Saturday, November 22, 2008

സ്ഥായിയായ ഭാവം

ഇന്ന് അല്‍പ്പസമയം നിരാശയുടെ പടുകുഴിയില്‍ പോകാനൊരവസരമുണ്ടായി. അവിടെ കിടന്ന് കുറെ സമയം വീര്‍പ്പുമുട്ടി. അപ്പോള്‍ ഒരു മുത്തു കിട്ടി. ഇതൊക്കെ പലര്‍ക്കും കിട്ടിയിട്ടുള്ളതാണെങ്കിലും സ്വന്തമായി കിട്ടുമ്പോഴുള്ള ത്രില്ല് ഒന്ന് വേറേ തന്നെ!.

ഒരു ജീവിത സത്യമാണ്.

നമ്മുടെ ആത്മാവിന് ഒരവസ്ഥയേ ഉള്ളു. നിര്‍വികാരാവസ്ഥ. ശ്രദ്ധിച്ചാല്‍ മനസ്സിലാകും, നാം (നമ്മുടെ മനസ്സ്) വളരെ ദുഃഖിക്കുന്നു എന്നു കരുതുക. ആ ദുഃഖത്തിന്റെ ഉറവിടം തേടിപ്പോയാല്‍ ഒരു സുഖത്തിന്റെ പിന്നാലെ പാഞ്ഞ് തളര്‍ന്ന ചരിത്രമായിരിക്കും കാണാന്‍ കഴിയുക.
ഉദാഃ നാം ഒരാളെ സ്നേഹിച്ചു എന്നുകരുതുക. (സ്നേഹം ആരോടുമാകാം- മക്കളോട്, കൂട്ടുകാരോട്)അയാള്‍ തിരിച്ചും സ്നേഹിച്ചു. നമ്മള്‍ വളരെ സന്തോഷിക്കുകയാണ് - മറ്റുള്ളവരെക്കാളൊക്കെ - ചുരുക്കത്തില്‍, നമ്മുടെ ആത്മാവിനെ അതിന്റെ സ്ഥായിയായ നിര്‍വ്വികാര (നിര്‍മ്മല) അവസ്ഥയില്‍ നിന്നും നാം തന്നെ ചപലമാക്കി (വഷളാക്കി)മാറ്റുന്നു. അത് അര്‍മാദിക്കാന്‍ (ഇത് ബ്ലോഗ്കള്‍ വായിച്ചപ്പോള്‍ കിട്ടിയ വാക്കാണ്) തുടങ്ങുന്നു.

പിന്നീട് സ്നേഹിച്ചയാള്‍ ‍ അകന്നു പോകുന്നു; അല്ലെങ്കില്‍, സ്നേഹം പെട്ടെന്ന് സ്റ്റോപ് ചെയ്തു എന്നു കരുതുക. അയ്യോ! എരിതീയില്‍ വീണപോലെ പിടയുകയായി അതുവരെ അര്‍മാദിച്ചിരുന്ന ആത്മാവ്.
അപ്പോള്‍ ആ പാവം ആത്മാവിനെ വഷളാക്കി ആദ്യം സന്തോഷിപ്പിച്ചതും, പിന്നീട് ദുഃഖിപ്പിച്ചതും,
നാം തന്നെയല്ലേ?!

ഇത്രയൊക്കെയേ ഇപ്പോള്‍ വിശദീകരിക്കാന്‍ പറ്റുന്നുള്ളു. ഇനിയും ക്ലിയര്‍ ആക്കാന്‍ പറ്റുമെന്നു തോന്നുന്നെങ്കില്‍ വീണ്ടും വരും..

ഒരുദാഹരണവും കൂടി കിട്ടിയിരിക്കുന്നു!
ഒരു കൊച്ചു കുട്ടി നല്ല നിരപ്പായ സ്ഥല്‍ത്തിരുന്ന് കല്ലും മണ്ണും ഒക്കെ വച്ച് കളിച്ചും, പൂക്കളെ നോക്കി ചിരിച്ചുമൊക്കെ അങ്ങിനെ സമാധാനമായി സ്വാഭാവികതയോടെ ഇരിക്കുന്നു എന്നു കരുതുക.
പെട്ടെന്ന് ആ കുട്ടിയുടെ ബന്ധുക്കളാരെങ്കിലും കുട്ടിയെ ഒന്നു ചിരിപ്പിക്കാനായി കയ്യിലെടുത്ത് പൊക്കി
അന്തരീക്ഷത്തിലേയ്ക്കുയര്‍ത്തി, കുട്ടിയെ ചിരിപ്പിക്കുന്നു. കുട്ടി ശരിക്കും സന്തോഷിക്കുന്നു. മുകളില്‍ നിന്നു നോക്കുമ്പോള്‍ താഴെ കാഴ്ച്ചകളൊക്കെ വളരെ മനോഹരം. പക്ഷെ, കുട്ടിയെ അന്തരീക്ഷത്തിലേയ്ക്കുയര്‍ത്തിക്കൊണ്ടു നില്‍ക്കുന്ന ആളിനു കൈ കഴക്കുന്നു. കുട്ടിയെ നിലത്തു നിര്‍ത്തുന്നു. കുട്ടി കരയാന്‍ തുടങ്ങുന്നു.. ‘ഇനീം എനിക്ക് ഉയരെ പോകണം’ എന്നും പറഞ്ഞ് കരയുന്നു.
അന്തരീക്ഷത്തിലുയര്‍ത്തി രസിപ്പിച്ച ആള്‍ക്ക് സമയമില്ലാ താനും. ഇതുപോലെയാണ് ഈ സന്തോഷത്തിന്റെ കാര്യവും. അത് നമ്മെ വാനോളം ഉയര്‍ത്തും. പക്ഷെ, നമ്മുടെ സ്ഥായിയായ അവസ്ഥയില്‍ തിരിച്ചെത്തിയാലേ നമ്മുടെ ആത്മാവിന് നിലനില്‍പ്പുള്ളു.

അതുപോലെതന്നെയാണ് ദുഃഖവും! ഏതു ദുഃഖത്തില്‍ നിന്നായാലും ജീവിക്കണമെങ്കില്‍ കരകയറിയേ പറ്റൂ . വെള്ളത്തില്‍ വീണാന്‍ നീന്തി കരകയറണം. നീന്തലറിയാത്തവര്‍ നിലവിളിച്ച് ആളെക്കൂട്ടി രക്ഷപ്പെടാന്‍ നോക്കണം. അല്ലെങ്കില്‍ മരണം നിശ്ചയം.

മരണം എന്നു കരുതി ഭയപ്പെടണ്ട. മരണം ആണു ആത്മാവിന്റെ സ്ഥിരമായ അവാസകേന്ദ്രം എന്നാണ് എനിക്കു തോന്നുന്നത്. നാമൊക്കെ നമ്മുടെ ആത്മാവ് അവിടെയെത്താനാണ് ഈ യാത്രയും അവിടെ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ ആത്മാവിന് നിത്യ ശാന്തിയാണെന്ന് ഉറപ്പാണ്. കാരണം വീണ്ടും തിരിച്ച് വരുന്ന - ജനിക്കുന്ന - കൈക്കുഞ്ഞുങ്ങളുടെ മുഖത്തെ ശാന്തി കണ്ടിട്ടുണ്ടോ?
ആ.. ആ ശാന്തിയാണ് ആത്മാവിന്റെ സ്ഥായിയായ ഭാവം.

12 comments:

സു | Su said...

ചിലപ്പോ ആലോചിക്കുമ്പോൾ ഒക്കെ മനസ്സിലാവും. വീണ്ടും സന്തോഷം കാണുമ്പോൾ ആ വഴിക്കു പോകും. മനസ്സല്ലേ? സിമന്റ് അല്ലല്ലോ തേച്ചിരിക്കുന്നത്. ഒരു സന്തോഷത്തിന് ഒരു ദുഖമുണ്ടെന്ന് അറിയും. പക്ഷെ സന്തോഷം വരുമ്പോൾ, ദുഃഖത്തിന്റെ കാര്യം മറന്നുപോകും. അർമ്മാദിക്കും. ദുഃഖം വരുമ്പോൾ അയ്യോ അയ്യോന്നു പറയും. സന്തോഷമുണ്ടായിരുന്നെന്നും, ഇനിയും സന്തോഷം ഉണ്ടായേക്കാമെന്നും ആലോചിക്കില്ല. ആലോചിക്കാൻ തോന്നില്ല. അപ്പപ്പോ എന്താ സ്ഥിതി, അതിൽ മുഴുകും.

ഇനീം കുറേ എഴുതാനുണ്ട്. കരയുമ്പോ എനിക്കു പക്ഷെ കണ്ണുകാണില്ല............

ആത്മ said...

സൂ കരയണ്ട ട്ടൊ.
സൂ ചിരിക്കുന്നതു കാണാനാണ് ശേല്
:)

വല്യമ്മായി said...

കുറേ ദിവസമായി മനസ്സിലിട്ടു നടന്നിരുന്ന ഈ വിഷയത്തെ "ആത്മാവിന്റെ നിര്‍‌വികാരതയെ" കുറിച്ച് പറഞ്ഞ് എഴുതാന്‍ തോന്നിപ്പിച്ച ആത്മ ചേച്ചിക്ക്http://rehnaliyu.blogspot.com/2008/11/blog-post.html

ആത്മ said...

എനിക്കും കരച്ചില്‍ വരുന്നു...
പക്ഷെ, കരയണ്ട അല്ലെ, സന്തോഷം വരുമ്പോഴും
കരച്ചിലാണ് വരിക!
പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്.

ആത്മ ചേച്ചി

കാസിം തങ്ങള്‍ said...

എന്തായാലും ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടെ.

പ്രിയ said...

ഇവിടെന്താ പതിവില്ലാതെ ഒരു കരച്ചിലും പിഴിച്ചിലും.

സന്തോഷം വരുമ്പോ അങ്ങ് സന്തോഷിക്കുക. പിന്നെ ആ സന്തോഷമങ്ങില്ലാതായാല് സങ്കടപ്പെടുക. അല്ലാതെ ഇനി സങ്കടം വന്നലോന്നോര്‍ത്തു സന്തോഷിക്കാതിരുന്നാല് പിന്നെ ഈ ജീവിതം എന്തിന്? വേസ്റ്റ്.

ആശയാണ് എല്ലാ നിരാശക്കും കാരണം. എങ്കിലും ആശയില്ലേല് അതിലും വല്ല്യ നിരാശ വേറെന്തുണ്ട്?

ആത്മ said...

കാസിം തങ്ങള്‍,
അതെ, ശാ‍ന്തി ലഭിക്കട്ടെ.

ആത്മ said...

പ്രിയ
പറഞ്ഞതൊക്കെ ശരിതന്നെ.
എങ്കിപ്പിന്നെ സങ്കടപ്പെടാനായിട്ട് സന്തോഷിക്കാം,
നിരാശപ്പെടാനായിട്ട് ആശിക്കാം അല്ലെ,

ഏതിനും പ്രിയയുടെ ഫോട്ടോ ബ്ലോഗ് കൊള്ളാം ട്ടൊ.
അഭിനന്ദനങ്ങള്‍!

Rose Bastin said...

വിലപിടിപ്പുള്ള ഒരു ജ്ഞാനമുത്ത്!!കൂടുതൽ ചിന്തിക്കുമ്പോൾ ഇങ്ങനെ പല മുത്തുകളും വീണുകിട്ടും.അഭിനന്ദനങ്ങൾ!!

ആത്മ said...

ഇവിടെ വന്നതിനും, വായിച്ചതിനും അഭിപ്രായം
രേഖപ്പെടുത്തിയതിനും വളരെ വളരെ നന്ദി

bijoy said...

heard that 'ego' is the one assuming identity from Atman and go through all sufferings... but knowing the reality in experiential level and dissolving this guy is the most difficult part it seems... :(

ആത്മ said...

അതെ ഈഗോയെ നശിപ്പിക്കാന്‍ വളരെ വളരെ പ്രയാസം തന്നെ!
എന്റെ ഈഗോ വച്ച് ഞാന്‍ ലോകത്തെ കാണുന്നതുകൊണ്ടാകാം എനിക്ക് മിക്കപ്പോഴും ദുഃഖിക്കേണ്ടി വരുന്നത്..