Wednesday, July 12, 2017

മനുഷ്യൻ എന്ന അത്ഭുത ജീവികുറെ നാളായി വല്ലതും എഴുതിയിട്ട്.
ഫേസ്ബുക്ക് വായന.. അതിൽ ചില പേജുകളിലെ സ്ത്രീ എഴുത്തുകാർ അവർക്ക് കിട്ടുന്ന ലൈക്കുകളുടെ കൂമ്പാരങ്ങൾ..
പിന്നെ എന്റെ ബ്ലോഗിനു പഴയ പ്രൈവസി ഇല്ല എന്ന തിരിച്ചറിവ്
ഒന്നും കുറിച്ചുവയക്കാൻ പോലും അശ്ക്തമാക്കുന്ന ജീവിതാനുഭവങ്ങൾ..
പണിമുടക്കിയ ഇന്റർനെറ്റ്, ഉറക്കമില്ലായ്മ, മൊബയിൽ അഡിക്റ്റ്..
അങ്ങിനെ നിരവധി കാരണങ്ങൾ ഉണ്ട് ബ്ലോഗേ എഴുതാതിരിക്കാൻ.
എന്റെ ജീവിതത്തിലെ വലിയ വലിയ വഴിത്തിരിവുകൾക്കിടയിലും
എന്നെ എനിക്ക് നഷ്ടമാകാതിരിക്കാനായി ചേർത്തുപിടിച്ചിരിക്കയാണ്.
എന്നെ ഞാൻ തേടുന്നത് റ്റ്വിറ്ററിലും പിന്നെ ഇവിടെയുമാണ്. പുറം ലോകത്തൊക്കെ മുഖം മൂടിവച്ചുവേണം അഭിനയിക്കാൻ. അവിടെ എനിക്ക് വിവിധതരം റോളുകൾ ആണുള്ളത്. അതൊക്കെ സ്വാഭാവികതയോടെയും ആത്മാർത്ഥതയോടെയും അഭിനയിച്ച് തീർത്താലേ എനിക്ക് എന്റെ ജീവിതം വിജയിച്ചു എന്ന് പറയാനാവൂ..


ആദിയോഗി പറയുന്നത് ഉണ്മയിൽ നിന്ന് ഇല്ലായ്മയിലേക്കുള്ള യാത്രയാണ് ജീവിതം എന്ന്. അത് തിരിച്ചറിയുന്നവർക്ക് സമാധാനത്തോടെ ഈ ഭൂമിയിൽ ജീവിക്കാനാവുന്നു. ഞാൻ എന്ന ഭാവത്തിൽ നിന്ന് ഞാൻ ഒന്നുമല്ലാ എന്ന തിരിച്ചറിവ് നേടണം..!
എങ്കിലും എനിക്ക് എന്നെപ്പറ്റി എഴുതാതിരിക്കാനാവുന്നില്ല.


എനിക്ക് വഞ്ചന, തോൽ‌വി, അപമാനം, വിജയം, അഭിമാനം, എന്നിങ്ങനെ അടിക്കടി അനുഭവങ്ങൾ മാറിമാറി അനുഭവപ്പെട്ടുകൊണ്ടിരിക്കയാണ്..


ഞാനായി തുടങ്ങിവയ്ക്കുന്ന കാര്യങ്ങളുടെ നേട്ടങ്ങൾപോലും മറ്റുള്ളവർ
തട്ടിപ്പറിച്ചിട്ട്, അവിടെ എന്നെ തന്നെ അന്യയാക്കി വിജയം ഘോഷിക്കുന്നവർ!
അതു പറഞ്ഞപ്പോൾ ഇപ്പോഴത്തെ സിനിമാഫീൽഡിലെ സംഭവവികാസങ്ങൾ ഓർമ്മവരുന്നു. ഈ ലോകത്ത് പണക്കാരനും പാവപ്പെട്ടവനും ആരും തന്നെ
സുരക്ഷിതരല്ല എന്നതാണ് സത്യം!  സമാധാനപരമായി സ്നേഹത്തോടും ഒത്തൊരുമയോടുമൊന്നും ജീവിക്കാൻ ഈ ഭൂമിയിൽ ഒരിടം പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു..
നാം തന്നെ ഒരിച്ചിരി സ്പേസ് ഉണ്ടാക്കി അവിടെ മനപൂർവ്വം നന്മയുടെ സമാധാനത്തിന്റേയും വിത്തുകൾ വിതയ്ക്കുക. എന്നിട്ട് ക്ഷമയോടെ കാത്തിരിക്കുക. പതിയെ വിത്തുകൾ മുളച്ച് ചെടിയായി പൂവിട്ട് വരും വരെ!
നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം അതാവട്ടെ!
നാം അന്വേക്ഷിക്കുന്ന സമാധാവും സ്നേഹവും എങ്ങും ഇല്ല എന്ന് തിരിച്ചറിവുണ്ടാവുമ്പോൾ, നാം ഭാവന ചെയ്ത അത്തരം ഒരു ലോകം നാം തന്നെ പടുത്തുയർത്തും എന്ന ദൃഢനിശ്ചയ്ത്തോടെ മുന്നോട്ടുപോവുക.


സമാധാനവും സന്തോഷവും ഒക്കെ പതിയെ നമ്മുടെ അരികിൽ ഓടിയണയും.
അപ്പോൾ ചേർത്തണച്ച് ജീവിക്കുക.
ചുറ്റും നടമാടുന്ന അനീതിയും അക്രമവും വെട്ടിപ്പിടിക്കലും കുതികാൽ‌വെട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുക..സമൂഹത്തിന്റെ ഒരു ചെറിയ ഉദാഹരണമാണ് ഓരോ വീടും. അല്ലെങ്കിൽ ഓരോ വീട്ടിലും  സമൂഹത്തിൽ നന്മയും തിന്മയും വിതയ്ക്കേണ്ട വിത്തുകൾ വളരുന്നുണ്ട്.  നമ്മുടെ വീട്, നാം ജീവിക്കുന്ന ചുറ്റുപാടുകൾ ഒക്കെ നമുക്ക് കഴിയും വിധം സമാധാനപ്രദം ആക്കാൻ ഓരോരുത്തർക്കും ശ്രമിക്കാം..
വഞ്ചനകളും ചതികളും ദുരാഗ്രഹങ്ങളും ഒക്കെ കോണ്ടുനടക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാം. ഇടയ്ക്കിടെ നന്മയുടെ കിരണങ്ങൾ തിളങ്ങുന്ന ചില ആത്മാക്കൾ ഉണ്ട്. അവരോടൊപ്പം നമുക്കും കൂടാം.. സമാധാനത്തോടെ ജീവിതം ജീവിച്ചുതീർക്കാം.. ദൈവത്തിനെ പറ്റിയും അനന്തതയെ പറ്റിയും ഈ ലോകരഹസ്യങ്ങളെ പറ്റിയും മനുഷ്യൻ എന്ന അത്ഭുതജീവിയെ പറ്റിയും ഒക്കെ നമുക്ക് ആഴത്തിൽ ചിന്തിക്കാം..
[എഴുതിയതിൽ വലിയ സംതൃപ്തി ഒന്നും ഇല്ല. ബ്ലോക്ക് പോയിക്കിട്ടാൻ വേണ്ടി എഴുതിയതാണ്. രാവിലെ മൂന്നരയ്ക്ക് എണീറ്റു. ഇപ്പോൾ സമയം ആറ്. ഒരു ആറര, ഏഴൊക്കെ ആവുമ്പോൾ ഉറങ്ങണം.
അതിനിടയിൽ കിട്ടുന്ന സമയം മൊബയിൽ വഴി ഫേസ്ബുക്കും റ്റ്വിറ്ററും വായിക്കും. ഫേസ്ബുക്കിൽ നിറയെ സിനിമാ നടന്റെ സാഹസികമായ കുറ്റകൃത്യങ്ങളും ജീവിതവും ഒക്കെയാണ്.. വായിച്ച് മടുത്തു]

Tuesday, May 30, 2017

സന്തോഷം എവിടെ?


ഇപ്പോഴത്തെ സന്തോഷങ്ങളൊക്കെ പണ്ടത്തേതില്‍ നിന്നും വളരെ ക്ഷണികമാണ്. പെട്ടെന്ന് തീര്‍ന്നുപോകും. പണ്ടൊക്കെ ഒരു വലിയ വിജയം കരസ്ഥമാക്കിയാല്‍ അത് വര്‍ഷങ്ങളോളം അഭിമാനിച്ചു നടക്കാം. ഇപ്പോള്‍ വിജയാഹ്ലാദം ആസ്വദിക്കും മുന്‍പു തന്നെ അയല്‍പക്കക്കാരന്‍ അതിലും വലിയ വിജയവുമായി മുന്നേറുന്നതുകണ്ട് നിസ്സാരനാവും. 
എന്തെങ്കിലും സ്വന്തമായി ഉണ്ടെന്ന് അഭിമാനിക്കാമെന്നു വച്ചാല്‍ അതും അടിക്കടി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ അടുത്ത നിമിഷം ഉപയോഗശൂന്യമോ, വിലയിടിവോ പറ്റിയിരിക്കും.

ഞങ്ങളുടെ ഗ്രാമത്തില്‍ കാറുണ്ടായിരുന്നത് ശ്രീനിവാസന്‍ മുതലാളിക്ക് മാത്രമായിരുന്നു. ആനയുള്ളവരും വില്ലുവണ്ടിയുള്ളവരും ഏക്കറുകണക്കിനു നിലവും പുരയിടവും ഉള്ളവരും ഒക്കെ ഉണ്ടായിരുന്നിട്ടും ശ്രീനിവാസന്‍ മുതലാളിയെ ഈ കാറ് വ്യത്യസ്ഥനാക്കിയിരുന്നു. 

ആകെ ഒരു ഡോക്ടര്‍. അദ്ദേഹത്തിനു രാജാവിന്റെ തന്നെ പദവി കിട്ടിയിരുന്നു. ആകെ ഒരു എഞ്ജിനീയറ്. അദ്ദേഹം ദൂരെ വയലില്‍ കൂടി അദ്ദേഹത്തിന്റെ കുടുംബവീട്ടിലേക്ക് നടക്കുമ്പോള്‍ ആകെ ഒരു സ്റ്റെനോഗ്രാഫര്‍ ആയ എന്റെ അമ്മ പറയും , ലോ ആ പോണത് എഞ്ജിനീയര്‍ ആണ് എന്ന്

ജയശ്രി ചേച്ചിയായിരുന്നു ഗ്രാമത്തിലെ ആദ്യത്തെ കോളേജ് ലക്ച്വറര്‍. എന്റ്റെ സ്വപ്നം അവിടെ പൊലിഞ്ഞു. ഇനിയിപ്പോ എങ്ങിനെ ശ്രദ്ധ പിടിച്ചുപറ്റാനാവും!
ഒരുവിധപ്പെട്ട നല്ല പദവികള്‍ ഒക്കെ മറ്റുള്ളവര്‍ കൈക്കലാക്കിയിരിക്കുന്നു. 

അവരൊക്കെ ആ നേട്ടവും സല്‍പ്പേരും കൊണ്ട് ഒരു ജന്മം മുഴുവനും തന്നെ ജീവിച്ചു തീര്‍ത്തു. 
ഇപ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച് ഒരു ഡോക്ടര്‍ ആയാല്‍, ലക്ഷങ്ങള്‍ മുടക്കി ഡോക്ടര്‍ ആയവരോടൊപ്പമാണ് സന്തോഷം പങ്കിടേണ്ടത്! മുക്കിനും മൂലയിലും ഒക്കെ എഞ്ജിനീയേര്‍സ് ആണ്. കാശുകൊടുത്തും അല്ലാതെയും ഒക്കെ പലരും പലതും നേടുന്നു. ഒരു കാറുവാങ്ങി വലിയവനാകാം എന്നു കരുതിയാല്‍ അങ്ങേതിലെ കോരന്റെ മകന്‍ ഗല്‍പ്ഫില്‍ പോയി വന്ന അതിലും വലിയ കാരിലാവും സഞ്ചാരം. 
കോരനും ചാന്നനും ഒക്കെത്തന്നെയാണ് പണവും പത്രാസും ഒക്കെ കാട്ടുന്നതും.
പണത്തിനും വിലയില്ലാതായിരിക്കുന്നു. അതുതന്നെയാവണം ഇന്നത്തെ തലമുറയുടെ സന്തോഷക്കുറവിന്റെ കാരണവും!

അപ്പോള്‍ പിന്നെ സന്തോഷം എവിടെ പോയി തപ്പാന്‍!!
സന്തോഷം നമ്മുടെ ചുറ്റിനും ഉണ്ട്. 
നമ്മുടെ ആഗ്രഹങ്ങള്‍ ലിമിറ്റ് ചെയ്യുക. ഉള്ളത് നന്നായി വൃത്തിയാക്കിയും വെടുപ്പാക്കിയും സൂക്ഷിക്കുക. നമ്മെ നന്നായി പരിപാലിക്കുക. മറ്റുള്ളവരെ വച്ച് നമ്മെ താരതമ്യം ചെയ്യാതിരിക്കാം. നമുക്ക് നമ്മെ സ്നേഹിക്കയും പരിപാലിക്കയും ചെയ്യാം. അങ്ങിനെ നമ്മെ സന്തോഷിപ്പിച്ച് നമുക്ക് സന്തോഷം കണ്ടെത്താം. എന്നിട്ട് അത് മറ്റുള്ളവരുമായി പങ്കിടാന്‍ ശ്രമിക്കാം. 

ദൈവം നമുക്ക് സന്തോഷം തരുമ്പോള്‍ നന്ദി പറയുക. നമ്മോട് ദേഷ്യം കാട്ടുന്നവോടും സന്തോഷം തീരെയില്ലാതെ വിഷമിക്കുന്നവരോടും ഒക്കെ 
ദയ കാട്ടി ആ സന്തോഷം പങ്കിടുക. 


പണ്ടൊക്കെ ഞാന്‍ കരുതിയിരുന്നു. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് അസൂയ തോന്നുന്നത് അല്ലെങ്കില്‍ സ്വയനിന്ദ തോന്നുന്നത് മറ്റുള്ളവരുടെ സമ്പത്ത് സൌന്ദര്യം മറ്റു നേട്ടങ്ങള്‍ ഒക്കെ കാണുമ്പോള്‍ ഒക്കെ ആണെന്ന്.
എന്നാല്‍ ഇപ്പോള്‍ മനസ്സിലായി സമ്പത്തോ സൌന്ദര്യമോ നേട്ടങ്ങളൊ ഒന്നും അല്ല അസൂയ തോന്നിപ്പിക്കുന്നത്. ഒരാള്‍ക്ക് മറ്റുള്ളവനോട് അസൂയ തൊന്നുന്നത് അവനില്‍ കാണുന്ന സന്തോഷം, ശാന്തത ഒക്കെ കാണുമ്പോള്‍ ആണെന്നതാണ് സത്യം, മേല്‍പ്പറഞ്ഞ സമ്പത്തും സൌന്ദര്യവും സ്ഥാനമാങ്ങളും ഒന്നും തന്നെ സന്തോഷം കൊടുക്കണമെന്നും ഇല്ല 

പണ്ടൊരു പുരാണകഥയില്‍  യദു മഹാരാജാവ്‌  നായാട്ടിനായി കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ വച്ച്  ദത്തത്രേയന്‍ എന്ന ഒരു മുനിയെ സന്ധിക്കുവാന്‍ ഇടയായി.  ലോകത്തിലെ സകല സമ്പത്തും ഐശ്വര്യവും തനിക്കുണ്ടായിരുന്നിട്ടും കൈവരാതിരിക്കുന്ന അതുല്യമായ ശാന്തിയും ആനന്ദവും ആ മുനിയില്‍ കളിയാടുന്നത് കണ്ട്  മഹാരാജാവ്‌ മുനിയോട്,  ‘ലൌകീകസുഖങ്ങളില്‍ നിന്നൊക്കെ അകന്ന് വനത്തിലെ ഏകാന്തതയില്‍ കഴിയുന്ന അങ്ങെയ്ക്ക് എങ്ങിനെ ഇത്ര സമാധാനവും സന്തോഷവും കൈവരുന്നു?’ എന്ന് ചോദിക്കുന്നു.] 

തന്റെ ആനന്ദത്തിന്റെ ഗുരുക്കന്മാര്‍ 21 പേര്‍ ഉണ്ടെന്നായിരുന്നു മുനിയുടെ മറുപടി.
praകൃതി തന്നെ പഠിപ്പിച്ച പാഠങ്ങളില്‍ നിന്നുമാണ് മുനിക്ക് ശാശ്വതമായ ആnandam കൈവരിക്കാനായത്. 

അതെ ലോകം ഉരുണ്ടുകൊണ്ടും ആവര്‍ത്തനങ്ങള്‍ നിറഞ്ഞതുമാണ് അതിന്റെ സ്വഭാവം
പണ്ടത്തെ രാജാക്കന്മാര്‍ക്ക് ഒടുവില്‍ വിരക്തികൈവന്ന് സന്യസിക്കാന്‍ പോകുന്നു
അതുപോലെ ഇപ്പൊഴത്തെ തലമുറ സുഖഭോഗങ്ങളുടെ പാരമ്യതയില്‍ എത്തി നില്‍ക്കയാണ്. ഇനി മുകളിലേയ്ക്ക് കയറാനാവില്ല.
പണ്ട് രാജാക്കന്മാര്‍ അന്വേക്ഷിച്ചു ചെന്ന ആനന്ദം എന്തെന്ന് കണ്ടെത്താനുള്ള തൃഷ്ണ ഇനിയത്തെ തലമുറയിലെ വിവരവും പക്വതയും ഉള്ളവര്‍ ആരാഞ്ഞുതുടങ്ങും.
പരിണാമചക്രം അങ്ങിനെ കറക്കം തുടരും .

Wednesday, May 24, 2017

ഇന്നില്‍, ഈ നിമിഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കാം.

ഈ ലോകത്തിന്റെ നശ്വരത ഓര്‍ക്കുമ്പോള്‍ ഭയവും ഒപ്പം ആശ്വാസവും ഉണ്ട്.
നശ്വരമായ ഈ ലോകത്തില്‍ അതിലും അല്പപ്രാണികളായ ജീവികളില്‍ ഒന്നായ എന്റെ കടമ എന്തെന്നറിയില്ല. എന്തിനായാണ് ഞാന്‍ ജനിച്ചതെന്നോ ജീവിക്കുന്നതെന്നോ ഒന്നും തന്നെ അറിയില്ല. ചുറ്റുമുള്ള ജീവികള്‍ കൊച്ചു കൊച്ചു നേട്ടങ്ങളില്‍ അഭിമാനിച്ചും അഹങ്കരിച്ചും നഷ്ടങ്ങളില്‍ ശോചിച്ചും ഒക്കെ എല്ലാം മറന്ന് ജീവിക്കുമ്പോള്‍ നേട്ടങ്ങളില്‍ ഊറ്റം കൊള്ളാനോ നഷ്ടങ്ങളില്‍ ഒരു പരിധിയില്‍ കവിഞ്ഞ് ഖേദപ്പെടാനോ(സ്വതവേ ഉള്ള മ്ലാനതയില്‍ കവിഞ്ഞ്} ഒന്നും തന്നെ എനിക്കാവുന്നില്ല.
ചുരുക്കത്തില്‍, മറ്റ് മനുഷ്യരെപ്പോലെ ഈ ലോകത്തിലെ ആഘോഷങ്ങളില്‍ പങ്കുചേരാനാവുന്നില്ല എന്നത് എന്റെ ഒരു ജന്മനാ ഉള്ള കുറവാണ്.

ഇപ്പോഴും ആ കുറവുമായി ഞാനെന്റെ കടമ എന്തെന്നാലോചിച്ച് സമയം കൊല്ലുന്നു. ഒരു സിനിമ വയ്ക്കുമ്പോള്‍ എന്തിനു കാണുന്നു അന്ന ചിന്ത, ഒരു നല്ല ബുക്ക് വായിച്ച് മതിമറന്നിരിക്കാനും ആവുന്നില്ല.
ഒരു നല്ല ഡ്രസ്സ് അണിഞ്ഞ് മറ്റുള്ളവരുടെ അംഗീകാരമോ മതിപ്പോ നേടാനോ ഒന്നും എനിക്കാവുന്നില്ല.

ഇന്ന് ഒരു വാര്‍ത്ത വായിച്ചു. പുരാണങ്ങളിലും ബൈബിളിലും ഖുറാനിലും ഒക്കെ പ്രതിപാദിക്കും പോലെ ഒരു ദിവസം അപ്രതീക്ഷിതമായി ഞൊടിയിടയ്ക്കുള്ളില്‍ ഈ ഭൂമി മൊത്തം വെള്ളം നിറയുമത്രെ! സകല ജീവികളും ഇല്ലാതാകും, ചില കടല്‍ ജീവികള്‍ ഒഴിച്ച്! അതുവരെയേ ഉള്ളൂ നമ്മുടെ ഈ അക്ഷരങ്ങളും ചിന്തകളും ബ്ലോഗും റ്റ്വിറ്ററും ഫേസ് ബുക്കും ഒക്കെ.

പിന്നെ കോടിവര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും മനുഷ്യര്‍ ഉണ്ടാവുമ്പോള്‍(?) പണ്ടു പണ്ട് കുറെ മനുഷ്യര്‍ ജീവിച്ചിരുന്നു. അവര്‍ ഭൂമിമുഴുവനും ഒരേ സമയം ഒരുപകരണത്തിലൂടെ കണ്ട് സംസാരിച്ചിരുന്നുവെന്നോ, ആകാശത്തുകൂടി ഭൂമി മുഴുവനും സഞ്ചരിച്ചിരുന്നുവെന്നോ, ചന്ദ്രനില്‍ പോയിരുന്നെന്നോ, അവയവങ്ങള്‍ മാറ്റി വച്ചിരുന്നുവെന്നോ, കുഞ്ഞ് കുഞ്ഞ് അക്ഷരങ്ങളിലൂടെ പരസ്പരം പല ചിന്തകളും കൈമാറിയിരുന്നെന്നോ ഒക്കെ ചിന്തിച്ചെടുക്കുവാന്‍ പോലും ആവില്ല! ഇപ്പോള്‍ നമ്മള്‍ പുരാണങ്ങളിലെ ദൈവങ്ങളുടെയും രാക്ഷസന്മാരുടെയും മറ്റും കഥകള്‍ കേട്ട് ‘അസംഭാവ്യം!’ എന്നു പറഞ്ഞ് ഉള്‍ക്കൊള്ളാനാവാതെ വിഷമിക്കും പോലെ..

അപ്പോള്‍ പറഞ്ഞുവന്നത്.. ഈ ലോകത്തില്‍ എനിക്ക് ഒന്നും ചെയ്യാനില്ല എന്നതാണ്.
രാവിലെ ചോറു വച്ചു, ഒരു കറിയും..ഇനി കടയില്‍ പോകണം.. സമയം കൊല്ലാനും കൂടിയാണ്. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍.
അവധിദിവസങ്ങളില്‍ എങ്ങും പോകാനാവില്ല.പിന്നെ
ഫേസ് ബുക്കില്‍ പോയി കുറെ ലൈക്കുകളും ഇട്ട്, റ്റ്വിറ്ററില്‍ പൊയി കുഞ്ഞു കുഞ്ഞു ചിന്തകളും കുറിച്ചിടുമ്പോള്‍ എന്റെ ദിവസം പൂര്‍ണ്ണമായി.

തല്‍ക്കാലം എനിക്ക് അല്പമെങ്കിലും പ്രയോജനമുള്ളത്, ശാശ്വതം എന്ന് തോന്നുന്നത് ഈ ബ്ലോഗെഴുത്ത് മാത്രമാണ്.. പിന്നീട് പ്രളയം ഒക്കെ കഴിഞ്ഞ് മനുഷ്യര്‍  വീണ്ടും  അവതരിക്കുമ്പോള്‍ ഇവിടം ശൂന്യമായിരിക്കും എന്നും കമ്പ്യൂട്ടറും അക്ഷരങ്ങളും ഒക്കെ മായയായി മറയുമെന്നും ഒക്കെ തല്‍ക്കാലം മറക്കാം. ഇന്നില്‍, ഈ നിമിഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കാം.Sunday, March 5, 2017

ഒരു കൊച്ച് അനുഭവചിത്രം

ഒരു കൊച്ച് അനുഭവചിത്രം

(കഥയുമല്ല കവിതയുമല്ല)

ഇത്ര അടുത്ത്, മഴ കണ്ടുകൊണ്ട്,
മഴയെ അറിഞ്ഞുകൊണ്ട്
കിടക്കാന്‍ ഒരു മുറി ഉണ്ടായിരുന്നു എന്നത്
ഇന്നാണ് ഞാന്‍ തിരിച്ചറിയുന്നത്!!
ഈ മുറിയിലെ ജനലുകളും കതവും എല്ലാം
കൊട്ടിയടച്ചിരിക്കയായിരുന്നു
തുറന്നിട്ടാല്‍ എന്റെ സ്വകാര്യത ആരെങ്കിലും അപഹരിക്കുമോ എന്ന് ഭയന്ന്!
ഇതില്‍ നിറയെ പഴയ തുണികളും ഉപയോഗശൂന്യമായ വസ്തുക്കളും ആയിരുന്നു.

രണ്ടു ദിവസം മുന്‍പ് പതിവുപോലെ ആ പാഴവസ്തുക്കളുടെ ഇടയിലെ കട്ടിലില്‍  സ്വകാര്യത തേടി കിടക്കുമ്പോള്‍
പഠിച്ചുകൊണ്ടിരുന്ന എന്റെ മകള്‍ കുട്ടിക്കാലത്തെപ്പോലെ എന്റെ അരികില്‍ വന്ന് കിടക്കയും ഓരോന്ന് പറയുകയും ചെയ്തു
എന്തോ! എനിക്ക് പെട്ടെന്ന് ഒരു ജീവന്‍ വച്ചപോലെ!

പിറ്റേന്ന് തന്നെ ഞാനീ മുറി അറിയാതെ വൃത്തിയാക്കിത്തുടങ്ങി.
ആവശ്യമില്ലാത്ത ഓരോന്നായി പുറത്തുകൊണ്ടു കളഞ്ഞു..
ഒടുവില്‍  കട്ടിലും തലയിണയും ഒരു കുഞ്ഞു മേശയും കസേരയും
പിന്നെ എന്റ്രെ പ്രിയ പുസ്തകങ്ങളും മാത്രമായി.

എന്നിട്ടും ഞാന്‍ ജനലുകളോ കതവോ തുറന്നില്ല.
മുറിയിലെ സൌകര്യം ഓര്‍ത്ത് സന്തോഷിച്ചിരുന്നു.

ഇന്ന് പെട്ടെന്ന് ഒരു മഴ പെയ്തു. ഞാന്‍ റെസ്റ്റ് എടുക്കാനായി
റൂമില്‍ കയറിയ സമയം.
വെളിയിലെ പ്രഷര്‍കുക്കര്‍ ശബ്ദമുണ്ടാക്കുന്നത് കേള്‍ക്കാതെ പോയാലോ എന്നോര്‍ത്ത് കതവു തുറന്നിട്ടു!

പുറത്ത് കോരിച്ചൊരിയുന്ന മഴ!!
ഞാന്‍ ഉടന്‍ എന്റെ ഇടതുവശത്ത് മാറ്റാതെ ഇട്ടിരുന്ന കര്‍ട്ടനുകള്‍
പതിയെ വകഞ്ഞുമാറ്റി.
വെളിയില്‍, തൊട്ടരികിലായ് ഒരു ജനാലയ്ക്കപ്പുറം,  കറിവേപ്പിലമരവും പുളിഞ്ചിമരവും വാഴയും മന്ദാരവും
ഒക്കെ നിന്ന് മഴയത്ത് ആടിത്തിമിര്‍ക്കുന്ന മനോഹരമായ കാഴ്ച!!

എന്തേ ഇത്രനാള്‍ ഞാനീ കതവുന്‍ ജനലുകളും ബന്ധിച്ചു!
ആരെ ഭയന്ന്!!
ഇപ്പോള്‍ തുറന്നതോ!
ആരും വരില്ലെന്ന ഭയമില്ലായ്മയോ
അതോ എന്റെ മക്കള്‍ എനിക്ക് നല്‍കിയ സുരക്ഷിതത്തിലോ!!
എത്ര ദുരൂഹമാണ് മനുഷ്യമനസ്സുകള്‍!!!

പ്രാര്‍ത്ഥനഎന്നും പ്രാര്‍ത്ഥിക്കണം എന്നു പറയുന്നത്  എന്തിനാണെന്നോ!
തീരെ വയസ്സായി തനിയെ ആവുമ്പോള്‍  രണ്ടുമൂന്ന് വലിയ പ്രാര്‍ത്ഥനകള്‍ എങ്കിലും മനഃപാഠം ആക്കിയാല്‍ അതും ചൊല്ലിക്കൊണ്ട് കിടക്കുമ്പോള്‍ ചിലപ്പോള്‍ ആശ്വാസം തോന്നുമായിരിക്കും അതിനാണ്.

വളരെ പ്രയാസപ്പെട്ടെങ്കിലും മനസ്സിനെ പ്രാര്‍ത്ഥനയിലേയ്ക് വലിച്ചിഴയ്ക്കുക.
പതിയെ പതിയെ അത് ശാന്തമാവും.  പിന്നെ പ്രാര്‍ത്ഥനയില്‍ മുഴുകും. അതിന്റ് അര്‍ത്ഥത്തിലും മറ്റും.
അങ്ങിനെ
നമ്മുടെ തലച്ചോറിന്റെ കുറച്ചു ഭാഗം എങ്കിലും ദൈവവിശ്വാസം കുത്തിനിറച്ചാല്‍ അതിലും കുറച്ചേ ഈ വെളിയിലെ ലൌകീകവിഷയങ്ങള്‍ കൊണ്ട് നിറയൂ.
ലൌകീക വര്‍ത്തമാനങ്ങള്‍ കുത്തിനിറച്ചാല്‍ ഒടുവില്‍ വല്ലാത്ത വിമ്മിഷ്ടമാണ് മനസ്സില്‍. അതേസമയം ഒരല്പ സമയം പ്രാര്‍ത്ഥിക്കുകയോ അതല്ലെങ്കില്‍ മനസ്സിനെ ഒഴിച്ചിട്ട് വെറുതേ ഇരിക്കാനോ പറ്റിയാല്‍ എന്തു മനസ്സമാധാനം കിട്ടുമെന്നോ!

അതുകൊണ്ട് എനിക്ക്  പറയുവാനുള്ളത് ഒന്നുകില്‍ കുറച്ചുസമയം നിര്‍ബ്ബന്ധമായും പ്രാര്‍ത്ഥിക്കണം. അല്ലെങ്കില്‍ കുറച്ചുസമയം എല്ലാറ്റില്‍ നിന്നും വിട്ടകന്ന് മൌനമായി ഒരിടത്ത്  ഇരിക്കണം..ഒന്നും ചിന്തിക്കാതിരിക്കാന്‍ ശ്രമിച്ച് ഇരിക്കുക. അപ്പോള്‍ മനസ്സ് പതിയെ ശാന്തമാകും.

Tuesday, February 14, 2017

പ്രഭാത സൂര്യനും ചാറ്റല്‍ മഴയും ഞാനും

രാവിലെയുള്ള സൂര്യനെ കാണുന്നത് വളരെ നല്ലതാണ് മനസ്സിനും ശരീരത്തിനും! പക്ഷെ, ഇന്ന് മിക്കവാറും സൂര്യന്‍ ഉദിക്കാന്‍ അല്പം താമസിക്കും. പുറത്ത് ചാറ്റല്‍ മഴയാണ്. ഇന്നലെ രാത്രിമുതല്‍. സുഖകരമായ, അധികമായപ്പോള്‍ അസുഖകരമായിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റും!

ഈ കാലാവസ്ഥ കിട്ടാനായിട്ട് കേരളത്തിലുള്ളവര്‍ ഒക്കെ സ്വപ്നം കാണുകയാവും! ഇവിടെ അതൊക്കെ ധാരാളം!! പക്ഷെ അതൊന്നും എന്റെ ഉള്ളില്‍ തട്ടുകയോ, എനിക്കായി കൂടിയാണ് ഈ നാട്ടിലെ സംഭവ വികാസങ്ങള്‍ ഒക്കെ എന്നോ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ലാത്ത മനസ്സ്.

പ്രഭാത സൂര്യനെ ഇന്നെങ്കിലും, ഇനിയെങ്കിലും, കണ്ടുതുടങ്ങണം എന്നൊക്കെ കരുതി ഇരിക്കയായിരുന്നു. എങ്കിലും ഈ അന്യനാട്ടില്‍- നിറയെ ചീനക്കാര്‍ തിങ്ങിവിങ്ങിപ്പാര്‍ക്കുന്ന നാട്ടിൽ-, അപരിചിതമായ
പലേ സംസ്ക്കാരങ്ങളും ഉള്ള നാട്ടില്‍ എനിക്കായി മാത്രം ഒരു മുറിയുണ്ടാവുക, അവിടെ തരം കിട്ടുമ്പോള്‍ കയറി സ്വച്ഛമായി ഇരിക്കാനാവുക എന്നത് ഒരു മഹാഭാഗ്യം ആണ്. അവിടെ ഇരിക്കുമ്പോൾ സൂര്യനെ എന്നല്ല പുറത്തെ സംഭവങ്ങൾ എല്ലാം തന്നെ മറന്നുപോകുന്നു. ഉള്ളിലെ ലോകങ്ങൾ ഉണരുന്നു. നഷ്ടപ്പെട്ടെന്ന് കരുതുന്ന പലതും ഉയിർത്തെണീക്കുന്നു.

 എന്റെ ജീവിതത്തില്‍.കുറേ വര്‍ഷങ്ങള്‍ പൊരുത്തപ്പെടാനാകാത്ത തുലോം വിരുദ്ധങ്ങളായ ഇടപെടലുകളുമായി യോജിക്കാന്‍ പണിപ്പെട്ട് തളര്‍ന്ന് ഒടുവില്‍ കണ്ടെത്തിയ മാര്‍ഗ്ഗം ആണ്. തനിക്ക് ഇഷ്ടപ്പെട്ടതൊന്നും നേടാനോ നേടിത്തരാനോ ഈ ജന്മം ആരും ഇല്ല, ഉണ്ടാവില്ല എന്ന തിരിച്ചറിവ്!

ആദ്യത്തെ പടിയായി തനിക്ക് നഷ്ടം വന്നതൊക്കെ ഇവിടെ കണ്ടെത്താനായി പരിശ്രമം. നാട്ടിലെ പുല്ല്, പൂക്കള്‍ ചെടികള്‍, കിളികള്‍, പൂച്ചികള്‍ ഒക്കെ എനിക്ക് ഈ നാട് സ്വന്തമാക്കിതന്നുകൊണ്ടിരുന്നു. മഴ, വൃശ്ചികക്കാറ്റ് ഒക്കെ ഇവിടെയും ഉണ്ട്. മഴനനഞ്ഞ് നടക്കുമ്പോള്‍ വെറുതെ ഓര്‍ക്കാം ഇത് കേരളം ആണെന്ന്.. ഇരുവശവുമുള്ള ഫ്ലാറ്റുകളെ തീരെ അവഗണിച്ച് മഴയെയും കാറ്റിനെയും മരങ്ങളെയും പ്രകൃതിയെയും അറിഞ്ഞ് നടക്കുമ്പോള്‍ കേരളവും ഈ നാടുമായി വലിയ വ്യത്യാസം ഒന്നും ഇല്ല. ഭൂമിയുടെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രം. ഇടയ്ക്ക് ഒരു കടല്‍ ഉള്ളതാണ് പ്രശ്നം! അതില്ലായിരുന്നെങ്കില്‍ കുറെ മാസങ്ങള്‍ കാല്‍നടയായി യാത്രചെയ്യുമ്പോള്‍ കേരളത്തില്‍ എത്താം. മലേഷ്യയിലൂടെ തായ്ലാന്റിലൂടെ, ബർമ്മയിലൂടെയൊക്കെ ചുറ്റിവളഞ്ഞ് ഒരു കരമാര്‍ഗ്ഗം ഉണ്ട്. ഒടുവില്‍ ബോംബെയിലോ മട്രാസിലോ ഒക്കെ ചെന്ന് കയറാം. അതിനിടയിലൊക്കെ ഉള്ളവര്‍ ഇന്ത്യാക്കാരുടെയും ഒരു മിശ്രിതം ആണ്. പ്രകൃതവും സംസ്ക്കാ‍രങ്ങളും പ്രകൃതിയും ഒക്കെ.
ഒരു ഡൌൺ റ്റു ഏര്‍ത്തിനസ്സ് ആയ ചീനക്കാരുടെ ആചാരങ്ങള്‍ ആണ് മുന്നിട്ടുനില്‍ക്കുന്നത്.. ഇന്ത്യയോടടുക്കുന്തോറും ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ സ്വാധീനം കൂടുന്നു. സാധുക്കളായ, പരിശ്രമികളായ ആള്‍ക്കാരാണ് അധികവും. ഇന്ത്യയിലെപോലെ പൊള്ളയായ പൊങ്ങച്ചങ്ങളോ, ഇംഗ്ലീഷുകാരെ അനുകരിക്കലോ തീരെ ഇല്ല. അതുതന്നെ ഏറ്റവും വലിയ ഭാഗ്യം!
( എന്റെ രാജ്യത്തെ- ഇന്ത്യയെ- ഞാൻ സ്നേഹിക്കുന്നോ വെറുത്തുതുടങ്ങിയോ!)

അപ്പോള്‍ പറഞ്ഞുവന്നത് സൂര്യനെയും മഴയേയും ഒക്കെ പറ്റി അല്യോ!
തുടരട്ടെ,

എന്റെ രാജ്യത്തെ സൂര്യന്‍ ഒരു രണ്ടു രണ്ടര മണിക്കൂര്‍ മുന്നേ ഇതിലൂടെ കടന്നുപോയി ഞങ്ങളെ വിളിച്ചുണര്‍ത്തിയിട്ടാണ് അങ്ങോട്ടേയ്ക്ക് ചെല്ലുന്നത്..


എനിക്ക് ബകുളിനെയും സുവര്‍ണ്ണലതയെയും ഒക്കെപ്പോലെ വളരെ നല്ല കഥകള്‍ എഴുതണം എന്ന് വലിയ ആഗ്രഹം ഉണ്ടെങ്കിലും അതിനുള്ള ഒരു അനുഭവസമ്പത്ത്, ദീര്‍ഘവീക്ഷണം, വിശാലത ഒന്നും ഇല്ല. അതിനാല്‍ ഞാന്‍ ചുറ്റിനും കാണുന്നത് വിവരിക്കല്‍ തന്നെ തുടരാം എന്നുകരുതി..

എന്നെങ്കിലും ഒരിക്കല്‍  ഒരു ---- ഇന്ന നാട്ടു ഡയറി എന്നപേരില്‍ എന്റെ ബ്ലോഗ് പ്രസിദ്ധമായാലോ! അല്ലെങ്കില്‍ ആര്‍ക്കെങ്കിലും , പണ്ട് പണ്ട് കേരളത്തില്‍ നിന്നും പോയ ഒരു സാധു പെണ്‍കുട്ടി (ഈപ്പോൾ പെൺകുട്ടി അല്ല) എങ്ങിനെ അന്യനാടുമായി ഇഴുകിചേര്‍ന്നു എന്ന കഥ വായിച്ചറിയാമല്ലൊ.

വ്യത്യസ്ഥതകളാണ് കലകളുടെ വളര്‍ച്ചയ്ക്ക് ആവശ്യം. എല്ലാവരും ഒരേ പ്രാസത്തില്‍, ശൈലിയില്‍ കവിതകളും ഒരേ അളവുകോലുകള്‍ വച്ച്  കഥകളും ഒക്കെ എഴുതിക്കൊണ്ടിരുന്നാല്‍ അത് ബോറാവില്ലെ?!  വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരിക്കും എല്ലായിടത്തും. വിജയിച്ചെന്ന് വരില്ല, പക്ഷെ എങ്കിലും സംഭവിക്കാതെ തരമില്ല. 

Thursday, February 9, 2017

രാത്രി ക്ലിനിക്കില്‍ പോയ കഥ

ഞാന്‍ ഇന്ന് രാത്രി ക്ലിനിക്കില്‍ പോയ കഥ എഴുതാം..
കുളീച്ച് പ്രാര്‍ത്ഥിച്ചിട്ട് അങ്ങിനെ വരുമ്പോള്‍ മകള്‍ഃ അമ്മേ ഇപ്പോള്‍ ഹോസ്പിറ്റലില്‍ പോയാല്‍ എത്രമണിക്ക് വരും?!
ങ്ഹേ! ഈ രാത്രിയിലോ!
രാവിലെ അവളോട് ചോദിച്ചായിരുന്നു എന്റെ മരുന്ന് തീര്‍ന്നുപോയി  ഡോക്ടറെ കണ്ട് വാങ്ങി വരട്ടെ എന്ന്. അവള്‍ പെര്‍മിഷന്‍ തന്നില്ല. 
സാരമില്ല് പരീക്ഷക്കുട്ടിയല്ലെ, പിണക്കണ്ട.. കൂട്ടിരിക്കാം എന്നു കരുതി അടങ്ങി..

ഇപ്പോള്‍ ദാ പോകാന്‍ പറയുന്നു. ഇപ്പോഴെങ്കില്‍ ഇപ്പോള്‍.
പക്ഷെ അമ്മേ ബസ്സില്‍ ഒക്കെ കയറി പോയി വരുമ്പോള്‍ ഒരുപാട് താമസിക്കില്ലേ
ഇന്റര്‍ചെയ്ചില്‍ ഇറങ്ങി വേറൊന്ന് എടുക്കണ്ടെ?
അച്ഛനെ വിളിച്ചു നോക്കൂ
അച്ഛന്‍ ഫോണ്‍ എടുക്കുന്നില്ല.. ഞാന്‍ ടാക്സി വിളിച്ചു പോയി വരാം.
ഓ.കെ.
വരുമ്പോള്‍ എനിക്ക് മൊക്കാ ഫ്രാപ്പി കൂടി
അതിന് അവിTe മെക്കെഡൊണാല്‍ഡ് ഉണ്ടോ
ഉണ്ടല്ലൊ, ഓപ്പസിറ്റ് ആയി
ഓഹ്! ഞാനവിടെ പോയിട്ടില്ല. റോഡ് ക്രോസ്സ് ചെയ്യണം.. രാത്രി.. 
ഞാന്‍ വേണമെങ്കില്‍ നോര്‍ത്ത് പോയിന്റില്‍ ഇറങ്ങി വാങ്ങി വരാം
മാണ്ട..
ഓക്കെ

ഞാന്‍ ഒരുങ്ങുന്നു. ടാക്സി ക്രിത്യ സമയത്ത് എത്തുന്നു..
ഞാന്‍ ഉള്ളെ കയറുന്നു.
നല്ല വലിയ ഒരു ചിരി തന്നു ഡ്രൈവര്‍!
എവിടെ പോണം?
'എനിക്ക് ക്ലിനിക്കില്‍ പോണം. എന്റെ മരുന്ന് തീര്‍ന്നുപോയി.
(ട്വിറ്ററില്‍ സംസാരിക്കാന്‍ പറ്റാതിരുന്ന പെന്‍ഡിംഗ് സംസാരം ഒക്കെ അഴിച്ചു വിട്ടു)
അവിടെയാണ് ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത്. അതുകൊണ്ട് ആ ക്ലിനിക്കാണ് പരിചയം' 
ഓഹോ! അപ്പോള്‍ ഇപ്പോള്‍ നിങ്ങള്‍ റിച്ച് ആയി അല്ലെ?!
ങ്ഹെ!! - (ഓഹ്! തറവീട്! )
അത്.. പണ്ടും ഇങ്ങിനെയൊക്കെ തന്നായിരുന്നു. അമ്മായിയുde വീട് തറ ആയിരുന്നു.
പിന്നെ മക്കളൊക്കെ ഫ്ലാറ്റ് വാങ്ങി പിന്നീട് ഏണ്‍ ചെയ്ത് തറവീടുകള്‍ വാങ്ങി..
(കഷ്ടപ്പെട്ടാണ് എല്ലാവരും ജീവിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കട്ടെ)
അപ്പോള്‍ പിന്നെ നിങ്ങള്‍ ഇപ്പോള്‍ റിച്ച് ആയി! (അയാള്‍ എന്നെ റിച്ച് ആക്കിയിട്ടേ അടങ്ങൂ ഹും!)
'സത്യത്തില്‍ എനിക്കറിയില്ല .. ഞാന്‍ ഇന്ത്യയില്‍ നിന്ന് വന്നതാണ് അവിടെ ലാന്‍ഡഡ് പ്രോപ്പര്‍ട്ടി ഒന്നും അത്ര വില ഒന്നും ഇല്ല. ഇവിടത്തെ കാര്യം ഒന്നും എനിക്കറിയില്ല
(ഇവിടുള്ളവര്‍ അല്പം ദരിദ്രവാസികള്‍ ആണെന്ന് കരുതിക്കോട്ടെ.ഇന്ത്യക്ക് അല്പം വെയിട്ടും കൊടുക്കാം
ഹും!)

ഞാന്‍ ഓര്‍ത്തു.. നാട്ടില്‍ ഫ്ലാറ്റിനാണ് കോടിക്കണക്കിന് വില. ഇവിടെ തറ വീടിനും!
ഇതെന്തൊരു കോണ്ട്രാസ്റ്റ്! അവിടെ ഫ്ലാറ്റുകളൊക്കെ പട്ടണത്തില്‍ അല്യോ! അതാവും!
ആ എന്തോ ആവട്ട്..  എനിക്ക് മരുന്ന് വാങ്ങണം.. തിരിച്ച് മാളത്തില്‍ കയറണം.
അവിടെ എന്റെ ഹാംസ്റ്റര്‍, കുഞ്ഞു മീനുകള്‍, എന്റെ മക്കള്‍..ഒക്കെ ഉണ്ട്..

ക്ലിനിക്കില്‍ എത്തി

ഹായ്!
എന്റെ മരുന്ന് തീര്‍ന്നുപോയി.. ഞാന്‍ അടുത്ത പ്രാവശ്യം ഡോക്ടറെ കണ്ടോളാം. കുറച്ച് മരുന്ന് തരാമോ? (പ്രഷറിന്റെ മരുന്നാണ് ബോഡറിലാണ്.  എങ്കിലും കഴിക്കാമെന്ന് വച്ചു.)
അവര്‍- കൌണ്ടറില്‍ ഇരുന്ന ലേഡീസ്ത- തമ്മില്‍ എന്തോ മുറുമുറുക്കുന്നു
ഡോക്ടറെ കാണാതെ മരുന്നില്ല എന്നൊക്കെ പറയുന്നുണ്ട്..
ഞാന്‍: എന്റെ മരുന്ന് തീര്‍ന്നുപോയി , ഞാന്‍ ടാക്സി എടുത്തു വന്നത് മരുന്ന് വാങ്ങാ‍ാനാണ് (ഭര്‍ത്താവ് റെസ്പോണ്ട് ചെയ്യാത്തപ്പോള്‍ ഒക്കെ ഞാന്‍ ശരിക്കും അലവലാതി ചന്ത പെണ്ണുങ്ങളുടെ ഒരു സ്റ്റൈലില്‍ ഇങ്ങിനെ കാര്യം സാധിക്കാന്‍ ഉരുമ്പെട്ടിറങ്ങാറുണ്ട്- അദ്ദേഹം വലിയ സ്ഥിതിയില്‍ ചിലപ്പോള്‍ ഒരു ഗ്രൂപ്പിനും വേണ്ടാതെ ഒറ്റപ്പെട്ടിരിക്കുമ്പോള്‍ എന്നോട് കൂdaan വരും.. പിന്നെ കുശാലാണ്. ദിവസവും ദോശയും  ലമണ്‍ ടീയു വാങ്ങി തരും! കൂടെ വന്ന് വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങും, പിന്നെ മക്കളെ വിളിക്കാനും തൊട്ടതിനും പിടിച്ചതിനും ഒക്കെ സഞ്ചരിക്കുമ്പോള്‍ നോമിനെയും പക്കത്തിരുത്തി പുതിയ പുതിയ വാഗ്ദാനങ്ങള്‍ ഒക്കെ തന്ന് സുഖിപ്പിച്ചാണ് നടക്കാറ്.. അപ്പോള്‍ എന്റെ പവ്വര്‍ ഒന്നു കാണണം. മല്ലികാ സുകുമാരന്റെ ഒരു ഗര്‍വ്വ് പോലെ ഒന്ന് കടന്നു കൂടും..കൊമ്പത്തെ.. പിന്നീട് അദ്ദേഹത്തിന് തിരക്ക് കൂdumbol നോമിനെ വലിച്ചെറിഞ്ഞ ഇല്ലാത്ത കുറ്റങ്ങളൊക്കെ വാരിതെച്ച് ഒരു പോക്കുണ്ട്..
നോമും വിടില്ല, 'കണ്ട ചീപ്പ് ഉണക്ക ദോശയും വാങ്ങി തന്ന് തടിപ്പിച്ച്, ഹും! 
ഇപ്പോള്‍ വലിയ ആള്‍ക്കാരെ കിട്ടിയപ്പോള്‍ .. അന്നെ പിള്ളേര്‍ പറഞ്ഞതാണ് അച്ഛന്‍ കളയുമ്പോള്‍ ഞങ്ങളുടെ അടുത്ത് വന്ന് ചാരാന്‍ വരല്ല്, ഞങ്ങള്‍ നോക്കില്ല എന്ന്!
ഇനിയിപ്പോ അവരേ ഉള്ളൂ..'
ഞങ്ങള്‍ കൂട്ടായി.. പണ്ടത്തെപ്പോലെ..
നേതാവ് നാടു നന്നാക്കലും.

ഞങ്ങളെ നോക്കുന്ന ഒരു ഭര്‍ത്താവും അച്ഛനും ഒക്കെ ആയി ജീവിച്ചിരുന്നെങ്കില്‍ എത്ര മനോഹരമായിരുന്നേനെ ഈ ഭൂമിയിലെ വാസം!
ആ.. എല്ലാം കൊതിക്കാനല്ലെ പറ്റൂ…
ആരൊക്കെയോ നല്ലവളായി ജീവിക്കാന്‍ പരുവപ്പെടുത്തി, ഒടുവില്‍ ആ നല്ലവളെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഉരുപ്പെടുത്തിയവര്‍ക്ക് പോലും ഇല്ലാതാനും!
അങ്ങിനെ പുറത്തായ അനാധ ജന്മങ്ങള്‍ നല്ല കുടുബ പെണ്ണുങ്ങള്‍ എല്ലാ നാട്ടിലും ഉണ്ട്.. അവരുടെയും അര്‍പ്പണം വേണം ഈ ഭൂമിക്ക്..
സാരമില്ല. എന്നെ പൊക്കിയതല്ല. പൊതുവേ പറഞ്ഞതാണ്.

അങ്ങിനെ ചീനത്തികള്‍ മനസ്സില്ലാ മനസ്സോടെ തന്നെ മരുന്നും വാങ്ങി, അടുത്ത സെവന്‍ ഇലവനീന്ന് ഒരു മൊക്കാ ഫ്രാപ്പിയും വാങ്ങി,  ടാക്സിയില്‍ വീടെത്തി..

ഇവിടെ എല്ലാരും ഉണ്ട്. ഹാംസ്റ്റര്‍ കൂട്ടില്‍ കിടന്ന് തരികിട.. മീനുകള്‍ ആസ് ആള്‍വേസ്.. സ്വിമ്മിംഗ്.. മകള്‍ ആസ് ആള്‍വേസ് ഇന്‍ ബുക്ക് വേള്‍ഡ്.. അനതര്‍ മകള്‍ ആസ് ആള്‍വേശ് നിയര്‍ ടി.വി ആnd ഡൂയിംഗ് ഹെര്‍ വര്‍ക്ക്സ്..

ഞാന്‍ വന്നു മക്കളേ!!
ഓഹ്! ഓ.കെ.

ചിലപ്പോഴൊക്കെ തോന്നും ഇവിടെ ഞാനാണോ കുഞ്ഞ്, അവരാണോ!
'ഓ. കെ. അമ്മാ ഗോ ടു യുവര്‍ റൂം.. ഡോണ്ട് ഡിസ്റ്റര്‍ബ്..'
കാപ്പി കിട്ടിയാ?
ആ കിട്ടി.
അത് തുറക്ക്..
എനിക്കറിയില.
പിന്നെ അമ്മയ്ക്ക് എന്തറിയാം അമ്മയ്ക്ക് എത്ര വയസ്സായി?
എനിക്ക് ഒരുപാട് വയസ്സായി. പക്ഷെ ഞങ്ങടെ നാട്ടില്‍ മോക്കാ ഫ്രാപ്പി ഒന്നും ഇല്ല
എന്നാലും കോമണ്‍ സെന്‍സ് മതിയല്ല അത് തുറക്കാന്‍
ഓ.കെ തുറന്നു!
നിനക്ക് അച്ചാര്‍ തുറക്കാന്‍ അറിയാമോ? (വെല്ലുവിളിച്ചേക്കാം)
ഹും! ഞാന്‍ എത്ര പ്രാവശ്യം തുറന്നിരിക്കുന്നു.
ഓഹ്! നിനക്കറിയില്ലാത്ത എത്ര എത്ര കാര്യങ്ങള്‍ എനിക്കറിയാമെന്നോ… എന്ന ഒരു പാട്ടും പാടി ഞാനെന്റെ റൂമിലേക്ക് പോയി\

തീരുന്നു കഥ.