Thursday, October 16, 2008

ബ്ലോഗും സന്യാസവും

മി. കോറോത്ത് പറഞ്ഞു നല്ല കിടിലന്‍ (ആ വാക്ക് തൃശ്ശൂരുകാരുടേതാണോ?!) പോസ്റ്റിടാന്‍. ഞാനിപ്പം എവിടെപ്പോകാന്‍ കിടിലന്‍ പോസ്റ്റിനായി? പോസ്റ്റിട്ടില്ലെങ്കില്‍ കമന്റ് കിട്ടില്ല, കമന്റ് കിട്ടിയില്ലെങ്കില്‍ ഒരു ദിവസം വേസ്റ്റാവും, ( കോറോത്തും അപ്രത്യക്ഷനാകും) ബോറാകും.
ഇപ്പൊ എന്താ വഴി?!
പോസ്റ്റിട്ടാലും ടെന്‍ഷന്‍, ഇട്ടില്ലെങ്കിലും ടെന്‍ഷന്‍!
കമന്റ് കിട്ടിയാലും ടെന്‍ഷന്‍! (ഓ, ഇനി എന്തു മറുപടി എഴുതണം എന്ന ടെന്‍ഷന്‍)
കമന്റ് കിട്ടിയില്ലെങ്കിലും ടെന്‍ഷന്‍!
ജീവിതമേ ഒരു ടെന്‍ഷന്‍ തന്നെ അല്ലെ?
ബ്ലോഗെഴുതിയാലും എഴുതിയില്ലേലും കമന്റ് കിട്ടിയാലും കിട്ടിയില്ലേലും ടെന്‍ഷന്‍ തന്നെ.
ബ്ലോഗെഴുതിയാലും എഴുതിയില്ലെങ്കിലും തീര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതം.
എങ്കിപ്പിന്നെ എഴുതി എഴുതി ടെന്‍ഷനടിച്ച് ടെന്‍ഷനടിച്ച് അങ്ങു തീര്‍ക്കാം ഈ ജീവിതം അല്ലെ.
[കമന്റ് കിട്ടുമ്പോഴുള്ള സന്തോഷം പോലെ തന്നെ സമമാണ് കിട്ടാതിരിക്കുമ്പോഴുള്ള വിഷമം. രണ്ടിനും ലൌകീക(യധാര്‍ത്ഥ) ജീവിതത്തില്‍ നിന്നും നമ്മുടെ ശ്രദ്ധയെ ഡൈവര്‍ട്ട് ചെയ്യാന്‍ സാധിക്കും. - ( രണ്ട് എക്ട്രീമിറ്റികളും ഒന്നില്‍ തന്നെ ചെന്നെത്തുന്നു!)]

ഇനിയിപ്പൊ ഇതു പോസ്റ്റ് ചെയ്താല്‍ പിന്നെ മിനിട്ടിനു മിനിട്ടിന് ‘കമന്റുണ്ടോ’ ‘കമന്റുണ്ടോ’ എന്നും നോക്കി സമയം പോണതറിയില്ല, ജോലികള്‍ തീരുന്നതറിയില്ല,
കാലം മാറുന്നതറിയില്ല,
ഋതുക്കല്‍ വന്നു പോകുന്നതറിയില്ല,
തടി വയ്ക്കുന്നതറിയില്ല,
വയസ്സാകുന്നതും അറിയില്ല,
ഒന്നുമറിയാതെ അങ്ങു ജീവിച്ചു മരിക്കാം...


ബ്ലൊഗെഴുത്തിനെ വേണമെങ്കില്‍ നമുക്ക് ഒരു സന്യാസത്തോട് ഉപമിക്കാം.
സന്യാസിമാര്‍ എന്തിനാണ് സന്യസിക്കുന്നത്?
ലൌകീകജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍.
ബ്ലൊഗെഴുത്തുകാര്‍ എന്തിനാണ് ബ്ലൊഗെഴുതുന്നത്?
അതും ലൌകീകെ ജീവിതത്തില്‍ നിന്നുള്ള താല്‍ക്കാലിക ആശ്വാസം/ ചെയിഞ്ച് നല്ലെ?
(അല്ലെന്നൊക്കെ ചിലര്‍ വീമ്പടിക്കും) പക്ഷെ ആണെന്നുള്ളതാണ് സത്യം

എനിക്കുതോന്നുന്നത്, പണ്ട് പണ്ട് കഥയും കവിതയുമൊക്കെ എഴുതി മരിച്ച സാഹിത്യകാരന്മാരുടെ
പുനര്‍ജന്മമായിരിക്കും ഈ ബ്ലോഗേഴ്സ് എന്നാണ്. കാരണം അവര്‍ അന്ന് സാഹിത്യം ചമയ്ക്കുന്നതെങ്ങിനെയാണ്? ഇരുണ്ട മുറികളില്‍, പുറത്താരോടും അധികം സമ്പര്‍ക്കമില്ലാതെ അങ്ങിനെ ഡീപ് ആയി ചിന്തിച്ച്, ഉള്ളിന്റെ ഉള്ളിലെത്തും. പിന്നീട് ഒരെഴുത്താണ്...
ഇതിനിടയില്‍ ആരെയും കാണാന്‍ കൂട്ടാക്കാറുമില്ല (അതിന്റെ ശിക്ഷയാണ് ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കണ്ണുതള്ളുന്നത്). എഴുതിക്കഴിഞ്ഞാലും, പബ്ലിഷ് ചെയ്തുകഴിഞ്ഞാലുമൊന്നും അവര്‍ക്ക് തങ്ങളുടെ വായനക്കാരെ കാണണ്ട, അവരുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കണ്ട (കേട്ടാലും കേട്ടില്ലെന്നു നടിക്കാം, കണ്ടാലും കണ്ടില്ലെന്നു നടിക്കാം)

ആ, അങ്ങിനെയൊക്കെ ജീവിച്ചതിനുള്ള ശിക്ഷയാണ് ഈ ബ്ലൊഗ് . ഇപ്പോള്‍ അവര്‍ (പുനര്‍ജനിച്ച് ബ്ലൊഗരായ അവര്‍) എഴുതിയിട്ട് മിനിട്ടിനു മിനിട്ടിന് ഇഞ്ചിഞ്ചായി വധിക്കപ്പെടുകയാണ്.
വായിക്കാന്‍ ആളില്ലെങ്കില്‍ വിഷമം,
വിമര്‍ശിക്കാന്‍ ആളില്ലെങ്കില്‍ വിഷമം,
ഉണ്ടായാല്‍ വിഷമം,
ഒരുകണക്കിന്, എരിതീയില്‍ വീണപോലെ...
പിന്നെ ചിലരൊക്കെ അഭിനയിക്കും ഞാനിതൊക്കെ കൂളായെടുക്കുന്നു, എനിക്ക് എഴുത്ത് ഒന്ന് മാത്രമാണ് ലക്ഷ്യം. കമന്റും വേണ്ട, വിമര്‍ശനവും വേണ്ട. എനിക്കു തോന്നിയതൊക്കെ എഴുതാന്‍ ഒരിടം. പക്ഷെ അവരും ഒളിഞ്ഞൊളിഞ്ഞ് ഇടക്കിടെ വന്ന് കമന്റ് കോളത്തില്‍ നോക്കും. ഇല്ല എന്നു കാണുമ്പോള്‍ നീട്ടി ഒരു നെടുവീര്‍പ്പിടും. പിന്നീട് അതിലും വാശിയോടെ അടുത്ത പോസ്റ്റ് എഴുതാന്‍ തുടങ്ങും. ഏകാന്തതയിലൊന്നുമല്ല, കമ്പ്യൂട്ടറിനു മുന്നില്‍, ആയിരം ജോലികള്‍ പുറത്ത് വെയിറ്റ് ചെയ്യുമ്പോള്‍. ചിലര്‍ക്ക് ഓഫീസറും സഹപ്രവര്‍ത്തകരും നാലുചുറ്റിനും കാണും, ചിലര്‍ക്ക് പിള്ളകുട്ടികള്‍ ‍ചുറ്റിനും കാണും, ചിലര്‍ക്ക് നല്ല പാതി...ഇതൊന്നും കാര്യമാക്കാതെ, ‘നില്ല് ദാ വരുന്നു, ഇതുംകൂടെ എഴുതിയിട്ട്... എന്നും പറഞ്ഞ് എഴുത്ത് തുടരുന്നു...

പോസ്റ്റിട്ടാല്‍ പിന്നെ വൈകരുത്, അന്തംവിട്ട്, ഓരോ ബ്ലോഗുതോറും കയറിയിറങ്ങി അഭിപ്രായം രേഖപ്പെടുത്തുക. കവിതയാണെങ്കില്‍, നല്ല വരികള്‍. കഥയാണെങ്കില്‍, എന്തൊരൊഴുക്ക്, എന്നിങ്ങനെ കുറെ വരികള്‍ കരുതി വയ്ക്കുക. മുന്നും പിന്നും നോക്കാതെ നിരത്തി കമന്റിടുക. കൊടുക്കുംതോറും വര്‍ദ്ധിക്കും എന്ന ചൊല്ലില്‍ പൂര്‍ണ്ണമായി വിശ്വസിക്കുക - (ഞാന്‍ ഇങ്ങിനെയൊക്കെ എഴുതുന്നത് അഹങ്കാരമായെടുക്കില്ലല്ലൊ? എനിക്ക് ഇതുവരെ മനസ്സിലായവ മാത്രം - വെറുതെ തമാശയായെഴുതുന്നതാണേ. ഇത് ആത്മപ്രകാശനത്തിന്റെ ബ്ലോഗായതുകൊണ്ട് മാത്രം വെളിപ്പെടുത്തുന്ന കാര്യങ്ങളാണ്‌)


എഴുത്തിനും എഴുതാതിരിക്കലിനും(അയ്യോ ഒന്നും കിട്ടിയില്ലേ എഴുതാന്‍ എന്നു വിഷമിച്ചുള്ള നടപ്പ്)ഇടയിലുള്ള ആ ശൂന്യതയില്ലെ?
അതാണ് യധാര്‍ത്ഥ ജീവിതം!!!
അവിടെ നിങ്ങള്‍ ആരാണ് ?
അതാണ് ശരിയായ നിങ്ങള്‍.
നല്ല ഒരച്ഛന്‍/അമ്മ, ഭര്‍ത്താവ്/ഭാര്യ ,ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ...
എന്നെ പൂര്‍ണ്ണമായും വിശ്വസിക്കൂ...
കുറച്ചുസമയം ബ്ലോഗിൽ നിങ്ങൾ മറ്റൊരാളായി ജീവിക്കാനാകുമായിരിക്കും.
പക്ഷെ, ബ്ലോഗ് വിട്ട് പുറത്തു വരുമ്പോൾ നിങ്ങളെ എതിരേൽക്കുന്നത്, നിങ്ങൾ പൂർത്തിയാക്കാതെ
വച്ചിരിക്കുന്ന് ജോലികൾ, കടമകൾ, കർത്തവ്യങ്ങൾ മാത്രം.
എല്ലാവര്‍ക്കും നല്ലതുവരട്ടെ,

22 comments:

nizhal|നിഴല്‍ said...

ആത്മ,
"സന്യാസിമാര്‍ എന്തിനാണ് സന്യസിക്കുന്നത്?
ലൌകീകജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍."
ബ്ലൊഗെഴുത്തുകാര്‍ എന്തിനാണ് ബ്ലൊഗെഴുതുന്നത്?
അതും ലൌകീകെ ജീവിതത്തില്‍ നിന്നുള്ള താല്‍ക്കാലിക ആശ്വാസ/ ചെയിഞ്ചി നല്ലെ?

അത് കലക്കി...
വിവാദമുണ്ടാക്കി കമന്റ് പിടിക്കാനാണൊ പരിപാടി? :-)

"എഴുത്തിനും എഴുതാതിരിക്കലിനുമിടയിലുള്ള ആ ശൂന്യത
അതാണ് യധാര്‍ത്ഥ ജീവിതം!!!"

ഇതിപ്പൊ പരസ്യങ്ങള്ക്കിടയില് രസംകൊല്ലാനുള്ള സംഗതിയാണ് സിനിമ എന്നു പറഞ്ഞപോലെ ആയല്ലൊ??

കാപ്പിലാന്‍ said...

:)

വികടശിരോമണി said...

ലൌകികജീവിതാഹ്ലാദത്തിനായും ചിലർ ബ്ലോഗുന്നില്ലേന്ന് സംശയം...

ബാജി ഓടംവേലി said...

അതെ അതു തന്നെ...
കിടിലന്‍.....

ശ്രീവല്ലഭന്‍. said...

കിടിലന്‍ :-)

ഭൂമിപുത്രി said...

ആത്മ ഒരു പാവംബ്ലോഗറുടെ ആത്മാവറിഞ്ഞെഴുതിയിരിയ്ക്കുന്നല്ലൊ!
ശരിയ്ക്കും ഏറ്റിട്ടുണ്ട്ട്ടൊ

ആത്മ said...

നിഴലേ,
നിഴല്‍ ആത്മയെ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു!
വളരെ വളരെ നന്ദി!:)


മി. കാപ്പിലാന്‍,
:)


മി. വികടശിരോമണി,
അതെ ലൌകീകജീവിതാഹ്ലാദത്തിനായും ചിലര്‍ ബ്ലോഗുന്നുണ്ട്(ബ്ലൊഗെഴുത്തല്ലാതെ വെറേ എത്രയോ വഴികളുണ്ട്, എന്നിട്ടും), ചിലര്‍ ലൌകീകതയില്‍ നിന്നു രക്ഷപ്പെടാനായും. രണ്ട് എക്സ്ട്രീമിറ്റികളും ചെന്ന് ചേരുന്നത് എവിടെ? ഒരേ ബിന്ധുവില്‍. - ബ്ലോഗെഴുത്തില്‍!
ശരിയല്ലെ?:)

മി. ബാജി ഓടംവേലി,
ശരിക്കും കിടിലനായോ? :) മി. ബാജിയുടെ ബ്ലോഗിലും കിടിലന്‍ പോസ്റ്റ്കള്‍ ഉണ്ട്.കുറച്ചൊക്കെ വായിച്ചു.

മി. ശ്രീവല്ലഭന്‍,
കിടിലനയായോ?! :)
മി. ശ്രീവല്ലഭന്റെ ബ്ലോഗില്‍ പോയി ഒരു കവിതയും
കഥയുമൊക്കെ വായിച്ചു, നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍.

ഭൂമിപുതി,
അഭിനന്ദനത്തിനു വളരെ വളരെ നന്ദി :)

കോറോത്ത് said...

:):)

"ബ്ലോഗെഴുതിയാലും എഴുതിയില്ലേലും കമന്റ് കിട്ടിയാലും കിട്ടിയില്ലേലും ടെന്‍ഷന്‍ തന്നെ"

ഇത്രേം ടെന്‍ഷന്‍ ഒന്നിച്ച്ചെടുക്കാന്‍ വയ്യത്തോണ്ടാ ഞാന്‍ ബ്ലോഗ് എഴുതാത്തത് :)

ആത്മ said...

ഇന്ന് നേരത്തെ എത്തിയോ?!

മി. കോറോത്തിനോട് ഒരു കാര്യം ഇന്നലേ ചോദിക്കണം എന്നു കരുതി, മറന്നു പോയി.
ബ്ലോഗെഴുതുന്നില്ലെങ്കില്‍ പിന്നെ ലൈസന്‍സ് ഒക്കെ വച്ചിരിക്കുന്നതെന്തിനാ ബ്ലോഗില്‍? കമന്റെഴുതാനും
ലൈസന്‍സ് വേണോ? :)

കോറോത്ത് said...

ചുമ്മാ ഒരു ലൈസന്‍സ് കയ്യിലിരിക്കുന്നത്‌ നല്ലതല്ലേ :):)
പണ്ടു ലൈസന്‍സ് വച്ചു പഠിച്ചതാ, എടുത്തു കളയാന്‍ മറന്നു പോയി! വേറൊരു പോസ്റ്റും കൂടെ ഉണ്ടായിരുന്നു. ഒരു ദിവസം ആ പോസ്റ്റ് കണ്ടു എനിക്ക് തന്നെ ദേഷ്യം വന്നു എടുത്തു കളഞ്ഞു :)

ആത്മ said...

അതെ അതെ ഒരു ലൈസന്‍സ് കയ്യിലിരിക്കുന്നതു നല്ലതുതന്നെ.

എങ്കിപ്പിന്നെ ഇനി എഴുതി തുടങ്ങാം അല്ലെ?
നിങ്ങളുടെ ഉള്ളില്‍ ഭാവിയിലെ നല്ല ഒരെഴുത്തുകാരനും
എന്റെയുള്ളില്‍ ഭാവിയിലെ നല്ലൊരു വിമര്‍ശകയും
ഒളിച്ചിരിപ്പില്ലെന്ന് ആരുകണ്ടു!

ഏതിനും എഴുതി തുടങ്ങൂ എഴുതാതിരിക്കുംതോറും
മടി പിടിക്കും. ഞാന്‍ കുറേ വര്‍ഷങ്ങളായി
എന്തൊക്കെയോ എഴുതുന്നു. എനിക്കുതന്നെ
അറിയില്ല എന്റെ പോക്ക് എങ്ങോട്ടാണെന്ന്.
ദാ ഇപ്പോല്‍ ഇവിടെ എത്തി. ഇവിടെയും എഴുത്തു തന്നെ എഴുത്ത്.

ഇതെന്നേം കൊണ്ടേ പോവൂ...( ദീര്‍ഘനിശ്വാസം)

smitha adharsh said...

:)

ആത്മ said...

ഉം.. എന്തു പറ്റി! ചിരി മാത്രമെ ഉള്ളോ?
കിലുക്കാന്‍ പെട്ടിപോലെ ചിലച്ചോണ്ടു നടന്ന
ഈ സ്മിതക്കുട്ടിക്കിതെന്തു പറ്റി എന്റെ ദൈവമേ!
:(

ഇന്നലെ കോറോത്തിനോടും ചിരിക്കാന്‍ മറന്നു.
രണ്ടു ചിരിയും കൂടി ഒരുമിച്ചിരിക്കട്ടെ,
ഒന്ന് സ്മിതക്കുട്ടിക്കും, ഒന്ന് മി. കോറോത്തിനും,
:)
:)

lakshmy said...

പറഞ്ഞതൊന്നും സത്യമല്ലെന്നു പറഞ്ഞാൽ അത് സത്യമാവില്ല

ആത്മ said...

കുറേ നേരം കോണ്ട് ആലോചിക്കുന്നു.
ഇത് കടംകഥയാണോ ലക്ഷിക്കുട്ടിയേ?
എന്താണ് ഇതിന്റെ അര്‍ത്ഥം?
എന്തിനാണ് ഇങ്ങിനെ എഴുതിയത്?:(
വെറുതെ തമാശ പറഞ്ഞതാണോ?:)

കിഷോര്‍:Kishor said...

കൊള്ളാം.. ഇനി എന്റെ കമന്റു കിട്ടിയില്ലെന്ന് വിചാരിച്ചു ടെന്‍ഷന്‍ വേണ്ട!

“കരഞ്ഞാലും മരിക്കും..
ചിരിച്ചാലും മരിക്കും..
എന്നാല്‍ പിന്നെ ചിരിച്ചൂടെ?”

എന്ന് വാണീജയറാം പഴയ ഒരു പാട്ടില്‍ പാടുന്നു. അത് ബ്ലോഗിങ്ങിനും ബാധകമാണ്!

ആത്മ said...

മി, കിഷോര്‍,

വന്നതിനും കമന്റ് എഴുതിയതിനും വളരെ വളരെ നന്ദി.
പക്ഷെ, ടെന്‍ഷന്‍ കുറഞ്ഞില്ല, ഇച്ചിരി കൂടി. കാര്യം എന്താണെന്നോ? താങ്ങളുടെ ബ്ലോഗില്‍
പോയി നോക്കിയപ്പോള്‍ അന്തം വിട്ടുപോയി.

നന്ദി. നല്ല ഒരു ബ്ലോഗ് കാട്ടി തന്നതിന്.:)

Visala Manaskan said...

:) ആത്മയുടെ അഭിപ്രായങ്ങള്‍ കൊള്ളാം.

ഉല്ലാസവര്‍ദ്ദിനി എന്ന നിലക്കാണ് ബ്ലോഗിങ്ങിനെ കണ്ടിട്ടുള്ളത്. ജോലിക്കൂടുതല്‍ കൊണ്ടാണോ അതോ ജോലി ചെയ്യാന്‍ പഴയ പിക്കപ്പില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, ഉല്ലാസം എഴുതാന്‍ പറ്റിയ കള്ളപ്പേജുകള്‍ (വരയില്ലാത്ത പേജുകളേയ്‍)ദിവസത്തിന്റെ നോട്ടുബുക്കില്‍ ഇപ്പം കാണുന്നേയില്ല.

അത്യാവശ്യം, ആവശ്യം, പിന്നെ, ടൈമുണ്ടെങ്കില്‍.. അനാവശ്യം എന്നാണല്ലോ?

ഓടോ: കഴിഞ്ഞ ജന്മത്ത് ഞാനൊരുസന്യാസി അല്ലായിരുന്നു. സൌത്താഫ്രിക്കയിലെ ഒരു ലേഡീ ഡോക്ടറായിരുന്നു!

Visala Manaskan said...
This comment has been removed by the author.
ആത്മ said...

മി. വി. എം,

ആത്മ താങ്ങള്‍ക്ക് ഒരു നീണ്ട മറുപടി എഴുതി
പക്ഷെ, പോസ്റ്റ് ചെയ്യാന്‍ ധൈര്യം കിട്ടുന്നില്ല.
ധൈര്യം കിട്ടുമ്പോള്‍ പോസ്റ്റ് ചെയ്യാം.:)

ഓടോ എന്നാല്‍ എന്താണ്?
ഒരു സന്യാസിയുടെയും ആഫ്രിക്കന്‍ ഡോക്ടറുടെയും ഒക്കെ കാര്യം പറഞ്ഞു!
നമ്മള്‍ ഇതിനുമുന്‍പ് എങ്ങും കണ്ടിട്ടില്ലല്ലൊ അല്ലെ?(ഇവിടെ ഒന്നു പരിഭ്രമിക്കാനും ചിഹ്നമൊന്നും ഇല്ലല്ലൊ എന്റെ ദൈവമേ!)

ഏതിനും കണ്ടതില്‍ വളരെ വളരെ സന്തോഷം! :)

October 19, 2008 2:55 AM

Visala Manaskan said...

ഹലോ ആത്മ,

നേരമ്പോക്ക് എന്ന നിലക്കാണ് ബ്ലോഗിങ്ങിനെ കണ്ടിരുന്നത് എന്നും, ജോലിക്കൂടുതല്‍ കൊണ്ട് ഇപ്പോള്‍ ബ്ലോഗിങ്ങിന് തീരെ ടൈമില്ലാണ്ടായി എന്നുമാണ് ഉദ്ദേശിച്ചത്.

ഓടോ എന്ന്വച്ചാല്‍ ‘ഓഫ് റ്റോപ്പിക്ക്‘.

“പണ്ട് പണ്ട് കഥയും കവിതയുമൊക്കെ എഴുതി മരിച്ച സാഹിത്യകാരന്മാരുടെ
പുനര്‍ജന്മമായിരിക്കും ഈ ബ്ലോഗേഴ്സ് എന്നാണ്“

അതിന്റെ മറുപടിയായിട്ടാ “ഏയ് ഞാന്‍ ആഫ്രിക്കന്‍ ഡോക്ടറായിരുന്നു” എന്ന് പറഞ്ഞത്.

എക്കെ, ചുമ്മാ ഒരു തമാശയായിട്ട് പറഞ്ഞതാണ്. തെറ്റിദ്ധരിക്കരുത് ട്ടാ.

ആത്മ said...
This comment has been removed by the author.