Saturday, September 20, 2008

കമന്റുകള്‍

അങ്ങിനെ അപ്രതീക്ഷിതമായ കമന്റുകള്‍ കണ്ട് അങ്ങിനെ അന്തം വിട്ടിരിക്കുമ്പോഴാണ് അവന് ‍സ്ക്കൂളില്‍ നിന്നും(പ്ലസ് ടു) തിരിച്ചെത്തിയത്. അവന്‍ ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ, ഒന്നും സംഭവിച്ചില്ല. അവന്റെ മുഖത്ത് വരാന്‍ പോകുന്ന പരീക്ഷയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് . പാവം. അങ്ങോട്ടു കയറി പറയണ്ട. ഒരുകണക്കിന് ചോദിക്കാതിരുന്നതും നല്ലതുതന്നെ. എങ്ങിനെ അവന്റെ മുന്നില്‍ അതവതരിപ്പിക്കണം എന്നും അറിയില്ലാ.

പക്ഷെ, രണ്ടു ദിവസത്തില്‍ക്കൂടുതല്‍ രഹസ്യം കൊണ്ടുനടക്കാനും ആവുന്നില്ല. ഇന്ന് രണ്ടും കല്പിച്ച് സംഭവം വിവരിച്ചു, “അമ്മയ്ക്ക് ഒരു കമന്റുപോലും കിട്ടാതെ ഇരിക്കയല്ലായിരുന്നോ? ഇന്നലെ സര്‍പ്രൈസ് ആയി ഒരാള്‍- ഒരു വലിയ ആള്‍...

[നല്ല മലയാളം പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണെന്നു കരുതി സിമ്പിള്‍ മലയാളത്തിലാണു സംസാരം. അവര്‍ ഇങ്ങോട്ട് സായിപ്പിന്റെ ഭാക്ഷയും. എന്തുചെയ്യാം. തലൈ വിധി. ഞാന്‍ പല തരത്തില്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ‘അമ്മയോട് മലയാളത്തില്‍ സംസാരിക്കൂ, അമ്മ‍ എന്തുമാത്രം സാക്രിഫൈസ് ചെയ്താണെന്നോ, നിങ്ങള്‍ മൂന്നുപേരും ഇംഗ്ലീഷ് സംസാരിച്ചാലും മലയാളം തന്നെ സംസാരിക്കുന്നത്? ‘എന്റെ ഇംഗ്ലീഷ് ഇം പ്രൂവ് ചെയ്യുന്നതിലും വലിയ കാര്യം നിങ്ങള്‍ മലയാളം മറക്കാതിരിക്കലാണ് ’വലിയകാര്യം എന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ അങ്ങിനെ ചെയ്യുന്നത്; നിങ്ങള്‍ മലയാളം പഠിക്കാതിരുന്നാല്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമായിരിക്കും; മലയാളികള്‍ ലോകമെങ്ങും പോയി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ (ഒരുപക്ഷെ, പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ കോളണികള്‍ സ്ഥാപിക്കാനും തയ്യാറായി) മലയാളം അറിയാത്തത് ഒരു വന്‍നഷ്ടമായിരിക്കും; കേരളത്തിലെ കുട്ടികള്‍ക്ക് മലയാളവും ഇംഗ്ലീഷും നന്നായറിയാവുന്നതുകൊണ്ട് അവര്‍ക്ക് ഏതു ലോകത്തുപോയാലും ജീവിക്കാനും സാധിക്കും പക്ഷെ, നിങ്ങള്‍ ഒരുപക്ഷെ, ഒരിക്കല്‍ കേരളത്തില്‍ ചെന്നുപെട്ടാല്‍ അവിടെ ഒറ്റപ്പെട്ടുപോകും; എന്നൊക്കെ ക്ലാസ്സെടുത്തിട്ടുണ്ട്. അത്രയും മനസ്സിലാക്കാനുള്ള പക്വത ഇല്ലാത്തതുകൊണ്ടോ, അവര്‍ക്കത് എല്ലാം ന്യായീകരിക്കാര്‍ പ്രയാസം. ഒരു കാല്‍ ഭാഗം സമ്മതിച്ചു തന്നിട്ട്, അവര്‍ മിണ്ടാതിരിക്കും. പിന്നീട് ആത്മഗതമെന്നോണം ഞാന്‍ പറയും ‘സാരമില്ല നാട്ടിലും ശുദ്ധമലയാളമൊന്നും വേണമെന്നില്ല ഇപ്പോള്‍ (പണ്ടും) . ‘ഇത്‘, ‘അങ്ങിനെ’, ‘അടുത്തത് ’ തുടങ്ങിയ ചെറിയ വാക്കുകള്‍ മാത്രം മതിയാകുമായിരിക്കു ഇനി മലയാളം സംസാരിക്കാന്‍. ഐഡിയാ സ്റ്റാര്‍ സിംഗറില്‍ രഞ്ജിനി സംസാരിക്കുന്നത് കേട്ടിട്ടില്ലേ?, ഉഷാ ഉതുപ്പ് സംസാരിക്കുന്നതുകേട്ടിട്ടില്ലെ? അതുകൊണ്ട് നിങ്ങള്‍ അധൈര്യപ്പെടുകയും ഭയക്കുകയുമൊന്നും വേണ്ട. ]


ബ്ലോഗുകഥ തുടരട്ടെ, ...

അങ്ങിനെ സര്‍പ്രൈസ് ആയി ഒരു വലിയ ആള്‍ വന്ന് എന്റെ എല്ലാ പോസ്റ്റുകള്‍ക്കും നല്ല കമന്റുകള്‍ എഴുതിയിരിക്കുന്നു. നല്ല അറിയും വിവേകവും ഒക്കെ ഉള്ള ഒരാള്‍. തുടര്‍ന്ന്, വേറേയും ചില നല്ല ആ‍ള്‍ക്കാര്‍ കമന്റെഴുതാന്‍ തുടങ്ങിയിരിക്കുന്നു.
“ഓ!” അവന് എന്നോടൊരു ചെറിയ മതിപ്പുപോലെ എന്തോ ഒന്നു മിന്നിമറഞ്ഞു,
‘അറ്റ് ലാസ്റ്റ് യു ഹാവ് മേഡ് ഇറ്റ്’ എന്നപോലെ/ ‘യു റിയലി ഡിസര്‍വ് ഇറ്റ്’ /അതോ ‘വിചാരിച്ചപോലെ മരമണ്ട അല്ല തന്റെ അമ്മ’ എന്നൊക്കെ വേണമെങ്കില്‍ ആ എക്സ്പ്രഷനെ വ്യാഖ്യാനിക്കാം. അങ്ങിനെ അവന്റെ അക്സപ്റ്റന്‍സ് കിട്ടിയ ചാരിതാര്‍ത്ഥ്യത്തോടെ ഞാനും എന്നെ അംഗീകരിച്ചു. അങ്ങിനെ ആ സംഭവം തീര്‍ന്നു എന്നു കരുതി.

പക്ഷെ, തീര്‍ന്നില്ലാ...
അടുത്ത സീന്‍, അവര്‍ രണ്ടുപേരും കൂടി മേശയുടെ ഇരുവശത്തുമിരുന്ന് ഹോംവര്‍ക്ക് ചെയ്യുന്നു. ഞാന്‍ പതിവില്ലാതെ സ്നേഹപ്രകടനങ്ങളോടെ അടുത്തു ചെല്ലുന്നു.

അപ്പോള്‍ മകന്‍, “അമ്മ, അരല്പം മാറി നില്‍ക്കാമോ?”
എന്നിട്ട് മകളോടായി, “ അമ്മയ്ക്ക് കമന്റ് കിട്ടാതിരുന്ന് കിട്ടിയ ത്രില്ലിലാണ്” അതുകൊണ്ട് അധികം
അടുപ്പിക്കണ്ട എന്നൊരു ധ്വനി! വട്ടായിരിക്കുകയാണെന്നവര്‍ക്ക് നിശ്ചയം.

അപ്പോല്‍ ഇളയ ആള്‍‍, -മൂത്തയാളെക്കാള്‍ നാലഞ്ചു വയസ്സ് ഇളപ്പമുണ്ടെങ്കിലും അല്‍പ്പം കൂടി പരുക്കനാണ്- എന്നെനോക്കി ഒന്നു പുഞ്ചിരിച്ചിട്ട്, “ഓ‍, അത് അമ്മതന്നെ ആ വലിയ ആളുടെ പേരില്‍ നിറയെ കമന്റെഴുതി വച്ചതായിരിക്കും” എന്ന്. (അവളില്‍ നിന്നും അതേ പ്രതീക്ഷിച്ചുള്ളു താനും. അതുകൊണ്ട് നൊ ബാഡ് ഫീലിങ്ങ്സ്.) പോരാത്തതിന് അവളുടെ ബ്ലൊഗില്‍ (നല്ല നല്ല ബ്ലോഗ് സ്ക്കിന്നും, പത്രോസും ഒക്കെയുള്ള ബ്ലോഗ്) ഒരു സെമി വില്ലത്തിയായി ഞാന്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതും കണ്ടിട്ടുണ്ട് . ഉദാഃ- ‘ഇന്ന് ഞാന്‍ ഷോപ്പിങ്ങിനു പോയി , എന്റെ അമ്മയുടെ കൂടെ(വലിയ പ്രതീക്ഷകളോടെ) പക്ഷെ എനിക്ക് ആകെ കിട്ടിയത് ‘ഒരു നേരത്തെ ഭക്ഷണം“! എന്നൊക്കെ എന്നെ നിശിതമായി വിമര്‍ശിക്കാന്‍ ഒരു മടിയുമില്ലാത്ത; ഞാന്‍ ആരെയെങ്കിലും പറ്റി പരാതി പറയാന്‍ തുടങ്ങുന്നെങ്കില്‍ എതിര്‍ കക്ഷിയുടെ നല്ല വശവും എന്റെ ദുഷ്ടബുദ്ധിയും സസൂക്ഷ്മം കണ്ടുപിടിച്ച്, എന്നെ ബോധവത്കരിക്കാന്‍ കെല്‍പ്പുള്ള, ഈ ലോകത്തിലെ ഒരേ ഒരു വ്യക്തി. അവളുടെ കയ്യില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍!


അവള്‍ മൂത്തയാളിനെക്കൂടെ എന്റെ നേരേ തിരിക്കും മുന്‍പ് ഞാന്‍ എന്നെ പിന്താങ്ങി. (ആരും ഇല്ലാത്തപ്പോള്‍ നമ്മളെപ്പറ്റി നമ്മള്‍ തന്നെ പുകഴ്ത്തേണ്ടി വരില്ലേ,)
“നിങ്ങളുടെഅമ്മ അങ്ങിനെ ചെയ്യുമെന്നു തോന്നുന്നുണ്ടോ? എത്ര നാളായി ഒരു കമന്റ് പോലും കിട്ടാതെ എഴുതിക്കൊണ്ടിരിക്കുന്നു? എങ്കില്‍ പിന്നെ അന്നേ അങ്ങിനെയൊക്കെ ചെയ്യില്ലായിരുന്നൊ?”, എന്നിട്ട് ദയനീയമായി മകനെ നോക്കി. അവന്‍ അത് ചിരിച്ചുകൊണ്ടെങ്കിലും ശരിവച്ചു.

സമാധാനമായി. ഞാന്‍ തെറ്റിധരിക്കപ്പെട്ടില്ലല്ലൊ.

13 comments:

smitha adharsh said...

എന്നെ,ഇത്ര വലിയ ആളായി ഒന്നും കണക്കാക്കണ്ട കേട്ടോ...ഞാന്‍ അതീവ "വിനയ കുനിയ്"..തേങ്ങാ കൊല ആണ്...
എന്നെ തല്ലാന്‍ വെറുതെ പിന്നാലെ വരണ്ട..ഞാന്‍ ഓടി,ഇവിടെ വീട്ടിലെത്തി...
കംന്റിലോന്നും കാര്യമില്ലെന്നേ...ഇനിയും,ഇനിയും എഴുതൂ...

word verification ഒന്നു മാറ്റിയാല്‍ കൊള്ളാം..കമന്റ് എഴുതാന്‍ വന്നവര്‍ ഇതു കണ്ടാല്‍ ചിലപ്പോള്‍,തിരിഞ്ഞോടി എന്ന് വരും..കേട്ടോ

ViswaPrabha വിശ്വപ്രഭ said...

വലിയ ആൾ എന്ന് ഉദ്ദേശിച്ചത് ഈ ഗ്രാമവിഡ്ഢിയെ അല്ല എന്ന് ആത്മാർത്ഥമായും പ്രതീക്ഷിക്കുന്നു.

എന്തായാലും മോനോടു പറയണം മലയാളം, നല്ല മലയാളം നന്നായിത്തന്നെ പഠിക്കണം എന്ന്.
ഇപ്പോഴൊന്നുമല്ല, കുറേ കാലം കഴിഞ്ഞ് സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോഴാണ് അതിന്റെ നഷ്ടബോധം, അതിഭീകരമായ നഷ്ടബോധം മനസ്സിലാവുക.

മലയാളത്തിൽ ജീവിച്ചുപഠിക്കാൻ വേണ്ടി മാത്രം സ്വന്തം മോളെയും കൂട്ടിന് അവളുടെ അമ്മയേയും നാട്ടിലയച്ച് രണ്ടു വർഷത്തേയ്ക്ക് അവരെ പിരിഞ്ഞുജീവിയ്ക്കുകയാണു ഞാനിവിടെ!


Learning one's mother tongue is not just acquiring a skill. It will always remain as your most fundamental mode of communication regardless of the innovations and revolutions of society and technology.

What you may see around now-a-days will pass. This is only an excitement that our Indian society has been waiting for eons. Soon, we will all go back to some of our basic values what makes us what we are. At that instance, the first thing we will look for will be our language, our art, our folklore and myths...

I have seen places where such yearning for revival is happening en-mass. Right in the country where I live, that craving even runs to the extreme of fundamentalism and terrorism!

Or you can read stories about Gypsies, people of Indian origin in Fiji, South Africa, Malaysia, Srilanka and elsewhere. They have been away from their real motherland for generations much unlike the new generation Keralite expatriates.

Learning one's own mother tongue will in fact make you much stronger in any other new language you may encounter. It will also infuse immeasurable confidence and mental strength within you!

What you may preserve is equally (and sometimes even more) worth than what you may collect afresh.

Your mom may be just too simple. But I recognize rather uncommon wisdom in her words somehow. That is not an appeasing comment, but a very fair admission of the subtle expressions I see in her writings.

I too had/have very simple, very down to earth and almost illiterate (in it's modern meanings) parents. At this late age, I realize that it will still take many years for me to acquire even half of their wisdom and maturity, if ever I may.

Greatest things in life are in fact, the simplest things! Trust me!

with all compliments,
an elder brother.

ആത്മ said...

വിശ്വം ജീ,

വലിയ ആള്‍ എന്നു തോന്നിയത് ബ്ലോഗ് വായിച്ചപ്പോഴാണ്. ഒരു വലിയ സാഹിത്യകാരന്‍ ഒളിഞ്ഞിരിക്കുന്നപോലെ.

ഞാന്‍ മക്കളെ വിളിച്ച് കമന്റ് കാട്ടിക്കൊടുത്തു. ഒരിക്കല്‍ ഓടിച്ചു വായിച്ചു.ഇനി നന്നായി ഒരിക്കല്‍ക്കൂടി വായിപ്പിക്കണം.അവര്‍ക്ക് മലയാളത്തോട് വെറുപ്പൊന്നുമില്ല. ഇവിടെ ഇങ്ങിനെയൊക്കെയേ പറ്റൂ
അതുകൊണ്ടാണ്.

ആത്മ said...

സ്മിതക്കുട്ടീ,

സ്മിതക്കുട്ടീ എന്നുവിളിച്ചത് എന്നെക്കാള്‍ പ്രായത്തില്‍
ഇളയതായകൊണ്ടും, ബാലിശമായി എഴുതി എന്നു തോന്നിയതുകൊണ്ടുമാണേ.

ഓരോരുത്തര്‍ ഓരോ തലത്തില്‍ വലിയവര്‍.
സ്മിതയും ഏതെങ്കിലും ഒരു തലത്തില്‍ വലിയ ആള്‍
ആയിരിക്കും. എനിക്ക് പരിചയമായി വരുന്നതല്ലേ ഉള്ളു.

കമന്റുകള്‍ക്കൊക്കെ ഹൃദയം നിറഞ്ഞ നന്ദി.

ബിന്ദു കെ പി said...

ഇന്നാണ് ഈ ബ്ലോഗില്‍ എത്തിയത്. ഒറ്റയിരുപ്പിന് എല്ലാ പോസ്റ്റുകളും വായിച്ചു. ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിയ്ക്കുന്നു. വിശ്വം ജിയുടെ കമന്റുകള്‍ അതിഗംഭീരം.

വല്യമ്മായി said...

പോസ്റ്റുകളെല്ലാം കൊള്ളാം.കൂടുതല്‍ എഴുതുമല്ലോ

ആത്മ said...

ബിന്ദു,
‘ദൃശ്യശേഖരം’, ‘മനസ്സിന്റെ യാത്ര’, ‘അടുക്കളത്തളം’,മൂന്നും,ഒന്നിനൊന്ന് മെച്ചപ്പെട്ട ബ്ലോഗുകള്‍.വളരെ പ്രയോജനപ്രദമായ കാര്യങ്ങളാധികവും. ദശപുഷ്പത്തെപ്പറ്റിയും ഓണത്തെപ്പറ്റിയുമൊക്കെ എഴുതിയത് വായിച്ചിട്ടുണ്ട്.
എന്റെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചെന്നറിഞ്ഞതില്‍
വളരെ വളരെ സന്തോഷം!

ആത്മ said...

വലിയമ്മായിയെ-എന്നെക്കാള്‍ പ്രായത്തില്‍ വളരെ ചെറുപ്പമാണെങ്കിലും, അങ്ങിനെ വിളിച്ചോട്ടെ?- ഒന്ന് അടുത്ത് കാണാന്‍ കുറേ നാളായി ആഗ്രഹിക്കുന്നു. എന്തെന്നറിയില്ല. ചിലപ്പോള്‍ ആ പേരിനോടുള്ള ഇഷ്ടമായിരിക്കാം.
ഒടുവില്‍ വന്നുവല്ലൊ! സാന്തോഷമായി.
വലിയമ്മായിയുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പിന്നെ
ഇവിടെയൊക്കെതന്നെ കാണും ഈ ആത്മാവും.
എന്നെ വേണമെങ്കില്‍ ചേച്ചി എന്നു വിളിക്കാം.
അപ്പോള്‍ വലിയമ്മായിയുടെ ചേച്ചി എന്നൊക്കെ പറഞ്ഞ് അങ്ങിനെ ഗമയില്‍ നടക്കാമല്ലൊ.
എഴുതിവരുമ്പോള്‍ ഇച്ചിരി ഓവര്‍ ആയിപ്പോയോ എന്നൊരു ഭയം. വലിയമ്മായി എന്ന പേരിനോടു
തോന്നുന്ന ഭയമായിരിക്കാം.

എനിക്ക്, പ്രായത്തില്‍ ഉള്ള പക്വത ചിലപ്പോള്‍ പെരുമാറ്റത്തില്‍ വരില്ല ട്ടൊ.- രണ്ടു
കുട്ടികളോടൊപ്പം അധികം ലോകപരിചയമൊന്നു മില്ലാത പത്തിരുപത് വര്‍ഷം ജീവിച്ച അപക്വതയാവാം.-അങ്ങിനെ വരുമെങ്കില്‍‍ വലിയമ്മായി വന്ന് ഒരു ചെറിയ വിരട്ട് തരാന്‍ മടിക്കല്ലേ.ദാ വീണ്ടും ഓവര്‍..നിര്‍ത്തട്ടെ...

എതിരന്‍ കതിരവന്‍ said...

ഞാനും പേടിച്ച് പേടിച്ച് ഇവിടെ വന്നു കയറിയ ആളാ. ആദ്യത്തെ പോസ്റ്റില്‍ ചില ഘടാഘടിയന്മാരു വന്നു കമന്റിട്ടു. ഞെട്ടിപ്പോയി. ഇവരുടെ കൂടെയൊക്കെ ഞാന്‍ നിന്നു പിഴയ്ക്കുമൊ? ഇനി എന്ത് എഴുതും? പിന്നെ എഴുതിയതൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടോ എന്നായി ശങ്ക. ചില വാരഫലക്കാരോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്റെ പോസ്റ്റും നിങ്ങ്ടെ ലിസ്റ്റില്‍ ചേര്‍ക്കണേ എന്ന്.
“ആത്മ’പ്രകാശനം തന്നെ വേണ്ടത്. ഞങ്ങള്‍ കാത്തിരിക്കുന്നു, പുതിയ പോസ്റ്റുകള്‍ക്കായി.

ആത്മ said...

വിശ്വം ജീ,
മലയാളത്തില്‍ ജീവിച്ചു പഠിക്കാനായി മാത്രം ഒരച്ഛന്‍ മകളെയും അമ്മയെയും നാട്ടിലയച്ചിട്ട് തനിച്ചു ജീവിക്കുന്നു എന്നു കേട്ടപ്പോള്‍ വല്ലാത്ത അതിശയം. ഇപ്പോഴും
ഇങ്ങിനെയൊക്കെയുള്ള ആളുകളുണ്ടോ!
അന്യനാട്ടില്‍ പോയിട്ടും സ്വന്തം സംസ്ക്കാരം നിലനിര്‍ത്താന്‍ പാടുപെടുന്നവര്‍ ഒരിടത്ത്;
കിട്ടിയ ചാന്‍സില്‍ ഭാഷയേയും സംസ്ക്കാരത്തെയും ഒക്കെ കാറ്റില്‍ പറത്താന്‍ വെമ്പുന്നവര്‍ മറ്റൊരിടത്ത്.
ഒടുവില്‍ നന്മ തിന്മയെ വെല്ലും അല്ലെ? ശരി
കള്‍ തെറ്റുകളെ ഇല്ലാതാക്കും...ശരിയാണോ?

ആത്മ said...

മി. കതിരവന്‍,
ഞാന്‍ പോയി ബ്ലൊഗ് വായിച്ചു, ‘സുഗാത്രിണി’ എന്ന കഥയും ‘ചെമ്പരത്തി’ എന്ന കഥയും വായിച്ചു. മാഗസീനുകളിലൊക്കെ വായിക്കുന്ന കഥകള്‍ പോലെ വളരെ നല്ല കഥകള്‍!

ഇതൊക്കെ വായിക്കുമ്പോള്‍ ഞാന്‍ ബ്ലോഗ് ലോകത്തില്‍ ഒന്നുമല്ലാതാവുന്നപോലെ.
ബ്ലൊഗുലോകം ഞാന്‍ വിചാരിക്കുന്നതിലും വിശാലമാണെന്നു മനസ്സിലായി വരുന്നു.

കമന്റിനു നന്ദി.

എതിരന്‍ കതിരവന്‍ said...

ആത്മ:
സന്തോഷം. ഒരിയ്ക്കല്‍ക്കൂടി, ഞാന്‍ വെറുതെ ബ്ലോഗ് എഴുതിത്തുടങ്ങിയവനാണ് എന്നു പറയാനാഗ്രഹിക്കുന്നു. ‘ഈ ബൂലോകത്ത് ഒന്നുമല്ല’ എന്നൊക്കെ തോന്നാന്‍ വരട്ടെ.

ആത്മ said...

അയ്യോ! ആ ‘വരട്ടെ’ എന്ന ഒറ്റവാക്കില്‍ എന്റെ ഭാവിയും ഭൂതവും വര്‍ത്തമാനവും ഒക്കെ കുടുങ്ങിക്കിടക്കുന്നപോലെ.
(ഞാന്‍ അത്രയ്ക്ക് ധൈര്യവതിയാണു ട്ടൊ.)
പരാജത്തെയും വിജയത്തെയും എന്നല്ല, അപ്രതീക്ഷിതമായി സംഭവിക്കുന്ന എല്ലാം ഒരുപോലെ ഭയപ്പെടുന്ന ഒരു ജന്മം. പരുക്കനായ ഒരു പുറംതോടുണ്ടാക്കി, ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്നു പറഞ്ഞ്, തോടിനുള്ളിലൂടെ ലോകം കാണാന്‍ ഇഷ്ടപ്പെടുന്ന ഒരുവള്‍.
ഈ കമന്റെഴുതിയതും എങ്ങിനെ സ്വീകരിക്കപ്പെടും എന്നു ഭയപ്പെടുന്ന ഒരുവള്‍.

ഇന്ന് മി.കതിരവന്റെ ബ്ലൊഗില്‍ പോയി ഒരു ലേഖനം
(നായരീഴവക്രിസ്ത്യാനി...)വായിച്ചു. മനസ്സിലാക്കിയിട്ടേ ഉള്ളു ഇനി കാര്യം എന്നുകരുതി വായിച്ചു. എന്തൊക്കെയോ കുറച്ചൊക്കെ മനസ്സിലായ സംതൃപ്തിയോടെ ഇരിക്കുന്നു