡി ആണെന്നു മനസ്സിലായല്ലൊ അല്ലെ? വെറുപ്പു തോന്നുണ്ടോ?
സാരമില്ല ട്ടൊ. കാലം മായ്ക്കാത്ത വെറുപ്പുകളില്ല എന്നാണ്.
:)
കമന്റിനു നന്ദി!

keralainside.net said...

This post is being listed please categorize this post
www.keralainside.net

കോറോത്ത് said...

!!!!!!!!!!!!!
"ഇപ്പോള്‍ ചേച്ചി ജീവിക്കാനറിയാത്ത ഒരു പമ്പരവിഡ്ഡി ആണെന്നു മനസ്സിലായല്ലൊ അല്ലെ? വെറുപ്പു തോന്നുണ്ടോ?"

ഒരു ഇടി വച്ചു തന്നാലോ എന്ന് തോന്നുന്നുണ്ട് :):)
പനിയൊക്കെ ശരിക്കും മാറിയോ ?

ആത്മ said...

പനിയൊക്കെ മാറി:)

കോറോത്ത് said...

ആഹാ :)..
കമന്റും എഡിറ്റ് ചെയ്യുമോ :):)?

ആത്മ said...

കോറോത്ത് ചേച്ചിക്ക് ശരിയും തെറ്റും ഒന്നും പറഞ്ഞു തരില്ലല്ലൊ, ഇടയ്ക്ക് വരും ചിരിക്കും, മറയും.

സാരമില്ല, ഒന്നുമില്ലെങ്കിലും സ്നേഹമുള്ള ഒരു ഹൃദയമുണ്ടല്ലൊ. ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും ട്ടൊ