Monday, October 6, 2008

ഒരമ്മയും മൂന്നു മക്കളും

ഇന്ന് ഭര്‍ത്താവിനോടൊപ്പം കാന്റീനില്‍ ഇരുന്ന് ചൈനീസ് ഫുഡ് കഴിക്കുമ്പോള്‍ എതിരിലെ
മേശയില്‍ ഒരു ചെറുപ്പക്കാരി അമ്മയും മൂന്നു പെണ്‍കുട്ടികളുമായി ഇരിക്കുന്നതു കണ്ടു
മൂത്ത കുട്ടികള്‍ക്ക് മൂന്നും അഞ്ചും വയസ്സു പ്രായം. ഇളയ കുട്ടി നടന്നു തുടങ്ങിയിട്ടേ ഉള്ളു. എന്നിട്ടും ആ കുട്ടിയെ എതിരിലെ കസേരയില്‍ നിര്‍ത്തിയിരിക്കുന്നു. ആ കുട്ടി വീണുപോകുമോ എന്ന പരിഭ്രമം എനിക്ക്. ആ അമ്മയില്‍ ഒരു ഉല്‍ക്കണ്ഠയും കണ്ടില്ല. അവള്‍ ഈ ലോകത്തൊന്നുമല്ലാത്തപോലെ. കുട്ടികള്‍ക്ക് ഭക്ഷണം വരുത്തിക്കൊടുത്തിട്ട് തളര്‍ന്നിരിക്കുന്ന അമ്മ. അവര്‍ക്ക് എന്തോ കടുത്ത മാനസിക തളര്‍ച്ചപോലെ.

മൂന്നു പെണ്‍കുട്ടികള്‍!
ഇനി ഈ ജന്മം ആണ്‍കുട്ടിയുടെ അമ്മയാകാനാവില്ലെന്ന തളര്‍ച്ച;
ഈ ജന്മം തന്റെ സ്ത്രീത്വം അപൂര്‍ണ്ണമായി തന്നെ അവശേഷിക്കും എന്ന മര‍വിപ്പ്;
ഭര്‍ത്താവ് ഇക്കാരണത്താല്‍ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയമാകാം;
അവഹേളീക്കുന്ന സമൂഹത്തിന്റെ മുന്നില്‍ തളര്‍ന്നിരിക്കുന്നതാകാം;
അതിനിടയില്‍ ഈ കൊച്ചുകുട്ടികളെ വളര്‍ത്തിയെടുക്കുകയും വേണം.

എനിക്ക് അടുത്ത് ചെന്ന് ആശ്വസിപ്പിക്കണമെന്നുണ്ട്. ‘വിഷമിക്കണ്ട , ഈ പെണ്‍കുട്ടികള്‍ പഠിച്ച് മിടുക്കരായി വളരുമ്പോള്‍ ആണ്‍കുട്ടികള്‍ തരുന്ന സന്തോഷം തന്നെ അവരും തരും. ഈ വിഷമമൊക്കെ താല്‍ക്കാലികമാണ്’.
എന്റെ ആത്മാവ് ഒരു നിമിഷം എന്നില്‍ നിന്നു പറന്ന് അവളുടെയരികില്‍ ചെന്നു.
അവള്‍ എന്നെ നോക്കി,
ആത്മാവില്ലാത്ത എന്റെ ശരീരം തിരിച്ച് അവളെയും.
അവളില്‍ എന്തോ ഒരു തരി ഉല്‍സാഹം നുരയിടുന്നതായി കണ്ടു.
എന്റെ ആത്മാവ് അവളുടെ ആത്മാവുമായി സംവേദിച്ചതറിയാതെ ഞങ്ങള്‍ അന്യോന്യം ഒരു നിമിഷം നോക്കി. അവളുടെ ചുണ്ടില്‍ ഒരു ചെറു ചിരി വിടര്‍ന്നു. തോന്നിയതാണോ?
പിന്നീട് അവള്‍ പതിയെ ചെറിയ കുട്ടിയുടെ അടുത്ത് ചെന്നിരുന്ന് വാത്സല്യത്തോടെ ഭക്ഷണം ഊട്ടിക്കൊടുത്തു.
അതു കണ്ട് എന്റെ ഉള്ളം നിറഞ്ഞു
ആ കൊച്ചു കുട്ടി ഞാനാണെന്നപോലെ...
അവള്‍ എന്റെ അമ്മയായപോലെ... ഒരു നിര്‍വൃതി.

14 comments:

കോറോത്ത് said...

"ഇനി ഈ ജന്മം ആണ്‍കുട്ടിയുടെ അമ്മയാകാനാവില്ലെന്ന തളര്‍ച്ച;
ഈ ജന്മം തന്റെ സ്ത്രീത്വം അപൂര്‍ണ്ണമായി തന്നെ അവശേഷിക്കും എന്ന മര‍വിപ്പ്;"

ഇതൊക്കെയാണെന്ന് നിങ്ങള്‍ എങ്ങിനെ assume ചെയ്തു ? വേറെ എന്തേലും ആയിക്കൂടെ ? അവരുടെ ഭര്‍ത്താവിനു 3 പെണ്‍കുട്ടികള്‍ ആയതു കൊണ്ടു സന്തോഷമാണെങ്കിലോ ?

ആത്മ said...

കൊള്ളാം. ഇക്കാലത്ത് പെണ്ണായി ജനിക്കാനും വളരാനും ഒക്കെ ഒരു യോഗം വേണം.

അവരുടെ ഭര്‍ത്താവിനു സന്തോഷമായിരുന്നെങ്കില്‍
അവരില്‍ ആ depression കാണില്ലായിരുന്നല്ലൊ

smitha adharsh said...

കോറോത്ത് ചോദിച്ചത് എന്റെ നാവിലും വന്നു...പിന്നെ,ആത്മ ചേച്ചീടെ മറുപടി വായിച്ചപ്പോ,ഞാന്‍ അതങ്ങ് വിഴുങ്ങി തിരിച്ചു പോകുന്നു.

ഈ word verification ഒഴിവാക്കിയില്ലെങ്കില്‍,ഞാന്‍ അടുത്ത തവണ വരുമ്പോള്‍ കമന്റ് തരാതെ ഇട്ടിട്ടു പോകും കേട്ടോ...

ആത്മ said...

അയ്യോ! വീണ്ടും വന്നോ!:)
ഇപ്പത്തന്നെ word verification മാറ്റിയേക്കാം.

കോറോത്ത് said...

depression നു കാരണം വേറെന്തെങ്കിലും ആകാനും സാധ്യത ഇല്ലേ :)...
യഥാര്‍ത്ഥ കാരണം ഇതാണെന്ന് താങ്കള്‍ തീര്‍ത്തു പറയുന്നതു എങ്ങിനെയാണെന്നാണ് എനിക്ക് മനസിലാവാത്തത് :)... അങ്ങിനെയാണെങ്കില്‍ ആണ്കുട്ടികളുള്ള അമ്മമാര്‍ക്ക് ഒരിക്കലും depression വരില്ലേ ?

ആത്മ said...

എങ്കിപ്പിന്നെ സമ്മതിച്ചുതരാം.
ആണ്‍കുട്ടികളുള്ളവര്‍ക്കും depression വരും.
ഇപ്പോള്‍ സന്തോഷമായോ? :)

പക്ഷെ, അതിന് പാവം എന്നെയും എന്റെ കഥാപാത്രത്തിനെയും വഴക്ക് പറയുന്നതെന്തിനാ?
പെണ്ണുങ്ങള്‍‍ക്കു ഈ ലോകത്തില്‍ depression ഉള്ള
അവകാശവും ഇല്ലേ എന്റെ ദൈവമേ!:(

ആത്മഗതം:
എനിക്കു തോന്നുന്നത് ആണ്മക്കളുള്ള അമ്മമാര്‍ക്ക്
ഡിപ്രഷന്‍ വരുന്നത് നല്ല തല്ലുകിട്ടാത്തതു കൊണ്ടാകുമെന്നാണ്. ഇല്ല ഞാന്‍ വെറുതെ ആത്മഗതം പറഞ്ഞതാണേ:)

രഘുനാഥന്‍ said...

ആ യുവതിയുടെ കണവന്‍ തീര്‍ച്ചയായും ഒരു പട്ടാളക്കാരന്‍ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.അങ്ങേരു ലീവിന് വരാത്തത് കൊണ്ടാകാം ഈ ഡിപ്രഷന്‍ ...

കോറോത്ത് said...

അയ്യോ!!!! ചുമ്മാ ഒരു രസത്തിന് തര്‍ക്കിച്ചതല്ലേ! ഞാന്‍ നിര്‍ത്തീ :)

"എനിക്കു തോന്നുന്നത് ആണ്മക്കളുള്ള അമ്മമാര്‍ക്ക്
ഡിപ്രഷന്‍ വരുന്നത് നല്ല തല്ലുകിട്ടാത്തതു കൊണ്ടാകുമെന്നാണ്"
- അമ്മമാരെയൊക്കെ തല്ലണത് മോശല്ലേ ;)... ഞാന്‍ ഈ ഏരിയയിലൊന്നും ഇനി കാണാത്ത വിധം ഓടി :)

ആത്മ said...

മി. രഘുനാഥന്‍,

എന്റെ കഥയിലെ നായികയെ തരം താഴ്ത്തിയേ അടങ്ങു എന്നു തന്നെ അല്ലെ? :)

പക്ഷെ, നിങ്ങള്‍ പറയുന്നതല്ല അവളുടെ വിഷമം.
ഈ കൊച്ചു രാജ്യത്ത് അങ്ങിനെ പട്ടാളത്തിലൊന്നും പോയി രക്ഷപ്പെടാന്‍ പറ്റില്ല.

ആത്മ said...

മി. കോറോത്ത് (എന്തൊരു പേരാണെന്റെ ഭഗവാനേ!)
ഈ പേരിനുള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന ഒരാത്മാവില്ലെ
മി. കോറോത്തിന്?:)
അല്ല അറിയാന്‍ വയ്യാത്തോണ്ട് ചോദിച്ചതാണേ,
കൂട്ടുകാര്‍ക്കൊക്കെ ശരിയായ പേരു പറഞ്ഞുകൊടുക്കും എന്നിട്ട്
പാവം ആത്മയ്ക്കു മുന്നില്‍ ഒരു വല്ലാത്ത പേരും!
ഉം, സാരമില്ല

കോറോത്ത് said...

പേരിലാണോ ആത്മാവിലാണോ കാര്യം :)...ആത്മാവിലല്ലേ :):)

ആത്മ said...

പിന്നേം വന്നു പേരില്ലാത്ത ഒരാത്മാവിനേം കൊണ്ട്.
ആ പാവം ആത്മാവെന്തു പിഴച്ചു?

ഈ ആത്മാവ് ഇവിടെ ‘ഉം സാരമില്ല’ എന്നും പറഞ്ഞ് യാത്രയാക്കിയതല്ലായിരുന്നോ?

ഹും.. എന്നാലും അറ്റ് ലീസ്റ്റ് ഒരു ബ്ലോഗുപേരുപോലുമില്ലാത്ത ഒരാത്മാവായിപ്പോയല്ലൊ!

ഒന്നു കരയാമെന്നു വച്ചാല്‍, ഇവിടെ കരയുന്നതിനു ചിഹ്നമൊന്നും ഇല്ലേ :(

lakshmy said...

അവരുടെ ഡിപ്രഷനു കാരണം എന്തുമാകട്ടെ. പക്ഷെ ആ ആത്മസംവദനം എനിക്കിഷ്ടമായി. ചില നേരത്ത് ആർദ്രമായ ഒരു നോട്ടത്തിനോ പുഞ്ചിരിക്കോ അൽ‌പ്പം ആശ്വാസം പകർന്നു കൊടുക്കാൻ കഴിഞ്ഞെങ്കിൽ അതൊരു നല്ല കാര്യമല്ല്ലേ, ഒരു നിമിഷത്തേക്കേങ്കിലും

ആത്മ said...

അതെ.
ലക്ഷ്മിയുടെ കവിതകളും ചിത്രങ്ങളുമൊക്കെ എനിക്കും
വളരെ വളരെ ഇഷ്ടമാണ് കേട്ടോ

വന്നതിനും കമന്റെഴുതിയതിനും വളരെ വളരെ നന്ദി!